സാമൂതിരിയുടെ കമ്മട്ടം ഉണ്ടായിരുന്നത് മിഠായിത്തെരുവിലായിരുന്നു; ഹലുവാ തെരുവില്‍ നിന്ന് ജൗളിത്തെരുവിലേക്കുള്ള പരിണാമം

മിഠായിത്തെരുവിന്റെ ഒരു ഭാഗത്താണ് സാമൂതിരിയുടെ നാണയമടിക്കുന്ന കമ്മട്ടം സ്ഥിതി ചെയ്തിരുന്നത്. സാമൂതിരിയുടെ നാട്ടുരാജ്യത്തേക്ക് ആവശ്യമായ നാണയങ്ങള്‍ ഇവിടെ നിന്നാണ് നിര്‍മ്മിച്ചിരുന്നത്. ഒരുകാലത്ത് ഹലുവയും മിഠായിയും ബിരിയാണിയും കൊണ്ട് സമ്പന്നമായിരുന്ന മിഠായിത്തെരുവ് 80കളിലാണ് ജൗളിക്കടകളിലേക്ക് മാറിത്തുടങ്ങിയത്. വൈവിധ്യമാര്‍ന്ന വസ്ത്രസങ്കല്‍പ്പങ്ങളോടൊപ്പം മലയാളി സഞ്ചരിച്ചു തുടങ്ങിയ കാലത്ത് ഏറ്റവും കൂടുതല്‍ മാറ്റങ്ങള്‍ വന്നത് മിഠായിത്തെരുവിനാണ്. ഹലുവാക്കടകള്‍ ഇപ്പോള്‍ നാമമാത്രമായി ചുരുങ്ങിയപ്പോള്‍ നൂറുകണക്കിന് ചെറുതും വലുതുമായ ജൗളിക്കടകള്‍ ഇവിടെ ഇടംപിടിച്ചു.

സാമൂതിരിയുടെ  കമ്മട്ടം ഉണ്ടായിരുന്നത് മിഠായിത്തെരുവിലായിരുന്നു; ഹലുവാ തെരുവില്‍ നിന്ന് ജൗളിത്തെരുവിലേക്കുള്ള പരിണാമം

സാമൂതിരിയുടെ ഭരണകാലത്തോളം പഴക്കമുണ്ട് കോഴിക്കോട്ടെ പ്രസിദ്ധമായ മിഠായിത്തെരുവിന്. മിഠായിത്തെരുവിന്റെ ഒരു ഭാഗത്താണ് സാമൂതിരിയുടെ നാണയമടിക്കുന്ന കമ്മട്ടം സ്ഥിതി ചെയ്തിരുന്നത്. സാമൂതിരിയുടെ നാട്ടുരാജ്യത്തേക്ക് ആവശ്യമായ നാണയങ്ങള്‍ ഇവിടെ നിന്നാണ് നിര്‍മ്മിച്ചിരുന്നത്. ടിപ്പു സുല്‍ത്താന്‍ മലബാര്‍ ആക്രമിക്കുന്നത് വരെ ഇത് തുടര്‍ന്നു. പൗരാണികമായ സംസ്‌കൃതി വിളിച്ചോതുന്ന പുരാതനമായ കെട്ടിടങ്ങളാണ് എസ്എം സ്ട്രീറ്റ് (സ്വീറ്റ് മീറ്റ്) അഥവാ മിഠായിത്തെരുവിന്റെ പ്രത്യേകത.


മിഠായിത്തെരുവിന്റെ ഇരുവശങ്ങളിലും ഹലുവക്കടകളാല്‍ സമ്പന്നമായിരുന്നു. ഹുസൂര്‍ റോഡ് എന്നറിയിപ്പെട്ടിരുന്ന തെരുവിനെ സ്വീറ്റ് മീറ്റ് എന്ന് വിളിച്ചത് യൂറോപ്യന്‍കാരായിരുന്നു. ഹലുവയെ അവര്‍ സ്വീറ്റ് മീറ്റെന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്. ഹുസൂര്‍ റോഡ് അങ്ങനെയാണ് മിഠായിത്തെരുവായത്. ഹലുവ കൂടാതെ പലതരം മിഠായികളും പലഹാരങ്ങളുംകൊണ്ട് നിറഞ്ഞ തെരുവായിരുന്നു ഇത്‌ അക്കാലത്തു തന്നെ.

മധുരത്തരങ്ങളുടെ നാട്

കോഴിക്കോട് നഗരത്തില്‍ ഏറ്റവും തിരക്കുള്ള സ്ഥലമാണ് മിഠായിത്തെരുവ്. മാവൂര്‍ റോഡ് പോലും തിരക്കിന്റെ കാര്യത്തില്‍ രണ്ടാമതേ വരികയുള്ളു. ഏറ്റവും തിരക്കുള്ള കച്ചവടസ്ഥാപനങ്ങളാണ് ഇവിടെയുള്ളത്. വളരെ പഴക്കവും പാരമ്പര്യവുമുള്ള നിരവധി ബേക്കറികളുകള്ള സ്ഥലം. ഇവിടെയെത്തുന്നവര്‍ കോഴിക്കോടന്‍ ഹലുവ വാങ്ങാതെ പോകാറില്ലെന്നത് മറ്റൊരു സത്യം. കായ ഉപ്പേരിയും ശര്‍ക്കര ഉപ്പേരിയുമെല്ലാം ഏറ്റവും രുചികരമായത് ഇവിടെത്തന്നെയാണ് കിട്ടുക.

പണ്ടുകാലം മുതല്‍ക്കേ മിഠായിത്തെരുവിലെ മെസ്സുകളില്‍ രുചികരമായ ബിരിയാണി ലഭിക്കുമായിരുന്നു. പോര്‍ച്ചുഗീസ് വാസ്തുശില്‍പ്പകലയുടെ അടിസ്ഥാനത്തില്‍ രൂപകല്‍പ്പന ചെയ്ത കെട്ടിടങ്ങള്‍ തിങ്ങി ഞെരിഞ്ഞായിരുന്നു ഇവിടെ സ്ഥിതി ചെയ്തിരുന്നത്. കെട്ടിടങ്ങള്‍ പലതും പുതുക്കിപ്പണിയുകയും കൂടുതല്‍ കെട്ടിടങ്ങള്‍ വരികയും ചെയ്തതോടെയാണ് മിഠായിത്തെരുവില്‍ നിരവധി മാറ്റങ്ങള്‍ കണ്ടുതുടങ്ങിയത്. മധുരത്തരങ്ങളുടെ നാടെന്ന ഖ്യാതിക്ക് പുകള്‍പെറ്റ കോഴിക്കോട് മിഠായിത്തെരുവിലും പാളയത്തുമൊക്കെയുള്ള ഹലുവക്കടകള്‍ മലയാളിയുടെ മധുരമായ ഓര്‍മ്മകളായി മാറി.

ജൗളിത്തെരുവിലേക്കുള്ള മാറ്റം

ഒരുകാലത്ത് ഹലുവയും മിഠായിയും ബിരിയാണിയും കൊണ്ട് സമ്പന്നമായിരുന്ന മിഠായിത്തെരുവ് 80കളിലാണ് ജൗളിക്കടകളിലേക്ക് മാറിത്തുടങ്ങിയത്. വൈവിധ്യമാര്‍ന്ന വസ്ത്രസങ്കല്‍പ്പങ്ങളോടൊപ്പം മലയാളി സഞ്ചരിച്ചു തുടങ്ങിയ കാലത്ത് ഏറ്റവും കൂടുതല്‍ മാറ്റങ്ങള്‍ വന്നത് മിഠായിത്തെരുവിനാണ്. ഹലുവാക്കടകള്‍ ഇപ്പോള്‍ നാമമാത്രമായി ചുരുങ്ങിയപ്പോള്‍ നൂറുകണക്കിന് ചെറുതും വലുതുമായ ജൗളിക്കടകള്‍ ഇവിടെ ഇടംപിടിച്ചു.

വില കുറഞ്ഞതും ഏറെ മോഡേണായതുമായ വസ്ത്രങ്ങള്‍ കിട്ടുന്ന തെരുവായിത് മാറി. കടകളിലൂടെയും റോഡരികിലുമൊക്കെയായി ജൗളിക്കച്ചവടം പൊടിപൊടിക്കുന്ന കാഴ്ച്ചയാണിപ്പോള്‍ മിഠായിത്തെരുവില്‍ കാണാന്‍ കഴിയുക. ജില്ലയ്ക്ക് അകത്തും പുറത്തും ഇതര സംസ്ഥാനത്തുള്ളവരുമെല്ലാം ഇവിടെ ജൗളിക്കടകള്‍ നടത്തുന്നുണ്ട്. തിരുപ്പൂരില്‍ നിന്നും ഈറോഡ് നിന്നുമൊക്കെ തുണികള്‍ കൊണ്ടുവന്ന് റോഡരികില്‍ വില്‍പ്പന നടത്തുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ ധാരാളമായുണ്ടിവിടെ. അധികവും സാധാരണക്കാരായ കച്ചവടക്കാര്‍. വലിയ കടകളും കുറവല്ല.

ദുരന്തത്തെരുവാകുന്ന മധുരവഴികള്‍

മിഠായിത്തെരുവ് ഇന്ന് നേരിടുന്ന ഏറ്റവും വലിയ ഭീഷണി പൊടുന്നനെയുണ്ടാകുന്ന തീപ്പിടിത്തം തന്നെയാണ്. കഴിഞ്ഞദിവസം പടര്‍ന്ന തീയില്‍ പതിനഞ്ചോളം കടകളാണ് കത്തിച്ചാമ്പലായത്. പത്ത് വര്‍ഷത്തിനിടെ പതിനഞ്ച് തവണയാണ് ഇവിടെ അഗ്നി താണ്ഡവമാടിയത്. എട്ടുപേരുടെ ജീവനും തീയെടുത്തു. അശാസ്ത്രീയവും അനധികൃതവുമായി പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങളാണ് മിഠായിത്തെരുവില്‍ ബഹുഭൂരിഭാഗവുമെന്ന ദുരന്തനിവാരണ സമിതിയുടെ റിപ്പോര്‍ട്ട് പുറത്തുവന്നെങ്കിലും തുടര്‍നടപടിയൊന്നും ഉണ്ടായില്ലെന്നതാണ് വാസ്തവം.

ഇവിടെ എത്ര കച്ചവട സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന കാര്യത്തില്‍ ജില്ലാ ഭരണകൂടം പോലും കൈമലര്‍ത്തുന്ന സ്ഥിതി വിശേഷം. കോര്‍പറേഷന്റെ കണക്കനുസരിച്ച് ഡി ആന്റ് ഒ (ഡെയ്ഞ്ചറസ് ആന്റ് ഒഫന്‍സ്) ലൈസന്‍സില്ലാത്ത കടകള്‍ അഞ്ഞൂറിലധികം! നമ്പര്‍പോലുമില്ലാത്ത കെട്ടിടങ്ങളാണ് പലതും. കോര്‍ട്ട് റോഡിലും മിഠായിത്തെരുവിലുമുള്ള എണ്ണൂറോളം കടകള്‍ക്ക് മാത്രമാണ് ഡി ആന്റ് ഒ ലൈസന്‍സുള്ളതെന്നാണ് കോര്‍പറേഷന്‍ അധികൃതര്‍ പറയുന്നത്. അവശേഷിക്കുന്നവയെല്ലാം നിയമം ലംഘിക്കുന്നെന്ന് ചുരുക്കം. കെട്ടിടനിര്‍മ്മാണച്ചട്ടങ്ങളൊന്നും തന്നെ ഇവിടുത്തെ മിക്ക വ്യാപാരികളും പാലിക്കാറില്ല.

അശാസ്ത്രീയവും പഴക്കം ചെന്നതുമായ വയറിറിങ്‌ സംവിധാനമാണ് മറ്റൊരു പ്രശ്‌നം. ഏതു സമയവും ഷോര്‍ട്ട് സര്‍ക്യൂട്ട് ഭീഷണി നേരിടുന്നവ. കൊടുചൂടില്‍ ഒന്നിനൊന്ന് ഒട്ടിനില്‍ക്കുന്ന കടകളില്‍ ഏതെങ്കിലും ഒന്നിന് തീ പിടിച്ചാല്‍ തെരുവൊന്നാകെ കത്തിപ്പടരുന്ന അവസ്ഥ. ജൗളിക്കടകളില്‍ വെള്ളം ചൂടാക്കുന്നതിനും ചായയുണ്ടാക്കുന്നതിനുമൊക്കെയായി സൂക്ഷിക്കുന്ന ഗ്യാസ് സിലിണ്ടറുകളാണ് മറ്റൊരു ഭീഷണി. ഒരു തീപ്പൊരിയില്‍ നിന്ന് അഗ്നി വിഴുങ്ങുന്നതിന് എല്ലാ സാധ്യതയുമുള്ള തെരുവായി എസ്എം മാറിയ അവസ്ഥയാണിപ്പോള്‍.

അടിയന്തരമായി വേണ്ടത്

പൗരാണികമാണെങ്കില്‍പ്പോലും നിയമം ലംഘിക്കുന്ന കെട്ടിടങ്ങള്‍ക്കെതിരെ നടപടിയുണ്ടാകുക തന്നെ വേണം. കെട്ടിട നിര്‍മ്മാണച്ചട്ടം കര്‍ശനമായിത്തന്നെ നടപ്പാക്കേണ്ടതുണ്ട്. മിഠായിത്തെരുവിനെ അതിന്റെ തനിമയോടെത്തന്നെ കെട്ടിടങ്ങള്‍ പൊളിച്ചുപണിയുകയാണ് വേണ്ടത്. നിലനിര്‍ത്തേണ്ടത് യഥാസമയം മെയിന്റന്‍സ് നടത്തി സംരക്ഷിക്കുകയും വേണം. ടൂറിസം വകുപ്പും ജില്ലാഭരണകൂടവും ഇക്കാര്യത്തില്‍ ശുഷ്‌കാന്തി കാട്ടിയാല്‍ മാത്രം മതി. വൈദ്യുതി വിതരണം ഭൂഗര്‍ഭ കേബിള്‍ വഴിയാക്കാന്‍ സംവിധാനമുണ്ടാക്കണം. സുരക്ഷിതമായ രീതിയില്‍ വ്യാപാരികള്‍ക്ക് കച്ചവടം ചെയ്യാന്‍ മിഠായിത്തെരുവിനെ മാറ്റുകയാണ് ജില്ലാഭരണകൂടം അടിയന്തരമായി ചെയ്യേണ്ടത്.

Photo courtesy: google