ഞാന്‍ കണ്ട ഏറ്റവും സുന്ദരികളില്‍ ഒരുവളായ നീ ഭയപ്പെടേണ്ടവളല്ല: പൃഥ്വിരാജ്

ഇന്നുകള്‍ നാളെയുടെ നിഴലായി കൂടെ കൂട്ടരുതെന്ന ഓര്‍മ്മപ്പെടുത്തലാണ് പൃഥ്വിരാജ് സാമൂഹിക മാധ്യമത്തിലൂടെ ‍സുഹൃത്തിനായി നല്കുന്ന പരസ്യപിന്തുണ

ഞാന്‍ കണ്ട ഏറ്റവും സുന്ദരികളില്‍ ഒരുവളായ നീ ഭയപ്പെടേണ്ടവളല്ല: പൃഥ്വിരാജ്

തനിക്കറിയാവുന്ന ഏറ്റവും സുന്ദരികളില്‍ ഒരുവളായവള്‍ക്ക് സംഭവിച്ചതില്‍ അതിയായ അസ്വസ്ഥത രേഖപ്പെടുത്തി നടന്‍ പൃഥ്വിരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌. ഇത്തരത്തില്‍ പ്രവര്‍ത്തിച്ച ഒരു സമൂഹത്തിലെ പുരുഷന്‍ എന്ന നിലയില്‍ അപമാനത്തോടെ തന്റെ തല കുനിയുന്നു എന്ന് പൃഥ്വി പറയുന്നു. പക്ഷെ ഇപ്പോള്‍ നമ്മുക്ക് ഒരുമിച്ചു നിന്ന് ഇത്ര ധീരമായ നിലപാടെടുത്ത ഒരു പെണ്‍കുട്ടിക്ക് പിന്തുണ നല്‍കാം.

ഒരാഴ്ചയ്ക്കുള്ളില്‍ താനും നടിയും ഒരുമിച്ചു ചെയ്യുന്ന ഒരു സിനിമ ആരംഭിക്കാനിരിക്കുകയാണ്. എന്നാല്‍ തനിക്ക് ഉടനടി ക്യാമറയുടെ മുന്നില്‍ എത്താന്‍ കഴിയില്ല, അതിനാല്‍ ഈ സിനിമയില്‍ നിന്നും പിന്‍മാറുന്നു എന്നും അവള്‍ അറിയിച്ചു.


അവളെ തനിക്ക് നന്നായി അറിയാമെന്നും അവര്‍ എപ്പോഴും ധൈര്യം പ്രകടിപ്പിച്ച ഒരു പെണ്‍ക്കുട്ടി ആയിരുന്നു എന്നും പൃഥ്വി കുറിക്കുന്നു. ഇത്തരത്തില്‍ ധൈര്യമുള്ള ഒരു പെണ്‍ക്കുട്ടി താന്‍ ഏറ്റവുമധികം ഇഷ്ടപ്പെടുന്നതില്‍ നിന്നും ഒഴിഞ്ഞു മാറുന്നു എങ്കില്‍ അവള്‍ അത്രയധികം വേദനിക്കപ്പെടുന്നുണ്ട്. എത്ര മുറിപ്പെടുത്തുന്ന അനുഭവങ്ങളാണ് അതെന്ന് ഊഹിക്കാവുന്നതെ ഉള്ളു.

ആ @#$% മാരേ എത്രയും വേഗം പിടികൂടി നിയമത്തിന്റെ മുന്നില്‍ എത്തിക്കണം. അതിന്റെയൊപ്പം മറ്റൊരാളുടെ ദുര്യോഗത്തെ ആഘോഷിക്കാന്‍ നമ്മുക്ക് ആരെയും അനുവദിക്കാതെയിരിക്കാം എന്ന് പൃഥ്വിരാജ് ആവശ്യപ്പെടുന്നു.

പഴയ ഊര്‍ജ്ജസ്വലതയോടെ തിരിച്ചെത്തുമെന്നു പ്രതീക്ഷിക്കുന്ന പ്രിയപ്പെട്ട സുഹൃത്തിന് തന്റെ എല്ലാ പിന്തുണയും പൃഥ്വിരാജ് അറിയിക്കുന്നുണ്ട്. ഇന്നുകള്‍ നാളെയുടെ നിഴലായി കൂടെ കൂട്ടരുതെന്ന ഓര്‍മ്മപ്പെടുത്തലാണ് പൃഥ്വിരാജ് സുഹൃത്തിനായി സാമൂഹിക മാധ്യമത്തിലൂടെ നല്‍കുന്ന പരസ്യപിന്തുണ