ബിയറും കോളയും ഭക്ഷണമെന്ന് അന്ന അലൂമിനിയം: അപകടകരമായ പരസ്യത്തെ തള്ളിപ്പറഞ്ഞ് ആര്‍സിസി

''റീജിയണല്‍ ക്യാന്‍സര്‍ സെന്ററിന്റെ പേരില്‍ അലൂമിനിയം പാത്രങ്ങള്‍ക്കെതിരെ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് ആര്‍സിസി അറിയിച്ചു'' എന്ന തലക്കെട്ടില്‍ മനോരമ, മാതൃഭൂമി അടക്കമുള്ള പത്രങ്ങള്‍ നല്‍കിയ വാര്‍ത്തയെന്നു തോന്നിപ്പിക്കുന്ന പരസ്യത്തിലാണ് പരാമര്‍ശം

ബിയറും കോളയും ഭക്ഷണമെന്ന് അന്ന അലൂമിനിയം: അപകടകരമായ പരസ്യത്തെ തള്ളിപ്പറഞ്ഞ് ആര്‍സിസി

റീജിയണല്‍ ക്യാന്‍സര്‍ സെന്ററിന്റെ മറവില്‍ ബിയര്‍, കൊക്കകോള, പെപ്‌സി എന്നിവ ഭക്ഷണ വസ്തുക്കളാണെന്ന പ്രചാരണവുമായി അന്ന അലൂമിനിയം രംഗത്ത്. വാര്‍ത്തയാണോ, പരസ്യമാണോ എന്നു വ്യക്തമാകരുതെന്ന കുബുദ്ധിയോടെ മനോരമയടക്കമുള്ള പത്രങ്ങളാണ് പരസ്യം പ്രചരിപ്പിച്ചത്.

റീജിയണല്‍ ക്യാന്‍സര്‍ സെന്ററിലെ ഡോക്ടര്‍മാര്‍ പറഞ്ഞു എന്ന പേരില്‍ വാട്‌സപ്പിലും ഫേസ്ബുക്കിലും നടക്കുന്ന സന്ദേശങ്ങള്‍ ചൂണ്ടിക്കാട്ടി അന്ന അലൂമിനിയം ആര്‍സിസിക്ക് പരാതി നല്‍കി. ഈ സന്ദേശങ്ങളുമായി ആര്‍സിസിക്ക് ബന്ധമുണ്ടോ എന്നായിരുന്നു ്‌പേക്ഷയിലൂടെ ഉന്നയിച്ച ചോദ്യം. റീജിയണല്‍ ക്യാന്‍സര്‍ സെന്ററിന്റെ പബ്ലിക് റിലേഷന്‍ ഓഫീസര്‍ അന്ന അലൂമിനിയം കമ്പനി ഡയറക്ടര്‍ക്ക് നല്‍കിയ ഒരു വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണ് വ്യാജപാരചാരണം.


[caption id="attachment_81421" align="aligncenter" width="966"] മനോരമയില്‍ വന്ന പരസ്യം[/caption]

അലൂമിനിയം പാത്രങ്ങളുടേയും പ്ലാസ്റ്റിക് പാത്രങ്ങളുടേയും ഉപയോഗത്തെ കുറിച്ച് ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സാമൂഹ്യമാധ്യമങ്ങളില്‍ ആര്‍സിസി ഡോക്ടര്‍മാരുടെ അഭിപ്രായം എന്ന രീതിയില്‍ പ്രചരിക്കുന്ന കാര്യങ്ങള്‍ക്ക് ആര്‍സിസിയുമായി യാതൊരു ബന്ധവുമില്ല. ആര്‍സിസിയുടെ എന്ന വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള വിവരങ്ങള്‍ക്ക് മാത്രമേ ഞങ്ങള്‍ക്ക് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയുള്ളു- എന്നായിരുന്നു ആര്‍സിസിയുടെ വിശദീകരണം. ആര്‍സിസിയുടെ ലെറ്റര്‍പാഡില്‍ നല്‍കിയ ഈ വിശദീകരണം ഉള്‍പ്പെടുത്തി ആര്‍സിസി പറയാത്ത കാര്യങ്ങള്‍ കൂടി പരസ്യത്തില്‍ ഉള്‍പ്പെടുത്തി.

അലൂമിനിയം പാത്രത്തില്‍ ഭക്ഷണം പാകം ചെയ്താല്‍ ക്യാന്‍സര്‍ ഉണ്ടാകുമെന്ന് റീജിയണല്‍ ക്യാന്‍സര്‍ സെന്ററിലെ ഡോക്ടര്‍മാരുടെ പേരില്‍ വന്ന വാട്ട്‌സപ്പ് പോസ്റ്റുകള്‍ വ്യാജമാണെന്ന് ആര്‍സിസി മാനേജ്‌മെന്റ് അറിയിച്ചു. ഇങ്ങനെ ഒരു മേസേജ് മാനേജ്‌മെന്റോ ഡോക്ടര്‍മാരോ പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് അവരുടെ കത്തില്‍ വ്യക്തമാക്കുന്നു- എന്ന പരസ്യത്തിലെ വാചകം അപ്പാടെ നുണയാണ്. കത്തില്‍ അങ്ങനെ പരാമര്‍ശമില്ല.ആര്‍സിസി പറഞ്ഞത് എന്ന നിലയില്‍ തുടര്‍ന്ന് അലൂമിനിയത്തിന്റെ വീരഗാഥ പറയുന്നിടത്താണ് ബീയറും കൊക്കോകോളയും പെപ്‌സിയും ഭക്ഷണപാനീയങ്ങളാണെന്ന് പരസ്യം ജനത്തോട് പറയുന്നത്.ഇതും ആര്‍സിസി പറയുന്നതായാണ് തോന്നിപ്പിക്കുക.

നമ്മുടെ നിത്യജീവിതത്തില്‍ മരുന്നുകള്‍ തുടങ്ങി ദിവസവും ഉപയോഗിക്കുന്ന ടൂത്ത്‌പേസ്റ്റ് വരെയുള്ള പലമേഖലകളിലും അലൂമിനിയം ഉപയോഗിക്കുന്നു. ഉദാഹരണമായി ഗ്യാസ്ട്രബിളിന് ഉപയോഗിക്കുന്ന ജെലൂസിലിന്‍ ചൂണ്ടിക്കാണിക്കുന്നു. അതില്‍ അലൂമിനിയം ഹൈഡ്രോക്‌സൈഡ് പ്രധാന ഘടകമാണെന്ന് പറഞ്ഞ് വിവരത്തെ ശാസ്ത്രീയമാക്കുന്നു. വയറ്റിലെ അസിഡിറ്റിയെ ലഘൂകരിക്കാനിത് സഹായിക്കുന്നു എന്നും പറയുന്നു. കുടിവെള്ളം ശുദ്ധീകരിക്കുന്ന ആലം അലൂമിനിയമാണെന്നും സമര്‍ത്ഥിക്കുന്നു.
'ഭക്ഷണ പാനീയങ്ങളായ കൊക്കോകോള, പെപ്‌സി, ബിയര്‍ എന്നിവ' അലൂമിനിയം കാനുകളിലാണ് സൂക്ഷിക്കുന്നത്. പല മരുന്നുകളും പാക്ക് ചെയ്യാന്‍ അലൂമിനിയം ഫോയില്‍ ആണ് ഉപയോഗിക്കുന്നത്. ആരോഗ്യത്തിന് ഹാനികരമെങ്കില്‍ ഇവയൊന്നും ഉപയോഗിക്കാന്‍ നിയമം അനുവദിക്കുകയില്ല. ഐഎസ്‌ഐ മുദ്രയുള്ള ശുദ്ധമായ അലൂമിനിയം പാത്രങ്ങള്‍ ആരോഗ്യത്തിന് ഹാനികരമെന്നോ ക്യാന്‍സര്‍ ഉണ്ടാക്കുമെന്നോ ശാസ്ത്രീയമായ തെളിവുകളൊന്നുമില്ല- ആര്‍സിസിയുടെ ഔദ്യോഗിക സ്ഥിരീകരണം എന്നു തോന്നിപ്പിച്ച് പരസ്യം പറയുന്നു.പരസ്യം നല്‍കിയത് ആരാണെന്നു വ്യക്തമല്ല.

പരസ്യത്തെ തള്ളിപ്പറഞ്ഞ് ആര്‍സിസി ഇറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. തെറ്റിദ്ദരിപ്പിക്കുന്ന പരസ്യം നല്‍കിയ മാധ്യമങ്ങളോടും അന്ന എലൂമിനിയത്തോടും ആര്‍സിസി വിശദീകരണം ചോദിച്ചിട്ടുണ്ട്. തിരുത്ത് നല്‍കാമെന്ന് അറിയിച്ചതായി ആര്‍സിസി പിആര്‍ഒ അറിയിച്ചു.