'മഞ്ഞ മാധ്യമപ്രവര്‍ത്തനത്തിന് നേരെ കാറിത്തുപ്പുന്നു; ടൈംസ് ഓഫ് ഇന്ത്യക്കും മാതൃഭൂമിക്കുമെതിരെ റിമ

റിമയുടെ പ്രതികരണത്തെത്തുടര്‍ന്ന് കൈരളി വാര്‍ത്ത പിന്‍വലിച്ച് മാപ്പുപറഞ്ഞതിന് പിന്നാലെയാണ് റിമ ടൈംസ് ഓഫ് ഇന്ത്യക്കും മാതൃഭൂമിയ്ക്കുമെതിരെ രംഗത്തുവന്നത്.

നടി ആക്രമണത്തിനിരയായ സംഭവത്തില്‍ ടൈംസ് ഓഫ് ഇന്ത്യക്കും മാതൃഭൂമിക്കുമെതിരെ റിമ കല്ലിങ്കല്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് റിമ ഇരുപത്രങ്ങള്‍ക്കുമെതിരെ ആഞ്ഞടിച്ചത്.

'അവള്‍ കുറഞ്ഞത് ബലാല്‍സംഗം ചെയ്യപ്പടണമായിരുന്നല്ലേ?
അതൊരു കൂട്ടബലാല്‍സംഗം ആയിരുന്നെങ്കില്‍ കൂടുതല്‍ നന്നായേനെ അല്ലേ?
ഇരുമ്പ് ദണ്ഡ് ഉപയോഗിക്കുകയും കൂടുതല്‍ ക്രൂരതകള്‍ നടക്കുകയും ചെയ്തിരുന്നെങ്കില്‍ വാര്‍ത്ത കൂടുതല്‍ സെന്‍സേഷണലായേനെ. കൂടുതല്‍ പീഡനങ്ങള്‍ ഉണ്ടാകുമ്പോള്‍ വാര്‍ത്ത കൂടുതല്‍ സെന്‍സേഷണലാകും അല്ലേ?

സംഭവം ബലാല്‍സംഗമാക്കി മാറ്റാന്‍ ഇന്നലത്തെ മാതൃഭൂമി ചാനലിനും വളരെ ധൃതിയായിരുന്നു. എന്നാല്‍ അവര്‍ പിന്നീട് വാര്‍ത്ത നീക്കം ചെയ്തു. ഞാന്‍ നിങ്ങളുടെ മഞ്ഞ മാധ്യമപ്രവര്‍ത്തനത്തിന്റെ മുഖത്ത് കാറിത്തുപ്പുന്നു മന്ദബുദ്ധികളേ'-റിമയുടെ പോസ്റ്റ് പറയുന്നു.

ആക്രമണത്തിനിരയായ നടിയും ഡ്രൈവറും തമ്മിലുള്ള ബന്ധത്തില്‍ ദുരൂഹത എന്ന തലക്കെട്ടില്‍ ഇന്നലെ വാര്‍ത്ത ചെയ്ത കൈരളി ചാനലിനെതിരേയും റിമ ശക്തമായി രംഗത്തുവന്നിരുന്നു. ഇതിനെത്തുടര്‍ന്ന് വാര്‍ത്ത പിന്‍വലിച്ച് കൈരളി മാപ്പ് പറഞ്ഞിരുന്നു.