അഴിമതിക്കാരനല്ലാത്ത സാറേ, മര്യാദയ്ക്ക് പെരിയാറിൽ വിഷം കലക്കിക്കോ! അല്ലെങ്കിൽ കൈകാര്യം ചെയ്യും

പെരിയാറിലേക്ക് മലിനജലം ഒഴുക്കിവിടുന്നതിനെതിരെ സിഎംആര്‍എല്‍ കമ്പനിക്കെതിരെ നടപടിയെടുത്ത എന്‍വിറോണ്‍മെന്റല്‍ എഞ്ചിനീയര്‍ എം പി തൃദീപ് കുമാറിനെ തെരുവില്‍ വിചാരണ ചെയ്യണമെന്നാണ് പോസ്റ്ററിലുള്ളത്. പരിസ്ഥിതി പ്രവര്‍ത്തകരായ പുരുഷന്‍ ഏലൂര്‍ അടക്കമുള്ളവരെ ഏലൂരില്‍ നിന്നും ചവിട്ടി പുറത്താക്കണമെന്നും ' ജനകീയ വേദി' എന്ന സംഘടനയുടെ പേരിലുള്ള പോസ്റ്ററില്‍ പറയുന്നു.

അഴിമതിക്കാരനല്ലാത്ത സാറേ, മര്യാദയ്ക്ക് പെരിയാറിൽ വിഷം കലക്കിക്കോ! അല്ലെങ്കിൽ കൈകാര്യം ചെയ്യും

പെരിയാര്‍ മലിനീകരണത്തിനെതിരെ ശക്തമായ നടപടി സ്വീകരിച്ച പരിസ്ഥിതി മലിനീകരണ നിയന്ത്രണബോര്‍ഡ് എന്‍വിറോണ്‍മെന്റല്‍ എഞ്ചിനീയര്‍ എം പി തൃദീപ് കുമാറിനെതിരെയും പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കെതിരേയും ഭീഷണി മുഴക്കിയുള്ള പോസ്റ്ററുകളാണ് കഴിഞ്ഞ ദിവസം ഏലൂര്‍, എടയാര്‍ പ്രദേശങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. തൃദീപ് കുമാറിനെ തൊഴിലാളി വര്‍ഗ്ഗം തെരുവില്‍ വിചാരണ ചെയ്യണമെന്നാണ് 'ജനകീയവേദി' യുടെ പേരില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററിലെ ആഹ്വാനം. എന്നാല്‍ ജനകീയവേദി എന്ന സംഘടനയുടെ പിന്നില്‍ ആരെന്നു വ്യക്തമായിട്ടില്ല.


വ്യവസായ മേഖലയായ ഏലൂരിലും എടയാറിലും അരാജകത്വ അവസ്ഥ സൃഷ്ടിക്കുന്ന മാഫിയ സംഘങ്ങളുമായി കൈകോര്‍ത്തു പ്രവര്‍ത്തിക്കുന്ന ആളാണ് തൃദീപ് കുമാർ എന്നാണ് ആരോപണം. പെരിയാറിലേക്ക് മലിനജലം ഒഴുക്കിവിട്ട സിഎംആര്‍എല്‍ കമ്പനിക്കെതിരെ നോട്ടീസ് നല്‍കിയ ഉദ്യോഗസ്ഥനാണ് തൃദീപ്കുമാര്‍. കമ്പനിയ്ക്ക് നോട്ടീസ് നല്‍കിയതിന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉന്നത ഉദ്യോഗസ്ഥര്‍ തൃദീപ് കുമാറിനെ വിളിച്ചു വരുത്തിയിരുന്നു.

ഉന്നതതലത്തില്‍ ബന്ധമുള്ള ശശിധരന്‍ കര്‍ത്തയുടെ ഉടമസ്ഥതയിലുള്ളതാണ് കൊച്ചിന്‍ മിനറല്‍സ് & റൂടൈല്‍സ് കമ്പനിയെന്ന സിഎംആര്‍എല്‍. കമ്പനിയ്ക്കെതിരെ നടപടി സ്വീകരിച്ചതിനു വിവിധ രാഷ്ട്രീയപാര്‍ട്ടികളുടെ ട്രേഡ് യൂണിയനുകള്‍ സംയുക്തമായി തൃദീപ് കുമാറിനെതിരെ രംഗത്തെത്തത്തുകയായിരുന്നു. തൃദീപ്കുമാറിനെ ഏലൂരില്‍ നിന്നും സ്ഥലം മാറ്റാന്‍ നീക്കങ്ങളും നടന്നിരുന്നു.പരിസ്ഥിതി പ്രവര്‍ത്തകരായ പുരുഷന്‍ ഏലൂര്‍, ഷിബു മാനുവേല്‍, ഫാ. അഗസ്റ്റിന്‍ വട്ടോളി, മാര്‍ട്ടിന്‍ ഗോപുരത്തിങ്കല്‍ എന്നിവര്‍ക്കെതിരേയും പോസ്റ്ററില്‍ ഭീഷണിയുണ്ട്. പുരുഷന്‍ ഏലൂരിനേയും ഷിബു മാനുവലിനേയും എലൂര്‍, എടയാര്‍ എന്നിവിടങ്ങളില്‍ നിന്ന് ചവിട്ടി പുറത്താക്കണമെന്നാണ് ആഹ്വാനം.

മലിനീകരണ നിയന്ത്രണത്തിനും പരിസ്ഥിതി സംരക്ഷണത്തിനും ഉത്തരവാദപ്പെട്ട തന്നേയും സഹപ്രവര്‍ത്തകരേയും ഭീഷണിപ്പെടുത്തി മലിനീകരണം നടത്താനുള്ള ശ്രമങ്ങള്‍ കുറെ മാസങ്ങളായി നടന്നു വരുന്നെന്ന് കാട്ടി തൃദീപ് കുമാർ വിവിധ പൊലീസ് സ്റ്റേഷനുകളിലും എറണാകുളം റേഞ്ച് ഐജിയ്ക്കും പരാതി നല്‍കിയിട്ടുണ്ട്.

തങ്ങള്‍ക്കെതിരെ പതിവായി ആരോപണം ഉന്നയിക്കുന്നവര്‍ തന്നെയാണ് പോസ്റ്ററിനു പിന്നിലെന്ന് പുരുഷന്‍ ഏലൂര്‍ ആരോപിച്ചു. മൂന്ന് വര്‍ഷം മുമ്പും ഇത്തരത്തില്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരുന്നു. പിന്നാലെ ഷിബു മാനുവലിനെ ക്വട്ടേഷന്‍ സംഘം വീട്ടില്‍ കയറി കയ്യും കാലും വെട്ടിയിരുന്നു. അന്ന് തലനാരിഴയ്ക്കാണ് ഷിബു രക്ഷപ്പെട്ടത്. ഈ കേസിലെ പ്രതികളെ പൊലീസ് പിടികൂടിയിരുന്നു. ക്വട്ടേഷന്‍ സംഘത്തിലുള്ളവരാണ് ഇവരെന്ന് തെളിഞ്ഞെങ്കിലും പിന്നിലാരെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ലെന്നും പുരുഷന്‍ ഏലൂര്‍ പറഞ്ഞു.

ജീവന് ഭീഷണിയുണ്ടെന്നു ചൂണ്ടിക്കാട്ടി പുരുഷന്‍ പൊലീസിനും മുഖ്യമന്ത്രിയ്ക്കും പരാതി നല്‍കിയിട്ടുണ്ട്. നേരത്തെ പെരിയാറിലേക്ക് മലിനജലമൊഴുക്കാന്‍ പാതാളത്തെ ഷട്ടറുകള്‍ തുറക്കുന്നതിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. വ്യവസായ ശാലകളെ സഹായിക്കുന്നതിനു വേണ്ടിയാണ് ഷട്ടര്‍ തുറക്കാനുള്ള ഉദ്യോഗസ്ഥരുടെ നീക്കമെന്നും ആരോപണം ഉയര്‍ന്നിരുന്നു.

Read More >>