ചെമ്മീനില്‍ വിവാദച്ചാകര: തകഴി ജീവിച്ചിരിക്കെ ആഘോഷം അനുവദിച്ചിട്ടില്ലെന്ന് ദിനകരന്‍; പറഞ്ഞു മനസിലാക്കുമെന്ന് മന്ത്രി ബാലന്‍

ചെമ്മീൻ സിനിമയുടെ അമ്പതാം വാർഷികാഘോഷം നടത്താനുള്ള സർക്കാർ നീക്കം തടയാൻ ശ്രമിക്കുമെന്ന് ധീവരസഭ സംസ്ഥാന സെക്രട്ടറി വി ദിനകരൻ ആവര്‍ത്തിക്കുന്നു- പ്രകോപിപ്പിക്കാതെ മന്ത്രി ബാലനും സുധാകരനും

ചെമ്മീനില്‍ വിവാദച്ചാകര:  തകഴി ജീവിച്ചിരിക്കെ ആഘോഷം അനുവദിച്ചിട്ടില്ലെന്ന് ദിനകരന്‍; പറഞ്ഞു മനസിലാക്കുമെന്ന് മന്ത്രി ബാലന്‍

അഭ്രപാളിയിലെത്തി അരനൂറ്റാണ്ട് പിന്നിടുമ്പോഴും ചെമ്മീൻ സിനിമയുടെ പേരിലുള്ള വിവാദം മുറുകുകയാണ്. ചെമ്മീൻ സിനിമയായതിന്റെ അമ്പതാം വാർഷികം ആഘോഷിക്കാൻ അമ്പലപ്പുഴ പുറക്കാട് കടപ്പുറം ഒരുങ്ങുന്നതിനിടെയാണ് തടയുമെന്ന ഭീഷണിയുമായി ധീവരസഭ രംഗത്തെത്തിയത്. മത്സ്യത്തൊഴിലാളികളെ അടച്ചാക്ഷേപിച്ച ചെമ്മീൻ സിനിമയുടെ വാർഷികം ആഘോഷിക്കാൻ അനുവദിക്കില്ലെന്നും എല്ലാ ശക്തിയുമെടുത്ത് കടപ്പുറത്ത് തടയുമെന്ന നിലപാടിൽ ധീവരസഭ ജനറൽ സെക്രട്ടറി വി ദിനകരൻ ഉറച്ചു നിൽക്കുന്നു.


ചെമ്മീൻ സിനിമയെക്കുറിച്ച് വി ദിനകരനുള്ളത് തെറ്റിദ്ധാരണയാണെന്നും അദ്ദേഹത്തെ തിരുത്താൻ ശ്രമിക്കുമെന്നും പറഞ്ഞു മനസിലാക്കുമെന്നും സാംസ്ക്കാരിക മന്ത്രി ഏ കെ ബാലൻ പറഞ്ഞു. ഏതെങ്കിലും സമൂഹത്തെ അപമാനിക്കുന്ന നോവലല്ല ചെമ്മീൻ. ലോകപ്രശസ്തമായ കൃതിയാണത്. അതിനെ അടിസ്ഥാനമാക്കിയുള്ള ഒരു സിനിമയെ മോശമായി ചിത്രീകരിക്കുന്നതെങ്ങനെയെന്ന് മനസ്സിലാകുന്നില്ലെന്ന് മന്ത്രി പറഞ്ഞു.

ദിനകരന്‍ സാറുമായി അടുത്ത സൌഹൃദമുണ്ട്. കുറേക്കാലമായി അറിയാം. ഇതൊക്കെ കാര്യമാക്കേണ്ടതുണ്ടോ എന്നാണ് പരിപാടി മുടക്കും എന്നു പറയുന്ന സ്ഥലത്തെ എംഎല്‍എ കൂടിയായ മന്ത്രി ജി. സുധാകരന്‍ പറയുന്നത്.

മന്ത്രിമാരുടെ ഭാഗത്തു നിന്നും രൂക്ഷമായ പരാമര്‍ശങ്ങളൊന്നും ഉണ്ടായിട്ടില്ല. ദിനകരന്‍റെ എതിര്‍പ്പിനെ കാര്യമാക്കാതെ പരിപാടിയുമായി മുന്നോട്ടു പോവുകയാണ് സര്‍ക്കാര്‍.

എന്നാൽ മുൻനിലപാടിൽ മാറ്റമില്ലെന്ന് വി ദിനകരൻ നാരദാന്യൂസിനോട് പറഞ്ഞു.  സിനിമയുടെ ആഘോഷപരിപാടികൾ മറ്റെവിടെയെങ്കിലും നടത്തട്ടെ . യാഥാർത്ഥ്യവുമായി ബന്ധമില്ലാത്ത സിനിമയാണത്. സ്ത്രീകളെ മോശമായും മത്സ്യത്തൊഴിലാളികളെ മദ്യപാനികളായും, കടം മേടിച്ചാൽ തിരിച്ചു കൊടുക്കാത്തവരുമായൊക്കെയാണ്  അതിൽ ചിത്രീകരിച്ചിരിക്കുന്നതെന്ന് ദിനകരൻ പറയുന്നു.
കടാപ്പുറം എന്ന് ധീവര സമുദായത്തിൽപ്പെട്ടവർ പറയാറില്ല.കടപ്പുറം എന്നു തന്നെയാണ് പറയുന്നത്. ഞങ്ങളുടെ കുട്ടികൾക്കെല്ലാം ജാതി പറയുന്നത് പോലും മടിയാണ്. പറഞ്ഞാൽ ഇതൊക്കെ പറഞ്ഞ് അവരെ കളിയാക്കും. എവി താമരാക്ഷൻ എംഎൽഎ ആയിരുന്നപ്പോൾ നിയമസഭയിൽ കോടിയേരി ബാലകൃഷ്ണൻ അദ്ദേഹത്തെ ചെമ്പൻകുഞ്ഞെന്നാണ് വിളിച്ചത്. അപ്പോൾ പിന്നെ സാധാരണ ആളുകളുടെ കാര്യം പറയേണ്ടല്ലോ. ചെമ്മീൻ സിനിമയ്ക്ക് ശേഷം ഇതെല്ലാം അവസാനിച്ചെന്നാ കരുതിയത്. അമരത്തിലും അനിയത്തിപ്രാവിലും ധീവര സമുദായക്കാരെ മദ്യപാനികളായും മറ്റും തന്നെയാണ് ചിത്രീകരിച്ചിരിക്കുന്നത്. മത്സ്യത്തൊഴിലാളി മേഖലയിൽ ലാറ്റിൻ, മുസ്ലീം വിഭാഗക്കാരുമുണ്ടല്ലോ. അവരെയൊന്നും സിനിമകളിൽ പറയുന്നില്ലല്ലോ. അത് എന്താണെന്ന് മനസ്സിലാകുന്നില്ല- വി ദിനകരൻ

ചെമ്മീൻ സിനിമയുടെ ആഘോഷം മറ്റെവിടെയെങ്കിലും നടത്തുന്നതിൽ എതിർപ്പില്ലെന്നും ദിനകരൻ പറഞ്ഞു. നീർക്കുന്നത്തും  പുറക്കാടും നടത്താൻ സമ്മതിക്കില്ല. തകഴി ജീവിച്ചിരുന്ന കാലത്ത് സിനിമയുടെ അണിയറക്കാർക്ക് നീർക്കുന്നത് സ്വീകരണം നൽകാൻ തീരുമാനിച്ചിരുന്നെങ്കിലും അന്ന് ധീവര സമുദായത്തിന്റെ എതിർപ്പു മൂലം പരിപാടി നടത്താൻ കഴിഞ്ഞിരുന്നില്ലെന്നും ദിനകരൻ ചൂണ്ടിക്കാട്ടുന്നു.

മത്സ്യത്തൊഴിലാളികളുടെ ഇടയിൽ വർഗ്ഗീയ ചേരിതിരിവുണ്ടാക്കാനുള്ള ശ്രമമാണ് ദിനകരന്റേത് എന്നാരോപിച്ച് മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി പി ചിത്തരഞ്ജൻ രംഗത്തെത്തി. മത്സ്യത്തൊഴിലാളിയുടെ പച്ചയായ ജീവിത യാഥാർത്ഥ്യമാണ് സിനിമയിലൂടെ വരച്ചു ചേർത്തിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സാമൂഹിക മാറ്റത്തിന് കൂടി ഇടയാക്കിയ സൃഷ്ടിയാണ് ചെമ്മീൻ എന്നും അദ്ദേഹം പറഞ്ഞു.
വി ദിനകരന്റെ നേതൃത്വത്തിലുള്ള മത്സ്യഫെഡിന്റെ ഭരണസമിതി നടത്തിയ അഴിമതിയും സ്വജനപക്ഷപാതവുമെല്ലാം അന്വഷണത്തിലാണ്. ഇതിനെതിരെ ദിനകരൻ ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി അത് തള്ളുകയായിരുന്നു. തന്റെ കസേര നിലനിർത്താൻ കഴിയില്ലെന്ന് വന്നപ്പോൾ അതിലെ വൈരാഗ്യവും അസഹിഷ്ണുതയും വിദ്വേഷവുമാണ് യഥാർത്ഥത്തിൽ പുറത്ത് ചെമ്മീനിനെ എതിർക്കുന്നതിന് പിന്നിലുള്ളത്.- പി പി ചിത്തരഞ്ജൻ'ചെമ്മീൻ' ആഘോഷവുമായി ബന്ധപ്പെട്ട വി ദിനകരന്റെ പ്രസ്താവന വിവാദമായതിന് പിന്നാലെ ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നവമാദ്ധ്യമങ്ങളിലടക്കം ചർച്ചകൾ നടക്കുന്നുണ്ട്. 1956ലാണ് തകഴിയുടെ ചെമ്മീൻ എന്ന നോവൽ പ്രസിദ്ധീകരിച്ചത്.  1965 ഓഗസ്റ്റ്‌ 19നാണ്‌ ചെമ്മീൻ സിനിമ രൂപത്തിലായത്‌.

ആലപ്പുഴയിൽ നടക്കുന്ന വിപുലമായ ആഘോഷപരിപാടികൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പരിപാടികളുടെ സംഘാടനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ എ കെ ബാലൻ, പി തിലോത്തമൻ, ജി സുധാകരൻ, ഡോ.ടി എം തോമസ്‌ ഐസക്‌, പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല എന്നിവർ മുഖ്യ രക്ഷാധികാരികളായി സംഘാടക സമിതി രൂപീകരിച്ചിട്ടുണ്ട്..

Read More >>