പുളിക്കല്‍ മദീനത്തുല്‍ ഉലൂം അറബികോളേജില്‍ സര്‍വകലാശാല ചട്ടങ്ങള്‍ ലംഘിച്ച് സംഘടനാ ക്ലാസുകള്‍; പ്രതികരിച്ചാല്‍ കോളേജില്‍ നിന്ന് പുറത്താക്കുമെന്ന് ഭീഷണിയെന്ന് വിദ്യാര്‍ഥികള്‍

സര്‍വ്വകലാശാല നിയമപ്രകാരം ക്ലാസ്സ് സമയങ്ങളില്‍ ഒരു സംഘടനയുടെയും പരിപാടികള്‍ സംഘടിപ്പിക്കാന്‍ അനുമതിയില്ല. കോളേജ് യൂണിയന്‍, നാഷണല്‍ സര്‍വീസ് സ്‌കീം തുടങ്ങിയ അംഗീകൃത പരിപാടികള്‍ക്ക് മാത്രമാണ് അനുവാദമുള്ളത്. എന്നാല്‍ പുളിക്കല്‍ മദീനത്തുല്‍ ഉലൂം കോളേജില്‍ നടക്കുന്നത് മുജാഹിദ് പ്രസ്ഥാനത്തിലെ പ്രശ്‌നങ്ങള്‍ സംബന്ധിച്ചുള്ള തുടര്‍ച്ചയായുള്ള ചര്‍ച്ചകളാണ്. മാത്രമല്ല സാധാരണ ക്ലാസ്സുകളിലും പഠനം നടക്കന്നത് പലപ്പോഴും ഇത്തരം കാര്യങ്ങളിലാണെന്നും വിദ്യാര്‍ഥികള്‍ക്ക് പരാതിയുണ്ട്

പുളിക്കല്‍ മദീനത്തുല്‍ ഉലൂം അറബികോളേജില്‍ സര്‍വകലാശാല ചട്ടങ്ങള്‍ ലംഘിച്ച് സംഘടനാ ക്ലാസുകള്‍; പ്രതികരിച്ചാല്‍ കോളേജില്‍ നിന്ന് പുറത്താക്കുമെന്ന് ഭീഷണിയെന്ന് വിദ്യാര്‍ഥികള്‍

മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിക്കടുത്ത് പുളിക്കല്‍ മദീനത്തുല്‍ ഉലൂം അറബിക്കോളേജില്‍ സര്‍വകലാശാല നിയമങ്ങള്‍ ലംഘിച്ചുകൊണ്ട് സംഘടനാ ക്ലാസുകള്‍ നടക്കുന്നതായി ആക്ഷേപം. മുജാഹിദ് ഔദ്യോഗിക വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള കോളേജ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലാണ് അഫ്‌ലിയേറ്റ് ചെയ്തതിരിക്കുന്നത്.


സംഘടനാപരവും ആശയപരവുമായ തര്‍ക്കങ്ങള്‍ നടക്കുന്നതിനാലാണ് ഇവിടെ പലപ്പോഴായി അധ്യയനം മുടങ്ങുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രതികരിച്ച വിദ്യാര്‍ഥികളെ കോളേജില്‍ നിന്ന് പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് മാനേജ്‌മെന്റ് ഒതുക്കിയത്. സര്‍ക്കാരില്‍നിന്നും ശമ്പളം പറ്റുന്ന എയ്ഡഡ് സ്ഥാപനത്തിലാണ് ക്ലാസ് സമയങ്ങളില്‍പോലും സംഘടനാ പ്രവര്‍ത്തനങ്ങളും സമ്മേളനങ്ങളും വ്യാപകമായി നടത്തുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടര്‍ച്ചയായി ഇത്തരം പരിപാടികള്‍ കോളേജില്‍ സംഘടിപ്പിച്ചിരുന്നു. ഇതിനെതിരെ പ്രതികരിച്ച വിദ്യാര്‍ഥികള്‍ക്കെതിരെയാണ് മാനേജ്‌മെന്റിന്റെ പുറത്താക്കല്‍ ഭീഷണി.ഫെബ്രുവരി 18ന് ഏറ്റവുമൊടുവില്‍ ഇത്തരത്തിലുള്ള പരിപാടി നടത്തിയത്. ഉച്ചക്ക് 1.30 മുതല്‍ 4.30 വരെ ക്ലാസ് സമയത്ത് അധ്യയനം ഒഴിവാക്കി എം എസ് എം ദഅവാ വനിതാ സമ്മേളനം സംഘടിപ്പിച്ചിരുന്നു. സര്‍വ്വകലാശാല നിയമപ്രകാരം ക്ലാസ്സ് സമയങ്ങളില്‍ ഒരു സംഘടനയുടെയും പരിപാടികള്‍ സംഘടിപ്പിക്കാന്‍ അനുമതിയില്ല. കോളേജ് യൂണിയന്‍, നാഷണല്‍ സര്‍വീസ് സ്‌കീം തുടങ്ങിയ അംഗീകൃത പരിപാടികള്‍ക്കു മാത്രമാണ് അനുവാദമുള്ളത്. എന്നാല്‍ പുളിക്കല്‍ മദീനത്തുല്‍ ഉലൂം കോളേജില്‍ നടക്കുന്നത് മുജാഹിദ് പ്രസ്ഥാനത്തിലെ പ്രശ്‌നങ്ങള്‍ സംബന്ധിച്ചുള്ള തുടര്‍ച്ചയായുള്ള ചര്‍ച്ചകളാണ്. മാത്രമല്ല സാധാരണ ക്ലാസ്സുകളിലും പഠനം നടക്കുന്നത് പലപ്പോഴും ഇത്തരം കാര്യങ്ങളിലാണെന്നും വിദ്യാര്‍ഥികള്‍ക്ക് പരാതിയുണ്ട്.


1947ലാണ് മദീനത്തുല്‍ ഉലൂം അറബിക്കോളേജ് പുളിക്കലില്‍ സ്ഥാപിതമായത്. മൂന്നൂറോളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന ഇവിടെ 13 എയ്ഡഡ് അധ്യാപകരാണുള്ളത്. പിഎച്ച്ഡി റിസര്‍ച്ച് ഓപ്ഷന്‍ ഉള്‍പ്പെടെ ആറ് അറബിക് കോഴ്‌സുകളാണിവിടെയുള്ളത്. എല്ലാ വിഭാഗം വിദ്യാര്‍ഥികളും പഠിക്കുന്ന കോളേജില്‍ മുജാഹിദിന്റെ ആശയങ്ങളും സംഘടനാ തത്വങ്ങളും അടിച്ചേല്‍പ്പിക്കപ്പെടുന്നതായി രക്ഷിതാക്കളും ആരോപിക്കുന്നു.ഭാവിയെ ഭയന്നാണ് വിദ്യാര്‍ഥികള്‍ പരാതി നല്‍കാന്‍ തയ്യാറാവാത്തതെന്നാണ് വിവരം. അതേസമയം അധ്യയനം ഉപേക്ഷിച്ചുകൊണ്ടുള്ള നിയമവിരുദ്ധമായ സംഘടനാ സമ്മേളനങ്ങള്‍ക്കും പരിപാടികള്‍ക്കുമെതിരെ ഉന്നതതല അധികാരികള്‍ക്ക് പരാതി നല്‍കാനുള്ള തീരുമാനത്തിലാണെന്നു വിദ്യാര്‍ഥികള്‍ പറഞ്ഞു.


സിലബസ് അനുസരിച്ച് മാത്രമല്ല, പാഠ്യേതരപ്രവര്‍ത്തനങ്ങളും കോഴ്‌സിന്റെ ഭാഗമാണെന്നും എല്ലാ കോളേജുകളിലെയുംപോലെയാണ് അത് നടത്തുന്നതെന്നും മദീനത്തുല്‍ ഉലൂം അറബികോളേജ് വൈസ് പ്രിന്‍സിപ്പല്‍ യൂസഫ് നാരദാ ന്യൂസിനോട് പറഞ്ഞു. രഹസ്യമായി കോളേജില്‍ ഒന്നും നടത്താറില്ല. സെമിനാറുകള്‍, ക്ലാസുകള്‍, എന്‍എസ്എസ് ക്യാമ്പുകള്‍ തുടങ്ങിയ പഠ്യേതരപ്രവര്‍ത്തനങ്ങളെപ്പോലെയാണ് സംഘടനാ ക്ലാസുകളും നടത്തുന്നത്. അധ്യയനത്തെ അത് ഒരു രീതിയിലും ബാധിക്കാറില്ലെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

Read More >>