'നശീകരണ നയങ്ങള്‍ക്കുള്ള സ്വാഭാവിക പ്രതികരണം'; സെപ്റ്റംബര്‍ 9 ആക്രമണത്തിന്റെ സൂത്രധാരന്‍ ഒബാമയ്‌ക്കെഴുതിയ കത്ത്

പാലസ്തീനില്‍ 60 വര്‍ഷമായി നടത്തിവന്ന ക്രൂരതകള്‍ക്ക് അമേരിക്കയുടെ തന്ത്രപ്രധാനമായ സ്ഥലത്ത് ആക്രമണം നടത്തി പ്രതികാരം ചെയ്യാന്‍ അള്ളാഹു ഞങ്ങളെ സഹായിച്ചു-കത്ത് പറയുന്നു

2001 സെപ്റ്റംബര്‍ 11ന് അമേരിക്കയെ വിറപ്പിച്ച വിമാനാക്രമണത്തെ ന്യായീകരിച്ച് ആക്രമണത്തിന്റെ സൂത്രധാരന്‍ ഖാലിദ് ഷെയ്ഖ് മുഹമ്മദ് മുന്‍ പ്രസിഡന്റ് ബരാക് ഒബാമയ്‌ക്കെഴുതിയ കത്ത് പുറത്തുവന്നു. അമേരിക്ക തുടര്‍ന്നുവന്ന നശീകരണ നയങ്ങളോടുള്ള സ്വാഭാവിക പ്രതികരണമായിരുന്നു ആക്രമണമെന്ന് ഷെയ്ഖ് മുഹമ്മദ് 18 പേജ് ദൈര്‍ഘ്യം വരുന്ന കത്തില്‍ പറയുന്നു. 2015ല്‍ എഴുതിയ കത്ത് ഒബാമ സ്ഥാനമൊഴിയുന്നതിന് തൊട്ടുമുമ്പാണ് വൈറ്റ് ഹൗസിലെത്തിച്ചത്. ഇപ്പോള്‍ ഗ്വാണ്ടിനാമോ തടവറയില്‍ വിചാരണ തടവുകാരനായി കഴിയുന്ന ഷെയ്ഖ് മുഹമ്മദ് ത്തില്‍ ഒബാമയെ കുറ്റവാളി എന്നാണ് വിശേഷിപ്പിക്കുന്നത്.


കത്തിലെ പ്രസക്ത ഭാഗങ്ങള്‍
ലോകമാകമാനം നടത്തിയ ഏകാധിപത്യ നടപടികളില്‍ നിങ്ങള്‍ ശിക്ഷ നേരിടാതെ രക്ഷപെട്ടു. അമേരിക്കന്‍-ഇന്ത്യക്കാരെ കൂട്ടക്കൊല ചെയ്തതതിനും വിയറ്റ്‌നാം, കൊറിയ, ഹിരോഷിമ, നാഗസാക്കി, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളില്‍ നടത്തിയ ക്രൂരതകള്‍ക്കും ചൈനയിലെ ഏകാധിപതി ചിയാങ്ങ് കൈഷകിനേയും മെക്‌സിക്കന്‍ ഏകാധിപതി സാന്താ അനയേയും സഹായിച്ചതിനും നിങ്ങള്‍ വിചാരണ നേരിടാതെ രക്ഷപെട്ടു. എന്നാല്‍ സര്‍വശക്തനായ അള്ളാഹു നിങ്ങളുടെ തന്ത്രപ്രധാനമായ സ്ഥലങ്ങളില്‍ ആക്രമണം നടത്തി തിരിച്ചടി നല്‍കാന്‍ ഞങ്ങളെ സഹായിച്ചു.

കഴിഞ്ഞ 60 വര്‍ഷമായി പാലസ്തീനിലെ മുസ്ലീങ്ങളെ നിങ്ങള്‍ കൊന്നൊടുക്കുകയാണ്. 40 ലക്ഷം പാലസ്തീനികളെ നിങ്ങള്‍ അഭയാര്‍ത്ഥികളാക്കി ചിതറിച്ചു. അവരുടെ സ്‌കൂളുകളും വീടുകളും ആരാധനാലയങ്ങളും ഇല്ലാതാക്കി. ഇസ്രയേല്‍ സൈന്യത്തിന് പിന്തുണ നല്‍കി പാലസ്തീനെ രാഷ്ട്രീയമായും സാമ്പത്തികമായും സൈനികമായും തകര്‍ത്തു. ഈ കുറ്റകൃത്യങ്ങളെല്ലാം യു.എന്‍ സുരക്ഷാ കൗണ്‍സിലിലൂടെ നിങ്ങള്‍ ന്യായീകരിച്ചു. ഈ 60 വര്‍ഷത്തെ ക്രൂരതകള്‍ക്ക് അമേരിക്കയുടെ തന്ത്രപ്രധാനമായ സ്ഥലത്ത് ആക്രമണം നടത്തി പ്രതികാരം ചെയ്യാന്‍ അള്ളാഹു ഞങ്ങളെ സഹായിച്ചു.

ഇറാഖിനെ നിങ്ങള്‍ ചോരക്കളമാക്കി. നിങ്ങളുടെ മുന്‍ഗാമികള്‍ ഇറാഖില്‍ നിന്ന് നാശകാരികളായ ഏതെങ്കിലും ആയുധങ്ങള്‍ കണ്ടെടുത്തിരുന്നോ? ഇല്ല. മേഖലയിലെ എണ്ണയുടെ ലഭ്യതയായിരുന്നു നിങ്ങള്‍ അധിനിവേശത്തിന് കാരണമായി കണ്ടെത്തിയത്. നിങ്ങളും നിങ്ങളുടെ സഖ്യരാഷ്ട്രങ്ങളും ചേര്‍ന്ന് ഇറാഖിനെ ആയിരക്കണക്കിന് കഷണങ്ങളാക്കി.
യുദ്ധത്തിലും സമാധാനത്തിലും ധാര്‍മികതയും സത്യസന്ധതയും പിന്തുടര്‍ന്നിരുന്ന ഷെയ്ഖ് ഒസാമ ബിന്‍ ലാദനെ അള്ളാഹു അനുഗ്രഹിക്കട്ടെ. ഏതെങ്കിലും സ്‌കൂളുകളോ ആശുപത്രികളോ വൃദ്ധസദനങ്ങളോ ആരാധനാലയങ്ങളോ നശിപ്പിക്കാതെ നിങ്ങളുടെ സാമ്പത്തിക കേന്ദ്രമായ ന്യൂയോര്‍ക്ക് സിറ്റിയെ ആക്രമിക്കാന്‍ ഒസാമയ്ക്ക് കഴിഞ്ഞു. അമേരിക്ക നടത്തിയ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും 12 വയസില്‍ താഴെയുള്ള കുട്ടികളും സ്ത്രീകളുമായിരുന്നെന്ന കാര്യം ഓര്‍മിക്കുക.

ബിന്‍ ലാദനെ വിചാരണ കൂടാതെ വധിക്കാനും മൃതദേഹം കടലില്‍ എറിയാനുമുള്ള അഭിഭാഷകന്‍ കൂടിയായ അമേരിക്കന്‍ പ്രസിഡന്റിന്റെ തീരുമാനം ലോകം മുഴുവനും കാണുകയായിരുന്നുവെന്ന് ഓര്‍മിക്കുക.