ശബരിമലയിലെ സ്ത്രീ പ്രവേശനം തടയാൻ ജഡ്ജിയമ്മാവനു മുന്നിൽ പ്രയാറിന്റെ പ്രാർത്ഥനായജ്ഞം വീണ്ടും

18 ആം നൂറ്റാണ്ടിൽ തിരുവിതാംകൂർ സദർ കോടതി ജഡ്ജി ആയിരുന്ന തലവടി രാമവർമപുരത്തു ഗോവിന്ദപ്പിള്ളയുടെ ആത്മാവിനെയാണ് ചെറുവള്ളി ദേവീക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചു ജഡ്ജി അമ്മാവനെന്നു സങ്കൽപ്പിച്ചു പൂജ നടത്തുന്നത്. ഇവിടെ പ്രാർഥന നടത്തുന്നവർക്ക് വ്യവഹാരങ്ങളിൽ വിജയം കിട്ടുമെന്നാണ് വിശ്വാസം.

ശബരിമലയിലെ സ്ത്രീ പ്രവേശനം തടയാൻ ജഡ്ജിയമ്മാവനു മുന്നിൽ പ്രയാറിന്റെ പ്രാർത്ഥനായജ്ഞം വീണ്ടുംശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതിയുടെ വിധി അനുകൂലമാക്കാൻ കോട്ടയം ചെറുവള്ളി ജഡ്ജിയമ്മാവൻ നടയിൽ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണന്റെ നേതൃത്വത്തിൽ വീണ്ടും കൂട്ട പ്രാർത്ഥനാ യജ്ഞം. കോടതിയിൽ സമർപ്പിച്ചിരുന്ന സത്യവാങ്മൂലത്തിന്റെ പകർപ്പ് നടയ്ക്കൽ സമർപ്പിച്ചാണു ശ്രീ പ്രയാർ ചടങ്ങുകൾക്ക് തുടക്കം കുറിച്ചത്.

സത്യവാങ്മൂല സമർപ്പണത്തിനു ശേഷം ക്ഷേത്ര സന്നിധിയിൽ നാരായണീയ പാരായണ യജ്ഞം നടന്നു. ടി എൻ സരസ്വതിയമ്മയുടെ നേതൃത്വത്തിലായിരുന്നു പ്രാർത്ഥനാ യജ്ഞം . ജഡ്ജിയമ്മാവന്റെ അനുഗ്രഹത്താൽ കോടതിവിധി അനുകൂലമാകുമെന്നു ഉറച്ചു വിശ്വസിക്കുന്നതായി പ്രയാർ പറഞ്ഞു . എല്ലാ മതങ്ങളിലും നാളുകളായി തുടർന്ന് വരുന്ന ആചാര അനുഷ്ടാനങ്ങൾ പാലിക്കുന്ന കാര്യത്തിൽ ഭരണ ഘടനാ സംവിധാനങ്ങൾ ഇടപെടൽ നടത്തേണ്ടതില്ലാ എന്ന നിലപാടാണ് തനിക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു .


പ്രശസ്തിമോഹികളായ ചില അവിശ്വാസികളാണ് കോടതിയെ സമീപിച്ചത് . ആചാരങ്ങൾ സംരക്ഷിക്കുവാൻ ഭക്തി മാത്രം ആയുധമാക്കിയ വിശ്വാസികളുടെ കൂട്ടായ്മ ഉണ്ടാവുമെന്നും വൃശ്ചികം ഒന്ന് മുതൽ മകരം ഒന്ന് വരെ എല്ലാ ഹൈന്ദവ ഭവനങ്ങളിലും വൃതാനുഷ്ടാനങ്ങൾ പാലിക്കണമെന്നും അതിലൂടെ ശാരീരികവും മാനസികവുമായ ഉണർവ് പ്രാപ്തമാകുമെന്നും മറ്റു മത വിശ്വാസികൾ ആചാരങ്ങൾ പാലിക്കുന്നതിൽ കാണിക്കുന്ന നിഷ്ഠ മാതൃകാപരമാണെന്നും പ്രയാർ പറഞ്ഞു.

ജഡ്ജി അമ്മാവൻ നട


പൊൻകുന്നം ചെറുവള്ളി ദേവീക്ഷേത്രത്തിലെ ഉപദേവതാ പ്രതിഷ്ഠയാണ് ജഡ്ജി അമ്മാവൻ . തിരുവിതാംകൂർ രാജാവായിരുന്ന കാർത്തിക തിരുനാൾ രാമവർമയുടെ കാലത്ത് സദർ കോടതി ജഡ്ജിയായിരുന്ന തിരുവല്ല തലവടി രാമപുരത്തു മഠത്തിലെ ഗോവിന്ദപ്പിള്ളയുടെ ആത്മാവാണ് ജഡ്ജിയമ്മാവൻ പ്രതിഷ്ഠയായത് എന്നാണു ഐതീഹ്യം. പതിനെട്ടാം നൂറ്റാണ്ടിലായിരുന്നു സംഭവം. നിയമപണ്ഡിതനും നീതിമാനുമായിരുന്ന ന്യായാധിപനായിരുന്നു ഗോവിന്ദപ്പിളള. അനന്തരവനെതിരെ വിധിച്ച വധശിക്ഷ തെറ്റായിപ്പോയെന്നു ബോധ്യമായപ്പോൾ സ്വയം വധശിക്ഷ വിധിച്ചു തൂക്കുമരമേറിയ നീതിമാൻ.

ബന്ധുവിനെതിരെയുളള വിധി തെറ്റായിപ്പോയി എന്നു ബോധ്യമായ നിമിഷം അദ്ദേഹം സ്വന്തം വിധിയെഴുതി. പിന്തിരിപ്പിക്കാൻ രാജാവ് ശ്രമിച്ചെങ്കിലും ഫലിച്ചില്ല. ഉപ്പൂറ്റിയിൽ മുറിവുണ്ടാക്കി രക്തം വാർന്നു മരിക്കുംവരെ തൂക്കിലിടണമെന്നായിരുന്നു അദ്ദേഹം തനിക്കു വിധിച്ച ശിക്ഷ.

കാർത്തിക തിരുനാളിന് അതു നടപ്പാക്കേണ്ടി വന്നു. തുടർന്ന് നാട്ടിലുണ്ടായ അനിഷ്ടങ്ങൾക്കു കാരണം അമ്മാവന്റെയും മരുമകന്റെയും ദുർമ്മരണമാണെന്നു പ്രശ്നത്തിൽ തെളിഞ്ഞു. ഇരുവരുടെയും ആത്മാക്കളെ കുടിയിരുത്തി ദോഷപരിഹാര പൂജകൾ വേണമെന്നു പുരോഹിതർ വിധിച്ചു.

മൂലകുടുംബമായ ചെറുവള്ളിയിലെ ദേവീക്ഷേത്രത്തിൽ ഗോവിന്ദപ്പിള്ളയുടെ ആത്മാവിനെ കുടിയിരുത്തി പ്രതിഷ്ഠയും നടത്തി. അനന്തരവനെ തിരുവല്ല പനയാർ കാവിലും. 1978ലാണ് ജഡ്ജിയമ്മാവനു വേണ്ടി ശ്രീകോവിൽ പണിതത്.

അതോടെ നീതിക്കുവേണ്ടി വ്യവഹാരം നടത്തുന്നവർ ജഡ്ജിയമ്മാവനു മുന്നിലെത്തി പ്രാർഥിച്ചാൽ എന്തു പ്രതിബന്ധങ്ങളുണ്ടെങ്കിലും ജഡ്ജിയമ്മാവൻ കൈവിടില്ലെന്ന വിശ്വാസമായി. രാത്രികാലങ്ങളിലാണ് ഇവിടുത്തെ പ്രധാന പൂജകൾ . എല്ലാവരും അവരുടെ കേസ് നമ്പറുകൾ പറഞ്ഞാണ് പൂജകളിൽ പങ്കെടുക്കുന്നത്. കരിക്കാണ് പ്രധാന നിവേദ്യം അത് പീഠത്തിൽ സമർപ്പിക്കണം. നേദിച്ച അടയാണ് പ്രസാദമായി നൽകുന്നത്. ഇവിടെ വന്നു പ്രാർഥന നടത്തിയിട്ടുള്ള ഭൂരിപക്ഷം ആളുകൾക്കും വ്യവഹാര വിജയമുണ്ടായെന്നാണ് കേൾവി. ക്രിക്കറ്റ് താരം ശ്രീശാന്ത് കുടുംബസമേതം ഇവിടെയെത്തി പ്രാർഥന നടത്തിയത് വാർത്തയായിരുന്നു .

Read More >>