കീഴടങ്ങാൻ ശശികല ബെംഗ്ളൂരുവിലേക്ക്; അമ്മയുടെ ശവകുടീരത്തിൽ പൊട്ടിക്കരഞ്ഞ് ചിന്നമ്മ

പോയസ് ഗാർഡനിൽ നിന്ന് മറീന ബീച്ചിൽ ജയലളിതയുടെ ശവകുടീരത്തിലെത്തി ശശികല പ്രാർത്ഥന നടത്തി. റോഡ് മാർഗ്ഗമാണ് ശശികലയും മറ്റ് രണ്ട് പ്രതികളും ബെംഗ്ളൂരുവിലെത്തുക.

കീഴടങ്ങാൻ ശശികല ബെംഗ്ളൂരുവിലേക്ക്; അമ്മയുടെ ശവകുടീരത്തിൽ പൊട്ടിക്കരഞ്ഞ് ചിന്നമ്മ

അനധികൃത സ്വത്ത് സമ്പാദന കേസിൽ ശിക്ഷിക്കപ്പെട്ട വി കെ ശശികലയും ബന്ധുക്കളായ ജെ ഇളവരശി, വിഎൻ സുധാകരൻ എന്നിവരും കീഴടങ്ങാനായി ബെംഗ്ളൂരുവിലേക്ക് തിരിച്ചു. ശശികല നേരെ ജയിലിലേക്കാകും പോകുക. കോടതി മുറി താത്ക്കാലികമായി ജയിലേക്ക് മാറ്റും. സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയുള്ള ശശികലയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.

354 കിലോമീറ്റർ ദൂരം റോഡ് മാർഗ്ഗം പിന്നിട്ടാണ് ശശികല അടക്കമുള്ളവർ ബെംഗ്ളൂരുവിലേക്ക് എത്തുക. പോയസ് ഗാർഡനിൽ നിന്നും മറീന ബീച്ചിലെ ജയലളിതയുടെ ശവകുടീരത്തിലെത്തി പുഷ്പാർച്ചന നടത്തിയ ശേഷമാണ് ശശികല യാത്ര തിരിച്ചത്. ശവകുടീരത്തിലെ പ്രാർത്ഥനയ്ക്കിടെ ശശികല പൊട്ടികരഞ്ഞു.


നേരത്തെ കീഴടങ്ങാൻ കൂടുതൽ സമയം ആവശ്യപ്പെട്ടുള്ള ശശികലയുടെ അപേക്ഷ സുപ്രീം കോടതി തള്ളിയിരുന്നു. കീഴടങ്ങാൻ നാലാഴ്ചത്തെ സാവകാശമാണ് ശശികല ആവശ്യപ്പെട്ടത്. എന്നാൽ ഉടൻ തന്നെ കീഴടങ്ങാനായിരുന്നു സുപ്രീംകോടതി നിർദ്ദേശം.

അതേസമയം കൂവത്തൂരിലെ റിസോർട്ടിൽ കഴിയുന്ന എംഎൽഎമാർ ഉടൻ പുറത്ത് വന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ. എഎംഎമാർക്ക് കാവൽ നിന്ന നാൽപതോളം ഗുണ്ടകളെ പൊലീസ് അറസ്റ്റ് ചെയ്തു. എംഎൽഎമാർ പുറത്തെത്തിയാൽ ഇവരുടെ പിന്തുണ ആർക്കെന്ന കാര്യത്തിൽ കൂടുതൽ വ്യക്തതയുണ്ടാകുമെന്നാണ് കരുതുന്നത്.