ജസ്റ്റിസ് കർണൻ ഹാജരായില്ല; കേസ് മൂന്നാഴ്ചത്തേയ്ക്കു മാറ്റി

കർണനോ അദ്ദേഹത്തിന്റെ വക്കീലോ ഹാജരാകാത്തതു കൊണ്ടു കേസ് മാറ്റി വയ്ക്കുന്നെന്നു സുപ്രീം കോടതി പറഞ്ഞു.

ജസ്റ്റിസ് കർണൻ ഹാജരായില്ല; കേസ് മൂന്നാഴ്ചത്തേയ്ക്കു മാറ്റി

കൽക്കട്ട ഹൈക്കോടതി ജസ്റ്റിസ് സി എസ് കർണൻ ഹാജറാകാത്തതു കാരണം സുപ്രീം കോടതി അദ്ദേഹത്തിനെതിരേയുള്ള നടപടികൾ മൂന്നാഴ്ചത്തേയ്ക്കു മാറ്റി വച്ചു. കർണനോ അദ്ദേഹത്തിന്റെ വക്കീലോ ഹാജറാകാത്തതു കൊണ്ടു കേസ് മാറ്റി വയ്ക്കുന്നെന്നു സുപ്രീം കോടതി പറഞ്ഞു.

“അദ്ദേഹം വരാത്തതിന്റെ കാരണം അറിയാത്തതു കൊണ്ടു ഞങ്ങൾ നടപടികളിൽ നിന്നും മാറുകയാണു,” കോടതി പറഞ്ഞു.

താൻ ദളിതൻ ആയതുകൊണ്ടാണു തനിക്കെതിരെ നടപടിയെടുത്തതെന്നു കർണൻ സുപ്രീം കോടതി രജിസ്ട്രാർ ജനറലിനു എഴുതിയ കത്ത് കോടതി പരിഗണനയിൽ എടുത്തു. ആദ്യമായിട്ടാണു സുപ്രീം കോടതി ഒരു ഹൈക്കോടതി ജഡ്ജിയ്ക്കെതിരെ അഭിപ്രായങ്ങൾ പറഞ്ഞതിന്റെ പേരിൽ സ്വമേധയാ കേസെടുക്കുന്നതു.


അതേ സമയം, ജസ്റ്റിസ് കർണൻ ‘നീതിന്യായവകുപ്പിലെ ഉയർന്ന ദുർനടപടി’യെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കു തുറന്ന കത്തെഴുതിയിട്ടുണ്ടു. ജനുവരി 23 നു എഴുതിയ കത്തിൽ ‘ദുർമാർഗ്ഗികളായ ജഡ്ജിമാരുടെ പട്ടിക’ നിരത്തിയിരുന്നു.

കോടതിയെ ചൊടിപ്പിച്ച ജസ്റ്റിസ് കർണന്റെ ആദ്യത്തെ വിവാദം 2011 ൽ അദ്ദേഹം ദേശീയ മനുഷ്യാവകാശ കമ്മീഷനു കത്തെഴുതിയതായിരുന്നു. താൻ ദളിതൻ ആയതുകൊണ്ടു മറ്റു ജഡ്ജിമാർ തന്നെ പീഢിപ്പിക്കുകയാണെന്നായിരുന്നു അദ്ദേഹം പരാതിപ്പെട്ടതു. തന്നെ ഇകഴ്ത്തിക്കാണിക്കാൻ ഒപ്പമുള്ള ജഡ്ജിമാർ ശ്രമിക്കുന്നെന്നും അദ്ദേഹം ആരോപിച്ചു. ഒരു വിവാഹചടങ്ങിൽ വച്ചു ഒരു സഹജഡ്ജി തന്റെ ദേഹത്തു മുട്ടും വിധം കാൽ കയറ്റി വച്ചു തുടങ്ങിയ പരാതികളും കർണൻ ആരോപിക്കുമായിരുന്നു.

തുടർന്നും പല വിധത്തിലുള്ള പരാതികളും പ്രസ്താവനകളുമായി കോടതിയ്ക്കു തലവേദനയുണ്ടാക്കുന്നതു ജസ്റ്റിസ് കർണന്റെ പതിവായിരുന്നു. 2016 ഫെബ്രുവരിയിൽ കൽക്കട്ട ഹൈക്കോടതിയിലേയ്ക്കു സ്ഥലം മാറ്റം നൽകിയതുമായി ബന്ധപ്പെട്ടു ‘ഞാൻ ഇന്ത്യയിൽ ജനിച്ചതിൽ ലജ്ജിക്കുന്നു. ജാതിവ്യവസ്ഥയില്ലാത്ത ഒരു രാജ്യത്തിലേയ്ക്കു പോകാനാണു എനിക്കു ആഗ്രഹം’ എന്നു പറഞ്ഞു. ആ പറച്ചിൽ കേസായി സുപ്രീം കോടതിയിൽ എത്തിയപ്പോൾ കർണൻ മാപ്പു പറയുകയും തന്റെ മാനസികനില നഷ്ടപ്പെട്ടെന്നു കുറ്റസമ്മതം നടത്തുകയും ചെയ്തു.

അഴിമതിയും കെടുകാര്യസ്ഥതയും ജാതീയതയും ചൂണ്ടിക്കാണിച്ചു ജഡ്ജിമാർക്കെതിരെ പല പ്രമുഖർക്കും - പ്രധാനമന്ത്രിയും ചീഫ് ജസ്റ്റിസും, നിയമമന്ത്രിയും ഉൾപ്പടെ – കത്തയച്ചതുമായി ബന്ധപ്പെട്ടാണു ഇപ്പോൾ കർണൻ കോടതി നടപടി നേരിടുന്നതു