കുലുക്കമില്ലാതെ ഗവര്‍ണര്‍; നിരാഹാരമിരിക്കാന്‍ ശശികല; ഒപിഎസ് ക്യാംപിലേക്ക് രണ്ട് എംപിമാര്‍ കൂടി

മുഖ്യമന്ത്രിയാകാന്‍ പുതിയ സമ്മര്‍ദ്ദ തന്ത്രങ്ങളാണ് ശശികല ക്യാംപ് കോപ്പു കൂട്ടുന്നത്. സത്യപ്രതിജ്ഞയ്ക്ക് ഗവര്‍ണര്‍ ക്ഷണിച്ചില്ലെഹ്കില്‍ നിരാഹാരമിരിക്കാനാണ് ശശികലയുടെ തീരുമാനം. അതിനിടെ ശശികല പക്ഷത്ത് നിന്ന് ഒപിഎസ് ക്യാംപിലേക്കുള്ള ചോര്‍ച്ച തുടരുകയാണ്.

കുലുക്കമില്ലാതെ ഗവര്‍ണര്‍; നിരാഹാരമിരിക്കാന്‍ ശശികല; ഒപിഎസ് ക്യാംപിലേക്ക് രണ്ട് എംപിമാര്‍ കൂടി

മന്ത്രിസഭ രൂപീകരിക്കാന്‍ ക്ഷണിക്കാത്ത ഗവര്‍ണറുടെ തീരുമാനത്തിനെതിരെ ശശികലയുടെ നേതൃത്വത്തില്‍ എഐഎഡിഎംകെ നിരാഹാരത്തിന് ഒരുങ്ങുന്നു. രാജ്ഭവനിന് മുന്നിലോ മറീനാ ബീച്ചിലെ ജയാ സ്മാരകത്തിലോ തന്നെ പിന്തുണയ്ക്കുന്ന എംഎല്‍എമാര്‍ക്കൊപ്പം ഉപവാസമിരിക്കാനാണ് ശശികല ക്യാംപിന്റെ ആലോചന.

ഇന്ന് രാവിലെ വരെ ഗവര്‍ണറുടെ തീരുമാനത്തിനായി കാത്തിരിക്കുമെന്നായിരുന്നു എഐഎഡിഎംകെ നേതൃത്വം ഇന്നലെ വ്യക്തമാക്കിയത്. എന്നാല്‍ ഗവര്‍ണറുടെ ഭാഗത്ത് നിന്ന് പ്രതികരണമില്ലാത്തതിനെ തുടര്‍ന്ന് ഇന്ന് വൈകിട്ട് വരെ കാത്തിരിക്കാമെന്ന നിലപാടാണ് പാര്‍ട്ടി നേതൃത്വത്തിനുള്ളത്.


തന്നെ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിക്കാത്ത ഗവര്‍ണറുടെ തീരുമാനത്തിനെതിരെ ശശികല ഇന്നലെ രൂക്ഷവിമര്‍ശനം നടത്തിയിരുന്നു. എഐഎഡിഎംകെ പിളര്‍ത്താനാണ് ഗവര്‍ണര്‍ തീരുമാനം നീട്ടിക്കൊണ്ട് പോകുന്നതെന്ന് കൂവത്തൂരിലെ റിസോര്‍ട്ടില്‍ കഴിയുന്ന എംഎല്‍എമാരെ കണ്ട ശേഷം ശശികല പറഞ്ഞു.

അതേസമയം ശശികല ക്യാംപില്‍ നിന്ന് പനീര്‍ശെല്‍വം ഭാഗത്തേയ്ക്കുള്ള ചോര്‍ച്ച തുടരുകയാണ്. രണ്ട് എംപിമാര്‍ കൂടി ഒപിഎസ് ക്യാംപിലേക്ക് കൂടുമാറിയിട്ടുണ്ട്. തൂത്തൂക്കുടി എംപി ജയസിംഗ് ത്യാഗരാജ് നട്ടര്‍ജിയും വേലൂര്‍ എംപി സെങ്കുട്ടുവനുമാണ് ഒപിഎസ് ക്യാംപിലെത്തിയത്. പനീര്‍ശെല്‍വം അടക്കം അഞ്ച് എംഎല്‍എമാരും ഏഴ് എംപിമാരുമാണ് നിലവില്‍ ശശികല വിരുദ്ധ പക്ഷത്തുള്ളത്.

പതിനഞ്ച് എംഎല്‍എമാര്‍ കൂടി ഒപിഎസ് പക്ഷത്തേക്ക് വരുമെന്ന് ഇന്നലെ കൂറുമാറിയ വിദ്യാഭ്യാസ മന്ത്രി കെ പാണ്ഡ്യരാജന്‍ പറഞ്ഞു. കൂടുതല്‍ നേതാക്കള്‍ പനീര്‍ശെല്‍വം ക്യാംപിലെത്തുന്നത് ശശികലയെ അസ്വസ്ഥയാക്കുന്നുണ്ട്.

പാര്‍ട്ടിയ്ക്കുള്ളിലെ എതിര്‍പ്പും നേതാക്കളുടെ ചോര്‍ച്ചയും തടയാന്‍ തത്ക്കാലം ശശികല മാറി നിന്നേക്കുമെന്ന സൂചനയുമുണ്ട്. അങ്ങനെയെങ്കില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ശശികല വിശ്വസ്തരായ കെ എ സെങ്കോട്ടയ്യനോ എടപ്പാടി പളനിസ്വാമിയോ എത്തിയേക്കും.