സംസ്ഥാന സ്‌കൂൾ കലോത്സവവേദിയിലെ വിലാപയാത്ര; ഐജിക്ക് പിറകെ കണ്ണൂർ ജില്ലാ പോലീസ് മേധാവിക്കും സ്ഥലം മാറ്റം

സംസ്ഥാന കലോത്സവം പോലെ അതീവപ്രാധാന്യമുള്ള ഒരു പരിപാടിക്കിടെ തികച്ചും ഗൗരവരഹിതമായാണു ജില്ലാ പോലീസ് മേധാവി പെരുമാറിയതെന്ന് ആരോപണം ഉയർന്നിരുന്നുവെങ്കിലും കണ്ണൂരിൽ ചാർജെടുത്ത് 13 ദിവസം മാത്രം ആയ കെപി ഫിലിപ്പിനെതിരെ അപ്പോൾ നടപടിയൊന്നും ഉണ്ടായില്ല. ജില്ലാ പോലീസ് മേധാവി സ്ഥാനത്ത് തുടർച്ചയായ സ്ഥാനമാറ്റം ഉണ്ടാകേണ്ട എന്നതിനാലായിരുന്നു ഇത്.

സംസ്ഥാന സ്‌കൂൾ കലോത്സവവേദിയിലെ വിലാപയാത്ര; ഐജിക്ക് പിറകെ കണ്ണൂർ ജില്ലാ പോലീസ് മേധാവിക്കും സ്ഥലം മാറ്റം

സംസ്ഥാന സ്‌കൂൾ കലോത്സവത്തിനിടെ കൊല്ലപ്പെട്ട ബിജെപി പ്രവർത്തകന്റെ മൃതദേഹവുമായി കലോത്സവവേദിക്കരികിലൂടെ വിലാപയാത്ര നടത്താനിടയായ സംഭവത്തിൽ കണ്ണൂർ റേഞ്ച് ഐജിക്കു പിറകെ കണ്ണൂർ ജില്ലാ പോലീസ് മേധാവി കെപി ഫിലിപ്പിനും സ്ഥലം മാറ്റം. തലശ്ശേരി അണ്ടലൂരിൽ കൊല്ലപ്പെട്ട ബിജെപി പ്രവർത്തകൻ സന്തോഷിന്റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള കലോത്സവനാഗരിയിലെ വിലാപയാത്രയും അതോടനുബന്ധിച്ചു കലോത്സവവേദികൾക്കരികെ നടന്ന സംഘർഷവും കൈകാര്യം ചെയ്യുന്നതിൽ പൊലീസിന് ഗുരുതരമായ വീഴ്ചപറ്റിയെന്ന് അന്നുതന്നെ ആരോപണം ഉയർന്നിരുന്നു.


സംഭവത്തിലെ വീഴ്ച കണക്കിലെടുത്തു കണ്ണൂർ റേഞ്ച് ഐജി ദിനേന്ദ്ര കാശ്യപിനെ സ്ഥലം മാറ്റിയിരുന്നു. സംസ്ഥാന കലോത്സവം പോലെ അതീവപ്രാധാന്യമുള്ള ഒരു പരിപാടിക്കിടെ തികച്ചും ഗൗരവരഹിതമായാണു ജില്ലാ പോലീസ് മേധാവി പെരുമാറിയതെന്ന് ആരോപണം ഉയർന്നിരുന്നുവെങ്കിലും കണ്ണൂരിൽ ചാർജെടുത്ത് 13 ദിവസം മാത്രം ആയ കെപി ഫിലിപ്പിനെതിരെ നടപടിയൊന്നും ഉണ്ടായില്ല. ജില്ലാ പോലീസ് മേധാവി സ്ഥാനത്തു തുടർച്ചയായ സ്ഥാനമാറ്റം ഉണ്ടാകേണ്ട എന്നതിനാലായിരുന്നു ഇത്. കണ്ണൂരിൽ 33 ദിവസം പൂർത്തിയാക്കിയ കെപി ഫിലിപ്പിന് ട്രാഫിക് എസ് പിയായാണ് പുതിയ നിയമനം.

സിപിഐഎമ്മിന് ഏറെ തലവേദന സൃഷ്ടിച്ച സഞ്ജയ്കുമാർ ഗുരുഡിനു പകരക്കാരനായാണ് ഫിലിപ്പ് ജില്ലാ പോലീസ് മേധാവിയായി എത്തിയത്. 33 ദിവസത്തിനിടെ 25 എസ്‌ ഐമാരെ അടക്കം നിരവധി സ്ഥലം മാറ്റങ്ങളാണ് കെപി ഫിലിപ്പ് നടത്തിയത്. സിപിഐഎം അനുകൂല പോലീസ് അസോസിയേഷൻ ആവശ്യപ്പെട്ട പ്രകാരമുള്ള സ്ഥലം മാറ്റങ്ങൾ നടത്തികൊടുത്തിട്ടും വിലാപയാത്രയുമായി ബന്ധപ്പെട്ട വിഷയത്തിൽ ആഭ്യന്തരവകുപ്പ് ഫിലിപ്പിനെതിരെ നടപടിയെടുക്കുകയായിരുന്നു. ഫിലിപ്പിന് പകരം വയനാട് ജില്ലാ പോലീസ് മേധാവി ശിവവിക്രം കണ്ണൂരിലെത്തും.

Read More >>