പരപ്പന അഗ്രഹാര ജയിലിൽ 'ചിന്നമ്മ' തിരക്കിലാണ്; ആത്മകഥാ രചനയിൽ മുഴുകി ശശികല

ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ പൂർത്തീകരിക്കുന്ന കുറിപ്പുകൾ തമിഴിലെ മികച്ച എഴുത്തുകാരിൽ ഒരാളെ ഏൽപ്പിച്ച് പുസ്തകരൂപത്തിലേക്കാക്കാനും അധികം വൈകാതെ പ്രസിദ്ധീകരിക്കാനുമാണ് ശശികലയുടെ നീക്കം.

പരപ്പന അഗ്രഹാര ജയിലിൽ

മുഖ്യമന്ത്രിപദം അടുത്തെത്തിയപ്പോൾ അനധികൃത സ്വത്ത് സമ്പാദനക്കേസിൽ സുപ്രീംകോടതി വിധിയെത്തുടർന്ന് അഴിക്കുള്ളിലായ ശശികല ആത്മകഥയെഴുതുന്നു. ബംഗളുരു പരപ്പന അഗ്രഹാര ജയിലിൽ ശശികല സ്വന്തം ജീവിതം കടലാസിൽ പകർത്താൻ തുടങ്ങിക്കഴിഞ്ഞു.

അനധികൃത സ്വത്ത് സമ്പാദനക്കേസിലെ കൂട്ടുപ്രതിയും ബന്ധുവും സഹ തടവുകാരിയുമായ ഇലവരസിയുടെ സഹായത്തോടെ ജീവിതത്തിലെ വിവിധ സന്ദർഭങ്ങൾ ഓർത്തെടുത്ത് കുറിപ്പുകൾ നിർമിക്കുകയാണ് ശശികല. ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ പൂർത്തീകരിക്കുന്ന കുറിപ്പുകൾ തമിഴിലെ മികച്ച എഴുത്തുകാരിൽ ഒരാളെ ഏൽപ്പിച്ച് പുസ്തകരൂപത്തിലേക്കാക്കാനും അധികം വൈകാതെ പ്രസിദ്ധീകരിക്കാനുമാണ് നീക്കം.

ശശികല ജയിലിലായതിനു ശേഷം പുതിയ സർക്കാർ അധികാരത്തിലെത്തിയതോടെ തമിഴ് മാധ്യമങ്ങൾ ശശികലയെ മറന്ന മട്ടാണ്. അഴികൾക്ക് പിന്നിൽ നിന്നുകൊണ്ട് വാർത്തകളിൽ നിറയാനുള്ള ശ്രമം കൂടിയാണ് ആത്മകഥാ രചനയ്ക്കു പിന്നില്‍.

സത്യസന്ധമായ രചനയാണെങ്കിൽ തമിഴ്‌നാട് രാഷ്ട്രീയവുമായും ജയലളിതയുമായും ബന്ധപ്പെട്ട നിരവധി വെളിപ്പെടുത്തലുകൾ പുസ്തകത്തിൽ ഉണ്ടാവാനിടയുണ്ടെന്ന പ്രതീക്ഷയിലാണ് രാഷ്ട്രീയ നിരീക്ഷകർ.