മലയാളത്താന്മാരേ കേരളത്തിലേയ്ക്കു തിരിച്ചു പൊയ്ക്കോ; ഭവാനിപ്പുഴയിലെ ചെക്ക് ഡാം നിർമ്മാണം നിർത്തിയില്ലെങ്കിൽ പ്രക്ഷോഭമെന്ന് പി മണിയരശൻ

തമിഴ് നാട്ടിലെ രാഷ്ട്രീയാന്തരീക്ഷം കലുഷിതമായപ്പോൾ ഭവാനിപ്പുഴയും ചെക്ക് ഡാമുമെല്ലാം ചിത്രത്തിൽ നിന്നും മായുകയായിരുന്നു. പനീർശെൽ വം പ്രധാനമന്ത്രിയ്ക്കു കത്തെഴുതിയപ്പോഴും കേരളം ചെക്ക് ഡാം നിർമ്മാണവുമായി മുന്നോട്ടു പോകുകയായിരുന്നു. ഇപ്പോൾ തമിഴ് നാട് സർക്കാരിൽ നിന്നും ആരും ശ്രദ്ധിക്കുന്നില്ല എന്ന നിലയിൽ കേരളം തടസ്സമൊന്നും കൂടാതെ നിർമ്മാണപ്രവർത്തനങ്ങൾ തുടരുകയാണെന്നു തദ്ദേശവാസികൾ പരാതിപ്പെടുന്നു.

മലയാളത്താന്മാരേ കേരളത്തിലേയ്ക്കു തിരിച്ചു പൊയ്ക്കോ; ഭവാനിപ്പുഴയിലെ ചെക്ക് ഡാം നിർമ്മാണം നിർത്തിയില്ലെങ്കിൽ പ്രക്ഷോഭമെന്ന് പി മണിയരശൻ

തമിഴ്‌ നാട്ടിൽ കോയമ്പത്തൂർ, ഈറോഡ്, തിരുപ്പൂർ ജില്ലകൾ വെള്ളത്തിനായി ആശ്രയിക്കുന്ന ഭവാനിപ്പുഴയിൽ കേരളം നിർമ്മിക്കുന്ന ആറു ചെക്ക് ഡാമുകളുടെ ജോലി നിർത്തണമെന്നു ആവശ്യപ്പെട്ട് സമരം കടുപ്പിക്കാനൊരുങ്ങി തമിഴ് മക്കൾ. കഴിഞ്ഞ രണ്ടു മാസങ്ങളായി തുടരുകയാണു സമരം. തുടക്കത്തിൽ വിഷയം സംബന്ധിച്ചു അന്നത്തെ തമിഴ് ‌നാട് മുഖ്യമന്ത്രി ഓ പനീർശെൽവം പ്രധാനമന്ത്രിയ്ക്കു കത്തയച്ചിരുന്നെങ്കിലും പ്രയോജനമൊന്നും ഉണ്ടായില്ല.

പിന്നീട് തമിഴ് ‌നാട്ടിലെ രാഷ്ട്രീയാന്തരീക്ഷം കലുഷിതമായപ്പോൾ ഭവാനിപ്പുഴയും ചെക്ക് ഡാമുമെല്ലാം ചിത്രത്തിൽ നിന്നും മായുകയായിരുന്നു. പനീർശെൽവം പ്രധാനമന്ത്രിയ്ക്കു കത്തെഴുതിയപ്പോഴും കേരളം ചെക്ക് ഡാം നിർമ്മാണവുമായി മുന്നോട്ടു പോകുകയായിരുന്നു. ഇപ്പോൾ തമിഴ് ‌നാട് സർക്കാരിൽ നിന്നും ആരും ശ്രദ്ധിക്കുന്നില്ല എന്ന നിലയിൽ കേരളം തടസ്സമൊന്നും കൂടാതെ നിർമ്മാണപ്രവർത്തനങ്ങൾ തുടരുകയാണെന്നു തദ്ദേശവാസികൾ പരാതിപ്പെടുന്നു.


ഈ അവസ്ഥയിൽ കേരളത്തിന്റെ ഡാം നിർമ്മിക്കുന്ന സ്ഥലത്തു ചെന്ന് സ്ഥിതിഗതികൾ വിലയിരുത്തിയ തമിഴ് ദേശീയ പൊതുവുഡമൈ കച്ചി നേതാവ് പി മണിയരശൻ മാദ്ധ്യമങ്ങളോടു സംസാരിച്ചു.

“ഭവാനിപ്പുഴയ്ക്കു കുറുകേ 6 സ്ഥലങ്ങളിൽ ചെക്ക് ഡാമുകൾ കെട്ടി വെള്ളമൂറ്റുകയാണു കേരളം. അവ നിർമ്മിച്ചു കഴിഞ്ഞാൽ ഭവാനിപ്പുഴയിൽ നിന്നും ചോരുന്ന വെള്ളം പോലും തമിഴ്‍ നാടിനു കിട്ടില്ല. അതു കാരണം കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ് ജില്ലകളിലെ മൂന്നു ലക്ഷം ഏക്കർ കൃഷിയിടങ്ങൾ പ്രതിസന്ധിയിലാകും. ഒരു കോടി ജനങ്ങളുടെ കുടിനീർ ഇല്ലാതാകും. ഒരു കോടി തമിഴ് ജനങ്ങളുടെ ജീവിതപ്രശ്നം കണക്കിലെടുത്ത് കേരളം ഡാം നിർമ്മാണം നിർത്തി വയ്ക്കണം,” മണിയരശൻ പറഞ്ഞു.

ഇന്ത്യൻ ഭരണഘടനയനുസരിച്ചും സുപ്രീം കോടതിയുടെ ഉത്തരവനുസരിച്ചും തമിഴ് നാടിനു ലഭിക്കേണ്ട നീതി നിഷേധിക്കപ്പെടുകയാണ്. തമിഴരുടെ ജീവിതം തന്നെ പ്രതിസന്ധിയിലാകുന്ന ഈ ഘട്ടത്തിൽ തങ്ങളെ സംരക്ഷിക്കാൻ എന്തു ചെയ്യണമെന്നു തമിഴർ ചിന്തിക്കുകയാണെന്നും മണിയരശൻ പറഞ്ഞു.

ഭവാനിയിൽ ഡാം കെട്ടുന്നത് കേരളം നിർത്തിയില്ലെങ്കിൽ കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ് എന്നിവിടങ്ങളിൽ താമസിക്കുന്ന മലയാളികളെ കേരളസർക്കാർ തിരിച്ചു വിളിക്കണം. അങ്ങിനെ ചെയ്തില്ലെങ്കിൽ ഈ മൂന്നു ജില്ലകളിലുള്ള മലയാളികളുടെ വീടുകളിലേയ്ക്കു ചെന്ന് കേരളത്തിലേയ്ക്കു തിരിച്ചു പോകാൻ ആവശ്യപ്പെട്ടുകൊണ്ട് പ്രക്ഷോഭം തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു.

Read More >>