അഞ്ച് വര്‍ഷം മുമ്പു പാളിയ പള്‍സര്‍ സുനിയുടെ മറ്റൊരു തിരക്കഥ; തട്ടിപ്പ് പൊളിച്ചടുക്കിയത് മേനക; പരാതി നല്‍കിയിട്ടും ഇതുവരെ തിരിഞ്ഞുനോക്കാത്ത പൊലീസ്

കഴിഞ്ഞദിവസം മലയാള നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച അക്രമി സംഘത്തിലെ സൂത്രധാരന്‍ പള്‍സര്‍ സുനി അഞ്ച് വര്‍ഷം മുമ്പും സമാനമായ തട്ടിക്കൊണ്ടുപോകല്‍ ശ്രമം നടത്തി. നിര്‍മ്മാതാവ് സുരേഷ് കുമാറിന്റെ ഭാര്യ മേനകയും മറ്റൊരു നടിയുമായിരുന്നു ലക്ഷ്യം. എന്നാല്‍ പിന്നീട്‌ ഈ തട്ടിക്കൊണ്ടുപോകല്‍ ശ്രമം പൊളിയുകയായിരുന്നു. അന്നു തന്നെ പൊലീസില്‍ പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ലെന്ന് സുരേഷ്‌കുമാര്‍ നാരദ ന്യൂസിനോട് പറഞ്ഞു.

അഞ്ച് വര്‍ഷം മുമ്പു പാളിയ പള്‍സര്‍ സുനിയുടെ മറ്റൊരു തിരക്കഥ; തട്ടിപ്പ് പൊളിച്ചടുക്കിയത് മേനക; പരാതി നല്‍കിയിട്ടും ഇതുവരെ തിരിഞ്ഞുനോക്കാത്ത പൊലീസ്

2011 ല്‍ 'ഓര്‍ക്കൂട്ട് ഒരു ഓര്‍മ്മക്കൂട്ട്' എന്ന സിനിമയുടെ ഷൂട്ടിങ്‌ സമയം. സ്ഥലം കൊച്ചി, സമയം രാത്രി 11.30. ഷൂട്ടിങ്ങിനായി തിരുവനന്തപുരത്ത് നിന്ന് എറണാകുളം സൗത്ത് സ്റ്റേഷനിലെത്തിയ മേനക സുരേഷ്‌കുമാറിനെ ഹോട്ടലിലേയ്ക്ക് കൊണ്ടുപോകാന്‍ എത്തിയത് ടെംപോ ട്രാവലര്‍. ഡ്രൈവര്‍ കഴിഞ്ഞദിവസം കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയ കേസിലെ സൂത്രധാരന്‍ അതേ പള്‍സര്‍ സുനി. ഇതാദ്യമായല്ല പള്‍സര്‍ സുനിയുടെ തട്ടിക്കൊണ്ടുപോകലെന്ന് വ്യക്തമാകുന്നു. അന്നത്തെ സംഭവം നിര്‍മ്മാതാവും മേനകയുടെ ഭര്‍ത്താവുമായ സുരേഷ്‌കുമാര്‍ നാരദ ന്യൂസിനോട് വെളിപ്പെടുത്തുന്നു.

സിനിമയുടെ ഷൂട്ടിങ്ങിനായി എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിന്‍ ഇറങ്ങിയ മേനകയെ കൂട്ടിക്കൊണ്ടുപോകാന്‍ ടെംപോ ട്രാവലര്‍ ആണ് എത്തിയത്. മേനകയ്‌ക്കൊപ്പം തിരുവനന്തപുരത്ത് നിന്നുള്ള സുഹൃത്തും ഉണ്ടായിരുന്നു. അവരെ ലേക്‌ഷോറില്‍ ഇറക്കി ഹോട്ടല്‍ റമദയിലേക്ക് പോകാനായിരുന്നു മേനക ഡ്രൈവറോട് പറഞ്ഞത്. എന്നാല്‍ സുഹൃത്തിനെ ഇറക്കിയ ശേഷം വാഹനം മേനകയുമായി നഗരത്തില്‍ ചുറ്റി തിരിയുകയായിരുന്നു- സുരേഷ് കുമാര്‍ പറയുന്നു.

സംശയം തോന്നിയ മേനക ഡ്രൈവറോട് എങ്ങോട്ട് പോകുന്നെന്ന് ചോദിച്ചെങ്കിലും സുനി കൃത്യമായ മറുപടി പറഞ്ഞില്ലെന്ന് സുരേഷ്‌കുമാര്‍ പറഞ്ഞു. മേനക ഭര്‍ത്താവായ സുരേഷിനോട് രഹസ്യമായി ഫോണ്‍ ചെയ്ത് കാര്യം പറയുകയായിരുന്നു. അപകടകരമായ സാഹചര്യം. സുരേഷും മേനകയും ഫോണിലൂടെ നടത്തിയ ഒരു പദ്ധതി സിനിമയുടെ  നിര്‍മ്മാതാവ് ജോണി സാഗരികയെ വിളിച്ചു കാര്യം പറയുക എന്നതായിരുന്നു. 'ജോണി ഞങ്ങളുടെ പിറകെയുണ്ടല്ലേ' എന്നു മേനക ഫോണില്‍ പറഞ്ഞത് ഡ്രൈവര്‍ കേള്‍ക്കുകയും പെട്ടെന്നുതന്നെ ഹോട്ടലിനു മുന്നില്‍ കൊണ്ടിറക്കുകയും ചെയ്‌തെന്ന് സുരേഷ് കുമാര്‍ പറഞ്ഞു.

ഹോട്ടലിറക്കിയ ഉടനെ സംഘം സ്ഥലംവിടുകയായിരുന്നു. എന്നാല്‍ ഹോട്ടലിലെത്തിയ മേനകയ്ക്ക് റൂം കിട്ടിയില്ല. ഇവര്‍ക്കായി റൂം ബുക്ക് ചെയതിട്ടില്ലെന്ന് ഹോട്ടലില്‍ നിന്ന് അറിയിച്ചു. ദിവസങ്ങള്‍ക്ക് മുമ്പ് സുനിയും മറ്റൊരാളും ഹോട്ടലിന്റെ പേരിലുള്ള വിസിറ്റിങ്‌ കാര്‍ഡുമായാണ് ജോണി സാഗരികയെ സമീപിച്ചത്. രണ്ട് ആര്‍ട്ടിസ്റ്റുകള്‍ക്ക് ഹോട്ടലില്‍ താമസ സൗകര്യം ഉണ്ടെന്നാണ് ഇവര്‍ ജോണി സാഗരികയെ അറിയിച്ചിരുന്നത്.

തട്ടിക്കൊണ്ടുപോകല്‍ മുന്‍കൂട്ടി തീരുമാനിച്ചുറപ്പിച്ചതാണെന്ന് ഇതില്‍ നിന്നു മനസ്സിലാക്കാമെന്ന് സുരേഷ്‌കുമാര്‍ പറഞ്ഞു. അന്നുതന്നെ നിര്‍മ്മാതാവ് ജോണി സാഗരികയും താനും എറണാകുളം സെന്‍ട്രല്‍ സ്‌റ്റേഷനില്‍ പരാതി നല്‍കിയെന്നും സുരേഷ്‌കുമാര്‍ പറഞ്ഞു. പിന്നീട് ഒരു നടപടിയും പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. ഇതേക്കുറിച്ചന്വേഷിച്ചപ്പോള്‍ തണുപ്പന്‍ പ്രതികരണമായിരുന്നു പൊലീസിനെന്നും സുരേഷ്‌കുമാര്‍ വ്യക്തമാക്കി.

നിര്‍മ്മാതാവ് ജോണി സാഗരികയുടെ ഡ്രൈവറായിരുന്നു അന്ന് പള്‍സര്‍ സുനി. പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ ജോണി സാഗരിക എത്തിയപ്പോള്‍ സുനിയും ഒപ്പമുണ്ടായിരുന്നു. എന്നാല്‍ കുടുങ്ങുമെന്ന് ഉറപ്പായപ്പോള്‍ സ്‌റ്റേഷനില്‍ നിന്നും നിന്നനില്‍പ്പില്‍ തന്നെ മുങ്ങുകയായിരുന്നു. അന്ന് മേനകയെ കൂടാതെ മറ്റൊരു നടിയെകൂടി സുനി ലക്ഷ്യമിട്ടെന്നാണ് സൂചന. നടി യാത്ര മാറ്റിവെച്ചതിനാല്‍ ഇവരുടെ ലക്ഷ്യം പൊളിയുകയായിരുന്നു.

Read More >>