കണ്ണുതുറക്കാതെ അധികാരികള്‍; ബാങ്ക് വായ്പാ തട്ടിപ്പിനിരയായ കുടുംബങ്ങള്‍ അനിശ്ചിതകാല സമരവുമായി സെക്രട്ടേറിയറ്റ് നടയില്‍

വായ്പാ തട്ടിപ്പിനിരയായവരുടെ മുഴുവന്‍ കേസുകളും ഒരു അന്വേഷണ ഏജന്‍സിക്കു കീഴില്‍ കൊണ്ടുവരിക, പട്ടികജാതിക്കാരുടേയും 25,000 രൂപയ്ക്കു താഴെ വാര്‍ഷിക വരുമാനമുള്ള ദരിദ്ര കുടുംബങ്ങളുടേയും കടബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കുക, അതിനായി ചെലവാകുന്ന തുക കുറ്റവാളികളായ ഇടനിലക്കാരില്‍ നിന്നും ബാങ്ക് മാനേജര്‍മാരില്‍ നിന്നും കണ്ടുകെട്ടുക, അറസ്റ്റ് ചെയ്തവരെ പ്രോസിക്യൂട്ട് ചെയ്യുക, തട്ടിയെടുത്ത ആധാരങ്ങള്‍ തിരികെ നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. എടുക്കാത്ത ബാങ്ക് വായ്പയ്ക്കു ആകെയുള്ള വീടും പുരയിടവും ബാങ്കുകള്‍ കൊണ്ടുപോവുന്നതു നിസ്സഹായതയോടെ കണ്ടുനില്‍ക്കേണ്ട ഗതികേടിലാണ് ഇവരുള്ളത്.

കണ്ണുതുറക്കാതെ അധികാരികള്‍; ബാങ്ക് വായ്പാ തട്ടിപ്പിനിരയായ കുടുംബങ്ങള്‍ അനിശ്ചിതകാല സമരവുമായി സെക്രട്ടേറിയറ്റ് നടയില്‍

ലോണ്‍ മാഫിയകളാല്‍ ബാങ്ക് വായ്പാ തട്ടിപ്പിനിരയായി കിടപ്പാടം ജപ്തി ചെയ്ത് തെരുവില്‍ തള്ളുന്നതിനെതിരെ സര്‍ഫാസി ഇരകള്‍ നടത്തിവരുന്ന സമരം സെക്രട്ടേറിയറ്റിനു മുന്നിലെത്തി. 208 ദിവസമായി വല്ലാര്‍പാടത്തു നടത്തിവരുന്ന കണ്ണുതുറപ്പിക്കല്‍ സമരമാണ് ഇപ്പോള്‍ സെക്രട്ടേറിയറ്റ് നടയിലേക്കു എത്തിയിരിക്കുന്നത്. സര്‍ഫാസി ബാങ്ക് ജപ്തി വഞ്ചനയ്‌ക്കെതിരായ സമരസമിതി, ബ്ലേഡ് ബാങ്ക് ജപ്തി വിരുദ്ധ സമിതി, സര്‍ഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനം എന്നിവയുടെ നേതൃത്വത്തില്‍ ഇന്നലെ മുതലാണ് ഭരണസിരാകേന്ദ്രത്തിനു മുന്നില്‍ അനിശ്ചിതകാല സമരം ആരംഭിച്ചത്.


വായ്പാ തട്ടിപ്പിനിരയായവരുടെ മുഴുവന്‍ കേസുകളും ഒരു അന്വേഷണ ഏജന്‍സിക്കു കീഴില്‍ കൊണ്ടുവരിക, പട്ടികജാതിക്കാരുടേയും 25,000 രൂപയ്ക്കു താഴെ വാര്‍ഷിക വരുമാനമുള്ള ദരിദ്ര കുടുംബങ്ങളുടേയും കടബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കുക, അതിനായി ചെലവാകുന്ന തുക കുറ്റവാളികളായ ഇടനിലക്കാരില്‍ നിന്നും ബാങ്ക് മാനേജര്‍മാരില്‍ നിന്നും കണ്ടുകെട്ടുക, അറസ്റ്റ് ചെയ്തവരെ പ്രോസിക്യൂട്ട് ചെയ്യുക, തട്ടിയെടുത്ത ആധാരങ്ങള്‍ തിരികെ നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. എടുക്കാത്ത ബാങ്ക് വായ്പയ്ക്കു ആകെയുള്ള വീടും പുരയിടവും ബാങ്കുകള്‍ കൊണ്ടുപോവുന്നതു നിസ്സഹായതയോടെ കണ്ടുനില്‍ക്കേണ്ട ഗതികേടിലാണ് ഇവരുള്ളത്.വല്ലാര്‍പ്പാടം, വൈപ്പിന്‍, കാക്കനാട്, ഉദയംപേരൂര്‍ എന്നിവിടങ്ങളിലെ മുപ്പതോളം ദരിദ്ര, ദളിത് കുടുംബങ്ങളാണ് ലോണ്‍ മാഫിയയുടെ തട്ടിപ്പിന് ഇരയായത്. ഇതില്‍ 17 കുടുംബങ്ങളാണ് ഇപ്പോള്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ അനിശ്ചിതകാല സമരത്തിലുള്ളത്. ഏകദേശം രണ്ടര കോടിയോളം രൂപയാണ് ഇവരുടെ പേരില്‍ പ്രതികള്‍ തട്ടിയെടുത്തത്. വായ്പാ തട്ടിപ്പിനിരയായി ബാങ്ക് ജപ്തി നടപടി വന്നതിനെ തുടര്‍ന്ന് ഹൃദയാഘാതം മൂലം തളര്‍ന്നുവീണ് കാഴ്ച നഷ്ടപ്പെട്ട പുതുവൈപ്പിലെ ചന്ദ്രമതിയെന്ന ദലിത് മുത്തശ്ശിയാണ് ഇന്നലെ നിരാഹാരമിരുന്നത്. 22.5 ലക്ഷം രൂപയുടെ വായ്പാ തട്ടിപ്പിന് ഇരയാണ് ചന്ദ്രമതി. മൂന്നുസെന്റ് പുരയിടം നഷ്ടമായി 15 ലക്ഷം രൂപയുടെ വായ്പാ തട്ടിപ്പിനിരയായ വി എസ് സുശീലയെന്ന വയോധികയാണ് ഇന്ന് നിരാഹാരം അനുഷ്ഠിക്കുന്നത്. ബാങ്ക് വായ്പാ തട്ടിപ്പില്‍പ്പെട്ട സര്‍ഫാസി ഇരകളുടെ ന്യായമായ ആവശ്യങ്ങള്‍ നേടിയെടുക്കും വരെ സമരം തുടരുമെന്ന് സമരസമിതി നേതാക്കള്‍ നാരദ ന്യൂസിനോടു പറഞ്ഞു.

തട്ടിപ്പ് നടത്തിയവര്‍ രാഷ്ട്രീയ-പൊലീസ് സ്വാധീനത്താല്‍ സുഖലോലുപരായി വിഹരിക്കുമ്പോള്‍ ഇരയായവരുടെ വീടുകള്‍ ജപ്തി ഭീഷണി നേരിടുകയാണ്. ഇതിനോടകം ഇവരില്‍ ചിലര്‍ നീതി നിഷേധത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്യുകയും നാലുപേര്‍ ജപ്തി നടപടികളോടനുബന്ധിച്ച് ഹൃദയാഘാതം ഉള്‍പ്പെടെയുള്ളവ മൂലം മരണമടയുകയും ചെയ്തു. സര്‍ഫാസി നിയമത്തില്‍ കോടതിക്കോ പൊലീസിനോ ഇടപെടാന്‍ അധികാരമില്ലാത്തതാണ് ബാങ്കുകള്‍ക്കും ലോണ്‍ മാഫിയകള്‍ക്കും വളമാകുന്നത്. വീട് വയ്ക്കാനും കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യത്തിനും ശസ്ത്രക്രിയകള്‍ക്കും ബ്ലേഡുകാരില്‍ നിന്നുള്ള വായ്പാ തിരിച്ചടവിനും ഒക്കെയായി ബാങ്കുകളില്‍ നിന്നും ലക്ഷങ്ങള്‍ വായ്പയെടുത്ത് നല്‍കാമെന്നു കാട്ടിയാണ് തട്ടിപ്പുകാര്‍ ഈ കുടുംബങ്ങളെ കുടുക്കിയത്.

ആധാരം പണയം വച്ച് കൈക്കലാക്കിയ തുകയില്‍ നിന്നും തുച്ഛമായ വിഹിതം കുടുംബങ്ങള്‍ക്കു നല്‍കിയ ലോണ്‍ മാഫിയ ഓരോരുത്തരില്‍നിന്നുമായി 20-30 ലക്ഷം രൂപ വീതമാണ് തട്ടിയെടുത്തത്. തുടര്‍ന്ന് വായ്പാ തിരിച്ചടവ് മുടങ്ങിയതോടെ ഈ കുടുംബങ്ങള്‍ക്കു തങ്ങളുടെ വീടും പുരയിടവും നഷ്ടപ്പെടുന്ന ദുസ്ഥിതിയുണ്ടാവുകയായിരുന്നു. ഇതിനെതിരെ കോടതിയെയും പൊലീസിനെയും സമീപിച്ചെങ്കിലും സര്‍ഫാസി നിയമത്തിലെ 34ാം വകുപ്പ് ചൂണ്ടിക്കാട്ടി കൈയൊഴിയുകയായിരുന്നുവെന്ന് ബ്ലേഡ് ബാങ്ക് ജപ്തി വിരുദ്ധ സമിതി പ്രസിഡന്റ് പി ജെ മാനുവല്‍ നാരദ ന്യൂസിനോടു പറഞ്ഞു.

ഡിആര്‍ടി (ഡെബ്റ്റ് റിക്കവറി ട്രൈബ്യൂണല്‍) ക്കു മാത്രമേ ഇക്കാര്യത്തില്‍ ഇടപെടാന്‍ കഴിയൂ. എന്നാല്‍ ന്യായവിചാരണ ഇല്ല, മറിച്ച് അതിവേഗ തീര്‍പ്പാക്കല്‍ ആണുള്ളത് എന്നതുകൊണ്ടുതന്നെ ഏതു നിമിഷവും ഇവര്‍ കുടിയിറക്കലിന് ഇരയാകും. ഒരു ലക്ഷം രൂപയെങ്കിലും അടയ്ക്കാതിരിക്കുകയോ മൂന്നു ഗഡുക്കള്‍ മുടക്കം വരുത്തുകയോ ചെയ്താല്‍ വീട് ജപ്തി ചെയ്ത് ആസ്തി പുനര്‍നിര്‍മാണ കമ്പനി (അസെറ്റ് റീ കണ്‍സ്ട്രക്ഷന്‍ കമ്പനി) കള്‍ക്കു ചുളുവിലയ്ക്ക് മറിച്ചുവില്‍ക്കാന്‍ സര്‍ഫാസി നിയമം ബാങ്കുകള്‍ക്ക് അധികാരം നല്‍കുന്നു. ഇതാണ് ഇരകളായ കുടുംബങ്ങള്‍ക്ക് തിരിച്ചടിയായത്.

2007, 2008 കാലയളവിലാണ് സംഭവം. കേവലം മൂന്നുമുതല്‍ അഞ്ചു സെന്റ് വരെ ഭൂമിയുള്ള ദരിദ്ര-ദളിത് കുടുംബങ്ങള്‍ക്കു വായ്പ നല്‍കാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് ഇടനിലക്കാരും ബാങ്ക് ജീവനക്കാരും ചേര്‍ന്ന ലോണ്‍ മാഫിയ ഭീമമായ തുക വായ്പയായെടുത്ത് വഞ്ചിക്കുകയായിരുന്നു.
എഎല്‍ ബാബുരാജ്, ഇബ്രാഹിം പള്ളിത്തറ, ഏലിയാസ് കിഴക്കമ്പലം, എം മുനീര്‍, താജുദ്ദീന്‍ എളങ്കുളം എന്നിവരാണ് ഇടനിലക്കാരായി പ്രവര്‍ത്തിച്ച് തട്ടിപ്പ് നടത്തിയത്. ഇതിന് വി യു അഫ്‌സല്‍ (ഇന്ത്യന്‍ ബാങ്ക് ഇടപ്പള്ളി ശാഖാ മാനേജര്‍), ഷാജഹാന്‍ തോട്ടുമുഖം (സെന്‍ട്രല്‍ ബാങ്ക്, പെരുമാനൂര്‍ ശാഖാ മാനേജര്‍), അബ്ദുല്‍ റഷീദ് (സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദ്രാബാദ് ശാഖാ മാനേജര്‍), മാത്യു ജേക്കബ് (എസ്ബിടി പത്മാ ശാഖാ മാനേജര്‍), സി എ ഹാരിസ് (സിന്‍ഡിക്കേറ്റ് ബാങ്ക് കച്ചേരിപ്പടി ശാഖാ മാനേജര്‍), അബ്ദുല്‍ മജീദ് (തമിഴ്‌നാട് മെര്‍ക്കന്റയിന്‍ ശാഖാ മാനേജര്‍), ബാബുരാജിന്റെ അമ്മ രാജമ്മ (എച്ച്ഡിഎഫ്‌സി എംജി റോഡ് ശാഖാ മാനേജര്‍) എന്നിവരാണ് തട്ടിപ്പിനു കൂട്ടുനിന്നതെന്നും സമരക്കാര്‍ ആരോപിക്കുന്നു.വായ്പ കൈപ്പറ്റാത്ത നിരപരാധികള്‍ക്കെതിരെ ബാങ്ക് സര്‍ഫാസി നടപടികള്‍ സ്വീകരിക്കുകയും അന്യായമായി കിടപ്പാടം ജപ്തി ചെയ്യുന്ന നടപടികളിലേക്കു നീങ്ങുകയുമായിരുന്നു. ഇതിനെതിരെ മൂന്നരവര്‍ഷമായി സമരസമിതിയുടെ നേതൃത്വത്തില്‍ വിവിധയിടങ്ങളില്‍ സമരങ്ങള്‍ നടത്തിവരികയാണ്. ഇതിനിടെ, സമരക്കാര്‍ പട്ടികജാതി കമ്മീഷനെ സമീപിക്കുകയും മൂന്നും അഞ്ചും സെന്റ് മാത്രംവരുന്ന ദളിത് കുടുംബങ്ങളുടെ ഭൂമി കരുതിക്കൂട്ടി തട്ടിയെടുത്തതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നു കമ്മീഷന്‍ കണ്ടെത്തുകയും ചെയ്തിരുന്നു. 2015 ആഗസ്റ്റ് 24നായിരുന്നു ഇത്.

വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിക്കാനുള്ള കമ്മീഷന്റെ ശുപാര്‍ശ പ്രകാരം വായ്പാ തട്ടിപ്പു കേസുകള്‍ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെയും പ്രശ്‌നം ശാശ്വതമായി പരിഹരിക്കാന്‍ ജപ്തി നടപടികള്‍ തടഞ്ഞ് കളക്ടറുടെ അധ്യക്ഷതയില്‍ സ്‌ക്രീനിങ് കമ്മിറ്റിയും രൂപീകരിക്കാന്‍ മുന്‍ യുഡിഎഫ് സര്‍ക്കാര്‍ ഉത്തരവുകള്‍ പുറപ്പെടുവിച്ചിരുന്നു. ഇതേ തുടര്‍ന്ന്് ആദ്യഘട്ട സമരം സമരസമിതി പിന്‍വലിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് വന്നതോടെ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് സര്‍ക്കാര്‍ ഓര്‍ഡര്‍ ആക്കാതെ സമരസമിതിയെ വഞ്ചിച്ചതിനെ തുടര്‍ന്നാണ് അധികാരികളുടെ കണ്ണുതുറപ്പിക്കുന്നതിന് വല്ലാര്‍പ്പാടത്ത് അനിശ്ചിതകാല സമരം ആരംഭിച്ചത്.

തുടര്‍ന്ന്, എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പ്രശ്‌നപരിഹാരത്തിനായി കടബാധ്യത ഒഴിവാക്കി കിടപ്പാടത്തിന്റെ ആധാരം തിരികെ നല്‍കുന്നതിനുള്ള സമഗ്രമായ ഒരു പാക്കേജ് കൊണ്ടുവരുമെന്ന് ഉറപ്പുനല്‍കിയിരുന്നെങ്കിലും നാളിതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് സമരസമിതി പറയുന്നു. മാത്രവുമല്ല പത്തും പന്ത്രണ്ടും വായ്പാതട്ടിപ്പുകള്‍ നടത്തിയ എ എല്‍ ബാബുരാജ് എന്നയാളേയും ഇബ്രാഹിം പളളിത്തറയെയും കുറ്റവിചാരണ നടത്താന്‍ എട്ടു വര്‍ഷം പിന്നിട്ടിട്ടും പൊലീസിനായിട്ടില്ലെന്നും സമരക്കാര്‍ പറയുന്നു.

എന്താണ് സര്‍ഫാസി നിയമം ?2002 ല്‍ വാജ്‌പേയി സര്‍ക്കാരാണ് സര്‍ഫാസി നിയമം (സെക്യുരിറ്റൈസഷന്‍ ആന്‍ഡ് റീകണ്‍സ്ട്രക്ഷന്‍ ഓഫ് ഫിനാന്‍ഷ്യല്‍ അസെറ്റ്‌സ് ആന്‍ഡ് എന്‍ഫൊഴ്‌സ്‌മെന്റ് ഓഫ് സെക്യുരിറ്റി ഇന്‍ട്രസ്റ്റ് ആക്ട്) പാസ്സാക്കുന്നത്. ഇന്ത്യന്‍ ബാങ്കിങ് മേഖലയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുക, ധനവിപണിയിലെ മത്സരങ്ങളില്‍ പിടിച്ചുനില്‍ക്കാനുള്ള ശേഷി ഉയര്‍ത്തുക എന്ന ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് കേന്ദ്ര സര്‍ക്കാര്‍ ഈ നിയമം കൊണ്ടുവരുന്നത്.

സര്‍ഫാസി നിയമപ്രകാരം ബാങ്കുകള്‍ക്ക് കിട്ടാനുള്ള കടം തിരിച്ചുപിടിക്കാന്‍ വിപുലമായ അധികാരങ്ങളുണ്ട്. മുന്‍കാലങ്ങളില്‍ കടം തിരിച്ചുപിടിക്കാന്‍ ബാങ്കുകള്‍ സിവില്‍ നിയമമനുസരിച്ച് സിവില്‍ കോടതികളെയാണ് ആശ്രയിച്ചിരുന്നത്. എന്നാല്‍ സിവില്‍ കോടതികളിലെ നടപടികളുടെ കാലദൈര്‍ഘ്യം ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ വിപുലമായ അധികാരം ബാങ്കുകള്‍ക്ക് നല്‍കിയത്. ഇതനുസരിച്ച് ബാങ്കുകള്‍ നല്‍കിയ വായ്പ തിരിച്ചടക്കുന്നതില്‍ 60 ദിവസത്തെ കാലതാമസം വരുത്തിയാല്‍ വായ്പക്ക് ഈടായി നല്‍കിയ വസ്തുവിന്മേല്‍ ബാങ്കിന് നടപടികള്‍ സ്വീകരിക്കാം.

മൂന്നു സാധ്യതകളാണ് ഇതുപ്രകാരം ബാങ്കിനുള്ളത്. 1. ബാങ്കിന് നേരിട്ട് വസ്തു ഏറ്റെടുക്കാം 2. അല്ലെങ്കില്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രറ്റ് കോടതിയെ സമീപിച്ച് വസ്തു ജപ്തി ചെയ്യാം. 3. ഡെബ്റ്റ് റിക്കവറി ട്രൈബ്യുണല്‍ വഴി നടപടികള്‍ സ്വീകരിക്കാം. ഇതില്‍ എതായിരുന്നാലും പഴയ സിവില്‍ നടപടിക്രമങ്ങള്‍ പോലെ പരിശോധനകള്‍ ഒന്നുമില്ലാതെ വളരെ പെട്ടെന്നുതന്നെ ബാങ്കുകള്‍ക്ക് വസ്തു ജപ്തി ചെയ്ത് കടം തിരിച്ചുപിടിക്കാനാവും.

സര്‍ക്കാര്‍ നിലപാട്

ഈ നിയമം കേന്ദ്ര നിയമമായതിനാല്‍ തങ്ങള്‍ക്കു ഒന്നും ചെയ്യാനില്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെയും അതിനു നേതൃത്വം നല്‍കുന്ന രാഷ്ട്രീയ നേതാക്കന്മാരുടെയും നിലപാടെന്ന് സമര സമിതി ആരോപിക്കുന്നു. എന്നാല്‍ ഈ നിയമം ജനങ്ങള്‍ക്ക് അനുകൂലമായ തരത്തില്‍ ഭേദഗതി ചെയ്യുന്നതിനും സര്‍ഫാസി നിയമപ്രകാരമുള്ള ജപ്തി നടപടികള്‍ നിര്‍ത്തിവെക്കാനും കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ഇവരാരും തയ്യാറാവുന്നില്ല. മാത്രമല്ല വായ്പാ തട്ടിപ്പിനിരയായവര്‍ക്ക് അവരുടെ നഷ്ടപ്പെട്ട ഭൂമി വീണ്ടെടുത്തു നല്‍കാനും വായ്പാ തട്ടിപ്പിനെകുറിച്ച് സമഗ്രമായ അന്വേഷണം നടത്തി കുറ്റകാരെ മാതൃകാപരമായി ശിക്ഷിക്കാനും സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും ഈ സാഹചര്യത്തിലാണ് വിഷയത്തില്‍ ഇടപെടുകയെന്ന ലക്ഷ്യത്തോടെ സര്‍ഫാസി -ബാങ്ക് വായ്പാ വഞ്ചനക്കെതിരായ സമരസമിതി രൂപീകരിക്കപ്പെടുന്നതെന്നും ഇവര്‍ പറയുന്നു.

Read More >>