പലസ്തീന്‍ ആരുടെ വാഗ്ദത്ത ഭൂമി?

1492 ല്‍ സ്‌പെയിന്‍ മുസ്ലിംകളുടെ കയ്യില്‍ നിന്ന് പൂര്‍ണ്ണമായി പോയതോടെ 2 ലക്ഷത്തോളം ജൂതന്മാര്‍ തുര്‍ക്കിയിലേക്കും , അറബ് രാജ്യങ്ങളിലേക്കും നാട് കടത്തപെട്ടു. ശേഷം 1517-1917 കാല ഘട്ടത്തില്‍ പലസ്തീന്‍ ഓട്ടമന്‍ തുര്‍ക്കിയുടെ കീഴില്‍, ഭരണത്തില്‍ ജൂതര്‍ സുരക്ഷിതരായി കഴിഞ്ഞു. ബസയീദ് രണ്ടാമന്‍ എന്ന ഓട്ടമന്‍ ഖലീഫ സ്‌പെയിനില്‍ നിന്നും പോര്‍ചുഗലില്‍നിന്നും പുറംതള്ളിയ ജൂതര്‍ക്ക് അഭയം നല്‍കി. 1917 ല്‍ ഒന്നാം ലോക യുദ്ധാവസാനത്തില്‍ തുര്‍ക്കി ഖലീഫ സ്ഥാന ഭ്രുഷ്ടനാവുന്നത് വരെ ഇസ്ലാമിക തുര്‍ക്കിയില്‍ ജൂതര്‍ സംരക്ഷിക്കപ്പെട്ടു.

പലസ്തീന്‍ ആരുടെ വാഗ്ദത്ത ഭൂമി?

നസറുദ്ദീന്‍ മണ്ണാര്‍ക്കാട്

ഇന്ന് പലസ്തീനില്‍ ജീവിക്കുന്നവര്‍ തദ്ദേശ വാസികളല്ലെന്നും ജൂതന്‍മാരാണ് എക്കാലത്തും പലസ്തീന്റെ അവകാശികളെന്നും സമര്‍ത്ഥിച്ചു കൊണ്ട് ശ്രി. അനില്‍ കുമാര്‍ നാരദയില്‍ എഴുതുകയാണല്ലോ? സത്യത്തില്‍ കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ പകുതി വരെ ലോകത്താകമാനം പൊതുവിലും യൂറോപ്പില്‍ പ്രത്യേകിച്ചും അലഞ്ഞു നടന്നിരുന്ന എല്ലാ വിഭാഗത്തിലും പെട്ട ജൂതന്മാരെ മുഴുവനും പലസ്തീന്റെ അവകാശികളാക്കാന്‍ നടത്തുന്ന ശ്രമം രസകരമാണെങ്കിലും വസ്തുതകള്‍ക്ക് നിരക്കുന്നതല്ല.

ആരാണ് ഇന്നത്തെ പലസ്തീനികള്‍?


അബ്രഹാമിന്റെ സന്തതികളും ഇന്നത്തെ ജൂതന്മാരും തമ്മിലെന്താണ് ബന്ധമെന്ന് ആദ്യം തന്നെ പരിശോധിക്കേണ്ടി വരും. ഇന്നത്തെ ജൂത ജനസംഖ്യ വിവിധ ജനിതക പാരമ്പര്യം പേറുന്നവരാണ് എന്നതാണ് സത്യം. ഉദാഹരണത്തിന് ലോകത്താകമാനമുള്ള ഇന്നത്തെ ജൂത ജനസംഖ്യയുടെ 75% വും Ashkenazi വിഭാഗത്തില്‍ പെട്ട ജൂതന്മാരാണ് . നാസി ജര്‍മ്മനിയിലെ കൂട്ടക്കൊലയ്ക്ക് മുന്പ് ലോകത്തെ ജൂതന്മാരില്‍ 92% വും ഇവരായിരുന്നു . അവര്‍ കിഴക്കന്‍ യൂറോപ്പില്‍ നിന്നും റഷ്യയില്‍ നിന്നും പില്‍ക്കാലത്ത് ജൂത വിശ്വാസം പിന്തുടര്‍ന്നവരാണ്. പല ജനിതക പഠനങ്ങളും ഇവരുടെ യൂറോപ്പിയന്‍ ബന്ധം സ്ഥിരീകരിച്ചതാണ് . 2013 ലെ maternal lineage ല്‍ പുറത്ത് വന്ന പഠനങ്ങള്‍ പോലും ഇവരുടെ യൂറോപ്പിയന്‍ ജനിതക ബന്ധം തെളിയിച്ചു കഴിഞ്ഞു. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ പോലും ഈ വിഭാഗക്കാരന്‍ ആണ്.

പിന്നെ ശേഷിക്കുന്ന Mizrahi വിഭാഗം ജൂതന്മാരുടേയും മദ്ധ്യേഷ്യയിലെ അറബ് വംശജരുടെയും ജനിതക പാരമ്പര്യം ഒന്നാണ് . ഇനി വാഗ്ദത്ത ഭൂമി ഇവരുടെ അവകാശമാണ് എന്ന് വാദിച്ചാല്‍ തുല്യമായ അവകാശം അതേ ജീനുകള്‍ സിരകളില്‍ ഓടുന്ന അറബ് മുസ്ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കും കൊടുക്കേണ്ടി വരും . പലസ്തീനിലെ കൃസ്ത്യാനികള്‍ ഇതേ അഭിപ്രായക്കാരാണ്.

ബൈബിള്‍ പ്രകാരം വാഗ്ദത്ത ഭൂമി അബ്രഹാമിന്റെ സന്താന പരംബരയ്ക്കാണ് .ആ പരമ്പരയില്‍ വരുന്ന ക്രിസ്ത്യാനിക്കും , മുസ്ലിമിനും ജൂതനും ഒരുപോലെ അവകാശപ്പെട്ട മണ്ണ് . ജനിതക ബന്ധം മറച്ചു വെച്ച് ഇനി വചനങ്ങള്‍ ദുര്‍ വ്യാഖ്യാനിച്ചു മുസ്ലിംകളെ ഒഴിവാക്കാന്‍ ശ്രമിച്ചാല്‍ അതേ ബൈബിള്‍ പരിചയപ്പെടുത്തുന്ന യേശുവിനെ നിഷേധിക്കുന്ന ജൂതരും ഔട്ട് ആകും .ജൂതരെ അകത്താക്കാന്‍ ശ്രമിച്ചാല്‍ അറബ് മുസ്ലിംകളും അകത്താകും.
കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തിലുണ്ടായിരുന്ന ജൂതന്മാരില്‍ 92% വും യൂറോപ്പ്യന്‍, റഷ്യന്‍ പാരമ്പര്യം പേറുന്നവര്‍ ആണെന്നിരിക്കെ അനില്‍ കുമാര്‍ പറയുന്ന കൂടിയേറ്റ വാദം തിരിച്ചടിക്കുകയാണ്.

ഗ്രാമഫോണ്‍ എന്ന മലയാള സിനിമയിലെ മലയാളി ജൂത കുടുംബം വാഗ്ദത്ത ഭൂമി സ്വപ്നം കണ്ടു ഇസ്രായേലിലേക്ക് വണ്ടി കയറാന്‍ ഒരുങ്ങിയത് പോലെ ലോകത്ത് പല ഭാഗത്തുമുള്ള ജൂതര്‍ക്കായി മാത്രം ഒരു വാഗ്ദത്ത ഭൂമി ദൈവം ആര്‍ക്കും വാഗ്ദാനം ചെയ്തതായി. തെളിയിക്കാന്‍ ആര്‍ക്കും കഴിയില്ല . അത് കൊണ്ട് നമുക്ക് വസ്തുതകള്‍ വെച്ച് സംസാരിക്കാം.

പലസ്തീന്‍ ആരുടെ വാഗ്ദത്ത ഭൂമി?


ബൈബിളില്‍ വാഗ്ദത്ത ഭൂമി ജൂതന്മാര്‍ക്കാണ് എന്നൊരു പരാമര്‍ശമേയില്ല . മറിച്ച് അബ്രാഹാമിന്റെ സന്തതികള്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ട ഭൂമി എന്ന പരാമര്‍ശമേ കാണൂ. ചില സാമ്പിളുകള്‍ കാണുക:

' അബ്രാഹാം അവനോടു പറഞ്ഞതു: എന്റെ മകനെ അവിടെക്കു മടക്കിക്കൊണ്ടു പോകാതിരിപ്പാന്‍ സൂക്ഷിച്ചുകൊള്‍ക. എന്റെ പിതൃഭവനത്തില്‍നിന്നും ജന്മദേശത്തുനിന്നും എന്നെ കൊണ്ടുവന്നവനും എന്നോടു അരുളിച്ചെയ്തവനും നിന്റെ സന്തതിക്കു ഞാന്‍ ഈ ദേശം കൊടുക്കുമെന്നു എന്നോടു സത്യം ചെയ്തവനുമായി സ്വര്‍ഗ്ഗത്തിന്റെ ദൈവമായ യഹോവ എന്റെ മകന്നു നീ ഒരു ഭാര്യയെ അവിടെനിന്നു കൊണ്ടുവരുവാന്‍ തക്കവണ്ണം നിനക്കു മുമ്പായി തന്റെ ദൂതനെ അയക്കും' (ഉല്‍പ്പത്തി 24:6-8)

'ഇതാ, ഞാന്‍ നിന്നോടുകൂടെയുണ്ടു; നീ പോകുന്നേടത്തൊക്കെയും നിന്നെ കാത്തു ഈ രാജ്യത്തേക്കു നിന്നെ മടക്കിവരുത്തും; ഞാന്‍ നിന്നെ കൈവിടാതെ നിന്നോടു അരുളിച്ചെയ്തതു നിവര്‍ത്തിക്കും' (ഉല്‍പ്പത്തി 28:15) (യഹോവ യാക്കൊബിനോട് )

'അനന്തരം യോസേഫ് തന്റെ സഹോദരന്മാരോടു: ഞാന്‍ മരിക്കുന്നു;എന്നാല്‍ ദൈവം നിങ്ങളെ സന്ദര്‍ശിക്കയും ഈ ദേശത്തുനിന്നു താന്‍ അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും സത്യംചെയ്ത ദേശത്തേക്കു കൊണ്ടുപോകയും ചെയ്യും എന്നു
പറഞ്ഞു. (ഉല്‍പ്പത്തി 50:24)

'അനന്തരം യഹോവ മോശെയോടു കല്പിച്ചതു എന്തെന്നാല്‍ നീയും മിസ്രയീംദേശത്തുനിന്നു നീ കൊണ്ടുവന്ന ജനവും ഇവിടെ നിന്നു പുറപ്പെട്ടു, നിന്റെ സന്തതിക്കു കൊടുക്കുമെന്നു ഞാന്‍ അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും സത്യംചെയ്ത ദേശത്തേക്കു'
(പുറപ്പാട് 33:1)

'മുലകുടിക്കുന്ന കുഞ്ഞിനെ ഒരു ധാത്രി എടുക്കുന്നതുപോലെ ഞാന്‍ അവരെ നീ അവരുടെ പിതാക്കന്മാരോടു സത്യം ചെയ്ത ദേശത്തേക്കു എന്റെ മാറത്തെടുത്തുകൊണ്ടു പോകേണമെന്നു എന്നോടു കല്പിപ്പാന്‍ ഈ ജനത്തെ ഒക്കെയും ഞാന്‍ ഗര്‍ഭംധരിച്ചുവോ? ഞാന്‍ അവരെ പ്രസവിച്ചുവോ?' (സംഖ്യാ പുസ്തകം 11:12)

'അവരല്ലാതെ മിസ്രയീമില്‍നിന്നു പോന്നവരില്‍ ഇരുപതു വയസ്സുമുതല്‍ മേലോട്ടുള്ള ഒരുത്തനും ഞാന്‍ അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും സത്യം ചെയ്ത ദേശത്തെ കാണുകയില്ല; അവര്‍ എന്നോടു പൂര്‍ണ്ണമായി പറ്റി നില്‍ക്കായ്കകൊണ്ടു തന്നേ'
(സംഖ്യാ പുസ്തകം 32:11)

' നിനക്കു നന്നായിരിക്കേണ്ടതിന്നും യഹോവ നിന്റെ പിതാക്കന്മാരോടു സത്യം ചെയ്ത നല്ലദേശം നീ ചെന്നു കൈവശമാക്കേണ്ടതിന്നും യഹോവ അരുളിച്ചെയ്തതുപോലെ' (ആവര്‍ത്തനം 6:18)

ബൈബിളില്‍ വാഗ്ദത്ത ഭൂമിയെ കുറിച്ച് പരാമര്ശിച്ചതെല്ലാം അബ്രാഹാമിനെയും സന്തതികളെയും ബന്ധപ്പെടുത്തി മാത്രമാണ് . സന്തതി എന്ന വാക്കിന്റെ അര്‍ത്ഥം വളരെ വ്യക്തവുമാണല്ലോ? ഇനി ഇന്നത്തെ ജൂതന്മാര്‍ പൂര്‍ണ്ണമായി അബ്രഹാമിന്റെ സന്തതികളല്ലെന്ന് ഞാന്‍ മുകളില്‍ സമര്‍ത്ഥിച്ചു കഴിഞ്ഞു.

അപ്പോള്‍ ദൈവത്തിന്റെ വാഗ്ദത്തം പുലര്‍ന്നില്ലെ?

ചരിത്രം പരിശോധിച്ചാല്‍ ദൈവത്തിന്റെ വാഗ്ദാനമായ വാഗ്ദത്ത ഭൂമി എന്നോ പുലര്‍ന്നു കഴിഞ്ഞിരിക്കുന്നു. BC 1004 -965 കാല ഘട്ടത്തില്‍ ദാവീദ് ഏകീകൃത വാഗ്ദത്ത ഭൂമി സ്ഥാപിച്ചു കഴിഞ്ഞു. അദ്ദേഹത്തിന്റെ മകന്‍ സോളമന്‍ രാജാവ് പില്‍ക്കാലത്ത് പലസ്തീനില്‍ ഭരണം നടത്തുകയുണ്ടായി. ലോകത്തെ ഏതു വംശത്തില്‍ പിറന്നവനും തൊപ്പിയിട്ട് വാഗ്ദത്ത ഭൂമി ചോദിച്ചാല്‍ കൊടുക്കാന്‍ അങ്ങനെയൊരു പ്രത്യേക ജൂത വാഗ്ദത്ത ഭൂമി എവിടെയുമില്ല . അല്പ്പമെങ്കിലും അവകാശമുള്ളത് അബ്രഹാമീ സന്തതികള്‍ക്കാണ് .അവര്‍ ജൂതന്മാര്‍ മാത്രവുമല്ല.

ജൂതന്മാര്‍, പീഡിതരായ സമൂഹം!

കഴിഞ്ഞ നൂറ്റാണ്ടിന്റെ പകുതി വരെ ചരിത്രത്തില്‍ തുല്യതയില്ലാത്ത പീഡനങ്ങള്‍ സഹിക്കേണ്ടി വന്ന സമൂഹമാണ് ജൂതന്മാര്‍ എന്ന് സമ്മതിക്കാതിരിക്കാന്‍ നിര്‍വാഹമില്ല. ചരിത്രത്തിലെ ഏറ്റവും ദീര്ഘമായ ജൂത കൂട്ടക്കൊലകള്‍ അരങ്ങേറിയത് മദ്ധ്യ കാലഘട്ടത്തില്‍ ആണ്. നീണ്ട 1900 വര്‍ഷം ഒരു ജനതയെ പീഡിപ്പിച്ച രക്ത രൂക്ഷിതമായ ചരിത്രത്തിലേക്ക് ഒന്ന് എത്തി നോക്കാം. മദ്ധ്യ കാല യൂറോപ്പിലെ ജൂത വിരുദ്ധ അക്രമങ്ങളുടെ കാരണങ്ങള്‍ പൂര്‍ണ്ണമായും മതപരമായിരുന്നു. ക്രിസ്ത്യന്‍ സഭകളിലെ സ്ഥിരംഗങ്ങള്‍ വരെ യേശുവിന്റെ കുരിശു മരണത്തിനു കാരണക്കാര്‍ ജൂതരായിരുന്നു എന്ന വിശ്വാസത്താല്‍ ജൂത വിരോധം സൂക്ഷിക്കുകയും അവര്‍ക്കെതിരെ അക്രമങ്ങള്‍ അഴിച്ചുവിടുകയും കൂട്ടക്കൊലകള്‍ നടത്തുകയും ചെയ്തിരുന്നു എന്ന് കാണാം.

Deicide അല്ലെങ്കില്‍ ദൈവത്തെ കൊന്നു എന്ന കൊടിയ പാപം ചെയ്തവരാണ് ജൂതര്‍ എന്ന വിശ്വാസം അക്കാലത്ത് വ്യാപകമായിരുന്നു . ഇതേ കാരണത്താല്‍ 1900 വര്‍ഷം ഇരകള്‍ ആവേണ്ടി വന്നു ലോകത്ത് ആകമാനമുള്ള ജൂതര്‍ക്ക് എല്ലാ യൂറോപ്പിയന്‍ രാജ്യങ്ങളില്‍ നിന്നും ജൂതന്മാര്‍ പുറത്താക്കപ്പെടുകയോ കൂട്ടക്കൊലയ്ക്ക് വിധേയരാക്കപ്പെടുകയോ ചെയ്തു. യൂറോപ്പില്‍ ജൂതന്മാരുടെ ജീവിതം മൃഗ തുല്യമായിരുന്നു. അവരെ പൌരന്മാരായി പോലും കണക്കാക്കിയിരുന്നില്ല. ക്രൂരമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും സര്‍വ്വ സാധാരണമായിരുന്നു. AD 250 മുതല്‍ 1948 വരെ 109 പ്രദേശങ്ങളില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ട വെറുക്കപ്പെട്ട സമൂഹമായിരുന്നു ജൂതന്മാര്‍ . എ ഡി 136 ല്‍റോമന്‍ ചക്രവര്‍തി ഹഡ്രിയാന്റെ ക്രൂര പീഡനത്തിനു ഇരയായി ഏകദേശം 4 ലക്ഷം പേര്‍ കൊല്ലപ്പെട്ടു.

കലകളിലും സാഹിത്യത്തിലുമെല്ലാം ജൂതനെ നികൃഷ്ടനായാണ് ചിത്രീകരിച്ചത്.
വിശ്വ വിഖ്യാതമായ ഷേക്‌സ്പിയര്‍ കൃതികളില്‍ പോലും ജൂതന്മാര്‍ വെറുക്കപ്പെട്ടവരായിരുന്നത് യാദ്രിശ്ചികമായിരുന്നില്ല. അന്നത്തെ യൂറോപ്പിലെ സാമൂഹ്യ പശ്ചാത്തലത്തിന്റെ സ്വാധീനം അന്നത്തെ സാഹിത്യ കൃതികളില്‍ പ്രകടമായിരുന്നു. ഷേക്ക്സ്പിയറിന്റെ മെര്‍ച്ചന്റ് ഓഫ് വെനീസില്‍ ജൂതന്‍ എന്ന വിശേഷണം തന്നെ വെറുക്കപ്പെട്ടവന്‍ എന്ന രീതിയിലാണ്. He was a Jew എന്ന് പറഞ്ഞാല്‍ അതോടെ ആ കഥാപാത്രത്തിനു വെറുക്കപ്പെട്ടവന്‍, ക്രൂരന്‍ , കരുണയില്ലാത്തവന്‍, അത്യാഗ്രഹി എന്നീ സ്വഭാവ വിശേഷങ്ങള്‍ വന്നു ഭവിക്കുന്നു.

1275 ല്‍ എഡ്വാര്‍ഡ് ഒന്നാമന്‍ ഇംഗ്‌ളണ്ടില്‍ നിന്നും പലിശ നിരോധിച്ച ശേഷം യഹൂദരെ പുറത്താക്കിയത് കൂടി അന്നത്തെ സാഹചര്യങ്ങളുമായി ചേര്‍ത്ത് വായിക്കണം. ഫ്രാന്‍സില്‍ നിന്നും പോര്‍ച്ചുഗീസില്‍ നിന്നും സിസിലിയില്‍ നിന്നും മാത്രമല്ല വലുതും ചെറുതുമായ 109 പ്രദേശങ്ങളില്‍ നിന്നാണ് ജൂത സമൂഹത്തെ നൂറ്റാണ്ടുകളോളം ആട്ടിയോടിച്ചത്. യൂറോപ്പില്‍ ശല്യക്കാരെന്ന് കരുതപ്പെട്ട ജൂതരെ സത്യത്തില്‍ പലസ്തീനിലേക്ക് കുടിയിരുത്തി യൂറോപ്പ്യന്‍മാര്‍ കൈകഴുകുകയായിരുന്നു. വാഗ്ദത്ത ഭൂമിയുടെ പേര് പറഞ്ഞു ഇസ്രായേല്‍ നടത്തുന്ന നര നായാട്ടുകള്‍ ന്യായീകരിക്കുന്ന ലേഖകന്‍ പക്ഷെ യൂറോപ്പ് ജൂതരോട് പെരുമാറിയ മനുഷ്യത്വ വിരുദ്ധമായ ക്രൂരതകള്‍ കണ്ടില്ലെന്നു നടിച്ചു.

മുസ്ലിംകളും ജൂതരും :

അറബ് മുസ്ലിംകളും ജൂതന്മാരും പരസ്പര സഹവര്‍ത്തിത്വത്തോടെ നൂറ്റാണ്ടുകളോളം ജീവിച്ചു പോന്നിട്ടുണ്ട്. യൂറോപ്പില്‍ കടുത്ത പീഡനങ്ങള്‍ നേരിട്ടപ്പോഴും മുസ്ലിം ലോകത്ത് ജൂത സമൂഹത്തിന് അഭയം കിട്ടിയിട്ടുണ്ട് എന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ല.

ഗൂഗിളില്‍ Golden age of Jews in Europe എന്ന് സെര്‍ച്ച് ചെയ്തു നോക്കിയാല്‍ കാണുന്ന റിസള്‍ട്ട് ചരിത്രമറിയാത്തവരെ അമ്പരപ്പിക്കും. അത് കൃസ്ത്യന്‍ ഭരണത്തിലോ ജൂത ഭൂരി പക്ഷ പ്രദേശങ്ങളിലോ ആയിരുന്നില്ല. മുസ്ലിംകള്‍ സ്‌പൈന്‍ ഭരിച്ചിരുന്ന കാലമായിരുന്നു ജൂതരുടെ സുവര്‍ണ്ണ കാലം. സുദീര്‍ഘമായ മൂന്നര നൂറ്റാണ്ടു കാലത്തോളം മുസ്ലിം സ്‌പെയിനില്‍ ജൂതന്മാര്‍ സുരക്ഷിതരായിരുന്നു. അത് കൊണ്ടാണ് ചരിത്രകാരന്മാര്‍ ആ കാല ഘട്ടത്തെ സുവര്‍ണ്ണ കാലമെന്ന് വിശേഷിപ്പിച്ചിരിക്കുന്നത്.

മുസ്ലിംകള്‍ സ്‌പെയിന്‍ കീഴടക്കിയപ്പോള്‍ ജൂതന്മാര്‍ അത് സര്‍വ്വാത്മനാ സ്വാഗതം ചെയ്യുകയുണ്ടായി എന്ന് കാണാം. മറ്റു യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് വിഭിന്നമായി മുസ്ലിം ഭരണാധികാരികള്‍ ജൂതരെ വിശ്വാസത്തില്‍ എടുക്കുകയും അവരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുകയും ചെയ്തു. അക്കാലത്തെ യൂരോപ്യര്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയാത്ത കാര്യമായിരുന്നു അത്. അവരെ തുല്യ പൌരന്മാരായി കണക്കാക്കി എന്ന് മാത്രമല്ല ഭരണ സിരാ കേന്ദ്രങ്ങളില്‍ വരെ അവര്‍ക്ക് ഉദ്യോഗം നല്‍കി ആദരിച്ചു.

1492 ല്‍ സ്‌പെയിന്‍ മുസ്ലിംകളുടെ കയ്യില്‍ നിന്ന് പൂര്‍ണ്ണമായി പോയതോടെ 2 ലക്ഷത്തോളം ജൂതന്മാര്‍ തുര്‍ക്കിയിലേക്കും , അറബ് രാജ്യങ്ങളിലേക്കും നാട് കടത്തപെട്ടു. ശേഷം 1517-1917 കാല ഘട്ടത്തില്‍ പലസ്തീന്‍ ഓട്ടമന്‍ തുര്‍ക്കിയുടെ കീഴില്‍, ഭരണത്തില്‍ ജൂതര്‍ സുരക്ഷിതരായി കഴിഞ്ഞു. ബസയീദ് രണ്ടാമന്‍ എന്ന ഓട്ടമന്‍ ഖലീഫ സ്‌പെയിനില്‍ നിന്നും പോര്‍ചുഗലില്‍നിന്നും പുറംതള്ളിയ ജൂതര്‍ക്ക് അഭയം നല്‍കി. 1917 ല്‍ ഒന്നാം ലോക യുദ്ധാവസാനത്തില്‍ തുര്‍ക്കി ഖലീഫ സ്ഥാന ഭ്രുഷ്ടനാവുന്നത് വരെ ഇസ്ലാമിക തുര്‍ക്കിയില്‍ ജൂതര്‍ സംരക്ഷിക്കപ്പെട്ടു.

ഉമവികളുടെയും അബ്ബാസിയാക്കളുടെയും ഫാത്വിമികളുടെയും ഭരണത്തില്‍ സംരക്ഷിപെട്ടത് പോലെ അവസാനത്തെ ഇസ്ലാമിക ഖിലാഫത്തിലും അവര്‍ സംരക്ഷിപെട്ടത് ചരിത്രമാണ്.

പറഞ്ഞു വന്നത് ഇസ്രായേല്‍ പലസ്സ്തീന്‍ വിഷയത്തെ സമീപിക്കേണ്ടത് മനുഷ്യത്വപരമായാണ്. ഇല്ലാത്ത വാഗ്ദത്ത ഭൂമി വ്യാഖ്യാനിച്ചു സ്ഥാപിച്ചു നല്‍കി കൊണ്ട് പലസ്തീനികളുടെ ശേഷിക്കുന്ന മണ്ണിലും അവര്‍ക്ക് അവകാശമില്ലെന്ന് വാദിക്കുകയല്ല വേണ്ടത്. കഴിഞ്ഞ നൂറ്റാണ്ടുകളില്‍ യൂറോപ്പിന് സാധിക്കാത്ത സമാധാനപരമായ സഹവര്‍ത്തിത്വം കാണിച്ചു തന്നവരാണ് അറബ് മുസ്ലിംകളും അവരുടെ സംരക്ഷണത്തില്‍ ജീവിച്ച ജൂതന്മാരും. എന്നാല്‍ മാറിയ സാഹചര്യത്തില്‍ അന്നത്തെ പീഢിതര്‍ തങ്ങള്‍ യൂറോപ്പില്‍ അനുഭവിച്ച തരത്തിലുള്ള ക്രൂരതകള്‍ പലസ്തീനികളോട് ചെയ്യുന്നു.

പലസ്തീനികളുടെ ജന്മ ദേശത്ത് കടന്നു കയറി ഐക്യ രാഷ്ട്ര സഭയെ പോലും അവഗണിച്ചു നിയമവിരുദ്ധമായി കെട്ടിടങ്ങള്‍ നിര്‍മ്മിക്കുകയും അവരെ ഏതാനും കിലോമീറ്റര്‍ ചുറ്റളവിലേക്ക് ഒതുക്കി അതിനുള്ളില്‍ 100 ചെക്ക് പോസ്റ്റുകള്‍ ഉണ്ടാക്കി മുകളില്‍ നിന്ന് ബോംബുകള്‍ വര്‍ഷിക്കുന്ന ഭീകര കാഴ്ച പലവട്ടം നാം കണ്ടു . കഴിഞ്ഞ നൂറ്റാണ്ടുകളിലെ ഇരകള്‍ എങ്ങനെയാണ് ഈ നൂറ്റാണ്ടില്‍ ക്രൂരന്മാരായ വേട്ടക്കാരായത് ? അതും നൂറ്റാണ്ടുകളായി തങ്ങളെ സംരക്ഷിച്ചു പോന്ന മുസ്ലിം സമുദായത്തോട് ? ശ്രി. അനില്‍ കുമാര്‍ സ്വന്തം മന:സ്സാക്ഷിയോട് ചോദിക്കേണ്ടതല്ലേ?

ചുരുക്കത്തില്‍ ഈ വിഷയത്തിലെ മനുഷ്യാവകാശങ്ങളെ കുറിച്ചാവട്ടെ ചര്‍ച്ച. അവസാനത്തെ പലസ്തീനിയെയും ഇല്ലാതാക്കി ഇസ്രായേല്‍ രാഷ്ട്രം വിപുലീകരിക്കണമെന്ന തരത്തില്‍ ചിന്തിച്ചിട്ട് കാര്യമില്ല. നൂറ്റാണ്ടുകളായി അവിടെ ജീവിച്ച മനുഷ്യര്‍ ഒരു സുപ്രഭാതത്തില്‍ അഭയാര്‍ത്ഥികളായി മാറിയതും ശേഷിക്കുന്ന തുണ്ടു ഭൂമിയില്‍ തുറന്ന തടവറ ജീവിതം നയിക്കുന്നതും കാണാതിരിക്കരുത്. ഇസ്രായേല്‍ ഇന്നൊരു യാഥാര്‍ഥ്യമാണെങ്കില്‍ പലസ്തീന്‍ അതിനേക്കാള്‍ വലിയൊരു യാഥാര്‍ഥ്യമാണ്. ഗാസയുടെ മുകളിലേക്ക് ബോംബുകള്‍ വാര്‍ഷിക്കുന്നത് ടൂറിസ്റ്റുകളെ കാണിക്കാന്‍ 51 ബസ്സുകളും ഗ്യാലറികളുമൊരുക്കിയ ഇസ്രായേല്‍ നര നായാട്ട് എന്ത് ആശയത്തിന്റെ പേരിലും ന്യായീകരിക്കപ്പെടരുത്. അവരും മനുഷ്യരാണ്. ശേഷിക്കുന്ന മണ്ണിലെങ്കിലും അവര്‍ക്ക് ജീവിക്കാന്‍ അവകാശമുണ്ട്.