തമിഴ്‌നാട് ഇനി 'ചിന്നമ്മ' ഭരിക്കും: സത്യപ്രതിജ്ഞ ചൊവ്വാഴ്ച; പനീര്‍ശെല്‍വം രാജിവച്ചു

ചെന്നൈയില്‍ ചേര്‍ന്ന അണ്ണാഡിഎംകെ എംഎല്‍എമാരുടെ യോഗത്തിലാണ് ശശികലയെ ജയലളിതയുടെ പിന്‍ഗാമിയായി തെരഞ്ഞെടുത്തത്. നേരത്തെ അണ്ണാഡിഎംകെയുടെ ജനറല്‍ സെക്രട്ടറി സ്ഥാനം ശശികലകയ്ക്കു ലഭിച്ചിരുന്നു.

തമിഴ്‌നാട് ഇനി

അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ തോഴി ശശികല നടരാജന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയാവും. താത്ക്കാലിക മുഖ്യമന്ത്രി സ്ഥാനം വഹിച്ചിരുന്ന ഒ പനീര്‍ശെല്‍വം രാജിവച്ചു. ശശികല മുഖ്യമന്ത്രി ആയി അവരോധിക്കപ്പെട്ട ശശികലയുടെ സത്യപ്രതിജ്ഞ ചൊവ്വാഴ്ച നടക്കും.

ചെന്നൈയില്‍ ചേര്‍ന്ന എഐഎഡിഎംകെ എംഎല്‍എമാരുടെ യോഗത്തിലാണ് ശശികലയെ ജയലളിതയുടെ പിന്‍ഗാമിയായി തെരഞ്ഞെടുത്തത്. നേരത്തെ എഐഎഡിഎംകെയുടെ ജനറല്‍ സെക്രട്ടറി സ്ഥാനം ശശികലകയ്ക്കു ലഭിച്ചിരുന്നു.


യോഗത്തില്‍ പാര്‍ട്ടിയുടെ നിയമസഭാ കക്ഷി നേതാവായി ശശികലയെ തെരഞ്ഞെടുത്തു. മുഖ്യമന്ത്രി പനീര്‍ശെല്‍വമാണ് ശശികലയുടെ പേര് നിര്‍ദേശിച്ചത്.

ഭരണത്തില്‍ അമ്മയുടെ ആശയം പിന്തുടരുമെന്നും ജനക്ഷേമം മുന്നില്‍ക്കണ്ടു പ്രവര്‍ത്തിക്കുമെന്നും നിയുക്ത മുഖ്യമന്ത്രി വ്യക്തമാക്കി.

എഐഎഡിഎംകെ കീഴ്വഴക്കം അനുസരിച്ച് പാര്‍ട്ടി സെക്രട്ടറി തന്നെയാണ് മുഖ്യമന്ത്രി സ്ഥാനവും വഹിക്കാറ്. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി കസേരയും ചിന്നമ്മയെ തേടിയെത്തിയത്.

മുഖ്യമന്ത്രിയായി ശശികലയെ തെരഞ്ഞെടുത്ത തീരുമാനം ഗവര്‍ണറെ അറിയിക്കും. ഇനി തമിഴ്‌നാടിനെ ചിന്നമ്മ നയിക്കുമെന്നും പാര്‍ട്ടി ഒറ്റക്കെട്ടായി അവര്‍ക്കു പിന്നില്‍ അണിനിരക്കുമെന്നും രാജിവച്ച മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം പറഞ്ഞു.

അതേസമയം, എംഎല്‍എ അല്ലാത്ത ശശികലയെ മുഖ്യമന്ത്രി ആക്കുന്നതിനോട് എതിര്‍പ്പുകള്‍ ശക്തമായിരുന്നു. ഇതോടനുബന്ധിച്ച് ജയലളിതയുടെ വിശ്വസ്തയും സര്‍ക്കാര്‍ ഉപദേഷ്ടാവും മലയാളിയുമായ ഷീല ബാലകൃഷ്ണന്‍ തദ്സ്ഥാനത്തു നിന്നും രാജി വച്ചിരുന്നു.

ഇതോടൊപ്പം മുഖ്യമന്ത്രിയുടെ ഓഫീസ് സെക്രട്ടറിമാരായിരുന്ന കെഎന്‍ വെങ്കട്ടരാമനും എ രാമലിംഗവും സെക്രട്ടറി സ്ഥാനം ഒഴിയാന്‍ കത്ത് നല്‍കുകയും ചെയ്തു. തീരുമാനത്തിനു അനുമതി നല്‍കിയുള്ള ഉത്തരവ് മുഖ്യമന്ത്രി ഓഫീസ് പുറപ്പെടുവിച്ചു.

മാത്രമല്ല, ജയലളിതയുടെ മണ്ഡലമായ ആര്‍കെ നഗറില്‍ ശശികലയ്ക്കെതിരെയുള്ള വികാരം ശക്തമാണ്. ജയലളിതയുടെ അനന്തരവള്‍ ദീപ ജയകുമാറാണ് അവരുടെ യഥാര്‍ത്ഥ പിന്‍ഗാമിയെന്നാണ് ആര്‍കെ നഗര്‍ നിവാസികളുടെ വാദം.

Read More >>