'ആമി'യായി എത്തുന്ന മഞ്ജു വാര്യര്‍ക്ക് ഫേസ്ബുക്കില്‍ 'സംഘപരിവാര്‍ സഹോദരങ്ങളുടെ' വക സദാചാര ക്ലാസ്

ആമി ലൗജിഹാദ് പ്രചരിപ്പിക്കുന്ന ചിത്രം ആണെന്നും ചിത്രം വിവാദമാകുമെന്നും രാജ്യത്തോടു കൂറുള്ള ജനങ്ങളോടുള്ള വെല്ലുവിളി ആണ് ഈ സിനിമയെന്നും അതിനാല്‍ പിന്മാറണമെന്നും സദാചാരകമ്മിറ്റിക്കാര്‍ പറയുന്നു. തട്ടമിട്ടുകൊണ്ടുള്ള മഞ്ജുവിന്റെ പ്രൊഫൈല്‍ പിക്ചറിനു താഴെയാണ് സംഘികളുടെ ഉപദേശങ്ങളും ഭീഷണികളും.

മണ്‍മറഞ്ഞ എഴുത്തുകാരി കമലാ സുരയ്യയുടെ ജീവിതകഥ പറയുന്ന കമലിന്റെ 'ആമി' എന്ന ചിത്രത്തില്‍ നായികയാവാന്‍ തയ്യാറായ നടി മഞ്ജു വാര്യര്‍ക്കെതിരെ സൈബര്‍ സംഘപരിവാറുകാരുടെ ആക്രമണം. ആമി ലൗജിഹാദ് പ്രചരിപ്പിക്കുന്ന ചിത്രം ആണെന്നും ചിത്രം വിവാദമാകുമെന്നും രാജ്യത്തോടു കൂറുള്ള ജനങ്ങളോടുള്ള വെല്ലുവിളി ആണ് ഈ സിനിമയെന്നും അതിനാല്‍ പിന്മാറണമെന്നും സദാചാരകമ്മിറ്റിക്കാര്‍ പറയുന്നു. തട്ടമിട്ടുകൊണ്ടുള്ള മഞ്ജുവിന്റെ പ്രൊഫൈല്‍ പിക്ചറിനു താഴെയാണ് സംഘികളുടെ ഉപദേശങ്ങളും ഭീഷണികളും. മഞ്ജു കേന്ദ്രകഥാപാത്രമായി അഭിനയിക്കുന്ന പുതിയ ചിത്രമായ 'കെയര്‍ ഓഫ് സൈറ ബാനു'വിലെ ഒരു രംഗമാണിത്.


കമലിനെ കമാലുദ്ധീനാക്കിയുള്ള പോസ്റ്റുകളില്‍ ലവ് ജിഹാദ് പ്രചരിപ്പിക്കുകയാണ് പടത്തിന്റെ ഉദ്ദേശമെന്നു ആരോപിച്ചുകൊണ്ടാണ് മഞ്ജുവിനുള്ള ഉപദേശ ക്ലാസുകള്‍.

'ആമി ചെയ്യാതിരിക്കുന്നതല്ലേ മഞ്ജുചേച്ചി നല്ലത്? ഒരു ലവ് ജിഹാദ് കഥ കേള്‍ക്കാന്‍ എന്തായാലും മലയാളികള്‍ക്ക് താല്‍പര്യമില്ല. തിലകന്‍ ചേട്ടനെ ഇല്ലാതാക്കിയ സംഘടനക്കുവേണ്ടി പ്രതിജ്ഞ ചൊല്ലിക്കൊടുത്ത നിങ്ങളെ ഇപ്പോഴും ഇഷ്ടപ്പെടുന്നത് പണ്ട് ചെയ്ത കഥാപാത്രങ്ങള്‍ ഓര്‍ത്തിട്ടാണ് അതില്ലാതാക്കരുത് പ്ലീസ്' എന്നാണ് അഖിലേഷ് അഖിലേഷ് എന്നയാളുടെ ഉപദേശം.

'മഞ്ജൂ, കഥയുടെ അവസാനം മാധവികുട്ടി വിളിച്ചുപറഞ്ഞ ആ വാക്കുണ്ടല്ലോ, 'എനിക്ക് തിരിച്ചു ഹിന്ദു മതത്തില്‍ പോകണം' അതൂടി ക്ലൈമാസില്‍ പ്രതീക്ഷിക്കുന്നു. കമാലുദീനോടെ പറയുക...' എന്നാണ് പ്രശാന്ത് ഗോപേഷ് മുല്ലപ്പറമ്പില്‍ എന്നൊരു ആങ്ങളയുടെ സ്‌നേഹവാക്കുകള്‍.

ഇതിനിടെ 'മാധവിക്കുട്ടിയല്ല, തള്ളയാണ'് എന്നൊരു കമന്റും വന്നിട്ടുണ്ട്. അനി എടമടം എന്നയാളാണ് ഈ കണ്ടുപിടിത്തത്തിന്റെ ഉപജ്ഞാതാവ്.

'വിദ്യാബാലന്‍ ഉള്‍പ്പെടെയുള്ള നടികള്‍ ആമി ഉപേക്ഷിച്ചെങ്കില്‍ അതില്‍ എന്തെങ്കിലും ഒരു കാര്യം കാണും. കമല്‍ എന്ന സംവിധായകന്റെ ഇപ്പോഴത്തെ നിലപാടുവെച്ചു നോക്കുമ്പോള്‍ ആമി ഉറപ്പായും വിവാദം ആകും. അങ്ങനെയുണ്ടായാല്‍ ഞാനുള്‍പ്പെടെ ഉള്ള മഞ്ജു ചേച്ചിയെ സ്നേഹിക്കുന്നവരുടെ മനസില്‍ വലിയൊരു വേദനയാകും. മാധവിക്കുട്ടി എന്ന വലിയൊരു കലാകാരിയുടെ ആത്മാവിനെ അറിഞ്ഞുകൊണ്ട് വേദനിപ്പിക്കണോന്ന് ചേച്ചി തന്നെ ആലോചിക്ക്.' എന്നാണ് മറ്റൊരാളുടെ വാക്കുകള്‍.

'തിരിച്ചറിവാണ് ദൈവം...അധഃപതനത്തിലേക്ക് കൂപ്പുകുത്തുന്നതിനു മുമ്പ് ചിന്തിക്കുന്നത് നല്ലതാണ്' എന്ന് പ്രജരാജ്കുമാര്‍ രാജ് എന്നയാള്‍ ഉപദേശിക്കുന്നു.

'പടിക്കല്‍ കലമുടച്ചു' എന്നു പറഞ്ഞത് പോലായല്ലോ മഞ്ജു വാര്യര്‍ എന്നു പറയുന്ന മറ്റൊരു വിദ്വാന്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ ഒരു സംവിധായകന്റെ കൂടെ അഭിനയിക്കാന്‍ തീരുമാനിച്ചത് ഏതായാലും ശരിയായില്ലെന്നും നിങ്ങളുടെ ആരാധകരില്‍ പലരെയും ഇത് വിഷമിപ്പിക്കുന്നുണ്ട് എന്നും വിനയത്തോടെ ഓര്‍മിപ്പിക്കുന്നു.

വര്‍ഗീയത തിളച്ചുമറിയുന്ന ഉപദേശങ്ങള്‍ വേറെയുമുണ്ട്.
'ഈശ്വരാ ഭഗവാനെ, നിങ്ങള്‍ക്കു നല്ലതു വരട്ടെ! എന്നാലും വിദ്യാ ബാലന്‍ സ്‌ക്രിപ്റ്റ് വായിച്ചപ്പോള്‍ അതിലെ ഗൂഡലക്ഷ്യം മനസ്സിലാക്കി പിന്‍മാറിയപ്പോള്‍ തന്നെ മനസ്സിലാക്കാം ഇതില്‍ ഏന്തോ വിഷാംശം ഉണ്ട് എന്ന്. പിന്നെ പിറന്ന സമുദായത്തേ തള്ളിക്കളഞ്ഞു പോയ മാധവികുട്ടി എന്ന എഴുത്തുകാരിക്ക് അവസാനം ഉണ്ടായ ദുരന്തം മോള്‍ ഓര്‍മ്മിക്കുന്നുണ്ടാവും. ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളെ തിരിച്ചറിയുക. കഥാപാത്രങ്ങള്‍ ചെയ്യാം. പക്ഷേ അതില്‍ ഒളിഞ്ഞിരിക്കന്ന കപടത മനസ്സിലാക്കണം. സമയം വൈകിയിട്ടില്ലാതിരിച്ചറിവ് നല്ലതാണ്. നല്ലതു വരുത്തട്ടെ! എന്നാണ് രഞ്ജു കൊച്ചി എന്ന ഏട്ടത്തിയുടെ സ്‌നേഹോപദേശം.

ലക്ഷ്മി കാന്ത് എന്നയാളുടെ കമന്റ് ഇങ്ങനെ.
'മാധവിക്കുട്ടിയെന്ന കഥാകാരിയെ പ്രണയം അഭിനയിച്ച് മതം മാറ്റിയ ആ മഹാ അണ്ടിതന്റെ റോള്‍ ആരാണ് ചെയ്യുന്നത് കമാലുദ്ധീനെ ?
ബിജെപിക്കെതിരെ സത്യപ്രതിജ്ഞ നടത്തിയതിന്റെ മതേതര ഉപഹാരം കിട്ടി മഞ്ജുവിന് അല്ലെ? ചില സിനിമാ താരങ്ങള്‍ ചെമ്മീന്‍ എന്ന മല്‍സ്യ വിഭവത്തെപ്പോലെ ആണ്. ചെമ്മീനിന്റെ തലയില്‍ ആണ് അതിന്റെ കുടലും വിസര്‍ജ്യവസ്തുക്കളും. അതിനു നട്ടെല്ലും ഇല്ല. എന്നാലോ അതിന്റെ തലയില്ലാത്ത ശരീരഭാഗത്തിനാണ് ഏറ്റവും മൂല്യവും വിലയും... ശരീരങ്ങള്‍ കലയുടെ മാധ്യമം ആകുമ്പോള്‍ ശരീരത്തിനു മാത്രം മൂല്യം ഉണ്ടാകുന്നത് സ്വാഭാവികം തലയില്‍ ചെളിയാണ് എങ്കിലും തലയില്‍ ഒന്നും ഇല്ലെങ്കിലും നട്ടെല്ലില്ലെങ്കിലും.
ശരീര ചേഷ്ടകള്‍ ആണല്ലോ സിനിമാ കലയുടെ മാധ്യമം ?

ഒരു ഗതികിട്ടാ പ്രേതം ആക്കി കുറേ മതേതര പ്രേതങ്ങള്‍ മാറ്റിയ മാധവികുട്ടി എന്ന എഴുത്തുകാരിയുടെ ജീവിതകഥ അവര്‍ മതം മാറിയില്ലായിരുന്നു എങ്കില്‍ താന്‍ സിനിമ ആക്കുമായിരുന്നോടോ കമാലുദ്ധീനെ ? പ്രണയം ഒടുങ്ങാത്ത അവര്‍ ഒരു ശ്രമദാനിയുടെ പ്രണയകെണിയില്‍ വീണു എല്ലാവര്‍ക്കും വെറുക്കപ്പെട്ടവള്‍ ആയി കളങ്കപ്പെട്ട ഒരു ജന്മം ആയി മാറി... ഒരു ഗതികിട്ടാ പ്രേതത്തിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന മഞ്ജുവിനേയും മറ്റൊരു ഗതികിട്ടാ പ്രേതം ആക്കി ശ്രമദാനികള്‍ മാറ്റത്തിരുന്നാല്‍ മതിയായിരുന്നു... എന്നിട്ടു മരിച്ചുകഴിഞ്ഞു കബറിടം ഒരു പത്തു മീറ്റര്‍ വിശാലം ആക്കി കൊടുക്കണേ നാഥാ എന്ന് പറഞ്ഞിട്ട് എന്ത് കാര്യം? മഞ്ജു കമാലുദ്ധീനെ പ്രകീര്‍ത്തിച്ചപ്പോള്‍ തന്നെ ഞങ്ങള്‍ 'ഇതിനെ ആമി' ആയിട്ട് കണ്ടിരുന്നു. ഇപ്പോള്‍ സത്യം ആയി ഇനി എംടി വാസുവിനെ ഭര്‍ത്താവായും, എച്ചിദാനന്ദനെ കാമുകനായും, മുകുന്ദനെ മതം മാറ്റുന്ന ശ്രമദാനി ആയും സെലക്ട് ചെയ്താല്‍ മാത്രം മതി അപ്പൊ പൂര്‍ണം.

ഇത് കടപ്പാട് വച്ച് ശശികുമാര്‍ പിള്ള എന്നയാളും ആവര്‍ത്തിച്ചിട്ടുണ്ട്.

'ആയിരകണക്കിന് ജനങ്ങളെ.. വെറുപ്പിച്ചിട്ടു നീ എന്തുനേടാന്‍ പോകുന്നു മഞ്ജൂ എന്നാണ് മുരളി കാലിക്കറ്റ് എന്ന ആങ്ങളയുടെ ചോദ്യം. എന്തെങ്കിലും നേടിയാല്‍ തന്നെ അതില്‍ എന്ത് സന്തോഷമാണ് നിനക്കുണ്ടാകുക. ഓര്‍ത്തുനോക്ക് നീ... ജനങ്ങളാണ് നിന്റെയൊക്കെ ബലം... അതില്ലെങ്കില്‍ നിയോന്നുംഒന്നുമല്ല എന്നും മുരളി ഓര്‍മിപ്പിക്കുന്നു.

'എന്തായാലും മഞ്ജു നന്നായി അഭിനയിച്ചാലും ഇല്ലെങ്കിലും പടം നല്ലതാണെങ്കിലും അല്ലെങ്കിലും കേരളത്തില്‍ ഇത് വിജയിക്കും. കാരണം കമാലുദ്ധീനും സംഘവും നടത്തിയ ഇന്ത്യാവിരുദ്ധ കൂട്ടായ്മയില്‍ മഞ്ജുവും പങ്കെടുത്തതോടെ അവരുടെ താരമൂല്യവും ഉയര്‍ന്നിട്ടുണ്ട്. എന്തായാലും കമ്മ്യുണിസ്റ്റ് രാജ്യദ്രോഹികളുടെ എച്ചില്‍ വാങ്ങി തിന്നതുകൊണ്ട് മഞ്ജുവിനും പേരെടുക്കുവാന്‍ കഴിയും' എന്നാണ് രാജീവ് കുറ്റിക്കാട്ട് എന്നയാളുടെ ദീര്‍ഘവീക്ഷണം.

'മഞ്ജുവിനോടു ഒരുപാട് ഇഷ്ടമുണ്ടായിരുന്നു. കമാലൂദ്ധീനെ പോലുള്ള ഒരാള്‍ക്കു വേണ്ടി തിരുവനന്തപുരത്ത് ജാഥ വിളിച്ചപ്പോള്‍ അതു അത് തീര്‍ന്നു. അതിനുള്ള പ്രതിഫലം ആയിരിക്കും ഈ ഫിലിം. രാജ്യത്തോടു കൂറുള്ള ജനങ്ങളോടുള്ള വെല്ലുവിളി ആയിപ്പോയി ഈ ഫിലിം എന്നാണ് രാജേഷ്‌കുമാര്‍ ആര്‍ നായര്‍ എന്നയാളുടെ അഭിപ്രായം.

'അങ്ങനെ കമാലുദ്ധീന്‍ കണ്ടുപിടിച്ചു. കമാലുദ്ധീനു വേണ്ടി കുറെ കുരയ്ച്ചതല്ലേ... അതിന്റെ നന്ദി ആയിരിക്കും. അങ്ങനെ സാംസ്‌കാരിക കൂട്ടായ്മ ഫലം കണ്ടു' എന്ന് സൂരജ് നമ്പിടി പറയുന്നു.

'മാധവികുട്ടിയുടെ അന്ത്യനാളുകള്‍ ഒരിക്കലും സത്യസന്ധമായി കമാലുദിന്‍ ചിത്രികരിക്കുകയില്ല... ചിത്രീകരിച്ചാല്‍ അയാള്‍ വിവരറിയും... അതുകൊണ്ട് ഈ പടം ഒരു തോല്‍വിയാവും എന്നാണ് സുരേഷ് സുര എന്നയാള്‍ ഗണിച്ചുപറയുന്നത്. ലൗ ജിഹാദ് പ്രചരിപ്പിക്കാനുള്ള ശ്രമം തടയുക എന്നു ആഹ്വാനം ചെയ്യുന്ന അജയ്ശങ്കര്‍ സുനില്‍കുമാര്‍ എന്ന 'രാജ്യസ്‌നേഹി' മാധവിക്കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി മതം മാറ്റി ചതിച്ച ആത്മീയ രാഷ്ട്രീയ നേതാവിനെ തുറന്നുകാട്ടുക എന്നും ആവശ്യപ്പെടുന്നു.

'കമലുദ്ധീന്‍ എന്ന പക്കാ വര്‍ഗീയവാദിയുടെ പടത്തില്‍ നിന്നും പ്രിയ സഹോദരി പിന്മാറുക, കാരണം മാധവികുട്ടി എന്ന കലാകാരിയുടെ കഥ സിനിമ ആക്കാന്‍ ഒട്ടും യോഗ്യന്‍ അല്ല കമലുദ്ദീന്‍. അതുകൊണ്ടാണ് പല നടിമാരും മാറിയത്' എന്നാണ് കൃഷ്ണ പിള്ള എന്ന സഹോദരന്റെ സാരോപദേശം.

ഇത്തരത്തില്‍ അനവധി സദാചാര ഉപദേശങ്ങള്‍ക്കും ഭീഷണികള്‍ക്കും ഇടയില്‍ ആമിയായി വരാന്‍ തയ്യാറെടുക്കുന്ന മഞ്ജുവിന് പിന്തുണയും ആശംസയുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ഒരുപാട് പ്രതീക്ഷയോടെയാണ് ഈ സിനിമയെ കാണുന്നതെന്നും ധൈര്യമായി മുന്നോട്ടുപോവുക എന്നും അവര്‍ പറയുന്നു. അഭിനന്ദനങ്ങളും ആശിര്‍വാദങ്ങളും ആയും അനവധി കമന്റുകളാണ് മഞ്ജുവിന്റെ ചിത്രത്തിനു താഴെയെത്തുന്നത്.

Read More >>