'സ്ത്രീകളെ പീഡിപ്പിക്കുന്നവര്‍ ഓണ്‍ലൈന്‍ വിപ്ലവം നടത്തുന്നു'; നടിയ്ക്ക് പിന്തുണയുമായി സാന്ദ്ര തോമസ്

എന്നാല്‍ ഇവര്‍ തന്നെ യാതൊരു കുറ്റബോധവുമില്ലാതെ ഒരു സ്ത്രീയുടെ ഹൃദയത്തെ മുറിവേല്‍പ്പിച്ച് ഒന്നും സംഭവിക്കാത്തതുപോലെ ജീവിക്കും-സാന്ദ്ര പറയുന്നു

സ്വന്തം ഭാര്യമാരെ ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നവര്‍ ഓണ്‍ലൈനില്‍ ബലാല്‍സംഗത്തിനെതിരേയും ലൈംഗിക അതിക്രമങ്ങള്‍ക്കെതിരേയും വിപ്ലവം നടത്തുന്നതായി നിര്‍മാതാവും നടിയുമായ സാന്ദ്ര തോമസ്. ഇന്നലെ ആക്രമണത്തിനിരയായ നടിയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയ സാന്ദ്ര ഫെയ്‌സ്ബുക്കിലാണ് ഇക്കാര്യം പറയുന്നത്. പുറത്തുള്ള ജനങ്ങളെക്കൊണ്ട് മാന്യന്‍മാരെന്ന് തോന്നിപ്പിക്കുകയും സ്വന്തം ഭാര്യമാരെ കുടുംബങ്ങളില്‍ പീഡിപ്പിക്കുകയും ചെയ്യുന്നവരാണ് ഏറ്റവും അപകടകാരികളെന്നും സാന്ദ്ര പറഞ്ഞു.നടിയുടെ നിയമ പോരാട്ടങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കുന്നതായി അവര്‍ പറയുന്നു


ഫെയ്‌സ്ബുക്ക് പോസ്റ്റ്

സ്ത്രീകളെ ബഹുമാനിക്കണമെന്ന് ഒരു പുരുഷന്‍ പറയുമ്പോള്‍ എന്താണത് അര്‍ത്ഥമാക്കുന്നത്? സ്വന്തം വീട്ടില്‍ നിന്ന് തന്നെ അത് ആരംഭിക്കണമെന്ന് ജ്ഞാനിയായ പുരുഷന്‍ പറയും. അത് ശരിയാണ്. എന്നാല്‍ അമ്മയേയും സഹോദരിയേയും ഭാര്യയേയും ഒരു ജോലിക്കാരിയോ ആയയോ ആയി ആദ്യം പരിഗണിക്കുന്ന പുരുഷന്‍മാരും അവരെ ബഹുമാനിക്കുന്നതിനെക്കുറിച്ചു തന്നെയാണ് വാചാലരാകുക. എന്നാല്‍ ഇവരാരും അങ്ങനെ ചെയ്യാറില്ല. ഇത്തരം ആളുകള്‍ സ്ത്രീകളെ ബഹുമാനിക്കുക എന്നതിന് ശാരീരിക അടുപ്പത്തേയും കരുതലിനേയും കൂട്ടിച്ചേര്‍ത്താണ് പറയുക. എന്നാല്‍ ഇവര്‍ തന്നെ യാതൊരു കുറ്റബോധവുമില്ലാതെ ഒരു സ്ത്രീയുടെ ഹൃദയത്തെ മുറിവേല്‍പ്പിച്ച് ഒന്നും സംഭവിക്കാത്തതുപോലെ ജീവിക്കും. അത്തരക്കാര്‍ക്ക് ഇങ്ങനെ പെരുമാറുന്നത് ഒരു സാധാരണ കാര്യം മാത്രമാണ്. സ്വന്തം ഭാര്യയെ ഏറ്റവും ക്രൂരമായി പീഡിപ്പിക്കുകയും അപമാനിക്കുകയും ചെയ്യുന്ന ഇത്തരം പുരുഷന്‍മാര്‍ യാതൊരു കുറ്റബോധവുമില്ലാതെ ഓണ്‍ലൈനില്‍ ബലാല്‍സംഗത്തെക്കുറിച്ചും ലൈംഗിക ദുരുപയോഗത്തെക്കുറിച്ചും വാചാലരാകും. പുറത്തുള്ള ജനങ്ങളെക്കൊണ്ട് മാന്യന്‍മാരെന്ന് തോന്നിപ്പിക്കുകയും സ്വന്തം ഭാര്യമാരെ കുടുംബങ്ങളില്‍ പീഡിപ്പിക്കുകയും ചെയ്യുന്നവരാണ് ഏറ്റവും അപകടകാരികള്‍.

ഇന്നലെ മനുഷ്യത്വത്തിന് വീണ്ടും തിരിച്ചടി നേരിട്ട ദിവസമായിരുന്നു. നമ്മുടെ സഹോദരിക്ക് നേരിട്ട സംഭവത്തില്‍ ഞാന്‍ അങ്ങേയറ്റം ദുഖിതയാണ്. അവള്‍ ധൈര്യത്തോടെ സംഭവം പുറത്തുപറയാനും നിയമനടപടി സ്വീകരിക്കാനും തയ്യാറായപ്പോള്‍ സമൂഹം, മാധ്യമങ്ങള്‍, നിയമം എന്നിവ ഏല്‍പ്പിക്കുന്ന സമ്മര്‍ദ്ദങ്ങള്‍ കാരണം നിസഹായരായി സഹിക്കുന്ന നിരവധിപ്പേരും ഇവിടെയുണ്ടെന്ന കാര്യം ഓര്‍മിക്കണം. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ഇത്തരത്തിലുള്ള അവസാന സംഭവമാകണമിത്. രാജ്യത്തെ നിയമവ്യവസ്ഥയിലും നിയമത്തിലും ജനങ്ങളിലും എനിക്ക് പൂര്‍ണ വിശ്വാസമാണ്. ഇനിയും ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പാകത്തിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനായി എന്റെ എല്ലാ പിന്തുണയും വാഗ്്ദാനം ചെയ്യുന്നു. ഈ വിഷമാവസ്ഥയില്‍ അവള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ ഞാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. അവളുടെ സ്വകാര്യത സംരക്ഷിക്കാനും അന്തസുള്ള രീതിയില്‍ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാനും മാധ്യമങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു.

Story by