പാക് അധീനകാശ്മീരിലെ മിന്നലാക്രമണം; തീരുമാനമെടുത്തത് പ്രധാനമന്ത്രിയുടെ നേതൃത്വത്തിലായിരുന്നുവെന്ന് രാജ്‌നാഥ് സിംഗ്

യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കൊപ്പം താനും പങ്കെടുത്തിരുന്നുവെന്നും രാജ്‌നാഥ് സിംഗ് വെളിപ്പെടുത്തി. യോഗത്തില്‍ മിന്നലാക്രമണം നടത്തുകയെന്ന തീരുമാനമാണുണ്ടായത്...

പാക് അധീനകാശ്മീരിലെ മിന്നലാക്രമണം; തീരുമാനമെടുത്തത് പ്രധാനമന്ത്രിയുടെ നേതൃത്വത്തിലായിരുന്നുവെന്ന് രാജ്‌നാഥ് സിംഗ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അടിയന്തര യോഗത്തിലാണ് നിയന്ത്രണരേഖ കടന്നു മിന്നലാക്രമണം നടത്തുകയെന്ന തീരുമാനം എടുത്തതെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. 17 ജവാന്‍മാര്‍ കൊല്ലപ്പെട്ട ഉറിയിലെ സൈനിക ക്യാംപിനുനേരെയുണ്ടായ ഭീകരാക്രമണത്തിനു പിന്നാലെയാണ് യോഗം ചേര്‍്ന്നതും മിന്നലാക്രമണത്തിനു തീരുമാനമെടുത്തതെന്നും രാജ്‌നാഥ് സിംഗ് സൂചിപ്പിച്ചു.

യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കൊപ്പം താനും പങ്കെടുത്തിരുന്നുവെന്നും രാജ്‌നാഥ് സിംഗ് വെളിപ്പെടുത്തി. യോഗത്തില്‍ മിന്നലാക്രമണം നടത്തുകയെന്ന തീരുമാനമാണുണ്ടായത്. സെപ്റ്റബര്‍ 28, 29 തിയതികളിലെ രാത്രിയില്‍ പാക്ക് അധിനിവേശ കശ്മീരിലെ ഭീകരരുടെ ഏഴ് ലോഞ്ച് പാഡുകളിലായിരുന്നു ഇന്ത്യന്‍ സ്‌പെഷ്യല്‍ ഫോഴ്‌സ് മിന്നലാക്രമണം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

ഉറിയിലെ സൈനിക ക്യാംപിനുനേരെ ആക്രമണമുണ്ടായി 11 ദിവസത്തിനുശേഷമാണ് മിന്നലാക്രമണം നടത്തിയത്. മിന്നലാക്രമണത്തെ തുടര്‍ന്നു നുഴഞ്ഞുകയറാന്‍ തയാറായിരുന്ന ഭീകരര്‍ക്ക് കാര്യമായ നഷ്ടമുണ്ടായി എന്നു മാത്രമാണ് സൈന്യം അറിയിച്ചതെന്നും രണാജ്‌നാഥ് സിംഗ് പറഞ്ഞു. നമ്മള്‍ ദുര്‍ബ്ബലമായ ഒരു രാജ്യമല്ലെന്നും ശക്തരാണെന്നും മിന്നലാക്രമണം നടത്തിയതിലൂടെ ലോകത്തോട് പറയാന്‍ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.