വൈദികന്റെ പീഡനത്തില്‍ ബാലികയുടെ പ്രസവം: 10 ലക്ഷവും വാഗ്ദാനങ്ങളുമായി വൈദികഗുണ്ട; പീഡകന്‍ കാഞ്ഞിരപ്പള്ളി ബിഷപ്പിന്റെ വലംകൈ

പീഡനത്തിരയായ കുട്ടിയുടെ കുടുംബത്തിന് 10 ലക്ഷവും സഹോദരങ്ങളുടെ പഠനവും വാഗ്ദാനം ചെയ്ത് കേസൊതുക്കാന്‍ ശ്രമം. ഫാ. റോബിന്‍ വടക്കുംചേരി വൈദികരിലെ ഗുണ്ടയെന്ന് ആരോപണം. യുവജനസംഘടനകള്‍ പള്ളിയിലേയ്ക്കു മാര്‍ച്ച് നടത്തും. തെളിവെടുപ്പിന് കൊണ്ടുവന്ന വൈദികനു നേരെ ആക്രമണ ശ്രമം. കത്തോലിക്കാ സഭയുടെ കീഴിലുള്ള കൂത്തുപറമ്പ് ക്രിസ്തുരാജ ആശുപത്രിയില്‍ നടന്ന പ്രസവം ആശുപത്രി അധികൃതര്‍ മറച്ചുവച്ചു. വിവാദ വൈദികൻ ജീവൻ ടിവിയുടെയും ദീപിക ദിനപ്പത്രത്തിന്റെയും മാനേജിങ് ഡയറക്റ്റർ പദവിയിൽ ഇരുന്നയാൾ.

വൈദികന്റെ പീഡനത്തില്‍ ബാലികയുടെ പ്രസവം: 10 ലക്ഷവും വാഗ്ദാനങ്ങളുമായി വൈദികഗുണ്ട; പീഡകന്‍ കാഞ്ഞിരപ്പള്ളി ബിഷപ്പിന്റെ വലംകൈ

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്ത ഫാ. റോബിന്‍ വടക്കുംചേരിക്കെതിരെ ഗുരുതര ആരോപണങ്ങള്‍. പീഡനം ഒതുക്കാനായി പെണ്‍കുട്ടിയുടെ കുടുംബത്തിന് 10 ലക്ഷം രൂപയും സഹോദരങ്ങളുടെ പഠനവും ജോലിയും പുതിയ വീടുമാണ് വൈദികന്‍ വാഗ്ദാനം ചെയ്തതെന്നറിയുന്നു. താന്‍ മാനേജരായ സ്‌കൂളില്‍ വിദ്യാര്‍ത്ഥി സംഘടനകളെ ചെറുക്കാന്‍ സ്‌കൂള്‍ സംരക്ഷണ സേന എന്ന പേരില്‍ ഗുണ്ടാ സംഘം രൂപീകരിച്ച വൈദികന്‍ നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് നടത്തി കോടിക്കണക്കിന് രൂപ ഉണ്ടാക്കിയതായും ആരോപണമുണ്ട്. കാഞ്ഞിരപ്പള്ളി രൂപതാ മെത്രാന്‍ മാത്യു അറയ്ക്കലിന്റെ വിശ്വസ്തനായ ഇയാള്‍ സഭയുടെ നിരവധി ഭൂമി ഇടപാടുകളില്‍ ദല്ലാളായി പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്.


മാനന്തവാടി സ്വദേശിയായ വൈദികന്‍ മൂന്നു വര്‍ഷം മുമ്പാണ് കണ്ണൂര്‍ ജില്ലയിലെ കൊട്ടിയൂരിനടുത്തുള്ള നീണ്ടുനോക്കി സെന്റ് സെബാസ്റ്റിയന്‍സ് ദേവാലയത്തില്‍ ഇടവക വികാരിയായി ചുമതലയേറ്റത്. ഇതോടൊപ്പം കൊട്ടിയൂര്‍ ഐജെഎം സ്‌കൂളിലെ മാനേജരായി നിയമിതനായ ഇയാള്‍ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥി രാഷ്ട്രീയം അവസാനിപ്പിക്കാനായി ആദ്യം രംഗത്തിറങ്ങുകയായിരുന്നു. സ്‌കൂള്‍ സംരക്ഷണ സേന എന്ന പേരില്‍ ഗുണ്ടാസ്വഭാവമുള്ള ആളുകളെ സംഘടിപ്പിച്ച് വിദ്യാര്‍ത്ഥി സംഘടനകളിലെ പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

മലയോര മേഖലകളിലെ സാമ്പത്തികം കുറഞ്ഞ വീടുകളിലെ പെണ്‍കുട്ടികളെ നഴ്‌സിംഗ് കോഴ്‌സിനും വിദേശ ജോലിക്കും അയക്കുന്നതിനാണത്രേ, വൈദികന്‍ തന്റെ ശുശ്രൂഷാപരമായ കാര്യങ്ങള്‍ക്ക് ചെലവഴിച്ചതിനേക്കാള്‍ കൂടുതല്‍ സമയം വിനിയോഗിച്ചത്. ഇങ്ങനെ കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ 20ലധികം പെണ്‍കുട്ടികളെയാണ് വൈദികന്‍ പഠനത്തിനും ജോലിക്കുമായി അയച്ചത്. ഇക്കാര്യത്തിലൊക്കെ ഇയാള്‍ പണം വാങ്ങി റിക്രൂട്ട്‌മെന്റ് ഏജന്റായി പ്രവര്‍ത്തിച്ചതായാണ് ആരോപണം. ദരിദ്ര ഭവനങ്ങളിലെ കുട്ടികളെ സഹായിക്കുന്നു എന്ന വ്യാജേന വൈദികന്‍ നടത്തിയ ഈ കാര്യങ്ങള്‍ക്ക് കാര്യമായ വിമര്‍ശനം ലഭിച്ചിരുന്നില്ല.

ഐജെഎം സ്‌കൂളില്‍ പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഒരുമിച്ച് നടക്കുന്നതിനും സംസാരിക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയ വൈദികന്‍ ഇടവകയിലേയും സ്‌കൂളുകളിലേയും പെണ്‍കുട്ടികളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തിയതായി ഒരു ഇടവകാംഗം പറഞ്ഞു. ആണ്‍കുട്ടികള്‍ പള്ളിയില്‍ വരാത്തതിന് ശകാരിക്കാത്ത വികാരി ഇക്കാര്യത്തില്‍ പെണ്‍കുട്ടികള്‍ക്ക് കര്‍ശനമായ നിബന്ധനകളാണത്രെ വച്ചത്. എന്നാല്‍ വൈദികന് ഇടവകാംഗങ്ങളോടുള്ള ആത്മാര്‍ത്ഥതയാണിതെന്ന് കരുതിയ വിശ്വാസികള്‍ വൈദികന്റെ അറസ്‌റ്റോടെ ഇക്കാര്യത്തില്‍ സംശയത്തിലായിരിക്കുകയാണ്.

പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നറിഞ്ഞതോടെ വൈദികന്‍ സമ്മര്‍ദ്ദ തന്ത്രങ്ങളുമായി കുടുംബത്തെ ബന്ധപ്പെട്ടു. ഭീഷണിക്ക് പുറമേ 10 ലക്ഷം രൂപയും അഞ്ച് മക്കളുള്ള കുടുംബത്തിലെ എല്ലാവരുടേയും പഠന ചെലവും ജോലിയും കുടുംബത്തിന് വാഗ്ദാനം ചെയ്തത്രേ. ഇക്കാരണം കൊണ്ടാണ് പെണ്‍കുട്ടി പ്രസവിച്ച് ഒരു മാസം പിന്നിട്ടിട്ടും സംഭവം പുറത്താകാതിരുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. ഇതിനിടെ ചൈല്‍ഡ് ലൈനിനു ലഭിച്ച ഒരു അജ്ഞാത ഫോണ്‍ കോളിനെത്തുടര്‍ന്നാണ് പൊലീസ് അന്വേഷണത്തിലേക്ക് വഴിതെളിഞ്ഞത്. ഇതിനിടെ തന്നെ പീഡിപ്പിച്ചത് സ്വന്തം പിതാവാണെന്നു പോലും പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കുകയുണ്ടായി. വൈദികന്റെ കടുത്ത സമ്മര്‍ദ്ദത്തിനും ഭീഷണിക്കും വഴങ്ങിയാണ് ഇങ്ങനെ മൊഴി നല്‍കേണ്ടി വന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

അതിനിടെ കുടുങ്ങുമെന്നു മനസിലായ വൈദികന്‍ കഴിഞ്ഞ ഞായറാഴ്ചത്തെ കുര്‍ബാനയ്ക്കിടെ താന്‍ കാനഡയിലേക്ക് ധ്യാനത്തിനു പോകുകയാണെന്നും കുറച്ചുനാളിനു ശേഷമേ മടങ്ങിവരികയുള്ളൂ എന്നും   പറഞ്ഞിരുന്നു. ഇത്തരത്തില്‍ രാജ്യം വിടാനുള്ള ശ്രമത്തിനിടെ നെടുമ്പാശേരിയില്‍ നിന്നാണ് ഇയാള്‍ പിടിയിലാകുന്നത്.

അതേസമയം കത്തോലിക്കാ സഭയുടെ കീഴിലുള്ള കൂത്തുപറമ്പ് ക്രിസ്തുരാജ ആശുപത്രിയില്‍ നടന്ന പ്രസവം ആശുപത്രി അധികൃതര്‍ മറച്ചുവച്ചു. ഇക്കാര്യത്തില്‍ ആശുപത്രിക്കെതിരെ നടപടിയെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. ഇന്നു രാവിലെ കുറ്റസമ്മതം നടത്തിയ വൈദികനെ തെളിവെടുപ്പിനു കൊണ്ടുവന്നപ്പോള്‍ നാട്ടുകാര്‍ അക്രമിക്കാന്‍ പാഞ്ഞടുത്തു. ഡിവൈഎഫ്‌ഐ അടക്കം ഇന്നു പള്ളിയിലേക്ക് മാര്‍ച്ച് നടത്തുന്നുണ്ട്. പീഡന സംഭവം ഒതുക്കാനായി വൈദികനെ സഹായിച്ചവരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നാണു നാട്ടുകാരുടേയും വിവിധ സംഘടനകളുടേയും ആവശ്യം. ഇയാള്‍ നേരത്തെ ദീപിക ദിനപ്പത്രം, ജീവന്‍ ടിവി എന്നിവയുടെ എംഡി ആയിരുന്നു

Read More >>