അഴിമതി ആരോപണം; സാംസങ് മേധാവി അറസ്റ്റില്‍

ദക്ഷിണ കൊറിയന്‍ ഭരണനേതൃത്വത്തെ പിടിച്ചുലച്ച അഴിമതിയുമായി ബന്ധപ്പെട്ടാണ് സാംസങ് മേധാവി ജെയ് വൈ ലീ അറസ്റ്റിലായത്. ഇതേ അഴിമതി കേസുമായി ബന്ധപ്പെട്ട് ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് പാര്‍ക്ക് ഗ്യൂന്‍ ഹൈയെ പാര്‍ലമെന്റ് ഇംപീച്ച് ചെയ്തിരുന്നു.

അഴിമതി ആരോപണം; സാംസങ് മേധാവി അറസ്റ്റില്‍

സ്മാര്‍ട്ട് ഫോണ്‍ രംഗത്തെ പ്രമുഖരായ സാംസങ് ഗ്രൂപ്പിന്റെ മേധാവി ജെയ് വൈ ലീയെ അഴിമതി കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു. സിയോള്‍ ഡിറ്റെന്‍ഷന്‍ സെന്ററില്‍ കസ്റ്റഡിയിലാണ് ജെയ് വൈ ലീ. ദക്ഷിണ കൊറിയന്‍ ഭരണ നേതൃത്വത്തെ പിടിച്ചുലച്ച അഴിമതി ആരോപണവുമായി ബന്ധപ്പെട്ടാണ് ലീയെ അറസ്റ്റ് ചെയ്തത്. അഴിമതിയാരോപണവുമായി ബന്ധപ്പെട്ട് ദക്ഷിണകൊറിയന്‍ പ്രസിഡന്റ് പാര്‍ക്ക് ഗ്യൂന്‍ ഹൈയെ കഴിഞ്ഞ ഡിസംബറില്‍ പാര്‍ലമെന്റ് ഇംപീച്ച് ചെയ്തിരുന്നു.


ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് ആരോപണ വിധേയയായ അഴിമതി കേസില്‍ സാംസങ് മേധാവിയായ ജെയ് വൈ ലീക്കും പങ്കുണ്ടെന്നാണ് ആരോപണം. സാംസങ് കമ്പനികള്‍ ലയിപ്പിക്കുന്ന ഇടപാടുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ അധികാരികള്‍ക്ക് കൈക്കൂലി നല്‍കിയെന്നും ആരോപണമുണ്ട്.

പ്രസിഡന്റിന്റെ ബാല്യകാല സഖിയായ ചോയി സൂന്‍ സിലിന് അനധികൃമായി സര്‍ക്കാര്‍ രേഖകള്‍ കൈമാറിയെന്നായിരുന്നു പ്രസിഡന്റിനെതിരെയുള്ള ആരോപണം. പ്രസിഡന്റുമായുള്ള ബന്ധം മുതലെടുത്ത് ചോയി സൂന്‍ സര്‍ക്കാര്‍ ഫണ്ടുകള്‍ വകമാറ്റി അവിഹിത സ്വത്ത് സമ്പാദിച്ചെന്നും ആരോപണമുയര്‍ന്നിരുന്നു. ചോയി സൂന്‍ സിലിന് 38 ബില്ല്യണ്‍ ഡോളര്‍ സാംസങ് കൈക്കൂലി നല്‍കിയെന്നാണ് പ്രോസിക്യൂഷന്റെ വാദം.

ജെ വൈ ലീയുടെ അറസ്റ്റിന് പിന്നാലെ സാംസങ് ഇലക്ട്രോണിക്‌സിന്റെ ഓഹരികളില്‍ 1.2 ശതമാനം ഇടിവ് രേഖപ്പെടുത്തി. സാംസങ് ഗ്രൂപ്പിന്റെ ഓഹരികളില്‍ 3.2 ശതമാനവും ഇടിവുണ്ടായി. സാംസങ് ഗ്രൂപ്പിന്റെ മൂന്നാം തലമുറയില്‍പ്പെട്ടയാളാണ് ജെ വൈ ലീ. പത്ത് ദിവസമാണ് പ്രോസിക്യൂഷന്‍ ജെ വൈ ലീയെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടത്. കേസില്‍ മൂന്ന് മാസത്തിനുള്ളില്‍ കോടതി അന്തിമ വിധി പറയും.

ആരോപണങ്ങള്‍ ജെ വൈ ലീയും സാംസങും നിഷേധിച്ചു. നിരപരാധിത്വം തെളിയിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് സാംസങ് വക്താവ് പറഞ്ഞു. സാംസങ് പുറത്തിറക്കിയ ഗാലക്‌സി നോട്ട് 7 ഫോണുകളുടെ ബാറ്ററി തകരാറുമായി ബന്ധപ്പെട്ട് പരാതികള്‍ വ്യാപകമായിരുന്നു. സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ സാംസങിന്റെ മേധാവിത്വം ഇല്ലാതാക്കുന്നതിന് ഇത് ഇടവരുത്തിയിരുന്നു. പുതുതായി ഗാലക്‌സി എസ്8 ഫോണുകള്‍ പുറത്തിറക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് മേധാവിയുടെ അറസ്റ്റ്.

Read More >>