കുടിയിറക്കല്‍ ഭീഷണിയില്‍ കുടുംബങ്ങള്‍: സര്‍ക്കാര്‍ അന്ധതയ്‌ക്കെതിരെ സര്‍ഫാസി ഇരകളുടെ സമരം സെക്രട്ടറിയേറ്റ് നടയിലേക്ക്

മൂന്നും അഞ്ചും സെന്റ് ഭൂമി മാത്രമുള്ള ദരിദ്ര-ദളിത് കുടുംബങ്ങള്‍ക്കു വായ്പ നല്‍കാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് ഇടനിലക്കാരും ബാങ്ക് ജീവനക്കാരും ചേര്‍ന്ന ലോണ്‍ മാഫിയ ഭീമമായ തുക വായ്പയായെടുത്ത് വഞ്ചിക്കുകയായിരുന്നു. എന്നാല്‍ വായ്പ കൈപ്പറ്റാത്ത നിരപരാധികള്‍ക്കെതിരെ ബാങ്ക് സര്‍ഫാസി നടപടികള്‍ സ്വീകരിക്കുകയും അന്യായമായി കിടപ്പാടം ജപ്തി ചെയ്യുന്ന നടപടികളിലേക്കു നീങ്ങുകയുമായിരുന്നു. ഇതിനെതിരെ മൂന്നരവര്‍ഷമായി സമരസമിതിയുടെ നേതൃത്വത്തില്‍ വിവിധ സമരങ്ങള്‍ നടത്തിവരികയാണ്.

കുടിയിറക്കല്‍ ഭീഷണിയില്‍ കുടുംബങ്ങള്‍: സര്‍ക്കാര്‍ അന്ധതയ്‌ക്കെതിരെ സര്‍ഫാസി ഇരകളുടെ സമരം സെക്രട്ടറിയേറ്റ് നടയിലേക്ക്

ബാങ്ക് വായ്പാ തട്ടിപ്പിനിരയായി കിടപ്പാടം ജപ്തി ചെയ്ത് തെരുവില്‍ തള്ളുന്നതിനെതിരെ സര്‍ഫാസി ഇരകള്‍ നടത്തിവരുന്ന സമരം സെക്രട്ടേറിയറ്റ് നടയിലേക്ക്. കഴിഞ്ഞ 208 ദിവസമായി വല്ലാര്‍പാടത്തു നടത്തിവരുന്ന കണ്ണുതുറപ്പിക്കല്‍ സമരമാണ് ഹൈക്കോടതിക്കു മുന്നിലേക്കും തുടര്‍ന്ന് സെക്രട്ടേറിയറ്റ് നടയിലേക്കും വ്യാപിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

സമരസമിതിയുടെ ന്യായമായ ആവശ്യങ്ങള്‍ തീര്‍പ്പാക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ കാണിക്കുന്ന അവഗണനയ്ക്കെതിരെ പ്രതിഷേധിച്ച് ഈമാസം 21 മുതലാണ് സെക്രട്ടറിയേറ്റ് നടയില്‍ പ്രക്ഷോഭം ആരംഭിക്കുന്നത്. ഇതിനു മുന്നോടിയായി ഈമാസം 16ന് ഹൈക്കോടതി ജങ്ഷനിലെ വഞ്ചി സ്‌ക്വയറില്‍ ഉച്ചതിരിഞ്ഞ് രണ്ടിന് പ്രതിഷേധ സംഗമം നടത്തുമെന്ന് സമരസമിതി ചെയര്‍പേഴ്സണ്‍ വി സി ജെന്നി അറിയിച്ചു.


ബാങ്ക് വായ്പാ തട്ടിപ്പിനിരയായ ദരിദ്ര- ദളിത് കുടുംബങ്ങളുടെ നീതി തേടിയുള്ള സമരം തീര്‍പ്പാക്കുന്ന കാര്യത്തില്‍ അധികാരികള്‍ കടുത്ത അവഗണനയാണ് തുടരുന്നതെന്ന് അവര്‍ പറഞ്ഞു. ഇതില്‍ പ്രതിഷേധിച്ച് 16 ന് നടത്തുന്ന പ്രതിഷേധ സംഗമം പ്രൊഫ. കെ അരവിന്ദാക്ഷന്‍ ഉദ്ഘാടനം ചെയ്യും. വി ഡി സതീശന്‍ എംഎല്‍എ, ഹൈബി ഈഡന്‍ എംഎല്‍എ, പി രാജീവ് (സിപിഐഎം), പി രാജു (സിപിഐ), അഡ്വ. പി എ പൗരന്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

22 മുതല്‍ സെക്രട്ടറിയേറ്റ് നടയില്‍ അനിശ്ചിതകാല കണ്ണുതുറപ്പിക്കല്‍ സമരം തുടരും. വായ്പാ തട്ടിപ്പിനിരയായി ബാങ്ക് ജപ്തി നടപടി വന്നതിനെ തുടര്‍ന്ന് ഹൃദയാഘാതം മൂലം തളര്‍ന്നുവീണ് കാഴ്ച നഷ്ടപ്പെട്ട പുതുവൈപ്പിലെ ചന്ദ്രമതിയെന്ന ദലിത് മുത്തശ്ശി നിരാഹാരമിരിക്കും. ബാങ്ക് വായ്പാ തട്ടിപ്പില്‍പ്പെട്ട സര്‍ഫാസി ഇരകളുടെ ന്യായമായ ആവശ്യങ്ങള്‍ നേടിയെടുക്കും വരെ സമരം തുടരുമെന്ന് സമരസമിതി നേതാക്കള്‍ വ്യക്തമാക്കി.

മൂന്നും അഞ്ചും സെന്റ് ഭൂമി മാത്രമുള്ള ദരിദ്ര-ദളിത് കുടുംബങ്ങള്‍ക്കു വായ്പ നല്‍കാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് ഇടനിലക്കാരും ബാങ്ക് ജീവനക്കാരും ചേര്‍ന്ന ലോണ്‍ മാഫിയ ഭീമമായ തുക വായ്പയായെടുത്ത് വഞ്ചിക്കുകയായിരുന്നു. എന്നാല്‍ വായ്പ കൈപ്പറ്റാത്ത നിരപരാധികള്‍ക്കെതിരെ ബാങ്ക് സര്‍ഫാസി നടപടികള്‍ സ്വീകരിക്കുകയും അന്യായമായി കിടപ്പാടം ജപ്തി ചെയ്യുന്ന നടപടികളിലേക്കു നീങ്ങുകയുമായിരുന്നു. ഇതിനെതിരെ മൂന്നരവര്‍ഷമായി സമരസമിതിയുടെ നേതൃത്വത്തില്‍ വിവിധ സമരങ്ങള്‍ നടത്തിവരികയാണ്.

വായ്പാ തട്ടിപ്പു കേസുകള്‍ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെയും പ്രശ്നം ശാശ്വതമായി പരിഹരിക്കുന്നതിനു ജപ്തി നടപടികള്‍ തടഞ്ഞ് കളക്ടറുടെ അധ്യക്ഷതയില്‍ സ്‌ക്രീനിങ് കമ്മിറ്റിയും രൂപീകരിക്കാനുള്ള ഉത്തരവുകള്‍ മുന്‍ യുഡിഎഫ് സര്‍ക്കാര്‍ പുറപ്പെടുവിച്ചതിനെ തുടര്‍ന്നാണ് ആദ്യഘട്ട സമരം സമരസമിതി പിന്‍വലിച്ചത്. എന്നാല്‍ തെരഞ്ഞെടുപ്പ് വന്നതോടെ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് സര്‍ക്കാര്‍ ഓര്‍ഡര്‍ ആക്കാതെ സമരസമിതിയെ വഞ്ചിച്ചതിനെ തുടര്‍ന്നാണ് അധികാരികളുടെ കണ്ണുതുറപ്പിക്കുന്നതിന് അനിശ്ചിതകാല സമരം ആരംഭിച്ചത്.

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പ്രശ്നപരിഹാരത്തിനായി കടബാധ്യത ഒഴിവാക്കി കിടപ്പാടത്തിന്റെ ആധാരം തിരികെ നല്‍കുന്നതിനുള്ള സമഗ്രമായ ഒരു പാക്കേജ് കൊണ്ടുവരുമെന്ന് ഉറപ്പുനല്‍കിയിരുന്നെങ്കിലും നാളിതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് സമരസമിതി പറയുന്നു. മാത്രവുമല്ല പത്തും പന്ത്രണ്ടും വായ്പാതട്ടിപ്പുകള്‍ നടത്തിയ ലോനന്‍ ബാബു എന്നയാളേയു ഇബ്രാഹിം പളളിത്തറയെയും കുറ്റവിചാരണ നടത്താന്‍ എട്ടു വര്‍ഷം പിന്നിട്ടിട്ടും പൊലീസിനായിട്ടില്ല.

ഇതിനിടെ രണ്ടു പേര്‍ ആത്മഹത്യ ചെയ്യുകയും നാലു പേര്‍ ജപ്തി ഭീഷണിയെത്തുടര്‍ന്ന അകാലത്തില്‍ മരണമടയുകയും ചെയ്തു. കൂടാതെ മറ്റു നാലു കുടുംബങ്ങളെ ജപ്തി ചെയ്ത് തെരുവിലിറക്കി വിടുകയും ചെയ്തു. മറ്റു കുടുംബങ്ങള്‍ ഏതു നിമിഷവും തെരുവിലെറിയപ്പെട്ടേക്കാവുന്ന ഭീഷണിയിലും കഴിയുമ്പോഴും കുറ്റവാളികള്‍ ആഡംബര ജീവിതം നയിക്കുകയാണെന്നും അവര്‍ കുറ്റപ്പെടുത്തുന്നു.

Read More >>