കേരളം പൊള്ളുന്നു; തൃശൂരിൽ നാലു പതിറ്റാണ്ടിനിടെയുള്ള ഏറ്റവും ഉയർന്ന ചൂട്; ഉഷ്‌ണ തരംഗത്തിന് സാധ്യത

നാലു പതിറ്റാണ്ടിനിടെ ഫെബ്രുവരിയിൽ സംസ്ഥാനത്ത് ഉണ്ടാകുന്ന ഉയർന്ന ചൂട്, 39.2 ഡിഗ്രി സെൽഷ്യസ് തൃശൂർ വെള്ളാനിക്കരയിൽ രേഖപ്പെടുത്തി. തൃശൂരിൽ ഉൾപ്പെടെ സംസ്ഥാനത്ത് ഇത്തവണ ഉഷ്‌ണതരംഗം അനുഭവപ്പെടാനുള്ള സാധ്യതയും വിദഗ്ധർ കാണുന്നുണ്ട്. കഴിഞ്ഞവർഷം സംസ്ഥാനത്ത് ആദ്യമായി പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ഉഷ്‌ണതരംഗം അനുഭവപ്പെട്ടിരുന്നു.

കേരളം പൊള്ളുന്നു; തൃശൂരിൽ നാലു പതിറ്റാണ്ടിനിടെയുള്ള ഏറ്റവും ഉയർന്ന ചൂട്; ഉഷ്‌ണ തരംഗത്തിന് സാധ്യത

ഫെബ്രുവരി പിന്നിടും മുൻപേ കടുത്ത ചൂടിലേക്ക് കടന്ന് കേരളം. നാലു പതിറ്റാണ്ടിനിടെ ഫെബ്രുവരിയിൽ സംസ്ഥാനത്ത് ഉണ്ടാകുന്ന ഉയർന്ന ചൂട് തൃശൂർ വെള്ളാനിക്കരയിൽ രേഖപ്പെടുത്തി. 39.2 ഡിഗ്രി സെൽഷ്യസ് ആണ് കാർഷിക സർവകലാശാലാ പഠനകേന്ദ്രം ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞദിവസങ്ങളിലും വെള്ളാനിക്കരയിൽ 38 ഡിഗ്രി സെൽഷ്യസിന് മുകളിലായിരുന്നു അന്തരീക്ഷ ഊഷ്മാവ്. നിലവിലെ ഊഷ്മാവിന് അനുസൃതമായി ഏപ്രിൽ, മെയ് മാസങ്ങളിൽ ചൂട് കൂടിയാൽ കടുത്ത പ്രശ്നങ്ങൾക്ക് കാരണമാവും. തൃശൂർ ജില്ലയിൽ 1996 മാർച്ചിൽ 40.4 ഡിഗ്രിസെൽഷ്യസ്‌ രേഖപ്പെടുത്തിയിരുന്നു.


പാലക്കാട് അടക്കമുള്ള പ്രദേശങ്ങളെ അപേക്ഷിച്ച് തൃശൂരിൽ ചൂടുകൂടിയത് കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമാണെന്ന നിഗമനത്തിലാണ് വിദഗ്ധർ. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ വേനൽ കൊടുക്കുമെന്ന സൂചനയാണ് ഇതുവരെയുള്ള നിരീക്ഷണങ്ങൾ സൂചിപ്പിക്കുന്നത്.

തൃശൂരിൽ ഉൾപ്പെടെ സംസ്ഥാനത്ത് ഇത്തവണ ഉഷ്‌ണതരംഗം അനുഭവപ്പെടാനുള്ള സാധ്യതയും വിദഗ്ധർ കാണുന്നുണ്ട്. കഴിഞ്ഞവർഷം സംസ്ഥാനത്ത് ആദ്യമായി പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ഉഷ്‌ണതരംഗം അനുഭവപ്പെട്ടിരുന്നു.

ഉയർന്ന അന്തരീക്ഷ താപനില കുറേക്കാലത്തേക്ക് നീണ്ടുനിൽക്കുന്ന പ്രതിഭാസമാണ് ഉഷ്‌ണതരംഗം. കടലിനോട് സാമീപ്യമുള്ള പ്രദേശമായതിനാൽ ഉയർന്ന ആർദ്രതയും ഉണ്ടാവും. ഉയർന്ന ഉഷ്‌ണതരംഗം കൃഷിനാശത്തിനും കാടുകൾ ഉണങ്ങുന്നതിനും വരൾച്ചയ്ക്കും മറ്റും കാരണമാകും.

വരൾച്ച തടയാനുള്ള താത്കാലിക നടപടികളുമായി സർക്കാരും ബന്ധപ്പെട്ട വകുപ്പുകളും സജീവമായി രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ കാലാവസ്ഥാവ്യതിയാനം നേരിടാനുള്ള ദീർഘകാല നടപടികളാണ് വേണ്ടത് എന്നാണ് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

Read More >>