ചിന്നമ്മയുടെ നില പരുങ്ങലില്‍; പനീര്‍ശെല്‍വം ക്യാംപിലേക്ക് കൂടുതല്‍ ശശികല വിശ്വസ്തര്‍; ബിജെപിയില്‍ ഒറ്റപ്പെട്ട് സുബ്രമണ്യന്‍ സ്വാമി

ശശികലയ്ക്കെതിരായ അനധികൃത സ്വത്ത് സമ്പാദന കേസിൽ അടുത്ത ആഴ്ച സുപ്രീം കോടതി വിധി പറയാനിരിക്കുകയാണ്. അതിന് മുമ്പ് മുഖ്യമന്ത്രിയാകാനാണ് ശശികലയുടെ ധൃതി പിടിച്ചുള്ള നീക്കങ്ങൾ. എന്നാൽ കേന്ദ്രം ഭരിക്കുന്ന ബിജെപിയുടേയും പ്രധാനപ്രതിപക്ഷമായ കോൺഗ്രസിന്റേയും പിന്തുണയില്ലാത്തത് ശശികല ക്യാംപിന്റെ നീക്കങ്ങൾ ദുർബലമാക്കും.

ചിന്നമ്മയുടെ നില പരുങ്ങലില്‍; പനീര്‍ശെല്‍വം ക്യാംപിലേക്ക് കൂടുതല്‍ ശശികല വിശ്വസ്തര്‍; ബിജെപിയില്‍ ഒറ്റപ്പെട്ട് സുബ്രമണ്യന്‍ സ്വാമി

അനധികൃത സ്വത്ത് സമ്പാദന കേസിൽ സുപ്രീം കോടതി വിധി വരുന്നതിന് മുമ്പ് മുഖ്യമന്ത്രി സ്ഥാനത്തെത്താനുള്ള വി കെ ശശികലയുടെ  ധൃതി പിടിച്ച നീക്കങ്ങൾക്ക് പിന്നിലെ കാരണങ്ങൾ ഇതാണ്- മുഖ്യമന്ത്രിയായ ശേഷം വിധി എതിരാണെങ്കിൽ ശശികലയ്ക്ക് സ്ഥാനം രാജിവച്ച് ജയിലിൽ പോകേണ്ടി വരും. അറസ്റ്റിലായാൽ ജയലളിതയ്ക്ക് ലഭിച്ച ജനപിന്തുണ തനിക്കും കിട്ടിയേക്കുമെന്നാണ് ശശികല കരുതുന്നത്. ചിന്നമ്മ അറസ്റ്റിലായാൽ പ്രവർത്തകർ തെരുവിലിറങ്ങുമെന്നും ജാമ്യത്തിലിറങ്ങി കൂടുതൽ പിന്തുണ നേടി ശക്തയാകാമെന്നും അവർ കണക്കുകൂട്ടുന്നു.


വീണ്ടും തെരഞ്ഞെടുപ്പ് നടത്തിയാൽ വൻ വിജയം നേടുമെന്നാണ് ശശികല പക്ഷത്തിന്റെ പ്രതീക്ഷ. കോടതി വിധി അനുകൂലമാണെങ്കിൽ താൻ നിരപരാധിയാണെന്ന പ്രചരണവും ശശികല നടത്തും.

കൂറുമാറി നേതാക്കൾ

എന്നാൽ മുഖ്യമന്ത്രി സ്ഥാനത്തെത്താൻ ശശികല നടത്തുന്ന നീക്കങ്ങൾക്ക് തിരിച്ചടി നേരിടുകയാണ്. വിശ്വസ്തരായ പലരും പനീർശെൽവം ക്യാംപിലെത്തിക്കൊണ്ടിരിക്കുന്നു. മന്ത്രിമാരായ കെ പാണ്ഡ്യരാജനും ഡി ജയകുമാറിനും പിന്നാലെ ശശികലയുടെ വിശ്വസ്തനും പാര്‍ട്ടി വക്താവുമായ സി പൊന്നയ്യനും പനീര്‍ശെല്‍വം ക്യാംപിലെത്തി. ജയലളിത ശശികലയിലൂടെ നയിക്കുമെന്ന് മുമ്പ് പ്രഖ്യാപിച്ച നേതാവാണ് പൊന്നയ്യന്‍.

ശശികലയെ എതിര്‍ക്കുന്ന രണ്ട് എംപിമാര്‍ ശശികലയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ബിജെപി നേതൃത്വവുമായി ഏറെ അടുപ്പം പുലർത്തുന്ന ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കര്‍ തമ്പിദുരൈയടക്കമുള്ള എംപിമാരും ഒപിഎസ് ക്യാംപിലെത്തുമെന്നും സൂചനയുണ്ട്. നടന്‍ ശരത്കുമാറും പനീര്‍ശെല്‍വത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്.

പിന്തുണയില്ലാതെ ശശികല

കേന്ദ്രം ഭരിക്കുന്ന ബിജെപിയുടേയും മുഖ്യപ്രതിപക്ഷമായ കോൺഗ്രസിന്റേയും പിന്തുണയാണ് ഓരോ ദിവസം പിന്നിടുമ്പോഴും പനീർശെൽവത്തെ തമിഴ് രാഷ്ട്രീയത്തിൽ ശക്തനാക്കുന്നത്. എഐഎഡിഎംകെയെ പിളർത്തി തമിഴ് രാഷ്ട്രീയത്തിന്റെ കടിഞ്ഞാൺ കൈക്കലാക്കുകയാണ് സ്റ്റാലിന്റേയും കൂട്ടരുടേയും ലക്ഷ്യമെങ്കിലും, ചിന്നമ്മ- ഒപിഎസ് തർക്കത്തിൽ ഡിഎംകെ ഒപിഎസിനൊപ്പമാണ്.

മുഖ്യമന്ത്രി സ്ഥാനത്തെത്താനുള്ള ശശികലയുടെ നീക്കത്തിന് പിന്തുണ നൽകിയ ബിജെപി നേതാവ് സുബ്രമണ്യൻ സ്വാമിയും വെട്ടിലായി. ബ്രാഹ്മണ സമുദായ അംഗമായ ശശികലയുടെ ഭർത്താവ് നടരാജൻ ജാതി കാർഡിറക്കിയാണ് സുബ്രമണ്യൻ സ്വാമിയുടെ പിന്തുണ തേടി ചെന്നത്. എന്നാൽ ജല്ലിക്കട്ട് വിഷയത്തിൽ സ്വാമിയുടെ നിലപാട് ബിജെപിയ്ക്ക് തിരിച്ചടിയായതോടെ നേതൃത്വം നിലപാട് മാറ്റി പനീർശെൽവത്തിന് പിന്തുണ നൽകുകയായിരുന്നു. തത്ക്കാലം സ്വാമിയുടെ അഭിപ്രായം കണക്കിലെടുക്കേണ്ടെന്ന നിലപാടിലാണ് ബിജെപി ദേശീയ നേതൃത്വം.

കോൺഗ്രസിന്റെ പിന്തുണ തേടി നടരാജൻ ഡൽഹിയിലെത്തി രാഹുൽ ഗാന്ധിയേയും, ഗുലാ നബി ആസാദിനേയും കണ്ട് ചർച്ച നടത്തിയെങ്കിലും കാര്യമുണ്ടായില്ല. തമിഴ്നാട്ടിൽ ഡിഎംകെ സഖ്യത്തിനൊപ്പമുള്ള കോൺഗ്രസിന് മറിച്ചൊരു തീരുമാനമെടുക്കാൻ കഴിഞ്ഞില്ല.

തീരുമാനത്തിലുറച്ച് ചിന്നമ്മ

കാര്യങ്ങൾ ഇങ്ങനെയാണെങ്കിലും മുഖ്യമന്ത്രിയാകാനുള്ള നീക്കത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന സൂചനയാണ് ശശികല ക്യാംപിൽ നിന്നും പുറത്ത് വരുന്നത്. എംഎഎമാരെ കൂടെ നിര്‍ത്താനുള്ള ശ്രമവുമായി കൂവത്തൂരിലെ റിസോര്‍ട്ടിലെത്തിയ ശശികല അവരുമായി കൂടിക്കാഴ്ച നടത്തി. 37 വാഹനങ്ങളുടെ അകമ്പടിയോടുകൂടിയാണ് ശശികല കൂവത്തൂരിലെ റിസോര്‍ട്ടിലെത്തിയത്.

ചിന്നമ്മ തന്നെയാണ് നേതാവെന്നും അവസാനശ്വാസം വരെ ശശികലയെ മുഖ്യമന്ത്രിയാക്കാനായി പോരാടുമെന്നും പാര്‍ട്ടി പ്രസീഡിയം ചെയര്‍മാന്‍ കെ എ സെങ്കോട്ടയ്യന്‍ വ്യക്തമാക്കി.

ശശികല പിന്മാറി വിശ്വസ്തരായ സെങ്കോട്ടയ്യനോ എടപ്പാടി പളനിസ്വാമിയോ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായേക്കുമെന്നുള്ള വാര്‍ത്തകള്‍ നേരത്തെ പ്രചരിച്ചിരുന്നു. ഇത് സെങ്കോട്ടയ്യന്‍ നിഷേധിച്ചു. ഗവര്‍ണർ സി വിദ്യാസാഗർ റാവുവിനെ വീണ്ടും കാണാന്‍ ശ്രമിക്കുന്നുണ്ടെന്നും നാളെ രാവിലെ വരെ അതിനായി കാത്തിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ഗവര്‍ണറുമായുള്ള കൂടിക്കാഴ്ച നടത്താന്‍ ശശികലയ്ക്ക് അനുമതി നിഷേധിച്ചിരുന്നു. എംഎല്‍എമാരുമായി ശശികല എത്തിയേക്കുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ക്കിടെ രാജ്ഭവനില്‍ സുരക്ഷ ശക്തമാക്കി.

എംഎല്‍എമാരെ പാര്‍പ്പിച്ചിരിക്കുന്ന കൂവത്തൂരിലെ റിസോര്‍ട്ടിനു മുന്നില്‍ ഒപിഎസ് അനുകൂലികള്‍ പ്രതിഷേധിച്ചു.

അതിനിടെ ശശികലയുടെ അനന്തരവനും ജയലളിതയുടെ വളര്‍ത്തുമകനുമായ ദിനകരന്റെ സ്വത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയേക്കുമെന്ന സൂചനകളുണ്ട്. ജയലളിതയുടെ പോയസ് ഗാര്‍ഡനിലെ വസതിയായ വേദനിലയം സ്മാരകമാക്കാന്‍ പനീര്‍ശെല്‍വം ക്യാംപ് ഒപ്പുശേഖരണം ആരംഭിച്ചിരുന്നു. തന്നെ അനുകൂലിക്കുന്നവരോട് ചെന്നൈ മറീന ബീച്ചിലെത്താന്‍ പനീര്‍ശെല്‍വം ആഹ്വാനം ചെയ്തിട്ടുണ്ട്.

ഗവര്‍ണറുടെ അനുമതിയ്ക്കായി നാളെ രാവിലെ വരെ കാത്തിരിക്കുമെന്നാണ് ശശികല പക്ഷം വ്യക്തമാക്കുന്നത്. കൂടിക്കാഴ്ചയ്ക്ക് ഗവര്‍ണര്‍ അനുമതി നല്‍കിയില്ലെങ്കില്‍ തമിഴ്‌നാട്ടിലെ രാഷ്ട്രീയ രംഗം വീണ്ടും കലുഷിതമാകും. സാഹചര്യങ്ങള്‍ വഷളായാല്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടാനുള്ള സാധ്യതയാണുള്ളത്.

Read More >>