സുപ്രീംകോടതി വിധിയില്‍ നിര്‍ണയിക്കപ്പെട്ടത് എഐഎഡിഎംകെയുടേയും ശശികലയുടേയും ഭാവി; തമിഴ്‌രാഷ്ട്രീയത്തെ കലുഷിതമാക്കിയ കേസിന്റെ നാള്‍വഴി

രണ്ട് പതിറ്റാണ്ട് കാലമായി തമിഴ്‌നാട് രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണയിക്കുന്നതില്‍ നിര്‍ണായകമായിരുന്നു അനധികൃത സ്വത്ത് സമ്പാദന കേസ്. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയാണ് കേസിലെ ഒന്നാം പ്രതി. ഉറ്റതോഴിയും നിലവില്‍ എഐഎഡിഎംകെ ഇടക്കാല ജനറല്‍ സെക്രട്ടറിയുമായ വി കെ ശശികല, ജയലളിതയുടെ വളര്‍ത്തുമകന്‍ വി എന്‍ സുധാകരന്‍, ശശികലയുടെ സഹോദരന്റെ ഭാര്യ ജെ ഇളവരശി എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍

സുപ്രീംകോടതി വിധിയില്‍ നിര്‍ണയിക്കപ്പെട്ടത് എഐഎഡിഎംകെയുടേയും ശശികലയുടേയും ഭാവി; തമിഴ്‌രാഷ്ട്രീയത്തെ കലുഷിതമാക്കിയ കേസിന്റെ നാള്‍വഴിജയലളിത മുഖ്യമന്ത്രിയായിരുന്ന 1991-1996 കാലയളവില്‍ 66.5 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്നാണ് കേസ്. 1991 ല്‍ 2.01 കോടി രൂപയുടെ സ്വത്ത് മാത്രമുണ്ടായിരുന്ന ജയലളിതയുടെ സ്വത്ത് 1996 ആയപ്പോഴേക്കും 66.5 കോടി രൂപയായി ഉയര്‍ന്നെന്നും ചൂണ്ടി കാട്ടി അന്ന് ജനതാപാര്‍ട്ടി നേതാവായിരുന്ന സുബ്രഹ്മണ്യന്‍ സ്വാമി 1996 ജൂണ്‍ 14ന് തമിഴ്‌നാട് വിജിലന്‍സിന് പരാതി നല്‍കുകയായിരുന്നു. ജില്ലാ സെഷന്‍സ് കോടതി പരിശോധിക്കാന്‍ ഉത്തരവിടുകയും ലതികാ സരണ്‍ ഐപിഎസിനെ ഇതിന് ചുമതലപ്പെടുത്തുകയും ചെയ്തു.


വിജിലന്‍സ് അഴിമതി വിരുദ്ധവിഭാഗം ജയലളിതയുടെ വസതിയില്‍ റെയ്ഡ് നടത്തി,അനധികൃത സ്വത്ത് സമ്പാദനം കണ്ടെത്തി. 28 കിലോ സ്വര്‍ണം, 800 കിലോ വെള്ളി, 750 ജോഡി ചെരുപ്പ്, 91 വാച്ചുകള്‍, 10500 സാരികള്‍ എന്നിവയും വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തിയിരുന്നു.

അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജയലളിതയ്‌ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ 1996 ജൂണ്‍ 18ന് കരുണാനിധി സര്‍ക്കാര്‍ ഉത്തരവിടുകയായിരുന്നു. 1997 ജൂണ്‍ നാലിന് ആണ് ചെന്നൈ കോടതിയില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. ജയലളിത, തോഴി വികെ ശശികല, വളര്‍ത്തുപുത്രന്‍ വി എന്‍ സുധാകരന്‍, ജെ ഇളവരശി എന്നിവര്‍ക്കെതിരെ കുറ്റം ചുമത്തി. 1991-1996 കാലയളവില്‍ മുഖ്യമന്ത്രിയായിരുന്ന കാലയളവില്‍ ജയലളിത തന്റെ പ്രതിമാസ ശമ്പളം ഒരു രൂപയായിരുന്നുവെന്നാണ് പറഞ്ഞിരുന്നത്. പിന്നെങ്ങനെ മറ്റ് വരുമാനമില്ലാതെ അഞ്ച് വര്‍ഷം കൊണ്ട് സ്വത്ത് വര്‍ദ്ധനയുണ്ടായി എന്ന ചോദ്യം ജയലളിതയ്ക്ക് തിരിച്ചടിയായി.

വിചാരണ ബെംഗ്‌ളൂരുവിലേക്ക്

2002-ല്‍ ചെന്നൈ കോടതിയില്‍ കേസിന്റെ വിചാരണ ആരംഭിച്ചു. 2003 ആയപ്പോഴേക്കും 76 സാക്ഷികള്‍ കൂറുമാറുകയായിരുന്നു. ജയലളിത തമിഴ്‌നാട് മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട സമയം കൂടിയായിരുന്നു അത്. ഈ സാഹചര്യത്തില്‍ ചെന്നൈ കോടതിയില്‍ വിചാരണ തുടരുന്നത് ശരിയല്ലെന്നു ചൂണ്ടിക്കാട്ടി ഡിഎംകെ നേതാവ് കെ അന്‍പഴകന്‍ സുപ്രീം കോടതിയെ സമീപിച്ചു. ബെംഗ്‌ളൂരു കോടതിയിലേക്ക് വിചാരണ മാറ്റണമെന്നായിരുന്നു ആവശ്യം. 2003 നവംബര്‍ 18ന് വിചാരണ ബെംഗ്‌ളൂരുവിലെ വിചാരണ കോടതിയിലേക്ക് മാറ്റാനുള്ള സുപ്രീം കോടതിയുടെ നിര്‍ണായക ഉത്തരവും വന്നു.

മുന്‍ അഡ്വക്കേറ്റ് ജനറല്‍ ബി വി ആചാര്യയെ കേസിലെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി കര്‍ണാടക സര്‍ക്കാര്‍ നിയമിച്ചു. 2010 ഡിസംബര്‍ മുതല്‍ 2011 ഫെബ്രുവരി വരെ കേസില്‍ സാക്ഷികളുടെ പുനര്‍വിസ്താരം നടന്നു. 2011 ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ ജയലളിത പ്രത്യേക കോടതിയില്‍ ഹാജരായി വിചാരണയെ നേരിട്ടു. 2012ല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സ്ഥാനത്ത് തുടരാനാകില്ലെന്ന് ബി വി ആചാര്യ അറിയിച്ചു.

ഭവാനി സിംഗിനെ പുതിയ പ്രോസിക്യൂട്ടറായി നിയമിക്കാനായിരുന്നു കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനം. നിയമനത്തെ ചോദ്യം ചെയ്ത് ഡിഎംകെ കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചു. ഭവാനി സിംഗിനെ മാറ്റാന്‍ കര്‍ണാടക തയ്യാറായെങ്കിലും ഭവാനി സിംഗ് ഇതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഭവാനി സിംഗിനെ മാറ്റാനുള്ള കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനം സുപ്രീം കോടതി റദ്ദാക്കി. ഡിഎംകെയ്ക്ക് അപ്രതീക്ഷിത തിരിച്ചടി കൂടിയായി മാറി ഇത്.

ജയലളിത അഴിക്കുള്ളില്‍

2014 ആഗസ്റ്റ് 28ന് വിചാരണ പൂര്‍ത്തിയായി. സെപ്റ്റംബര്‍ 20 ന് വിധിപ്രഖ്യാപിക്കുമെന്ന് കോടതി. സുരക്ഷാ പ്രശ്‌നങ്ങളുള്ളതിനാല്‍ വിധി പ്രഖ്യാപന വേദി മാറ്റണമെന്നാവശ്യപ്പെട്ട് ജയലളിത ഹര്‍ജി നല്‍കി. വിധി പ്രഖ്യാപന വേദി ബെംഗ്‌ളൂരു സെന്‍ട്രല്‍ ജയിലിനടുത്തേയ്ക്ക് മാറ്റാന്‍ കോടതി തീരുമാനിച്ചു. വിധി പ്രഖ്യാപനം സെപ്റ്റംബര്‍ 27 ലേക്ക് മാറ്റി.

സെപ്റ്റംബര്‍ 27- തമിഴകം സുപ്രധാന വിധിയ്ക്കായി കാത്തിരുന്നു. ജയലളിതയ്ക്ക് നാല് വര്‍ഷം തടവും നൂറ് കോടി രൂപ പിഴയും വിധിച്ചു. ജയലളിത അഴിക്കുള്ളിലായി. മുഖ്യമന്ത്രി പദം തെറിച്ചു. ശശികലയ്ക്കും, സുധാകരനും , ഇളവരശിയ്ക്കും നാല് വര്‍ഷം തടവും 10 കോടി രൂപാ വീതം പിഴയുമാണ് കോടതി വിധിച്ചത്.

ഒക്ടോബര്‍ 17 ന് ജയലളിതയ്ക്ക്ും കൂട്ടുപ്രതികള്‍ക്കും കര്‍ണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജയയുടെ ജാമ്യം നാല് മാസത്തേയ്ക്ക് നീട്ടി നല്‍കാനും വിചാരണ കോടതി വിധിയ്‌ക്കെതിരായ അപ്പീലില്‍ വാദം കേള്‍ക്കാന്‍ പ്രത്യേ ബെഞ്ച് രൂപീകരിക്കാനും സുപ്രീം കോടതി കര്‍ണാടക ഹൈക്കോടതിയ്ക്ക് നിര്‍ദ്ദേശം നല്‍കി.

നിര്‍ണായക വിധിയിലേക്ക്

2015- ജനുവരി അഞ്ചിന് ജയലളിതയുടെ അപ്പീലില്‍ വാദം തുടങ്ങി. മെയ് 11ന് ജയലളിതയ്ക്കും മറ്റ് പ്രതികള്‍ക്കും വിചാരണ കോടതി വിധിച്ച ശിക്ഷ കര്‍ണാടക ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. 2016-ഡിസംബര്‍ 5ന് ജയലളിത അന്തരിച്ചു. മുഖ്യമന്ത്രി പദത്തിനായി ശശികല നീക്കം തുടങ്ങി. ജയലളിതയ്ക്ക് പകരക്കാരനായെത്തിയ പനീര്‍ശെല്‍വം ശശികലയെ തള്ളിപ്പറഞ്ഞു.

എഐഎഡിഎംകെ രണ്ട് പക്ഷമായി. തിരക്കിട്ട ചര്‍ച്ചകളും, രാഷ്ട്രീയ നാടകങ്ങളും. ഒടുവില്‍ ഇന്ന് സുപ്രീം കോടതിയുടെ നിര്‍ണായക വിധി. വിചാരണകോടതി വിധി ഇന്ത്യന്‍ പരമോന്നത് കോടതി ശരിവെച്ചു.ശശികലയ്ക്കും, സുധാകരനും നാല് വര്‍ഷംതടവ്. തമിഴ് രാഷ്ട്രീയം മറ്റൊരു വഴിത്തിരിവിലേക്ക്. എഐഎഡിഎംകെയുടെ ഭാവിയും വരും ദിവസങ്ങളില്‍ തീരുമാനിക്കപ്പെടും.

Read More >>