കെഎസ്ആർടിസിയിലെ ശമ്പളപ്രതിസന്ധി; വാർക്കപ്പണി മുതൽ ആത്മഹത്യ വരെ ആശ്രയിച്ചു ജീവനക്കാർ

"ഒരു കൊത്തൻ മേശിരിയുടെ കൈയാളായി ചെന്നാൽ എനിക്ക് 700 രൂപ നൽകാം എന്ന് പറഞ്ഞിട്ടുണ്ട്. ആയതിനാൽ അവർ എന്നെ പണിക്കു വിളിച്ച ദിവസങ്ങളായ 01-02-2017, 02-02-2017 എന്നീ ദിവസങ്ങളിൽ എനിക്ക് ലീവ് അനുവദിച്ചു നൽകണമെന്ന് അപേക്ഷിക്കുന്നു" - ഒരു കെഎസ്ആർടിസി ഡ്രൈവറുടെ ലീവ് അപേക്ഷയിൽ നിന്ന്...

കെഎസ്ആർടിസിയിലെ ശമ്പളപ്രതിസന്ധി; വാർക്കപ്പണി മുതൽ ആത്മഹത്യ വരെ ആശ്രയിച്ചു ജീവനക്കാർ

കെഎസ്ആർടിസിയിലെ ശമ്പളപ്രതിസന്ധി രൂക്ഷമായി തുടരുമ്പോൾ വാർക്കപ്പണി മുതൽ ആത്മഹത്യ വരെയുളള മാർഗങ്ങൾ പരീക്ഷിക്കുകയാണ് ജീവനക്കാർ. ശമ്പളം വൈകുന്നതുമൂലമുളള പ്രശ്നങ്ങളെ അഭിമുഖീകരിക്കാനാകാതെ മാനന്തവാടി ഡിപ്പോയിലെ സുനിൽ കുമാർ എന്ന ഡ്രൈവറാണ് ആത്മഹത്യയ്ക്കു ശ്രമിച്ചത്. തിരുവനന്തപുരം ജില്ലയിലെ ഒരു ഡിപ്പോയിലെ ഡ്രൈവർ വാർക്കപ്പണിയ്ക്കു പോകാൻ ലീവു ചോദിച്ച് അധികൃതർക്ക് അപേക്ഷ നൽകി.

വീടു നിർമ്മിക്കാൻ വിവിധ ധനകാര്യസ്ഥാപനങ്ങളിൽനിന്നും വ്യക്തികളിൽനിന്നും വായ്പയെടുത്ത സുനിൽ കുമാർ ശമ്പളം കൃത്യമായി ലഭിക്കാത്തതിൽ കടുത്ത മാനസികവിഭ്രാന്തി പ്രകടിപ്പിച്ചിരുന്നുവെന്ന് സുഹൃത്തുക്കളും സഹപ്രവർത്തകരും പറയുന്നു. ഡിസംബറിലെ ശമ്പളം ജനുവരി പകുതിയിലും അവസാനദിവസവുമായാണ് ലഭിച്ചത്. അതിൽനിന്ന് ജനുവരിയിലേയും ഫെബ്രുവരിയിലേയും വായ്പാഗഡുക്കൾ ബാങ്ക് ഈടാക്കിയത് അദ്ദേഹത്തെ കൂടുതൽ വിഷമത്തിലാക്കി. തുടർന്നാണ് ആത്മഹത്യയ്ക്കു ശ്രമിച്ചത്.


"ഒരു കൊത്തൻ മേശിരിയുടെ കൈയാളായി ചെന്നാൽ എനിക്ക് 700 രൂപ നൽകാം എന്ന് പറഞ്ഞിട്ടുണ്ട്. ആയതിനാൽ അവർ എന്നെ പണിക്കു വിളിച്ച ദിവസങ്ങളായ 01-02-2017, 02-02-2017 എന്നീ ദിവസങ്ങളിൽ എനിക്ക് ലീവ് അനുവദിച്ചു നൽകണമെന്ന് അപേക്ഷിക്കുന്നു" - തിരുവനന്തപുരം ജില്ലയിലെ ഒരു കെഎസ്ആർടിസി ഡ്രൈവർ നൽകിയ (എഴുതിയതേയുള്ളൂ, അപേക്ഷ നൽകിയില്ല എന്നൊരു വാദമുണ്ട്. ഡ്രൈവറെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അതിനാൽ ആളുടെ പേരും ഡിപ്പോയുടെ പേരും വാർത്തയിൽ നിന്ന് ഒഴിവാക്കുന്നു - എഡിറ്റർ) ലീവ് അപേക്ഷ അവസാനിക്കുന്നത് ഇങ്ങനെയാണ്.

പ്രതിസന്ധി നേരിടാൻ സ്വീകരിക്കുന്ന വഴികൾ വ്യത്യസ്തമാണെങ്കിലും ജീവനക്കാരെല്ലാം അനുഭവിക്കുന്നത് ഒരേ പ്രശ്നങ്ങളാണ്. വായ്പാ തിരിച്ചടവു മുതൽ പലചരക്കുകടയിലെ പറ്റു വരെ മുടങ്ങിക്കിടക്കുന്നു. എന്നു ശമ്പളം കിട്ടുമെന്നോ എത്ര കിട്ടുമെന്നോ ആർക്കും ഒരു രൂപവുമില്ല. സർക്കാർ കെഎസ്ആർടിസി മാനേജ്മെന്റിനെ കുറ്റം പറയുന്നു. മാനേജ്മെന്റ് ഇരുട്ടിൽതപ്പുന്നു. തൊഴിലാളി യൂണിയനുകൾക്കും വ്യക്തമായ രൂപമില്ല.

പ്രതിദിനം ആറു കോടിയോളം രൂപയാണ് കെഎസ്ആർടിസിയുടെ ആകെ കളക്ഷൻ. നൂറു കോടിയ്ക്കു മുകളിലാണ് പ്രതിമാസ വരുമാനം. തങ്ങൾ ജോലി ചെയ്തുണ്ടാക്കുന്ന ഈ വരുമാനത്തിൽനിന്ന് എന്തുകൊണ്ടു ശമ്പളം തന്നുകൂടാ എന്നാണ് തൊഴിലാളികൾ ഉന്നയിക്കുന്ന ലളിതമായ ന്യായം.

കെഎസ്ആർടിസിയുടെ കടക്കെണിയും പ്രതിസന്ധിയും തങ്ങൾ വരുത്തിവെച്ചതല്ല എന്നവർ ചൂണ്ടിക്കാട്ടുന്നു. മിസ്മാനേജ്‌മെന്റ്‌ മൂലമുണ്ടായ കോടിക്കണക്കിനു രൂപയുടെ ബാധ്യത തൊഴിലാളികൾ സഹിക്കുന്നതെന്തിന് എന്ന സംശയം അവഗണിക്കാവുന്നതല്ല.

ചിത്രത്തിനു കടപ്പാട് - The New Indian Express

Read More >>