അരയത്തി പിഴച്ചാല്‍ അരയനെ കടലെടുക്കുമെന്ന് നുണ പറയുന്ന സിനിമകള്‍

ചെമ്മീനു ശേഷം വന്ന സിനിമകള്‍ അപരിഷ്‌കൃതരായ സമൂഹം എന്ന നിലയില്‍ തന്നെയാണ് കടപ്പുറം നിവാസികളെ അവതരിപ്പിച്ചിട്ടുള്ളത്. കയ്യില്‍ റാഡോയുടെ വാച്ചും കെട്ടി സമയം നോക്കാന്‍ മാനത്തു നോക്കുന്ന അരയനും പിഞ്ഞാളമെന്ന് കരുതി യുറോപ്യന്‍ ക്ലോസറ്റില്‍ നിന്ന് വെള്ളം കുടിച്ചിട്ട് ഇതിനെന്തു ചവര്‍പ്പാണെന്നു പറയുന്ന മുക്കുവത്തി സ്ത്രീകഥാപാത്രം തുടങ്ങിയവയൊക്കെ ചില ഉദാഹരണങ്ങള്‍ മാത്രം- ബിജു ബാലകൃഷ്ണന്‍ എഴുതുന്നു.

അരയത്തി പിഴച്ചാല്‍ അരയനെ കടലെടുക്കുമെന്ന് നുണ പറയുന്ന സിനിമകള്‍

ബിജു ബാലകൃഷ്ണന്‍

ചെമ്മീനില്‍ തുടങ്ങി ഇന്നോളം ഇറങ്ങിയിട്ടുള്ള സിനിമകള്‍ പൊതു സമൂഹത്തില്‍ ഏതുതരം പൊതുബോധമാണ് അതിജീവനത്തിനായി പൊരുതികൊണ്ടിരിക്കുന്ന മത്സ്യ തൊഴിലാളി സമൂഹത്തെക്കുറിച്ച് രൂപപെടുത്തിയിട്ടുള്ളതെന്ന് വിമര്‍ശിക്കപ്പെടേണ്ട വിഷയം തന്നെയാണ്. സിനിമകള്‍ മാത്രമല്ല ടെലിവിഷന്‍ സീരിയലുകളും കോമഡി സ്‌റ്റേജ് പരിപാടികളും അപനിര്‍മ്മിക്കുന്നത് വികലമായ സ്വഭാവ സവിശേഷതകളുള്ള കടപ്പുറത്തെ ജനങ്ങളെയായിരിക്കും. ലൈംഗികമായ അച്ചടക്കമില്ലാത്ത. കിട്ടിനു കാശിക്കുന്ന മദ്യപിക്കുന്ന, തെരുവില്‍ കശപിശ ഉണ്ടാക്കുന്ന കഥാപാത്രങ്ങള്‍.


അരയത്തി പെണ്ണ് പിഴച്ചാല്‍ അരയനെ കടല്‍ ചതിക്കുമെന്ന അരയ സമുദായത്തില്‍ ഇല്ലാത്തൊരു മിത്തിനെ പൊതുബോധത്തില്‍ ഉറപ്പിക്കാന്‍ ചെമ്മീന്‍ എന്ന സിനിമയ്ക്ക് നിഷ്പ്രയാസം കഴിഞ്ഞിട്ടുണ്ടെന്നാണ് വിശ്വാസം. ചെമ്മീനു ശേഷം വന്ന സിനിമകള്‍ അപരിഷ്‌കൃതരായ സമൂഹം എന്ന നിലയില്‍ തന്നെയാണ് കടപ്പുറം നിവാസികളെ അവതരിപ്പിച്ചിട്ടുള്ളത്.

കയ്യില്‍ റാഡോയുടെ വാച്ചും കെട്ടി സമയം നോക്കാന്‍ മാനത്തു നോക്കുന്ന അരയനും പിഞ്ഞാളമെന്ന് കരുതി യുറോപ്യന്‍ ക്ലോസറ്റില്‍ നിന്ന് വെള്ളം കുടിച്ചിട്ട് ഇതിനെന്തു ചവര്‍പ്പാണെന്നു പറയുന്ന മുക്കുവത്തി സ്ത്രീകഥാപാത്രം തുടങ്ങിയവയൊക്കെ ചില ഉദാഹരണങ്ങള്‍ മാത്രം. നായക കഥാപാത്രങ്ങള്‍ കണ്ണ് അടിച്ചു പോകുന്ന തരത്തിലുള്ള കടുത്ത നിറമുള്ള വസ്ത്രങ്ങള്‍ ധരിച്ച് ഇവരെ സ്‌ക്രീനില്‍ തുടര്‍ച്ചയായി പ്രദര്‍ശിപ്പിക്കുന്നതിന്റെ ചേതോവികാരമെന്താകും? മുണ്ടും ബ്ലൗസും മാത്രം ധരിച്ച് അടിവയര്‍ പ്രദര്‍ശിപ്പിച്ച് ആരെയും വക വെക്കാതെ അസഭ്യങ്ങള്‍ ഉറക്കെ പറയുന്ന ശരീരാവയവങ്ങള്‍ ആകെ ഉലച്ചു മാത്രം നടക്കുന്ന സ്ത്രീ കഥാപാത്രങ്ങള്‍ മാത്രമായി മുക്കുവത്തി സ്ത്രീകളെ ചിത്രീകരിക്കുന്നത് എന്ത് കൊണ്ടായിരിക്കും?

[caption id="attachment_81863" align="aligncenter" width="692"] ഉത്തരചെമ്മീന്‍ എന്ന മലയാള ചിത്രത്തില്‍ നിന്ന്[/caption]

പറഞ്ഞു വരുമ്പോള്‍ ഇത് എല്ലാം കൂടി സൃഷ്ടിക്കുന്നൊരു പൊതുബോധമുണ്ട് ആ പൊതുബോധത്തിന്റെ പരിഹാസങ്ങള്‍ നേരിട്ടും അനുഭവിച്ചിട്ടുമുണ്ട്. അതു സിനിമയല്ലേ അങ്ങിനെയൊക്കെ കാണിക്കില്ലേയെന്നായിരിക്കും പൊതുവെയുള്ള മറുപടി. അത്തരക്കാരോട് ഇത്തരം സിനിമകള്‍ നിര്‍മ്മിക്കുന്ന പൊതുബോധനിര്‍മ്മിതികളില്‍ നിന്നാണ് മത്സ്യങ്ങളുടെ പേരും കടപ്പുറം എന്നെല്ലാം ചേര്‍ത്ത് പൊതുയിടങ്ങളില്‍ വിളി കേള്‍ക്കേണ്ടി വന്നിട്ടുള്ളതും അപഹസിക്കാന്‍ ശ്രമിച്ചിട്ടുള്ളതുമായ അനുഭവങ്ങളാണ് ഉള്ളത്.
ഒരു ജനതയെ ഇല്ലാത്ത സദാചാരവിശ്വാസങ്ങളോടും അറിവില്ലായ്മയുടെ ആള്‍രൂപങ്ങളായും ചിത്രീകരിക്കുന്നതിനോട് കടുത്ത വിയോജിപ്പാണ്. ഇത്തരം പ്രവണതകള്‍ ഒരു സമുദായത്തെ, വളര്‍ന്നു വരുന്നൊരു തലമുറയെ വേദനിപ്പിക്കുന്നുണ്ടെന്നുള്ളതാണ് യാഥാര്‍ത്ഥ്യം.

[caption id="" align="alignleft" width="195"]Image may contain: 1 person ലേഖകന്‍ [/caption]

നിങ്ങള്‍ക്ക് പൊട്ടിച്ചിരിക്കാന്‍ നുറുങ്ങ് തമാശകളാണ് വേണ്ടതെങ്കില്‍ മറ്റുള്ളവര്‍ക്ക് നെഞ്ചിടറുന്ന നീറ്റലായി മാറാറുണ്ട് ആ ദൃശ്യങ്ങള്‍. നിങ്ങള്‍ മഹത്തരമെന്ന് പറഞ്ഞുകൊള്ളൂ. ആഘോഷിച്ചോളൂ പക്ഷെ വിലക്കാനോ തടയാനോ ഇല്ല. ഇവിടെ ജീവിച്ചിരിക്കുന്നൊരു ജനതയ്ക്ക് പ്രതികരിക്കാനുള്ള അവകാശം നിഷേധിക്കരുത്.

കടപ്പുറം മാത്രമല്ല അതുകൂടി ഉള്‍കൊള്ളുന്ന ഈ വലിയ ലോകം കൂടി അവര്‍ക്കു അവകാശപ്പെട്ടതാണ് എന്ന കാര്യം വിസ്മരിച്ചു കൂടാ...