കേരളത്തിലെ ഉച്ചഭക്ഷണ പദ്ധതിക്കു കേന്ദ്രത്തിന്റെ അംഗീകാരം; രാജ്യത്ത് ഏറ്റവുംകൂടുതല്‍ പേരിലേക്കെത്തുന്ന ഉച്ചഭക്ഷണ പരിപാടി കേരളത്തിന്റേത്

രാജ്യത്ത് ഏറ്റവുംകൂടുതല്‍ പേരിലേക്കെത്തുന്ന ഉച്ചഭക്ഷണ പരിപാടി കേരളത്തിന്റേതാണെന്നും പ്രൈമറി വിഭാഗത്തില്‍ 99 ശതമാനം വിദ്യാര്‍ഥികള്‍ക്കും അപ്പര്‍ പ്രൈമറി വിഭാഗത്തില്‍ 96 ശതമാനത്തിനും ഭക്ഷണം നല്‍കുന്നുവെന്നുള്ള കാര്യവും കേന്ദ്രം എടുത്തുപറഞ്ഞു. ഇക്കാര്യത്തിലെ ദേശീയ ശരാശരി 65 ശതമാനത്തില്‍ താഴെമാത്രം നില്‍ക്കുമ്പോഴാണ് സംസ്ഥാനം ഏറെ മുന്നില്‍ മാതൃകയായി നില്‍ക്കുന്നതെന്നും കേന്ദ്രം ചുണ്ടിക്കാട്ടി.

കേരളത്തിലെ ഉച്ചഭക്ഷണ പദ്ധതിക്കു കേന്ദ്രത്തിന്റെ അംഗീകാരം; രാജ്യത്ത് ഏറ്റവുംകൂടുതല്‍ പേരിലേക്കെത്തുന്ന ഉച്ചഭക്ഷണ പരിപാടി കേരളത്തിന്റേത്

സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ പദ്ധതിക്ക് കേന്ദ്രത്തിന്റെ അംഗീകാരം. ഉച്ചഭക്ഷണപരിപാടിയുടെ നടത്തിപ്പിനായി 13 കോടി രൂപ കൂടുതലായി അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിനുപുറമേ പാചകപ്പുരകളുടെ നിര്‍മാണത്തിനായി 109 കോടി രൂപയും അനുവദിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ദൈനംദിന ചെലവുകള്‍ക്കുള്ളതാണ് ഈ തുക.

2017- 18 സാമ്പത്തിക വര്‍ഷം 203.41 കോടി രൂപ കേരളത്തിന് നല്‍കാന്‍ മാനവവിഭവശേഷി മന്ത്രാലയത്തില്‍ ചേര്‍ന്ന പദ്ധതി അവലോകനയോഗം തീരുമാനിച്ചു. ഇതില്‍ സംസ്ഥാന സര്‍ക്കാരിന്റെ വിഹിതംകൂടി ചേരുമ്പോള്‍ 183 കോടി രൂപ ചെലവില്‍ സംസ്ഥാനത്തെ 3031 വിദ്യാലയങ്ങളില്‍ പുതിയ പാചകപ്പുരകള്‍ നിര്‍മിക്കാനാകുമെന്നാണ് കണക്കുകൂട്ടല്‍.

രാജ്യത്ത് ഏറ്റവുംകൂടുതല്‍ പേരിലേക്കെത്തുന്ന ഉച്ചഭക്ഷണ പരിപാടി കേരളത്തിന്റേതാണെന്നും പ്രൈമറി വിഭാഗത്തില്‍ 99 ശതമാനം വിദ്യാര്‍ഥികള്‍ക്കും അപ്പര്‍ പ്രൈമറി വിഭാഗത്തില്‍ 96 ശതമാനത്തിനും ഭക്ഷണം നല്‍കുന്നുവെന്നുള്ള കാര്യവും കേന്ദ്രം എടുത്തുപറഞ്ഞു. ഇക്കാര്യത്തിലെ ദേശീയ ശരാശരി 65 ശതമാനത്തില്‍ താഴെമാത്രം നില്‍ക്കുമ്പോഴാണ് സംസ്ഥാനം ഏറെ മുന്നില്‍ മാതൃകയായി നില്‍ക്കുന്നതെന്നും കേന്ദ്രം ചുണ്ടിക്കാട്ടി.

ഉച്ചഭക്ഷണ പദ്ധതിക്കു സംസ്ഥാനം ആവശ്യപ്പെട്ട മുഴുവന്‍ തുകയും കേന്ദ്രം അനുവദിക്കുകയായിരുന്നു. പദ്ധതിയുടെ നടത്തിപ്പിനെ പ്രശംസിക്കുകയും ചെയ്തു. സംസ്ഥാനത്തെ ആയിരത്തഞ്ഞൂറിലധികം വിദ്യാലയങ്ങളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളും ചേര്‍ന്നു പ്രഭാതഭക്ഷണം നല്‍കുന്നത് മറ്റു സംസ്ഥാനങ്ങളും മാതൃകയാക്കേണ്ടാതാണെന്നും യോഗം വിലയിരുത്തി.

സംസ്ഥാനത്തിന്റെ പദ്ധതി നടത്തിപ്പ് കൂടുതല്‍ കുട്ടികള്‍ക്കു നേട്ടം ലഭിക്കുന്നതായും കേന്ദ്രം വിലയിരുത്തി. കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് പരിപാടിയുടെ ഗുണം ലഭിക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ തുക വകയിരുത്തുന്നതുകൊണ്ടാണെന്ന് കേരളത്തില്‍നിന്ന് യോഗത്തില്‍ പങ്കെടുത്ത ഉദ്യോഗസ്ഥര്‍ ധരിപ്പിച്ചു. ഇത് മറ്റു സംസ്ഥാനങ്ങളില്‍നിന്നു വ്യത്യസ്ഥമാണെന്നുള്ള കാര്യവും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി.

പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉഷാ ടൈറ്റസ്, ഡി.പി.ഐ. കെ.വി. മോഹന്‍കുമാര്‍, ഉച്ചഭക്ഷണ പരിപാടി ടീമംഗങ്ങള്‍ എന്നിവരാണ് സംസ്ഥാനത്തെ പ്രതിനിധാനംചെയ്ത് യോഗത്തില്‍ പങ്കെടുത്തത്.