പള്‍സര്‍ സുനിയെ പിടികൂടിയ പൊലീസിനെ അഭിനന്ദിച്ച് മുഖ്യമന്ത്രിയും നിയമ മന്ത്രിയും; സേനയ്ക്ക് നാണക്കേടെന്ന് ചെന്നിത്തല

പള്‍സര്‍ സുനിയുടെ അറസ്റ്റ് പൊലീസിന് അഭിമാനാര്‍ഹമായ നേട്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ക്രിമിനലുകള്‍ക്ക് അഭയകേന്ദ്രമായി കോടതി മുറികളെ മാറ്റാന്‍ അനുവദിക്കില്ലെന്നും പൊലീസ് നടപടി പൂര്‍ണമായും നിയമാനുസൃതമാണെന്നുമായിരുന്നു നിയമമന്ത്രി എകെ ബാലന്റെ അഭിപ്രായം.

പള്‍സര്‍ സുനിയെ പിടികൂടിയ പൊലീസിനെ അഭിനന്ദിച്ച് മുഖ്യമന്ത്രിയും നിയമ മന്ത്രിയും; സേനയ്ക്ക് നാണക്കേടെന്ന് ചെന്നിത്തല

നടിയെ ആക്രമിച്ച കേസില്‍ പ്രതികളായ പള്‍സര്‍ സുനിയേയും കൂട്ടാളി ബിജീഷിനേയും പിടികൂടിയ പൊലീസിന്റെ നടപടിയെ അഭിനന്ദിച്ച് മുഖ്യമന്ത്രി. പള്‍സര്‍ സുനിയുടെ അറസ്റ്റ് പൊലീസിന് അഭിമാനാര്‍ഹമായ നേട്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അന്വേഷണ സംഘത്തിന് അഭിനന്ദനം അറിയിക്കുന്നതായി പറഞ്ഞ അദ്ദേഹം അറസ്റ്റിനെതിരായ പ്രതിപക്ഷ നേതാവിന്റെ പ്രതികരണം ആരുടെ താല്‍പര്യം സംരക്ഷിനാണെന്ന് മനസ്സിലാക്കണമെന്നും അഭിപ്രായപ്പെട്ടു.


ക്രിമിനലുകള്‍ക്ക് അഭയകേന്ദ്രമായി കോടതി മുറികളെ മാറ്റാന്‍ അനുവദിക്കില്ലെന്നും പൊലീസ് നടപടി പൂര്‍ണമായും നിയമാനുസൃതമാണെന്നുമായിരുന്നു നിയമമന്ത്രി എകെ ബാലന്റെ അഭിപ്രായം. അറസ്റ്റുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉയര്‍ത്തുവാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നുണ്ട്. ഇവര്‍ ആരുടെ താല്‍പര്യം സംരക്ഷിക്കുന്നു എന്ന് കേരള ജനത തിരിച്ചറിയുന്നുമുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പറഞ്ഞു.

എന്നാല്‍, പൊലീസിനെ പരിഹസിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. ഇത്രയും സന്നാഹങ്ങളെല്ലാം ഒരുക്കിയ ശേഷവും നടിയെ ആക്രമിച്ച കേസിലെ പ്രതികള്‍ കണ്ണുവെട്ടിച്ച് കോടതിയില്‍ എത്തിയതും അവിടെ നിന്ന് അറസ്റ്റ് ചെയ്യേണ്ടി വന്നതും പൊലീസിനു നാണക്കേടാണെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. എന്നാല്‍ പ്രതികളെ അറസ്റ്റ് ചെയ്ത നടപടിയെ അദ്ദേഹം സ്വാഗതം ചെയ്തു.

അതേസമയം, കേസ് വളരെ ആത്മാര്‍ത്ഥമായി തന്നെയാണ് പൊലീസ് അന്വേഷിച്ചതെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി. ന്യൂഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രതികളെ അറസ്റ്റ് ചെയ്തത് വലിയ നേട്ടമാണ്. കോടതിയിലെത്തി അറസ്റ്റ് ചെയ്തതിനെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയില്ല.

അന്വേഷണം മാജിക്കല്ലെന്ന് അത്തരക്കാര്‍ ഓര്‍ക്കണം. ചിലപ്പോള്‍ പ്രതികളെ വളരെ വേഗം പിടികൂടാന്‍ കഴിയും. എന്നാല്‍ മറ്റു ചിലപ്പോള്‍ വൈകും. പ്രതികളെ ചോദ്യം ചെയ്ത ശേഷം അന്വേഷണം കൂടുതല്‍ ശക്തമാക്കുമെന്നും സിനിമാ മേഖലയിലേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്നും ഡിജിപി കൂട്ടിച്ചേര്‍ത്തു.

Read More >>