സഹപ്രവർത്തകനെ അപമാനിക്കാൻ പൊതുപരീക്ഷയ്ക്കെത്തിയ കുട്ടികളെ മടക്കിയയച്ച് പ്രിൻസിപ്പൽ; മുഖ്യമന്ത്രീ... ഇവരെ നേർവഴിക്കു നയിക്കാൻ ഇരട്ടച്ചങ്കൊന്നും പോര...

സംസ്ഥാനത്തെ പല സർക്കാർ ഓഫീസുകളുടെയും വിദ്യാലയങ്ങളുടെയും പൊതുസ്ഥിതിയാണിത്. എന്തു ചെയ്താലും ചോദിക്കാനും പറയാനും ആരുമില്ലെന്ന അവസ്ഥ സർക്കാർ സർവീസിന്റെ സ്ഥായീഭാവമായി മാറിയിരിക്കുന്നു. നിയമവും ചട്ടങ്ങളും തങ്ങൾക്കു ബാധകമല്ലെന്ന മട്ടിൽ പെരുമാറുന്നവരുടെ എണ്ണം ഏറി വരുന്നു. സഹപ്രവർത്തകനോടുളള വ്യക്തിവൈരാഗ്യം തീർക്കാൻ പരീക്ഷയ്ക്കെത്തിയ കുട്ടികളെ കരുവാക്കുന്നതും മുൻകൂട്ടി നൽകിയ ടൈംടേബിൾ പ്രകാരം മറ്റൊരു സ്ക്കൂളിൽ നിന്ന് പരീക്ഷാ ജോലിയ്ക്കെത്തിയ അധ്യാപകനെയും അവഹേളിച്ചു തിരിച്ചയയ്ക്കുന്നതും ഗുരുതരമായ രോഗത്തിന്റെ തീക്ഷ്ണമായ ലക്ഷണങ്ങളാണ്. എന്തു ചെയ്താലും സംരക്ഷിക്കാൻ ആളുണ്ട് എന്ന അപാരമായ ആത്മവിശ്വാസമാണ് ഈ തന്നിഷ്ടങ്ങൾക്കു ധൈര്യം നൽകുന്നത്.

സഹപ്രവർത്തകനെ അപമാനിക്കാൻ പൊതുപരീക്ഷയ്ക്കെത്തിയ കുട്ടികളെ മടക്കിയയച്ച് പ്രിൻസിപ്പൽ; മുഖ്യമന്ത്രീ... ഇവരെ നേർവഴിക്കു നയിക്കാൻ ഇരട്ടച്ചങ്കൊന്നും പോര...

[caption id="attachment_82656" align="alignleft" width="350"] പ്രിൻസിപ്പൽ ഒപ്പിട്ട ടൈം ടേബിൾ[/caption]

സഹപ്രവർത്തകനെ അവഹേളിക്കാൻ കുട്ടികളുടെ പരീക്ഷ മുടക്കി ഹയർ സെക്കൻഡറി പ്രിൻസിപ്പലിന്റെ പരാക്രമം. കിളിമാനൂർ ആർആർവി ഗേൾസ് ഹയർ സെക്കൻഡറി സ്ക്കൂളിലെ പ്രിൻസിപ്പൽ ജയചന്ദ്രൻ നായരാണ് കമ്പ്യൂട്ടർ സയൻസ് അധ്യാപകനായ വിഷ്ണു പി ജിയോടുളള വ്യക്തിവൈരാഗ്യം തീർക്കാൻ പരീക്ഷയ്ക്കെത്തിയ കുട്ടികളെ മടക്കി അയച്ചത്.

തിങ്കളാഴ്ച കമ്പ്യൂട്ടർ സയൻസ് പ്രാക്ടിക്കൽ പരീക്ഷയുണ്ടെന്ന് ഇതേ പ്രിൻസിപ്പൽ തന്നെയാണ് ഈ മാസം പതിനഞ്ചിന് ടൈംടേബിൾ നൽകിയത്. ഇതനുസരിച്ച് കുട്ടികൾ സ്ക്കൂളിലെത്തിയപ്പോഴാണ് പരീക്ഷ നടത്താനാവില്ലെന്ന് പ്രിൻസിപ്പൽ മലക്കം മറിഞ്ഞത്. പരീക്ഷ ഡ്യൂട്ടിയ്ക്കെത്തിയ ചിറയിൻകീഴ് ശാരദാവിലാസം സ്ക്കൂളിലെ മണികണ്ഠൻ എന്ന അധ്യാപകനെയും മടക്കി അയച്ചു.


നിയമനത്തിന് അംഗീകാരം ലഭിക്കാത്ത അധ്യാപകരെ പരീക്ഷാഡ്യൂട്ടിയ്ക്കു നിയോഗിക്കരുത് എന്ന് മേലധികാരികളുടെ നിർദ്ദേശമുണ്ടെന്ന ന്യായമാണ് പ്രിൻസിപ്പൽ ഉയർത്തുന്നത്. പ്രതികരണം ആരാഞ്ഞ നാരദാ ന്യൂസിനോടും അദ്ദേഹം ഈ വാദം ആവർത്തിച്ചു. പരാതിക്കാരനായ അധ്യാപകന് തന്നോടുളള വ്യക്തിവൈരാഗ്യമാണ് എല്ലാത്തിനും കാരണമെന്നും അദ്ദേഹം വാദിച്ചു. എന്നാൽ പ്രിൻസിപ്പലിന്റെ വാദം തെറ്റാണെന്ന് പരീക്ഷാ ഡ്യൂട്ടിയ്ക്കെത്തിയിട്ടും പ്രിൻസിപ്പൽ പറഞ്ഞുവിട്ട  മണികണ്ഠൻ എന്ന അധ്യാപകൻ നാരദാ ന്യൂസിനോടു പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകൾ:
"പ്രിൻസിപ്പൽ അധ്യാപകനോട്  വ്യക്തിവൈരാഗ്യം തീർക്കുകയായിരുന്നുവെന്ന് വ്യക്തം.  സാധാരണഗതിയിൽ നടത്തേണ്ട പരീക്ഷയാണിത്. കുട്ടികളെ യാതൊരു കാരണവശാലും ബുദ്ധിമുട്ടിക്കാൻ പാടില്ലായിരുന്നു. അത് പ്രിൻസിപ്പലിന്റെ വീഴ്ച തന്നെയാണ്. മുപ്പതോളം കുട്ടികളെ പറഞ്ഞുവിട്ടു. നിയമനാംഗീകാരമില്ലാത്ത അധ്യാപകനെ പ്രാക്ടിക്കൽ പരീക്ഷയ്ക്ക് ലാബിൽ നിയോഗിക്കുന്നതിനെ സംബന്ധിച്ച് എന്തെങ്കിലും ആശയക്കുഴപ്പം പ്രിൻസിപ്പലിനുണ്ടായിരുന്നെങ്കിൽ മറ്റൊരു അധ്യാപകനെ മുമ്പേതന്നെ പരീക്ഷാ ജോലിയ്ക്ക് ചുമതലപ്പെടുത്താമായിരുന്നു. അതിനുളള സമയവും സാവകാശവുമുണ്ടായിരുന്നു. അത് ചെയ്യാതെ കുട്ടികളെ ദ്രോഹിച്ചതിന് ന്യായീകരണമില്ല. അംഗീകാരം ലഭിക്കാത്ത അധ്യാപകരെ പേപ്പർ വാല്വേഷനും അനുബന്ധകാര്യങ്ങൾക്കും നിയോഗിക്കരുത് എന്നാണ് സർക്കുലർ. സ്വന്തം സ്ക്കൂളിൽ പരീക്ഷാ ഡ്യൂട്ടിയ്ക്ക് - അതും പ്രാക്ടിക്കൽ പരീക്ഷയ്ക്ക് - നിയോഗിക്കാൻ പാടില്ല എന്നൊന്നും ഇതിനർത്ഥമില്ല. അത് പണി കൊടുക്കാൻ വേണ്ടി ചമച്ച ദുർവ്യാഖ്യാനമാണ്. എല്ലാവരും അക്കാര്യം പറഞ്ഞിട്ടും ചെവിക്കൊളളാൻ പ്രിൻസിപ്പൽ തയ്യാറായില്ല. തൊട്ടടുത്ത ദിവസം ഇതേ അധ്യാപകൻ തന്നെയാണ് പരീക്ഷ നടത്തിയത്. ഒരു പ്രശ്നവും ഉണ്ടായില്ല. സംസ്ഥാനത്ത് എണ്ണൂറോളം സ്ക്കൂളുകളിൽ ഗസ്റ്റ് അധ്യാപകരാണ് ഈ ജോലികൾ ചെയ്യുന്നത്. കുട്ടികളെ മുന്നിൽ വെച്ച് ആ അധ്യാപകനെ അപമാനിക്കുക എന്നതിലപ്പുറം ഒരുദ്ദേശവും പ്രിൻസിപ്പലിനുണ്ടായിരുന്നില്ല"

പ്രിൻസിപ്പലിനെതിരെ ഉയരുന്നത് ഗുരുതരമായ ആരോപണങ്ങൾ


[caption id="attachment_82657" align="alignleft" width="350"] പ്രിൻസിപ്പലിനെതിരെ ആർഡിഡിയ്ക്കു നൽകിയ പരാതി[/caption]

അതേസമയം ഗുരുതരമായ ആരോപണങ്ങളാണ് അവഹേളിക്കപ്പെട്ട അധ്യാപകൻ വിഷ്ണു പി ജി നിരത്തുന്നത്.  രണ്ടര വർഷമായി പ്രിൻസിപ്പലിൽ നിന്ന് മാനസികപീഡനമേറ്റു വാങ്ങുന്ന തന്നെ കുട്ടികളുടെ മുന്നിൽ വെച്ച് ഹീനമായി അവഹേളിക്കുകയും മറ്റൊരു അധ്യാപകനുമായി ചേർന്ന് മർദ്ദിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്ന് അദ്ദേഹം ആരോപിക്കുന്നു. ഇക്കാര്യങ്ങളെല്ലാം ചേർത്ത് ഹയർ സെക്കൻഡറി റീജേണൽ ഡയറക്ടർക്ക് പരാതിയും നൽകിയിട്ടുണ്ട്.

പ്രിൻസിപ്പലിന്റെ നിയമവിരുദ്ധമായ ചെയ്തികൾ ചോദ്യം ചെയ്തതിന്റെ പ്രതികാരമാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ജോലിയിൽ പ്രവേശിപ്പിച്ച തന്നെ ഒരു വർഷത്തോളം ഹാജർ ബുക്കിൽ ഒപ്പിടാൻ അനുവദിച്ചില്ല. അനേകം തവണ ആർഡിഡിയിൽ പരാതിപ്പെടുകയും കർശനമായ താക്കീതു നൽകുകയും ചെയ്ത ശേഷമാണ് പ്രധാന ഹാജർ ബുക്കിൽ പേരെഴുതിയത്.

സ്ക്കൂളിൽ വരാതെ ചിലർക്ക് ഒപ്പിടാൻ സൌകര്യം ചെയ്തു കൊടുക്കുന്നതിനെയും തങ്ങൾ ചോദ്യം ചെയ്തുവെന്ന് വിഷ്ണു പറയുന്നു. ഹയർ സെക്കൻഡറി കുട്ടികൾക്ക് ടെക്സ്റ്റ് ബുക്ക് വാങ്ങാനെന്ന പേരിൽ ഒരു ലക്ഷത്തിലധികം രൂപ പിരിച്ച ശേഷം മാസങ്ങളോളം കൈവശം വെച്ചു പലിശയ്ക്കു നൽകിയെന്നും ആരോപണമുണ്ട്. കുട്ടികളിൽ നിന്ന് പണം പിരിച്ചുവെങ്കിലും പുസ്തകത്തിന് ഓർഡർ നൽകാതെ കൈവശം സൂക്ഷിച്ചു. ഒടുവിൽ രക്ഷിതാക്കൾ പരാതിപ്പെട്ടതിനു ശേഷമാണ് പണം തിരികെ കൊടുത്തതെന്നും വിഷ്ണു ആരോപിക്കുന്നു. ആറു മാസത്തോളം പണം കൈവശം വെച്ചതിനു ശേഷമായിരുന്നത്രേ തിരിച്ചു നൽകിയത്.

ഇവരൊക്കെക്കൂടിയാണ് "പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം" നടത്തുന്നത്!

സംസ്ഥാനത്തെ പല സർക്കാർ ഓഫീസുകളുടെയും വിദ്യാലയങ്ങളുടെയും പൊതുസ്ഥിതിയാണിത്. എന്തു ചെയ്താലും ചോദിക്കാനും പറയാനും ആരുമില്ലെന്ന അവസ്ഥ സർക്കാർ സർവീസിന്റെ സ്ഥായീഭാവമായി മാറിയിരിക്കുന്നു. നിയമവും ചട്ടങ്ങളും തങ്ങൾക്കു ബാധകമല്ലെന്ന മട്ടിൽ പെരുമാറുന്നവരുടെ എണ്ണം ഏറി വരുന്നു. സഹപ്രവർത്തകനോടുളള വ്യക്തിവൈരാഗ്യം തീർക്കാൻ പരീക്ഷയ്ക്കെത്തിയ കുട്ടികളെ കരുവാക്കുന്നതും മുൻകൂട്ടി നൽകിയ ടൈംടേബിൾ പ്രകാരം മറ്റൊരു സ്ക്കൂളിൽ നിന്ന് പരീക്ഷാ ജോലിയ്ക്കെത്തിയ അധ്യാപകനെയും അവഹേളിച്ചു തിരിച്ചയയ്ക്കുന്നതും ഗുരുതരമായ രോഗത്തിന്റെ തീക്ഷ്ണമായ ലക്ഷണങ്ങളാണ്. എന്തു ചെയ്താലും സംരക്ഷിക്കാൻ ആളുണ്ട് എന്ന അപാരമായ    ആത്മവിശ്വാസമാണ് ഈ തന്നിഷ്ടങ്ങൾക്കു ധൈര്യം നൽകുന്നത്.

നാഥനില്ലാക്കളരിയാണ് സർക്കാർ സംവിധാനം.  അവരവർക്കു തോന്നിയതാണ് നിയമം. ആരെന്തു ചെയ്യുന്നോ അതാണ് ചട്ടം. ചോദ്യം ചെയ്യുന്നവരെ അപമാനിക്കാൻ വഴികൾ പലതുണ്ട്.  പരാതികളോട് മേലധികാരികളുടെ നിസംഗത കൂടിയാകുമ്പോൾ  ചിത്രം പൂർണമാകുന്നു. അർഹതപ്പെട്ടവന് നീതി ഗോവിന്ദ!

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് ഹോമകുണ്ഡമൊരുക്കുന്നവർ കണ്ണു തുറന്നു കാണേണ്ട യാഥാർത്ഥ്യമാണിത്. ഇത്തരക്കാരെ നേർവഴിയ്ക്കു നയിക്കാനും അർഹരായവർക്ക് നിയമവും ചട്ടങ്ങളും അനുശാസിക്കുന്ന സേവനം ഉറപ്പു വരുത്താനും പിണറായിയ്ക്ക് ഇരട്ടച്ചങ്കൊന്നും മതിയാവുന്ന ലക്ഷണമില്ല.

Read More >>