ജയശങ്കറിന്റെ 'സഹിഷ്ണുത'

കെ രാജേശ്വരി എന്ന അപരനാമത്തിൽ മാധ്യമം വാരികയിൽ ലേഖനമെഴുതിത്തുടങ്ങുകയും ഇന്ത്യവിഷനിലൂടെ പിന്നീട് എല്ലാ ചാനൽ ചർച്ചകളുടെയും താരമായി മാറുകയും ചെയ്ത അഡ്വ. ജയശങ്കർ വിമർശനങ്ങളോട് എങ്ങനെയാണു പ്രതികരിക്കുക എന്നു സ്വാനുഭവം മുൻനിർത്തി വിവരിക്കുന്നു, ബിബിസി സൗത്ത് ഏഷ്യ ലേഖകനും '90കളിലെ എസ്എഫ്ഐ പത്തനംതിട്ട ജില്ലാ നേതാവുമായിരുന്ന രാജേഷ് കൃഷ്ണ. ഫേസ്ബുക്കിൽ പ്രസിദ്ധീകരിച്ച പോസ്റ്റിന്റെ പുനഃപ്രസിദ്ധീകരണം.

ജയശങ്കറിന്റെ

രാജേഷ് കൃഷ്ണ

ജയശങ്കർ വക്കീലിനെ ആദ്യമായി കണ്ടത്, പരിചയപ്പെട്ടത്, എന്റെ സുഹൃത്ത് വർഗ്ഗീസ് ആന്റണിയുടെ സംഭവബഹുലമായ വിവാഹവ്യവഹാരത്തിന്റെ പാരമ്യത്തിൽ ഹൈക്കോടതി വരാന്തയിൽ വച്ചാണ്. വിരസവും സംഘർഷ ഭരിതവുമായ പകൽ തള്ളിനീക്കാൻ സ്വാഭാവികമായി അകത്തുനടക്കുന്ന സംഭവത്തിൽ വലിയ ആശങ്കകളില്ലാത്ത ഞങ്ങൾ രാഷ്ട്രീയ ചർച്ചയിലേക്ക് കടന്നു. അക്കാലത്തെ ഇന്ത്യാവിഷൻ താരങ്ങളായ സനീഷും എംപി ബഷീറും ജയശങ്കർ ഫാൻസ്‌ അസോസിയേഷന്റെ അക്കാലത്തെ അപ്രഖ്യാപിത പ്രസിഡണ്ട് വർക്കിയും (അക്കാലത്തെ എന്നത് തിരുത്തി എക്കാലത്തെയും എന്നാക്കുന്നു കാരണം ഒരു മണിക്കൂർ മുൻപ് വർക്കിയെ വിളിച്ചപ്പോഴും അവൻ അതിൽ ഉറച്ചു നിൽക്കുന്നു) എനിക്ക് അദ്ദേഹത്തെക്കുറിച്ചു പലപ്പോഴായി തന്നിട്ടുള്ള, കേരള രാഷ്ട്രീയത്തെക്കുറിച്ച് അഗാധ പാണ്ഡിത്യമുള്ള ആളെന്ന മുൻവിധിയോടെയുള്ള, എന്റെ കാഴ്ചപ്പാടിനെ അടിവരയിടുന്നതായിരുന്നു അദ്ദേഹത്തിന്റെ സംഭാഷണങ്ങളും കഥകളും.


ആ അനർഗ്ഗളനിർഗ്ഗളമായ ഒഴുക്കിനു മുന്നിൽ ചരിത്രത്തിൽ ബിരുദാനന്തര ബിരുദമുണ്ടെങ്കിലും ചരിത്ര ബോധമില്ലാത്തവൻ എന്ന് എന്നെ പലവട്ടം ഞാൻ മനസ്സിൽ വിളിച്ചു. എന്നേക്കാൾ എന്തുകൊണ്ടും ചരിത്രബോധമുള്ള കെ പി ജയകുമാർ പലപ്പോഴും പലതിനോടും വിയോജിക്കുന്നത് ഞാൻ അമർഷത്തോടെ കണ്ടു. ആ ഒഴുക്കുള്ള സംഭാഷണത്തിന്റെ ഒഴുക്കു മുറിഞ്ഞക്കും എന്നതായിരുന്നു എന്റെ പേടി. ആ കോടതിയിലുള്ള എല്ലാ ജഡ്ജിമാരുടെയും കേരളത്തിലെ ജീവിച്ചിരിക്കുന്നതും കുഴിയിൽ പോയതുമായ ഒട്ടുമിക്ക രാഷ്ട്രീയക്കാരുടെയും അടുക്കളകഥകൾ വരെ സരസമായി ഒരു ചിരിയുടെ അകമ്പടിയോടെ വിളമ്പി. എന്തായാലും രാവിലെ പത്തിനു തുടങ്ങിയ നിൽപ്പ് നാലുമണി കടന്നതോടെ എനിക്കും അഭിപ്രായം പറയാവുന്ന ഒരു സ്വാതന്ത്ര്യം ഞാൻ സ്വയം സ്ഥാപിച്ചെടുത്തെന്ന ആത്മവിശ്വാസത്തിൽ രണ്ടും കൽപ്പിച്ചു 'വാരാന്ത്യ'ത്തിലെ ജാതീയമായ പരാമർശങ്ങളും ചില നേതാക്കന്മാരുടെ പേരുകൾക്കൊപ്പം ചില വ്യംഗ്യാർത്ഥ പരാമർശങ്ങളും അതിനകമ്പടിയായുള്ള വഷളൻ ചിരിയും ബോറാണെന്ന് ഞാനങ്ങു പറഞ്ഞതു മാത്രമേ ഓർമ്മയുള്ളൂ. അത്രനേരം പ്രസന്നമായിരുന്ന മുഖത്ത് ഉരുണ്ടുകൂടിയ സഹിഷ്ണുതയുടെ നവരസങ്ങൾ ഞാൻ കണ്ടു.

ഒരു യാത്ര പോലും പറയാതെ അത്രയും നേരം സുഹൃത്തുക്കളായിരുന്ന ഞങ്ങൾ പിരിഞ്ഞപ്പോൾ അതു വേണമായിരുന്നോ എന്നൊരുനിമിഷം തോന്നി. പണ്ടേ എന്നെ ഉപേക്ഷിക്കുന്നവരുടെ പിന്നാലെ പോയി സൗഹൃദം തിരിച്ചുപിടിക്കുന്ന ശീലമില്ല, മറിച്ച്‌ എന്റെ ഭാഗത്താണു തെറ്റെങ്കിൽ എത്ര താഴ്ന്നും ഞാൻ ക്ഷമപറയാൻ തയാറാകും. പക്ഷെ അതിനു ശേഷം അദ്ദേഹത്തെ ഞാൻ രണ്ടു വട്ടം കൂടി കണ്ടു, രണ്ടും എന്റെ ആവശ്യമായിരുന്നു.

കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിലെ ഏറ്റവും വലിയ 'സ്വതന്ത്ര' രാഷ്ട്രീയ നിരീക്ഷകനായി സ്വയം അവരോധിതനായി വിലസുന്ന കാലം. ഇന്ത്യാവിഷനിലെ തെരഞ്ഞെടുപ്പ് വിശകലന പരിപാടിയിൽ സി എൻ പ്രകാശിനൊപ്പം അദ്ദേഹം പാലക്കാട് ആലത്തൂർ മണ്ഡലങ്ങളെ കീറിമുറിച്ചു പരിശോധിച്ച ശേഷം എം ബി രാജേഷും പി കെ ബിജുവും ഉറപ്പായും തോൽക്കുമെന്നു വിധിയെഴുതി. വർക്കിയുടെ ഫ്ലാറ്റിലിരുന്നാണ് ഞാൻ പരിപാടി കണ്ടത്. പികെയുടെ സുഹൃത്തായ വർക്കി ഇത് കുഴപ്പമാകുമല്ലോയെന്ന് ആശങ്കപ്പെട്ടു. പികെയുമായും ഞങ്ങൾ ഈ വിവരം പങ്കുവച്ചു. നമ്മുടെ പ്രോഗ്രസ്സ് റിപ്പോർട്ടുമായി ഞാൻ ഒന്ന് പോയി കാണുന്നുണ്ടെന്നു പറഞ്ഞപ്പോൾ പികെ സ്ഥിരം ഡയലോഗടിച്ചു 'നീയെന്നെ തോപ്പിച്ചേ അടങ്ങൂ അല്ലേ'. ഞാൻ മനസ്സിൽ പറഞ്ഞു, ഈയിടയായി എനിക്ക് നല്ല ക്ഷമയാ. പികെയുടെ ഭാഷയിൽ അതൊരു 'യെസ്'ആണ്. വേണ്ടെങ്കിൽ വേണ്ടെന്നു വ്യക്തമായി പറയും പികെ.

അടുത്ത ഒരു ദിവസം തന്നെ ഒരു പരിപാടിക്കിടയിൽ ജയശങ്കറിനെ റിനൈസൺസ് ഹോട്ടലിൽവച്ചു കണ്ടു. ഞാൻ ഓടിപ്പോയി കാറിൽ നിന്ന് പികെയുടെ ആലത്തൂർ മണ്ഡലത്തിലെ പ്രോഗ്രസ്സ് റിപ്പോർട് എന്ന പേരിൽ ഇറക്കിയ വികസന രേഖയുടെ ഒരു കോപ്പിയും എംബിആറിന്റെ ചില മെറ്റീരിയൽസും എടുത്ത് അദ്ദേഹത്തിനു നൽകി. ഇതൊക്കെ ഇവിടെ നടന്നിട്ടുണ്ട് എന്നൊന്ന് ബോധ്യപ്പെടുത്തുക മാത്രമായിരുന്നു എന്റെ ലക്‌ഷ്യം. സ്ഥായീഭാവമായ പുച്ഛത്തോടെ അടുത്തു നിന്ന നാലാളെ കേൾപ്പിക്കാനായി പറഞ്ഞു
'ഒരു കാര്യവുമില്ല ഇവൻ ജയിക്കില്ല ഉറപ്പ്, ഇത്തവണ അച്യുതന്റെ സ്വന്തം സ്ഥാനാർഥിയാ ഷീബ, പാലക്കാട്ടെ മറ്റവനുണ്ടല്ലോ ആ നായർ, അവനും തോൽക്കും കൊറേ ഉണ്ണാക്കന്മാർ...' തിരിഞ്ഞ് എന്നോടായിപ്പറഞ്ഞു 'ഇത്തവണ പോയി സമയം കളയണ്ട കേട്ടോ'.

മണ്ഡലത്തെ അടുത്തറിയാവുന്ന എനിക്ക് ഒട്ടും ഭയം തോന്നിയില്ലെങ്കിലും ഞാൻ മിണ്ടാതെ തിരികെ പോന്നു. റിസൾട്ട് വന്നു പി കെ ബിജുവിന് ഇരട്ടിയിലധികം ഭൂരിപക്ഷം, എം ബി രാജേഷിന് ഒരു ലക്ഷത്തിലധികവും.

ഒരു വൈകുന്നേരം ആലുവായിലുള്ള ഒരു സുഹൃത്തിന്റെ വിവാഹ തലേന്നുള്ള പാർട്ടിയിൽ പോണോ വേണ്ടയോ എന്ന് ചിന്തിച്ചിരിക്കുന്നു. അവിടെ നിന്നുവിളിച്ച ഒരു സുഹൃത്തു പറഞ്ഞു, നിന്റെ സുഹൃത്തുക്കൾ പത്രക്കാരൊക്കെയുണ്ട് ദാ ഇപ്പൊ ജയശങ്കർ വന്നു, എന്നു കേട്ടതും ഞാൻ പോകാനിറങ്ങി. ചെന്നപാടെ അദ്ദേഹത്തെ കണ്ടു പതിവുപോലെ ചുറ്റും ഒരു കൂട്ടമുണ്ട്, രാഷ്ട്രീയ വിശകലനത്തിലാണ്. ചാലക്കുടിയിലെ അദ്ദേഹത്തിന്റെ പ്രവചനം പൊളിഞ്ഞതിന്റെ കാര്യ കാരണസഹിതമായ വിശദീകരണത്തിലാണ് അദ്ദേഹം. 'ബാക്കി മിക്കതും ഞാൻ പറഞ്ഞപോലെ സംഭവിച്ചില്ലേ' എന്നു ഗർവോടെ പറഞ്ഞു നോക്കിയതും എന്റെ മുഖത്തേയ്ക്കാണ്. അവിടെ നിന്ന് ഞാൻ തുടങ്ങി ഒരേ ഒരു വാചകമേ ഞാൻ പറഞ്ഞുള്ളു "ശരിയാ പി കെ ബിജുവും എം ബി രാജേഷും തോറ്റു. നിങ്ങളും വെള്ളാപ്പള്ളിയും ഒരുപോലെയാ. ആരെ തോൽപ്പിക്കണമെന്നു തീരുമാനിക്കുന്നോ അവരെ ജനം ജയിപ്പിക്കും. അടുത്ത തിരഞ്ഞെടുപ്പിലും വരണേ ചിലർ തോൽക്കും എന്നുപറഞ്ഞ്." വീണ്ടും ഒരിക്കൽക്കൂടി ഞാൻ കണ്ടു, ആ 'സഹിഷ്ണുത'യുടെ മിന്നലാട്ടം.

പറഞ്ഞു വന്നത് അതിനു ശേഷം അതേഭാവങ്ങൾ കാണാൻ യോഗമുണ്ടായത് ഇന്നലെയാണ്. ഇന്നലെ ഞാൻ അടിവരയിട്ടു, ആ സൗഹൃദം തുടരാഞ്ഞത്‌ നന്നായി എന്ന്. അടുത്തു നിരീക്ഷിച്ചിട്ടുള്ളവർക്കറിയാം അദ്ദേഹത്തിന്റെ 'modus operandi'. അദ്ദേഹത്തിന്റെ പരിപാടിയിലൂടെ മിക്ക നേതാക്കളെയും ജാതീയമായും വഷളൻ കമന്റുകളോടും കൂടി പരമാവധി ചൊറിഞ്ഞ്, പ്രകോപിപ്പിച്ചു വച്ചിരിക്കും. ചർച്ചയിൽ വരുമ്പോൾ തന്നെ ഏതൊരുത്തനും അദ്ദേഹത്തെ ആക്രമിക്കണമെന്നു തോന്നും. അവരെ തൊടാതെ അവരുടെ സെൻസിറ്റീവ് സബ്‌ജക്റ്റിൽ അല്ലെങ്കിൽ അവരുടെ നേതാക്കളിൽ ആവും പിടിക്കുക. കുറെ ആകുമ്പോൾ ഏതു സൗമ്യനും നിയന്ത്രണം പോകും. അപ്പോൾ മാന്യതയുടെ മുഖംമൂടിയും ധരിച്ച് വഷളൻ ചിരിയോടെ അതാസ്വദിച്ചിരിപ്പുണ്ടാകും അദ്ദേഹം. അവസാനം ഇങ്ങനെ അവസാനിപ്പിക്കും 'കണ്ടില്ലേ ഇവന്മാരുടെ തനി കൊണം. ഊള, കൊഞ്ഞാണൻ...´ കാണുന്ന നമുക്കും തോന്നും, ശരിയല്ലേ?  ഇന്നലെ മാന്യന് ചുവടു പിഴച്ചു. അസത്യത്തിന്റെ അകമ്പടിയോടെ കരച്ചിലു കണ്ടില്ലേ, 'എന്റെ അച്ഛനും അമ്മക്കും പറഞ്ഞേ... !!!'

എന്തായാലും പ്രിയ ഇരുട്ടത്ത്‌ ആർഎസ്എസ് വെട്ടത്ത് സിപിഐ വക്കീലേ... താങ്കൾ അടുത്ത തിരഞ്ഞെടുപ്പിനും വരണേ, നിഷ്പക്ഷ നിരീക്ഷണങ്ങളുമായി ...!!!