പിണറായി വിജയന്റെ കർണാടക സന്ദർശനം; പ്രചാരണ ബോർഡുകൾക്കു നേരെ വ്യാപക ആക്രമണം; മംഗളൂരുവിൽ കനത്ത പൊലീസ് ജാഗ്രത

പിണറായിയുടെ ചിത്രത്തോടുകൂടിയുള്ള പ്രചാരണബോർഡുകൾക്ക് തീയിട്ടു. കഴിഞ്ഞദിവസം ഉള്ളാളയിലടക്കം സിപിഐഎം ഓഫീസുകൾക്ക് നേരെ ആക്രമണവും തീവെപ്പും നടന്നിരുന്നു.

പിണറായി വിജയന്റെ കർണാടക സന്ദർശനം; പ്രചാരണ ബോർഡുകൾക്കു നേരെ വ്യാപക ആക്രമണം; മംഗളൂരുവിൽ കനത്ത പൊലീസ് ജാഗ്രത

സിപിഐഎം കർണാടക ഘടകം സംഘടിപ്പിക്കുന്ന 'കരാവലി സൗഹാർദ റാലിയിൽ' പങ്കെടുക്കാനായി പിണറായി വിജയൻ മംഗളുരുവിലെത്താൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ പ്രചാരണ ബോർഡുകൾക്ക് നേരെ വ്യാപക ആക്രമം. മതസൗഹാർദ റാലിയുടെ പ്രചാരണത്തിനായി സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡുകള്‍ തകർക്കപ്പെട്ടു. പലയിടങ്ങളിലും പിണറായിയുടെ ചിത്രത്തോടുകൂടിയുള്ള ബോർഡുകൾക്ക് തീയിട്ടു. '

കഴിഞ്ഞദിവസം ഉള്ളാളയിലടക്കം സിപിഐഎം ഓഫീസുകൾക്ക് നേരെ ആക്രമണവും തീവെപ്പും നടന്നിരുന്നു. കേരളത്തിൽ ആർഎസ്എസ് പ്രവർത്തകർക്ക് നേരെ സിപിഐഎം വ്യാപക അക്രമം അഴിച്ചുവിടുന്നു എന്ന വാദത്തിന് പരമാവധി പ്രചാരണം നൽകാനാണ് പിണറായിയെ കേരളത്തിന് വെളിയിൽ തടയുന്ന പദ്ധതിയുമായി സംഘപരിവാർ രംഗത്തിറങ്ങിയിട്ടുള്ളത്.


നേരത്തെ ഭോപ്പാലിലും ഡൽഹിയിലും സംഘപരിവാർ പ്രതിഷേധത്തെ തുടർന്ന് പിണറായിക്ക് പരിപാടികളിൽ പങ്കെടുക്കാതെ മടങ്ങേണ്ടി വന്നിരുന്നു. മംഗളുരുവിലും കനത്ത പ്രതിഷേധം ഉയർത്തി പിണറായിയെ തടയാനാണ് സംഘപരിവാർ ലക്ഷ്യമിടുന്നത്. പിണറായി മംഗളൂരുവിൽ എത്തുമ്പോൾ ദക്ഷിണ കന്നഡ ജില്ലയിൽ ഹർത്താലിനും ആഹ്വാനം നൽകിയിട്ടുണ്ട്. എന്നാൽ പിണറായിക്ക് സുരക്ഷയൊരുക്കുമെന്നും പരിപാടിയിൽ പങ്കെടുക്കാനുള്ള അവസരമൊരുക്കുമെന്നും കർണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യ പ്രഖ്യാപിച്ചിട്ടുണ്ട്.


സംഘപരിവാർ അക്രമങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധവുമായി സിപിഐഎം പ്രവർത്തകർ പ്രതിഷേധപ്രകടനങ്ങൾ സംഘടിപ്പിച്ചു. നിരവധി മതേതര സംഘടനകളും പ്രാദേശിക നേതാക്കളും സിപിഐഎമ്മിന് പിന്തുണയുമായി രംഗത്ത് വന്നിട്ടുണ്ട്.
സിപിഐഎം റാലിക്ക് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ പൊലീസ് കനത്ത ജാഗ്രതയാണ് പുലർത്തുന്നത്. രാത്രികാല പട്രോളിങ്‌ ഉൾപ്പെടെ പോലീസ് നഗരത്തിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. സായുധപോലീസ് കമാൻഡോകൾ ഉൾപ്പെടെയുള്ള വൻ സജ്ജീകരണങ്ങളാണ് പിണറായിയുടെ സുരക്ഷയ്ക്കായി കർണാടക പൊലീസ് ഒരുക്കുന്നത്.