പൊലീസിനെ വെട്ടിച്ച് പള്‍സര്‍ സുനി കോടതിയിലെത്തി; സുനിയെ കോടതി മുറിയില്‍ നിന്ന് ബലമായി പൊലീസ് പിടിച്ചുകൊണ്ടുപോയി

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി പൊലീസിന്റെ കണ്ണുവെട്ടിച്ച് എറണാകുളം സിജെഎം കോടതിയിയിലെത്തി. കോടതി മുറിക്കുള്ളില്‍ നിന്ന് നാടകീയമായി പൊലീസ് സുനിയേയും കൂട്ടുപ്രതി ബിജീഷിനേയും ബലമായി പിടിച്ചുകൊണ്ട് പോകുകയായിരുന്നു. കോടതിമുറിക്കുള്ളിൽ നിന്ന് പ്രതികളെ ബലമായി അറസ്റ്റ് ചെയ്തതിനെതിരെ അഭിഭാഷകർ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

പൊലീസിനെ വെട്ടിച്ച് പള്‍സര്‍ സുനി കോടതിയിലെത്തി; സുനിയെ കോടതി മുറിയില്‍ നിന്ന് ബലമായി പൊലീസ് പിടിച്ചുകൊണ്ടുപോയി

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിൽ കോടതിയിൽ കീഴടങ്ങാനെത്തിയ പൾസർ സുനിയെ പൊലീസ് പിടികൂടി. കോടതി മുറിക്കുള്ളിൽ നിന്ന് അഭിഭാഷകരുടെ  എതിർപ്പിനെ മറികടന്ന് ബലമായി സുനിയേയും ബിജീഷിനേയും പൊലീസ് പിടികൂടി കൊണ്ടുപോകുകയായിരുന്നു. കോടതിമുറിക്കുള്ളിലെ പ്രതിക്കൂട്ടിൽ നിന്നാണ് പൊലീസ് രണ്ട് പേരേയും അറസ്റ്റ് ചെയ്തത്.

കോടതി പിരിഞ്ഞതിന് ശേഷമായിരുന്നു കോടതിയിലെ നാടകീയ സംഭവങ്ങൾ. ഉച്ചയ്ക്ക് 1.10 ന് ആണ് പ്രതികൾ കോടതിയിലെത്തിയത്. കീഴടങ്ങാനെത്തിയ പ്രതികൾ പ്രതിക്കൂട്ടിലേക്ക് ഓടിക്കയറുകയായിരുന്നു.എറണാകുളം സെൻട്രൽ സിഐയുടെ നേതൃത്വത്തിൽ  പൊലീസ്  പ്രതികളെ ഒന്നരയോട് കൂടി പ്രതികളെ പിടികൂടുകയായിരുന്നു.
എറണാകുളത്തപ്പൻ ഗ്രൗണ്ട് വരെ പ്രതികൾ ബൈക്കിലാണ് എത്തിയതെന്നാണ് സൂചന. പിന്നീട് മതിൽ ചാടിക്കടന്നാണ് കോടതിയ്ക്കുള്ളിലെത്തിയത്. ഹെൽമറ്റ് ധരിച്ചായിരുന്നു പ്രതികൾ എത്തിയത്.  പ്രതികളെ ആലുവ പൊലീസ് ക്ലബിലെത്തിച്ചു. ഉന്നത ഉദ്യോഗസ്ഥർ ഇവരെ ചോദ്യം ചെയ്യാനാരംഭിച്ചിട്ടുണ്ട്.

ഇരുപത്തിനാല് മണിക്കൂറിന് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കണം. അതിനിടെ കോടതി മുറിക്കുള്ളിൽ നിന്ന് പ്രതികളെ ബലമായി പിടിച്ചു കൊണ്ട് പോയതിനെതിരെ അഭിഭാഷകർ ജില്ലാ കോടതിയെ സമീപിച്ചു. ഗുരുതരമായ നിയമലംഘനമാണ് ഉണ്ടായിരിക്കുന്നെതെന്നാണ് അഭിഭാഷകർ പറയുന്നത്.

നടിയെ ആക്രമിച്ച് ആറു ദിവസം പിന്നിട്ടിട്ടും പൾസർ സുനിയേയും ബിജീഷിനേയും പിടികൂടാനാകാത്തത് പൊലീസിന് നാണക്കേടുണ്ടാക്കിയിരുന്നു. സുനിയും വിജീഷും എത്താനിടയുള്ള എറണാകുളത്തേയും സമീപ ജില്ലകളിലേയും കോടതികളിൽ പൊലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു.

ഇതിനിടെ തങ്ങളുടെ കണ്ണുവെട്ടിച്ച് സുനിയും ബിജീഷും എറണാകുളത്തെ കോടതിയ്ക്കുള്ളിലെത്തിയത് എങ്ങനെയെന്ന ചോദ്യത്തിന് പൊലീസിന് ഉത്തരം പറയേണ്ടി വരും.

Read More >>