'സച്ചിന്‍, എ ബില്യണ്‍ ഡ്രീംസ്'; മാസ്റ്റര്‍ ബ്ലാസ്റ്ററെക്കുറിച്ചുള്ള സിനിമ മെയ് മാസത്തില്‍ റിലീസാകും

സച്ചിന്‍ എന്ന ബാലനില്‍ നിന്ന് സച്ചിനെന്ന അതുല്യ ക്രിക്കറ്ററിലേക്കുള്ള പരിവര്‍ത്തനമാണ് സിനിമയുടെ ഇതിവൃത്തം.

സച്ചിന്‍ തെണ്ടുല്‍ക്കറെക്കുറിച്ചുള്ള സിനിമ 'സച്ചിന്‍, എ ബില്യണ്‍ ഡ്രീംസ്' മെയ് 26ന് റിലീസാകും. സച്ചിന്‍ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. നേരത്തെ തന്നെ ഈ സിനിമയുമായി ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങളുണ്ടായിരുന്നു. സിനിമയുടെ ആദ്യ പോസ്റ്റര്‍ 2016 ഏപ്രിലിലാണ് പുറത്തുവന്നത്. സച്ചിന്‍ എന്ന ബാലനില്‍ നിന്ന് സച്ചിനെന്ന അതുല്യ ക്രിക്കറ്ററിലേക്കുള്ള പരിവര്‍ത്തനമാണ് സിനിമയുടെ ഇതിവൃത്തം.

സച്ചിന്റെ ചില കളികളിലെ ബാറ്റിംഗ് പ്രകടനവും സിനിമയില്‍ ഉപയോഗിച്ചിട്ടുണ്ട്. 1989ല്‍ പാക്കിസ്താനെതിരായിരുന്നു സച്ചിന്റെ അരങ്ങേറ്റ മല്‍സരം. ഒടുവില്‍ 2013ല്‍ വിരമിക്കുമ്പോള്‍ സെഞ്ചുറികളുടെ എണ്ണത്തില്‍ സെഞ്ചുറി തികച്ച മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സമാനതകളില്ലാത്ത റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയിരുന്നു.