ഷാരൂഖ് ചിത്രം റായീസിന് പാകിസ്ഥാനില്‍ നിരോധനം

മുസ്ലീംങ്ങളെ മോശമായി ചിത്രീകരിക്കുന്നെന്ന് ആരോപിച്ചാണ് കഴിഞ്ഞ ദിവസം മുതല്‍ പാക് സെന്‍ട്രല്‍ സെന്‍സര്‍ ബോര്‍ഡ് നിരോധനമേര്‍പ്പെടുത്തിയത്.

ഷാരൂഖ് ചിത്രം റായീസിന് പാകിസ്ഥാനില്‍ നിരോധനം

കറാച്ചി: ഷാരുഖ് ഖാന്‍ ചിത്രം റായീസിന് പാകിസ്ഥാനില്‍ വിലക്ക്. മുസ്ലീംങ്ങളെ മോശമായി ചിത്രീകരിക്കുന്നെന്ന് ആരോപിച്ചാണ് കഴിഞ്ഞ ദിവസം മുതല്‍ പാക് സെന്‍ട്രല്‍ സെന്‍സര്‍ ബോര്‍ഡ് നിരോധനമേര്‍പ്പെടുത്തിയത്. രാഹുല്‍ ധൊലാക്കിയ സംവിധാനം ചെയ്ത ചിത്രത്തില്‍ പാക്കിസ്ഥാനില്‍ നിന്നുള്ള മഹിര ഖാനാണ് നായിക. മദ്യനിരോധനമുള്ള ഗുജറാത്തില്‍ മദ്യ കള്ളക്കടത്തിലൂടെ കോടിപതിയായ റായീസെന്ന അധോലോക നായകന്റെ കഥയാണ് ചിത്രം പറയുന്നത്.

സെന്‍സര്‍ ബോര്‍ഡ് തീരുമാനത്തിനെതിരെ അപ്പീല്‍ പോകുമെന്ന് വിതരണക്കാര്‍ അറിയിച്ചു. കഴിഞ്ഞയാഴ്ച ഋതിക് റോഷന്‍ ചിത്രം കാബില്‍ പാക്കിസ്ഥാനില്‍ റിലീസ് ചെയ്തിരുന്നു. ആമിര്‍ ഖാന്‍ ചിത്രം ദംഗല്‍, കരണ്‍ ജോഹര്‍ ചിത്രം ഏ ദില്‍ ഹെ മുഷ്‌കില്‍ തുടങ്ങിയ ബോളിവുഡ് സിനിമകളും പാക്കിസ്ഥാനില്‍ റിലീസിന് തയാറെടുക്കുകയാണ്.

ഇന്ത്യ നടത്തിയ മിന്നലാക്രമണവും പഞ്ചാബിലെ ഉറി ഭീകരാക്രമണവും ഇന്ത്യപാക് ബന്ധം വഷളാക്കുകയും പാക് താരങ്ങളെ ഇന്ത്യയില്‍ നിന്ന് വിലക്കണമെന്ന് തീവ്രവാദ സംഘടനകള്‍ ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് പല നിര്‍മാതാക്കളും തങ്ങളുടെ സിനിമകളില്‍ പാക് താരങ്ങളെ അഭിനയിപ്പിക്കുന്നത് നിര്‍ത്തിയിരുന്നു. പിന്നാലെ ഇന്ത്യന്‍ സിനിമകള്‍ പാകിസ്ഥാനില്‍ വിലക്കുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

Story by