ജിഷ്ണുവിന്റെ ഹത്യ: വൈസ് പ്രിന്‍സിപ്പലടക്കം നാലു പേര്‍ക്കെതിരെ ആത്മഹത്യാ പ്രേരണയ്ക്കു കേസെടുക്കും

കോളേജ് ചെയര്‍മാന്‍ കൃഷ്ണദാസ്, പി.ആര്‍.ഒ സഞ്ജിത്ത് വിശ്വനാഥന്‍ എന്നിവരെ ഉള്‍പ്പെടുത്തി കൊലക്കുറ്റത്തിന് കേസ് എടുക്കണം. പ്രാഥമിക അന്വേഷണവും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും അട്ടിമറിച്ചതിന് വ്യക്തമായ തെളിവുകളുണ്ട്- ജിഷ്ണുവിന്റെ ബന്ധുക്കൾ

ജിഷ്ണുവിന്റെ ഹത്യ: വൈസ് പ്രിന്‍സിപ്പലടക്കം നാലു പേര്‍ക്കെതിരെ ആത്മഹത്യാ പ്രേരണയ്ക്കു കേസെടുക്കും

കൊച്ചി: പാമ്പാടി നെഹ്രു കോളേജിലെ ജിഷ്ണുവിന്റെ മരണത്തില്‍ വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേലു അടക്കം അഞ്ചു പേര്‍ക്കെതിരെ അന്വേഷണ സംഘം കേസെടുക്കും. പരീക്ഷാ ഇന്‍വിജിലേറ്ററായിരുന്ന സിപി പ്രവീണ്‍, കായികാധ്യാപകന്‍ ഗോവിന്ദന്‍ കുട്ടി, എക്‌സാം സെല്ലിലുള്ള വിപിന്‍, വിമല്‍ എന്നിവരും പ്രതികളാകും. ഇവരെ അറസ്റ്റ് ചെയ്യാന്‍ നീക്കം തുടങ്ങിയതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

നേരത്തെ അസ്വാഭാവിക മരണത്തിന് എഫ്‌ഐആര്‍ ഇട്ടിട്ടുള്ളതിനാല്‍ പ്രതികളെ കസ്റ്റഡിയിലെടുത്ത ശേഷമായിരിക്കും പുതിയ വകുപ്പുകള്‍ കൂട്ടിച്ചേര്‍ക്കുക. എന്നാല്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസ് ഒതുക്കുന്നതിനോടു യോജിക്കുന്നില്ലെന്ന് ജിഷ്ണുവിന്റെ ബന്ധുക്കള്‍ പറഞ്ഞു. കോളേജ് ചെയര്‍മാന്‍ കൃഷ്ണദാസ്, പി.ആര്‍.ഒ സഞ്ജിത്ത് വിശ്വനാഥന്‍ എന്നിവരെ ഉള്‍പ്പെടുത്തി കൊലക്കുറ്റത്തിന് കേസ് എടുക്കണം. പ്രാഥമിക അന്വേഷണവും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും അട്ടിമറിച്ചതിന് വ്യക്തമായ തെളിവുകളുണ്ട്.


ആത്മഹത്യയാണെങ്കില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് അട്ടിമറിക്കേണ്ട കാര്യമില്ല. കോളേജിനെതിരെ നിന്ന നാലു വിദ്യാര്‍ത്ഥികളെ കൊന്നു തള്ളുമെന്ന് കൃഷ്ണദാസ് കഴിഞ്ഞ ദിവസം കൂടി ഭീഷണി മുഴക്കിയതെ ഉള്ളു. ഇക്കാര്യങ്ങള്‍ ഉള്‍പ്പെടുത്തി അന്വേഷണം ശരിയായ രീതിയില്‍ നടത്തണമെന്നും ജിഷ്ണുവിന്റെ ബന്ധുക്കള്‍ പറഞ്ഞു.

എന്നാല്‍ അധ്യാപകര്‍ക്ക് മേല്‍ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യാനുള്ള നീക്കത്തെക്കുറിച്ച് അറിയില്ലെന്നും റിപ്പോര്‍ട്ട് കിട്ടിയിട്ടില്ലെന്നും പഴയന്നൂര്‍ എസ് ഐ മനോജ് കെ ഗോപി പറഞ്ഞു.

കോളേജിലെ പ്രതിഷേധങ്ങള്‍ക്കു നേതൃത്വം നല്‍കിയ വിദ്യാര്‍ത്ഥികള്‍ക്കെതിരെ വധഭീഷണി മുഴക്കിയ ചെയര്‍മാന്‍ പികെ കൃഷ്ണദാസ് അന്നേദിവസം കോളേജില്‍ വന്നിരുന്നില്ലന്ന് പറഞ്ഞത് കളവാണന്ന് തെളിഞ്ഞു. കൃഷ്ണദാസ് അന്ന് കോളേജില്‍ വന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.  ജിഷ്ണു മരിച്ച ദിവസം കോളേജില്‍ വന്നിട്ടില്ലെന്നാണ് കൃഷ്ണദാസ് മൊഴി നല്‍കിയിരിക്കുന്നത്.

Read More >>