ജിഷ്ണുവിന്റെ അമ്മ വരും മുന്‍പ്: ചെയര്‍മാന്റെ പ്രസംഗത്തിനു കയ്യടിക്കാന്‍ പ്രത്യേക കൂലി; വാടയ്‌ക്കെടുത്ത രക്ഷകര്‍ത്താക്കളുമായി നെഹ്രുവില്‍ തട്ടിക്കൂട്ട് പിടിഎ

ലോ അക്കാഡമിയിലെ വിവാദങ്ങള്‍ക്കിടയില്‍ പാമ്പാടി നെഹ്രു കോളേജില്‍ നിരവധി സംഭവങ്ങളാണ് നടക്കുന്നത്. ജിഷ്ണു പ്രണോയിയുടെ അമ്മ നീതി തേടി ആ കോളേജ് കവാടത്തിലേയ്ക്ക് സമരവുമായി എത്തുന്നതിനു മുന്‍പ് ക്ലാസുകള്‍ ആരംഭിക്കാനുള്ള ശ്രമത്തിലാണ് മാനേജ്‌മെന്റ്. സമരം ചെയ്ത എസ്എഫ്‌ഐക്കാരെ മദ്യപാനികളാക്കി പുറത്താക്കാനാണ് ശ്രമം. പിടിഎ മീറ്റിങ്ങിന് ആളുകളെ വാടകയ്‌ക്കെടുത്ത് ചെയര്‍മാനു കയ്യടിപ്പിക്കുകയാണ് - ചോദിക്കാനും പറയാനും ആരുമില്ലാത്ത സ്വാശ്രയ ജീവിതം...

ജിഷ്ണുവിന്റെ അമ്മ വരും മുന്‍പ്: ചെയര്‍മാന്റെ പ്രസംഗത്തിനു കയ്യടിക്കാന്‍ പ്രത്യേക കൂലി; വാടയ്‌ക്കെടുത്ത രക്ഷകര്‍ത്താക്കളുമായി നെഹ്രുവില്‍ തട്ടിക്കൂട്ട് പിടിഎ

കൊച്ചി: ജിഷ്ണു പ്രണോയുടെ മരണത്തെ തുടര്‍ന്നുണ്ടായ പ്രക്ഷോഭങ്ങളില്‍ നിന്നു രക്ഷപ്പെടാന്‍ തട്ടിക്കൂട്ട് പിടിഎ നടത്തി ക്ലാസ് തുടങ്ങാന്‍ മാനേജ്‌മെന്റ് ശ്രമമെന്ന് വിദ്യാര്‍ത്ഥികള്‍. കഴിഞ്ഞ നാലു ദിവസങ്ങളിലായി നെഹ്രു കോളേജിന്റെ പാമ്പാടി ക്യാംപസില്‍ നടക്കുന്നത് തട്ടിക്കൂട്ട് പിടിഎ മീറ്റിങ് ആണെന്നും മാനേജ്‌മെന്റ് വാടകയ്‌ക്കെടുത്ത ആളുകളാണ് പങ്കെടുക്കുന്നതെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.

(വിദ്യാർത്ഥികളെയും മാതാപിതാക്കളെയും പ്രധാന കാവാടത്തില്‍ തടഞ്ഞതിനു ശേഷമുള്ള വീഡിയോ)https://youtu.be/lL5jweVg8dc

പ്രതിഷേധത്തിനിറങ്ങിയ വിദ്യാര്‍ത്ഥികളെയും മാതാപിതാക്കളെയും പിടിഎ മീറ്റിങ്ങിനു കയറ്റുന്നില്ല. ഇവരെ കോളേജ് കവാടത്തില്‍ പൊലീസും അകത്ത് അധ്യാപകരും തടയുകയാണെന്നും വിദ്യാര്‍ത്ഥികള്‍ നാരദാ ന്യൂസിനോടു പറഞ്ഞു.
കോളേജില്‍ പിടിഎ മീറ്റിങ് നടന്നുവെന്നും ക്ലാസ് ഉടനെ ആരംഭിക്കുമെന്നുമുള്ള രീതിയിലുള്ള മനോരമ വാര്‍ത്ത തെറ്റിദ്ധരിപ്പിക്കുന്നതാണ്. വിദ്യാര്‍ത്ഥികളും മാനേജ്‌മെന്റുമായി നടത്തിയ ചര്‍ച്ചകളില്‍ ഉരുത്തിരിഞ്ഞ ആശയങ്ങള്‍ ഒറ്റപ്പാലത്തു നടന്ന പേരന്റ്‌സ് അസോസിയേഷന്‍ യോഗം ചര്‍ച്ച ചെയ്തുവെന്നാണ് മനോരമ വാര്‍ത്തയില്‍ പറയുന്നത്. എന്നാല്‍ തങ്ങളുടെ പ്രശ്‌നങ്ങള്‍ ഇതുവരെ മാനേജ്‌മെന്റ് ചര്‍ച്ച ചെയ്തിട്ടില്ല. പ്രതിഷേധങ്ങള്‍ക്കു നേതൃത്വം നല്‍കിയ അഞ്ചു വിദ്യാര്‍ത്ഥികളെ പുറത്താക്കണമെന്നാണ് ചെയര്‍മാന്‍ കൃഷ്ണദാസ് പിടിഎ മീറ്റിങ്ങുകളില്‍ ആവര്‍ത്തിക്കുന്നത്. പ്രഹസനമാണ് അവിടെ നടന്നത്. ചെയര്‍മാന്‍ പ്രസംഗിക്കുമ്പോള്‍ കയ്യടിക്കാന്‍ പ്രത്യേകം ആള്‍ക്കാരെ അവർ ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് പ്രത്യേകം പ്രതിഫലമുണ്ടത്രേ.

ഇത്രയധികം പ്രശ്‌നങ്ങള്‍ക്കു ശേഷം ആദ്യമായി നടത്തുന്ന പിടിഎ മീറ്റിങ്ങില്‍ ഒരു രക്ഷിതാവും കയ്യടിക്കുമെന്നു തങ്ങള്‍ കരുതുന്നില്ലെന്നും വ്യാജ വാര്‍ത്തകള്‍ നല്‍കി മാധ്യമങ്ങള്‍ തങ്ങളുടെ പ്രതിഷേധത്തെ ഒറ്റുകൊടുക്കരുതെന്നും വിദ്യാര്‍ത്ഥികള്‍ നാരദാ ന്യൂസിനോടു പറഞ്ഞു.കോളേജ് എത്രയും പെട്ടെന്നു തുറന്നു പ്രവര്‍ത്തിക്കണമെന്നു തന്നെയാണു വിദ്യാര്‍ത്ഥികളുടെ ആഗ്രഹം. ജിഷ്ണുവിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുക, മരണത്തിനുത്തരവാദിയായ അധ്യാപകന്‍ സി.പി.പ്രവീണ്‍, വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍, തുടങ്ങിയവര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ ആരംഭിക്കുക, പി.ആര്‍.ഒ സഞ്ജിത്ത് വിശ്വനാഥനെ കോളേജില്‍ നിന്നു പുറത്താക്കുക, ഡിസിപ്ലിന്‍ സെല്‍ എന്ന മാനേജ്‌മെന്റ് മര്‍ദ്ദക സംവിധാനം നിര്‍ത്തലാക്കുക തുടങ്ങിയ വിദ്യാര്‍ത്ഥികളുടെ 15 ഇന ആവശ്യങ്ങള്‍ പരിഹരിച്ച ശേഷം മാത്രമേ കോളേജ് തുറക്കാന്‍ അനുവദിക്കുകയുള്ളുവെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

പ്രതിഷേധക്കാരെ പൊലീസ് കേസില്‍ പെടുത്തുന്നു


ജിഷ്ണുവിന്റെ മരണത്തിനു ശേഷം കോളേജിലുണ്ടായ പ്രതിഷേധങ്ങള്‍ക്ക് മുന്നിട്ടിറങ്ങിയ വിദ്യാര്‍ത്ഥികളെ കള്ളക്കേസില്‍ കുടുക്കി കോളേജില്‍ നിന്നു പുറത്താക്കാനും മാനേജ്‌മെന്റ് ശ്രമിക്കുന്നുവെന്നു വിദ്യാര്‍ത്ഥികള്‍ പറയുന്നു. നെഹ്രുവിലെ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി അതുല്‍ ജോസും സുഹൃത്തുമാണ് മാനേജ്‌മെന്റും പൊലീസും ചേര്‍ന്നു നടത്തുന്ന ഒത്തുകളിയില്‍ പെട്ടു കേസിലായിരിക്കുന്നത്.
'കോളേജില്‍ ചേരുന്ന സമയത്തു വാങ്ങുന്ന എസ്.എസ്.എല്‍.സി ബുക്കും പ്ലസ് ടുവിന്റെ മാര്‍ക്ക് ലിസ്റ്റും സാധാരണ കോളേജ് തിരിച്ചു കൊടുക്കാറില്ല. പാസ്‌പോര്‍ട്ടിന്റെ ആവശ്യത്തിനായി സര്‍ട്ടിഫിക്കറ്റുകള്‍ വേണമെന്നു പ്രിന്‍സിപ്പലിനെ കണ്ടു പറഞ്ഞു. തരാന്‍ പറ്റില്ലെന്നായിരുന്നു അവരുടെ മറുപടി'

- അതുല്‍ പറയുന്നു.
പിറ്റേന്നും ഇക്കാര്യവുമായി ഞങ്ങള്‍ വീണ്ടും ഓഫീസിലെത്തി. ചെയര്‍മാന്റെ നിര്‍ദേശമുണ്ട് അതിനാല്‍ സര്‍ട്ടിഫിക്കറ്റുകള്‍ താരാനാകില്ലെന്നു പ്രിന്‍സിപ്പല്‍ തീര്‍ത്തു പറഞ്ഞു. ഇക്കാര്യം എഴുതിത്തരണമെന്നു ഞാനും പറഞ്ഞു. അധ്യാപകരെയും ജീവനക്കാരെയും കൂട്ടി ഞങ്ങളെ ഓഫീസിനു പുറത്താക്കി. മദ്യപിച്ചു കോളേജില്‍ കയറി എന്ന പരാതി പൊലീസിനു കൊടുത്തിരിക്കുകകയാണ് പ്രിന്‍സിപ്പല്‍. പ്രതിഷേധിക്കുന്നവരെ പുറത്താക്കി ക്ലാസ് തുടങ്ങാമെന്നാണ് മാനേജ്‌മെന്റ് വിചാരിക്കുന്നത്.

എസ്.എഫ്.ഐ യുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി മുന്നോട്ടു പോവുമെന്നും അതുല്‍ പറഞ്ഞു.


ജിഷ്ണുവിന്റെ കുടുംബത്തിന് 25 ലക്ഷം നല്‍കണം:
എസ്എഫ്‌ഐ യുടെ സമര ആവശ്യം 1. ജിഷ്ണു പ്രണോയിയുടെ കുടുംബത്തിന് മാനേജ്‌മെന്റ് 25 ലക്ഷം രൂപ  നഷ്ടപരിഹാരം നല്‍കുക.

 2. ജിഷ്ണുവിന്റെ മരണത്തിനു കാരണക്കാരായ അധ്യാപകന്‍ സിപി പ്രവീണ്‍ കുമാര്‍, വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍ തുടങ്ങിയവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുക.

 3. പി.ആര്‍.ഒ സഞ്ജിത്ത് വിശ്വനാഥനെ കോളേജില്‍ നിന്നു പുറത്താക്കുക.

 4. ഡിസിപ്ലിന്‍ ഓഫീസേഴ്‌സ് എന്ന തസ്തിക നിര്‍ത്തലാക്കുക.

 5. വിദ്യാര്‍ത്ഥികള്‍ക്കെതിരെയുള്ള മനുഷ്യാവകാശ ലംഘനങ്ങള്‍ കോളേജ് അവസാനിപ്പിക്കുക.

 6. അഡ്മിഷന്‍ സമയത്തു വിദ്യാര്‍ത്ഥികളില്‍ നിന്നു വാങ്ങുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഒരു വര്‍ഷത്തിനു ശേഷം തിരിച്ചുനല്‍കുക.

 7. കോഷന്‍ ഡിപ്പോസിറ്റുകള്‍ കോഴ്‌സ് കഴിയുമ്പോള്‍ തന്നെ തിരിച്ചു നല്‍കുക.

 8. മൊബൈല്‍ ഫോണുകള്‍ ക്യാംപസില്‍ അനുവദിക്കുക.

 9. രാവിലെ 9.05നു ശേഷം മെയിന്‍ ഗെയിറ്റില്‍ വിദ്യാര്‍ത്ഥികളെ തടയുന്ന നടപടി അവസാനിപ്പിക്കുക.

 10. മാനേജ്‌മെന്റ് അക്കാദമിക് കാര്യങ്ങളില്‍ കൈകടത്താതിരിക്കുക.

 11. ഇന്റേണല്‍ മാര്‍ക്ക് സംവിധാനം സുതാര്യമാക്കുക.

 12. ഫൈനുകള്‍ 100ല്‍ താഴെയാക്കി നിജപ്പെടുത്തുക. ഫൈനുകള്‍ക്ക് റസീപ്റ്റ് നല്‍കുക.

 13. വിദ്യാര്‍ത്ഥി സംഘടനകളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുക.

 14. പിടിഎ രൂപീകരിക്കുക.

 15. കോളേജ് ലൈബ്രറിയ്ക്കു ജിഷ്ണു പ്രണോയിയുടെ പേരിടുക.

Read More >>