മംഗളൂരുവിൽ സംഘപരിവാർ പ്രവർത്തകനെ വെട്ടിക്കൊന്നത് സഹപ്രവർത്തകർ; കർണാടകയിൽ തുടർച്ചയായി സ്വന്തം പ്രവർത്തകരെ കൊന്നൊടുക്കി സംഘപരിവാർ

കർണാടകയിൽ തുടർച്ചയായി നിരവധി സംഘപരിവാർ പ്രവർത്തകരാണ് സഹപ്രവർത്തകരുടെ കൊലക്കത്തിക്ക് ഇരയാവുന്നത്. കഴിഞ്ഞദിവസം കൊല്ലപ്പെട്ട ഹിന്ദു ജാഗരൺ വേദികെ പ്രവർത്തകന്റെ കൊലപാതകത്തിന് പിന്നിലും സഹപ്രവർത്തകരാണെന്ന് തെളിഞ്ഞു.

മംഗളൂരുവിൽ സംഘപരിവാർ പ്രവർത്തകനെ വെട്ടിക്കൊന്നത് സഹപ്രവർത്തകർ; കർണാടകയിൽ തുടർച്ചയായി സ്വന്തം പ്രവർത്തകരെ കൊന്നൊടുക്കി സംഘപരിവാർ

മംഗളുരുവിനു സമീപം മറോളി നിഡ്ഡെയിൽ ഹിന്ദു ജാഗരൺ വേദികെ പ്രവർത്തകൻ പ്രതാപ് പൂജാരി കൊല്ലപ്പെട്ട സംഭവത്തിൽ സഹപ്രവര്‍ത്തകര്‍ തന്നെയാണ് കുറ്റക്കാരെന്നു തെളിഞ്ഞു. ഹിന്ദു ജാഗരൺ വേദികെ പ്രവർത്തകരായ പത്തംഗസംഘമാണ് പ്രതാപിനെ കൊലപ്പെടുത്തിയത്. പ്രതാപിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് മണികണ്ഠയ്ക്കും അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു.

[caption id="attachment_82841" align="alignleft" width="199"] കൊല്ലപ്പെട്ട പ്രതാപ് പൂജാരി[/caption]


കർണാടകയിൽ സംഘപരിവാർ സംഘടനയുടെ കൊലക്കത്തിക്കിരയാകുന്ന അവരുടെ തന്നെ പ്രവർത്തകരിൽ ഏറ്റവും ഒടുവിലത്തെയാളാണ് പ്രതാപ് പൂജാരി. സമീപകാലത്ത് ഉഡുപ്പിയിൽ കൊല്ലപ്പെട്ട ബിജെപി നേതാവ് പ്രവീൺ പൂജാരിയെ കൊലപ്പെടുത്തിയതും സംഘപരിവാർ പ്രവർത്തകരായിരുന്നു. പശുക്കളെ കടത്തിയെന്നു ആരോപിച്ച് നടത്തിയ കൊലപാതകം ഏറെ ഒച്ചപ്പാടുണ്ടാക്കിയിരുന്നു.

മംഗളൂരുവിൽ കൊല്ലപ്പെട്ട ബിജെപി പ്രവർത്തകനും വിവരാവകാശ പ്രവർത്തകനുമായ വിനായക ബാലിഗെയുടെ കൊലപാതകത്തിനു പിന്നിലും സംഘപരിവാർ തന്നെയായിരുന്നു. ലോക്സഭാതിരഞ്ഞെടുപ്പിന്റെ സമയത്ത് 'നമോ ബ്രിഗേഡിന്' നേതൃത്വം നൽകിയ നരേഷ് ഷേണായിയായിരുന്നു മുഖ്യപ്രതി. ആർഎസ്എസ് നേതാവായ ദക്ഷിണ കന്നഡ എംപി നളിനകുമാർ കട്ടീലിന് കൊലപാതകത്തിൽ പങ്കുണ്ടെന്ന് വ്യാപക ആരോപണം ഉയർന്നിരുന്നു.

ടിപ്പു ജയന്തി വിരുദ്ധ കലാപത്തിനിടയിൽ കൊല്ലപ്പെട്ട ബണ്ട്വാളിലെ ഹരീഷ് പൂജാരി, സമീപ കാലത്ത് കൊല്ലപ്പെട്ട കുന്ദാപുരത്തെ ക്ഷേത്ര പൂജാരി കൃഷ്ണയ്യ പട്ടാളി, സൂറത്ത്കല്ലിലെ മണികണ്ഠന്‍, ഹേമാനന്ദ്, കോടിക്കരെ ശിവരാജ്, പ്രകാശ് എന്നിവരുടെ കൊലപാതകക്കേസുകളിലും പിടിയിലായത് സംഘപരിവാർ നേതാക്കളും പ്രവർത്തകരും തന്നെയാണ്.

അതേസമയം, മറോളി നിഡ്ഡെ പ്രതാപ് പൂജാരി വധത്തിൽ സംഘടനയ്ക്കു പങ്കില്ലെന്ന വാദവുമായി ഹിന്ദു ജാഗരൺ വേദികെ നേതൃത്വം രംഗത്തുവന്നിട്ടുണ്ട്. എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായ ഏഴുപേരും ഹിന്ദു ജാഗരൺ വേദികെയുടെ സജീവ പ്രവർത്തകരാണ്.ഇനിയും പ്രതികളെ പിടികൂടാനുണ്ട്.

യക്ഷഗാന കലാകാരന്മാരിൽ നിന്നും പണവും മറ്റും കവർന്ന ഹിന്ദു ജാഗരൺ വേദികെ നേതാവ് മിഥുനും സംഘത്തിനും നേരെ മണികണ്ഠ പോലീസിൽ പരാതിപ്പെട്ടിരുന്നു. ഇതിനു പ്രതികാരമായി നടന്ന ആക്രമത്തിലാണ് മണികണ്ഠയ്‌ക്കൊപ്പമുണ്ടായിരുന്ന പ്രതാപ് പൂജാരി കൊല്ലപ്പെടുന്നത്.