സച്ചിന്‍ തെണ്ടുല്‍ക്കര്‍ രണ്ടാമത്തെ ഗ്രാമം ദത്തെടുക്കുന്നു; ഇത്തവണ മഹാരാഷ്ട്രയില്‍

നേരത്തെ ആന്ധ്രയിലെ പുട്ടംരാജു കന്ദ്രിക എന്ന ഗ്രാമത്തെ സച്ചിന്‍ ദത്തെടുത്തിരുന്നു.

സച്ചിന്‍ തെണ്ടുല്‍ക്കര്‍ രണ്ടാമത്തെ ഗ്രാമം ദത്തെടുക്കുന്നു; ഇത്തവണ മഹാരാഷ്ട്രയില്‍

ആന്ധ്ര പ്രദേശിലെ ഗ്രാമം ദത്തെടുത്തതിന് പിന്നാലെ സച്ചിന്‍ തെണ്ടുല്‍ക്കര്‍ മറ്റൊരു ഗ്രാമത്തെക്കൂടി ദത്തെടുക്കാനൊരുങ്ങുന്നു. മഹാരാഷ്ട്രയിലെ ഒസ്മാനാബാദിലെ ദോഞ്ച എന്ന ഗ്രാമമാണ് സച്ചിന്‍ ദത്തെടുക്കുന്നത്. നേരത്തെ ആന്ധ്രയിലെ പുട്ടംരാജു കന്ദ്രിക എന്ന ഗ്രാമത്തെ സച്ചിന്‍ ദത്തെടുത്തിരുന്നു. രാജ്യസഭാ എം.പി കൂടിയായ സച്ചിന്‍ ദോഞ്ചയ്ക്കായി നാല് കോടി രൂപ അനുവദിച്ചു.

പുതിയ സ്‌കൂള്‍ കെട്ടിടം നിര്‍മിക്കാനും ജലവിതരണം മെച്ചപ്പെടുത്താനും ജലസ്രോതസുകള്‍ കണ്ടെത്താനും കോണ്‍ക്രീറ്റ് റോഡുകള്‍ നിര്‍മിക്കാനും ഓവുചാല്‍ സംവിധാനം കാര്യക്ഷമമാക്കാനുമാണ് പണം ചെലവഴിക്കുക. ഇതുമായി ബന്ധപ്പെട്ട് അഞ്ച് യോഗങ്ങള്‍ നടന്നു. ഗ്രാമത്തിലെ സ്ത്രീകളെ ഉള്‍പ്പെടുത്തി സന്‍സദ് ആദര്‍ശ് ഗ്രാം യോജന പദ്ധതി മുഖേനയാകും വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുക.

നെല്ലൂര്‍ ജില്ലയിലെ പുട്ടംരാജു കന്ദ്രികയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായ ശേഷം സച്ചിന്‍ ദോഞ്ചയെ ദത്തെടുക്കുന്ന കാര്യം കഴിഞ്ഞ വര്‍ഷം അറിയിച്ചിരുന്നു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി വരള്‍ച്ച നേരിടുന്ന ഗ്രാമത്തില്‍ കുടിവെള്ളം ലഭ്യമാക്കുന്നതിനാണ് മുന്‍ഗണനയെന്ന് സച്ചിന്‍ യോഗത്തില്‍ പറഞ്ഞു. 70 വര്‍ഷം പഴക്കമുള്ള സ്‌കൂള്‍ കെട്ടിടത്തിന് പകരം പുതിയ കെട്ടിടം നിര്‍മിക്കാനും പദ്ധതിയുണ്ട്.