ചരിത്രസ്മാരകങ്ങളല്ല ഗതികേടിന്റെ ഈ അടയാളങ്ങള്‍; പൊന്നാനി നഗരം തിരികെ നടക്കുകയാണ്, പതിറ്റാണ്ടുകള്‍ പിന്നിലേയ്ക്ക്

ഇടിഞ്ഞു വീഴാറായിട്ടും പൊളിച്ചു മാറ്റുകയോ പുതുക്കി പണിയുകയോ ചെയ്യാതെ ചരിത്രശേഷിപ്പുകളായി മാറിയ പഴയ കെട്ടിടങ്ങള്‍ ഒരു പക്ഷെ കേരളത്തില്‍ പൊന്നാനിയില്‍ മാത്രമേ കാണുകയുള്ളു. കാലം മാറിയിട്ടും മാറാതെ കെട്ടിടങ്ങള്‍ നിന്നു. ഇത് തന്നെയാണിപ്പോള്‍ പൊന്നാനിക്കാര്‍ക്ക് തലവേദനയായതും.

ചരിത്രസ്മാരകങ്ങളല്ല ഗതികേടിന്റെ ഈ അടയാളങ്ങള്‍; പൊന്നാനി നഗരം തിരികെ നടക്കുകയാണ്, പതിറ്റാണ്ടുകള്‍ പിന്നിലേയ്ക്ക്

ഇരുപത്തിനാല് കടമുറികള്‍, ഒരു കടമുറിയുടെ ദിവസ വാടക പതിനെട്ട് പൈസയില്‍ താഴെ, എല്ലാം ചേര്‍ത്ത് ഒരു ദിവസത്തെ വാടകയായി ലഭിക്കുന്നത് നാലു രൂപ നാല്‍പ്പത് പൈസ. നിത്യേന ഇത് പിരിച്ചെടുക്കാന്‍ ജോലിക്കാരന് നല്‍കിയിരുന്നത് പന്ത്രണ്ട് രൂപ കൂലി. അതായത്  24 കടമുറികളുടെ ഉടമസ്ഥനായതിനാല്‍ അത് നില നിര്‍ത്താന്‍ കെട്ടിട ഉടമ നിത്യേന ഏഴ് രൂപ അറുപത് പൈസ കയ്യില്‍ നിന്നിറക്കണം. നഗരത്തില്‍ കോടികള്‍ വില മതിക്കുന്ന സ്ഥലവും കെട്ടിടവും ഉണ്ടായിട്ടും അതില്‍ നിന്നു വരുമാനം കിട്ടുന്നതിന് പകരം  പകരം പണം അങ്ങോട്ട് ഇറക്കേണ്ടത് ഒരുപക്ഷെ ഇന്ത്യയില്‍ തന്നെ ആദ്യമാകും.


പത്ത് വര്‍ഷം മുമ്പ് വരെ പൊന്നാനിയിലെ ഒരു കെട്ടിട ഉടമസ്ഥന്റെ അവസ്ഥയാണിത്. പക്ഷെ പൊന്നാനിയിലെ മറ്റ് കെട്ടിട ഉടമകളില്‍ നിന്ന് വ്യത്യസ്തമായി കെട്ടിടം ഒരാളുടെ പേരില്‍ തന്നെയായതിനാല്‍ കെട്ടിടം  അത് പൊളിച്ചു നീക്കി കുറച്ച് സ്ഥലം പള്ളിക്ക് വിട്ടു കൊടുത്ത് ബാക്കി സ്ഥലം വിറ്റു.  പൊന്നാനിയിലെ ചരിത്ര പൈതൃകങ്ങള്‍ പൊളിച്ചു മാറ്റരുതെന്നാവശ്യപ്പെട്ട് ഇപ്പോൾ മുറവിളി ഉയരുന്നുണ്ട്. ഈ ഗണത്തിൽപ്പെട്ട കെട്ടിടങ്ങളില്‍ പെട്ട ഒന്നായിരുന്നു വര്‍ഷങ്ങള്‍ക്ക് മുമ്പ് പൊളിച്ചു നീക്കപ്പെട്ടത്.  അന്നത് ചര്‍ച്ചയായില്ല.


അമ്പത് വര്‍ഷം മുമ്പത്തെ നഗരത്തില്‍ വന്ന അവസ്ഥ


ചാണ റോഡ് മുതല്‍ കോടതിപ്പടി വരെ ഏകദേശം മുക്കാല്‍ കിലോമീറ്റര്‍ ദൂരം റോഡിന് ഇരുവശവും ഇതുപോലെ നിരവധി കെട്ടിടങ്ങള്‍ ഇനിയും ഉണ്ട്. ഇത് പൊളിക്കുമെന്ന വാര്‍ത്തകള്‍ വന്നപ്പോഴാണ് ചരിത്ര പൈതൃകത്തിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ ഉയരുന്നത്.

എം ജി എസ് നാരായണനെ പോലുള്ള ചിലരാണ് കെട്ടിടങ്ങൾ ചരിത്ര പൈതൃകമെന്നു പറഞ്ഞ് പൊന്നാനിക്കു പുറത്തിരുന്നു മുറവിളി കൂട്ടിയിരുന്നത് എന്ന് ചരിത്രകാരനും ഗ്രന്ഥകർത്താവുമായ ടി വി അബ്ദുൾ റഹ്മാൻ നാരദാ ന്യൂസിനോട് പറഞ്ഞു.  പൊന്നാനിയിലെ പഴയ തലമുറ എം ജി എസിനെ നേരിൽ കണ്ട് കാര്യങ്ങൾ വിശദീകരിച്ചു സത്യാവസ്ഥ ബോദ്ധ്യപ്പെടുത്തിയെന്നും അദ്ദേഹം പ്രസ്താവന തിരുത്താൻ തയ്യാറായെന്നും മറ്റുള്ളവരും വൈകാതെ എംജിഎസിന്റെ വഴിയേ വരുമെന്നും ടി വി അബ്ദുൾ റഹ്മാൻ പറഞ്ഞു

പൊന്നാനിയുടെ ചരിത്രം തുടിക്കുന്ന ഈ റോഡിലെ നാലഞ്ചു കെട്ടിടങ്ങള്‍ താനെ പൊളിഞ്ഞുവീണു. മറ്റുള്ളതില്‍ ഭൂരിഭാഗവും ഏത് സമയത്തും വീഴാവുന്ന നിലയിലാണ്. ചില കെട്ടിടങ്ങളില്‍ ചില കടമുറികളില്‍ കച്ചവടക്കാരുണ്ട്. മറ്റ് ഭൂരിഭാഗവും അടഞ്ഞോ ഭാഗികമായി തകര്‍ന്നോ കിടക്കുന്നു. പൊന്നാനിയിലെ പഴയ കച്ചവടക്കാരാണ് ഇത്തരം കടമുറികളില്‍ അധികവും ഉള്ളത്.  മരവും മണ്ണും  ഉപയോഗിച്ച് പണികഴിപ്പിച്ച മിക്ക കെട്ടിടങ്ങൾക്കും നൂറു വർഷങ്ങൾക്കുമേൽ പഴക്കമുണ്ട്.

ഈ കടമുറികളുള്ള കെട്ടിടങ്ങളില്‍ ഏറ്റവും പഴക്കമുള്ള കെട്ടിടത്തിന് 126 വര്‍ഷത്തെ പഴക്കമുണ്ട്. 1891 ല്‍ അങ്ങാടി പാലത്തിനരികിലായി നിര്‍മ്മിച്ച ഈ കെട്ടിടത്തില്‍ ഒരു ഹോട്ടലാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഈ പൊന്നാനി അങ്ങാടി കണ്ടാല്‍ അമ്പത് വര്‍ഷം മുമ്പത്തെ സത്യന്‍, പ്രേം നസീര്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമകളിൽ കണ്ടിരുന്ന കടമുറികളെ പോലെ തോന്നും. പുതുതായി വന്നിറങ്ങുന്ന ആര്‍ക്കും അമ്പതു വര്‍ഷം മുമ്പത്തെ നഗരത്തില്‍ വന്ന അവസ്ഥ. അതുകൊണ്ടാണ് ഈ കെട്ടിടങ്ങള്‍ പൊളിക്കണമെന്ന ആവശ്യം ഉയര്‍ന്നപ്പോള്‍ പൊന്നാനിയുടെ സാംസ്‌കാരിക ശേഷിപ്പുകള്‍ ഇല്ലാതാകുമെന്ന മറുവാദമുയർന്നത്.

ചിലര്‍ക്കു കാണാന്‍ വേണ്ടി മ്യൂസിയം പോലെ അങ്ങാടി ഇടണോ?


നൂറിലേറെ വര്‍ഷം പഴക്കമുള്ള കെട്ടിടത്തില്‍ തേയില തുടങ്ങി കച്ചവടം ചെയ്യുന്ന അബുബക്കറിന്റെ കടയിലെത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞു.
'ഞാന്‍ 25 വര്‍ഷത്തിലേറെയായി ഈ കെട്ടിടത്തില്‍ കച്ചവടം ചെയ്യുന്നു. ഇത്തരം കെട്ടിടങ്ങള്‍ പൊളിച്ചു പണിയുന്നതിന് ഞാന്‍ ഉള്‍പ്പടെയുള്ള ഒരു കച്ചവടക്കാരും എതിരല്ല. പൊന്നാനിക്കാര്‍ക്കും എതിര്‍പ്പില്ല. പിന്നെ ദൂരെയിരുന്നു താടിയും മുടിയും വടിച്ചും നീട്ടിയുമൊക്കെ നടക്കുന്ന സാംസ്‌കാരിക നായകന്‍മാരെന്നും ചരിത്രകാരന്‍മാരെന്നും പറയുന്ന ചിലരാണ് എതിര്‍പ്പ് പറഞ്ഞത്. അവരൊന്നും പൊന്നാനിക്കാരല്ല. ഇങ്ങോട്ടു വരാത്തവര്‍ വരെയുണ്ട്. വന്ന ചിലര്‍ക്കാണങ്കില്‍ അവര്‍ക്കു വരുമ്പോള്‍ കാണാന്‍ വേണ്ടി മ്യൂസിയം പോലെ ഈ അങ്ങാടി ഇങ്ങിനെ ഇടണോ? ഇവിടത്തെ കച്ചവടക്കാരുടെ വിഷമം ഞങ്ങള്‍ക്കേ അറിയൂ. ഏതു സമയത്തും ഇടിഞ്ഞു വീഴാം. രണ്ടു വര്‍ഷം മുമ്പൊരു കെട്ടിടം പെട്ടെന്നു വീണു. ഭാഗ്യത്തിനാണ് അവിടെ ഉണ്ടായിരുന്നവര്‍ രക്ഷപ്പെട്ടത്.'

അബുബക്കര്‍ പുറത്തേക്കിറങ്ങി. ചില തകര്‍ന്നുവീണ കെട്ടിടങ്ങള്‍ കാണിച്ചു. മുകള്‍ ഭാഗം തകര്‍ന്ന് ചുമരുമായി നില്‍ക്കുന്ന കെട്ടിടങ്ങളും കാണിച്ചു.
'ഇത്തരം കെട്ടിടങ്ങളാണോ പൊന്നാനിയുടെ പൈതൃകങ്ങള്‍.. ആരാണ് ഇത് ചരിത്ര സാംസ്‌കാരിക കേന്ദ്രങ്ങളാക്കിയത് ? എല്ലാ  നഗരത്തിലും കാലക്രമേണ ഇത്തരം പഴയ കെട്ടിടങ്ങള്‍ പൊളിച്ചാണ് പുതിയ നഗരം വന്നത്. ഇനിയും ഇത്തരം കെട്ടിടങ്ങള്‍ പൊളിച്ചു നീക്കിയില്ലെങ്കില്‍ നാലഞ്ചു കൊല്ലം കഴിഞ്ഞാല്‍ പൊന്നാനിയിലെ ഈ ഭാഗം ഒരു യുദ്ധഭൂമി പോലെയാകും. വല്ല ബാഗ്ദാഗോ, സിറിയയോ പോലെ'.

അബുബക്കറിന്റെ വികാരം തന്നെയായിരുന്നു പൊന്നാനിയിലെ ഒട്ടുമിക്ക കച്ചവടക്കാർക്കും.  കെട്ടിടങ്ങള്‍ പൊളിച്ചു നീക്കുന്നതില്‍  പൊന്നാനിക്കാര്‍ക്കിടയിൽ അഭിപ്രായവ്യത്യാസങ്ങളില്ല.
'മറ്റു  സ്ഥലങ്ങളില്‍ പോകുമ്പോഴാണ് ശരിക്കും ഞങ്ങളുടെ നാടിനെ പറ്റി ദുഃഖം തോന്നുന്നത്. ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ കെട്ടിടങ്ങളുള്ള പഴഞ്ചന്‍ നാട് എന്ന പേര്, ഇതിനു മാറ്റം ഉണ്ടാകണമെങ്കില്‍ പുതിയ കെട്ടിടങ്ങള്‍ വരണം.'

- പൊന്നാനി അങ്ങാടിയിലെ ചുമട്ടുതൊഴിലാളികളില്‍ ചിലരുടെ അഭിപ്രായം.

ഇടിഞ്ഞു വീഴാറായിട്ടും പൊളിച്ചു മാറ്റുകയോ പുതുക്കി പണിയുകയോ ചെയ്യാതെ  ചരിത്രശേഷിപ്പുകളായി മാറിയ പഴയ കെട്ടിടങ്ങള്‍ ഒരു പക്ഷെ കേരളത്തില്‍ പൊന്നാനിയില്‍ മാത്രമേ കാണുകയുള്ളു. കാലം മാറിയിട്ടും മാറാതെ കെട്ടിടങ്ങള്‍ നിന്നു. ഇത് തന്നെയാണിപ്പോള്‍ പൊന്നാനിക്കാര്‍ക്ക് തലവേദനയായതും.


കടമുറികള്‍ പെണ്‍മക്കള്‍ക്കു കൊടുത്ത സ്ത്രീധനം, ഒറ്റ ഉടമസ്ഥര്‍ കുറവ്.


പൊന്നാനിയിലെ ചരിത്രശേഷിപ്പുകളെന്ന വിശേഷണം പേറുന്ന  ഈ കെട്ടിടങ്ങളിൽ പലതിനും സ്വന്തമായി ഒരു ഉടമസ്ഥനില്ല. കെട്ടിടത്തിന്റെ കടമുറികളുടെ എണ്ണം പോലിരിക്കും ഉടമസ്ഥരുടെ എണ്ണവും. പെണ്‍മക്കളെ വിവാഹം കഴിച്ച് വിടുമ്പോള്‍ സ്ത്രീധനമായി നല്‍കിയിരുന്നത് കടമുറികളാണ്. ഓരോ പെണ്‍മക്കള്‍ക്കും ഒന്നോ രണ്ടോ കടമുറിയെന്ന നിലയില്‍ നല്കിയാല്‍ പോലും ഒരു കെട്ടിടത്തിന് തന്നെ പത്തും പതിനഞ്ച്  ഉടമസ്ഥരാകും. ഇവര്‍ പഴയ കാലത്ത് കിട്ടിയ വാടകയ്ക്ക് കടമുറികള്‍ പലര്‍ക്കും നല്‍കി.

അന്നത്തെ ചുരുങ്ങിയ വാടകയിലും പിന്നീട് വലിയ കാലാനുസ്യതമായ മാറ്റങ്ങള്‍ വന്നിട്ടില്ല. അദ്ധ്വാനിച്ച് ഉണ്ടാക്കാത്ത മുതലായതു കൊണ്ടും അവകാശം കിട്ടിയതു കൊണ്ടും പിന്നീടു വല്ലപ്പോഴുമേ ഉടമസ്ഥര്‍ ആ വഴിക്ക് പോകാറുള്ളു. ചെറിയ വാടകയായതിനാല്‍ ഇതു കൊല്ലത്തിലോ ആറുമാസത്തിലോ വന്നു പിരിച്ചു പോകുകയായിരുന്നു പതിവ്. ഉടമസ്ഥര്‍ തമ്മില്‍ തര്‍ക്കവും മറ്റും പതിവായിരുന്നു. ഇത്തരം തര്‍ക്കം ഇല്ലാത്ത കെട്ടിടങ്ങള്‍ പൊന്നാനിയില്‍ ഇല്ലെന്നു തന്നെ പറയാം.

ഇതു കൊണ്ടു തന്നെ കെട്ടിടങ്ങളുടെ അറ്റകുറ്റ പണികള്‍ ഒന്നും നടത്തിയിട്ടില്ല. വാടക ചെറിയ തുകയായതിനാല്‍ തര്‍ക്കമില്ലാത്ത കെട്ടിടങ്ങള്‍ പുതുക്കി പണിയാനും ഉടമസ്ഥര്‍ തയ്യാറായില്ല. മറ്റ് എവിടേയും ഇല്ലാത്ത പോലെ പൊന്നാനിയില്‍ പഴയ കെട്ടിടങ്ങള്‍ വര്‍ദ്ധിക്കാന്‍ ഇത് കാരണമായി.

വാടക 15 പൈസ മുതല്‍ 40 പൈസ വരെ


മുപ്പത് വര്‍ഷം മുമ്പ് വരെ പൊന്നാനി അങ്ങാടിയില്‍ കടമുറികള്‍ക്ക് വാടക 15 പൈസ മുതല്‍ 40 പൈസ വരെയായിരുന്നു. ഇതിപ്പോള്‍ പൈസ കണക്ക് രൂപയിലേക്ക് മാറിയെന്നൊഴിച്ചാല്‍ വലിയ മാറ്റം ഒന്നുമില്ല. വലിയ കടമുറികള്‍ വരെ ഇപ്പോള്‍ 30 രൂപയാണ് ദിവസ വാടക. കുറച്ചപ്പുറത്ത് ഇതേ വലിപ്പത്തിലുള്ള മുറികള്‍ക്കു ദിവസ വാടക ആയിരം രൂപയോളം നല്‍കേണ്ടി വരുന്നിടത്താണ് ഈ ചെറിയ വാടക ഇപ്പോഴും ഉള്ളത്. വലിയ കടകള്‍ക്ക് മാസം നാലായിരത്തില്‍ കൂടുതല്‍ വാടകയില്ല.

കടമുറികള്‍ക്ക് വാടക നിര്‍ണയിക്കാനുള്ള മാനദണ്ഡങ്ങളില്‍ ഒന്ന് മുറി ഉടമയ്ക്ക് അവകാശം കിട്ടിയതാണോ, അദ്ധ്വാനിച്ചുണ്ടാക്കിയതാണോ എന്നതാണ്. അവകാശം കിട്ടിയതെന്നാല്‍ സ്ത്രീധനമായി പെണ്ണിന്റെ പിതാവ് നല്‍കിയത്. ഇങ്ങിനെ കിട്ടിയ മുറിയാണെങ്കില്‍ വാടക തീരെ കുറയും. അദ്ധ്വാനിച്ചുണ്ടാക്കിയതാണെങ്കില്‍ മാത്രമേ കൂടുതല്‍ കിട്ടൂ.  30 രൂപ ദിവസ വാടക്ക് നല്‍കിയിരുന്ന കെട്ടിട ഉടമസ്ഥന്‍ തന്റെ അനുഭവം നാരദാ ന്യൂസിനോട് പറഞ്ഞു.
കുറേ കാലത്തെ ആവശ്യത്തിനു ശേഷം 30 രൂപ വാടക കടയുടമ  45 രൂപയാക്കാൻ സമ്മതിച്ചു. ഏറ്റവും ചുരുങ്ങിയത് 500 രൂപയെങ്കിലും ദിവസ വാടക കിട്ടേണ്ട മുറിയാണ്. വാടക 100 രൂപയെങ്കിലും ആക്കി ഉയര്‍ത്താന്‍ പറഞ്ഞ കെട്ടിട ഉടമയോട് വാടകക്കാരന്‍ ഒരു ചോദ്യമെറിഞ്ഞു. 'നിങ്ങള്‍ പറഞ്ഞത് പ്രകാരം ഞാന്‍ വാടക അമ്പത് ശതമാനം ഉയര്‍ത്തി. അതിനി മൂന്നു മടങ്ങാക്കണമെന്നു പറയുന്നത് ക്രൂരതയല്ലേ' - ഇതായിരുന്നു ആ ചോദ്യം.

പൊളിച്ചു നീക്കുന്നത് ഉടമസ്ഥരുടെ സമ്മതത്തോടെ


പൊന്നാനി അങ്ങാടിയിലെ ജീര്‍ണിച്ചു വീഴാറായ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കി പഴയ ശൈലിയില്‍ തന്നെ പുതുക്കി പണിയാനുള്ള  നീക്കമാണ് ഇപ്പോള്‍ നടത്തുന്നത്. ഇതിനു വേണ്ടി പൊന്നാനി ടൗണ്‍ വികസന അഥോറിറ്റി രൂപികരിച്ചിട്ടുണ്ട്. കര്‍മ എന്ന സന്നദ്ധ സംഘടനയും നഗരസഭയും മറ്റു സര്‍ക്കാര്‍ സംവിധാനങ്ങളും ഇതില്‍ ഭാഗവാക്കാകുന്നുണ്ട്.

അങ്ങാടി പാലത്തിനോട് ചേര്‍ന്നുള്ള ഭാഗികമായി തകര്‍ന്നു വീണ കെട്ടിടമാണ് ആദ്യം പൊളിച്ചു നീക്കുന്നത്. ഇതിന് ഉടമസ്ഥരുടെ സമ്മതം കിട്ടിക്കഴിഞ്ഞു. ഇതു പൊളിച്ച് പുറകിലോട്ടു നീണ്ടു കിടക്കുന്ന സ്ഥലത്തു കൂടെ പഴയ രീതിയിലുള്ള കെട്ടിടം നിര്‍മ്മിക്കും. രണ്ടു നില കെട്ടിടത്തില്‍ ആദ്യത്തെ രണ്ടു നിലയില്‍ കടമുറികളും മുകള്‍ നിലയില്‍ താമസിക്കാന്‍ പറ്റുന്ന അപ്പാര്‍ട്ട്‌മെന്റുകളും നിര്‍മിക്കും. ഇതിലേക്ക് മറ്റു പഴയ കെട്ടിടത്തില്‍ നിന്ന് കച്ചവടക്കാരെ മാറ്റി മുറി നല്‍കും. ശേഷം മറ്റു കെട്ടിടം പൊളിക്കും.


പത്ത് മീറ്ററില്‍ താഴെ വീതിയുള്ള ദേശീയ പാത, ഏഴുകിലോമീറ്റര്‍ വണ്‍വേയും


ദേശീയ പാതയാണ് പൊന്നാനി അങ്ങാടിയിലൂടെ കടന്നു പോകുന്നതെങ്കിലും ഒറ്റനോട്ടത്തില്‍ പഞ്ചായത്ത് പാതയാണെന്നെ പറയൂ. മറ്റു സ്ഥലങ്ങളില്‍ മുപ്പതു മീറ്ററോളം വീതിയുള്ള റോഡിന് ഈ ഭാഗത്ത് പത്തു മീറ്ററില്‍ താഴെയാണു വീതിയുള്ളത്. 1960 കളില്‍ കാളവണ്ടിക്കും കുതിര വണ്ടിക്കും പോകാന്‍ വേണ്ടി നിര്‍മ്മിച്ച ഈ പാതയാണ് പിന്നീടു ദേശീയ പാതയായി മാറിയത്.

റോഡ് ടാറിട്ടു എന്നതൊഴിച്ചാല്‍ മറ്റൊരു വികസനവും ഇവിടെ വന്നിട്ടില്ല. രാവിലെകളിലും വൈകുന്നേരങ്ങളിലും ഗതാഗത കുരുക്ക് പതിവാണ്. ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ വണ്‍വേ സമ്പ്രദായം ഏർപ്പെടുത്തിയതോടെ ഏഴു കിലോമീറ്റര്‍ ചുറ്റി യാത്ര ചെയ്യേണ്ട അവസ്ഥയാണിപ്പോൾ.


ഓടു മേഞ്ഞ കെട്ടിടങ്ങള്‍ എങ്ങിനെ പൗരാണിക അറബ് -കടല്‍ മത സാംസ്‌ക്കാരിക വാസ്തു ശില്‍പ കേന്ദ്രങ്ങളാവും?


ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ സാമ്പത്തിക സ്രോതസ്സായി തിരുന്നാവായയില്‍ 1850 ല്‍ നിര്‍മ്മിച്ച കൊടക്കല്‍ ഓട്ടുകമ്പനിയില്‍ നിര്‍മ്മിച്ച ഓട് കൊണ്ടാണ് പൊന്നാനി ഉള്‍പ്പടെ അന്നു മലബാറിലെ മിക്ക കെട്ടിടങ്ങള്‍ക്കും ഓടു മേഞ്ഞത്. ഇതു നോക്കിയാല്‍ തന്നെ 167 വര്‍ഷത്തിനു മുമ്പ് ഓടു മേഞ്ഞ കെട്ടിടങ്ങളില്ല. പൊന്നാനിയില്‍ ഓട് എത്തിയത് 1890 നു ശേഷമാണ്. ഇതിനു മുമ്പ് പൊന്നാനിയിലെ നാടുവാഴികളുടേയും രാജാക്കന്‍മാരുടേയും കോവിലകങ്ങള്‍ വരെ ഓലയും വൈക്കോലും മേഞ്ഞതായിരുന്നു.

പൈതൃക പ്രേമികള്‍ പറയുന്ന അറബ് - കടല്‍ മത സാംസ്‌ക്കാരിക വാസ്തു ശില്‍പ കേന്ദ്രങ്ങളൊന്നും അങ്ങാടി റോഡിലുള്ള കെട്ടിടങ്ങളില്‍ ഇല്ല. റോഡില്‍ നിന്ന് ഉള്ളിലേക്കു മാറി സ്ഥിതി ചെയ്യുന്ന ജീര്‍ണിക്കാത്ത പഴയ കെട്ടിടങ്ങളേയോ, പൊന്നാനിയുടെ പൈതൃകങ്ങളെന്ന് പറയാവുന്ന പള്ളികള്‍, അമ്പലം, തുടങ്ങിയവയൊന്നും പൊളിച്ചു പരിഷ്‌കരിക്കുന്നതില്‍ ഉള്‍പ്പടുന്നില്ലെന്നും പൊന്നാനിയുടെ ചരിത്രകാരനും ഗ്രന്ഥകാരനുമായ ടി വി അബ്ദുള്‍റഹ്മാന്‍ കുട്ടി നാരദാ ന്യൂസിനോട് പറഞ്ഞു.

അന്ന് പൊന്‍പണത്തിന്റെ  പൊന്നാനി, ഇന്ന് പഴയ കെട്ടിടങ്ങളുടേയും


നേരത്തെ പൊന്നാനി എന്നാല്‍ ഇന്നത്തെ അങ്ങാടിയായിരുന്നു. ഇപ്പോള്‍  ചമ്രവട്ടം- ചന്തപ്പടിയായി പൊന്നാനി നഗരം മാറി. ചന്തപ്പടിയില്‍ ഒഴിഞ്ഞ സ്ഥലത്ത് പുതിയ കെട്ടിടങ്ങള്‍ വന്നപ്പോള്‍ നഗരം അങ്ങോട്ടു മാറി. പഴയ കെട്ടിടങ്ങള്‍ ജീര്‍ണിച്ചു തുടങ്ങിയപ്പോള്‍ യഥാര്‍ത്ഥ പൊന്നാനി പഴയ പൊന്നാനിയുമായി മാറി. നൂറ്റാണ്ടിനു മുമ്പു തന്നെ കെട്ടിടങ്ങളും ജലപാതകളും തുറമുഖവും കൊണ്ട് സമ്പന്നമായ ഒരു നഗരമാണ് ഇപ്പോള്‍ പഴഞ്ചനായത്.

ലോറികള്‍ ഇല്ലാതിരുന്ന കാലത്ത്  പൊന്നാനി കനോലി കനാലിലൂടെ കെട്ടുവള്ളത്തിലും പത്തേമാരിയിലും സാധന സാമഗ്രികള്‍ മലബാറിലും പുറനാട്ടിലുമെത്തി. കടല്‍ വഴി കപ്പലില്‍ പൊന്നാനി തുറമുഖത്ത് അരിയും മറ്റും വസ്തുക്കളും ഇറക്കുമതി ചെയ്തിരുന്നു. പൊന്നാനിയുടെ സമഗ്ര വികസനത്തിന് പഴയ കെട്ടിടങ്ങള്‍ പൊളിച്ചാലെങ്കിലും റോഡ് വീതി കൂട്ടി വികസന പ്രവൃത്തികള്‍ നടത്തണമെന്ന് പൊന്നാനിയില്‍ 1957 മുതല്‍ കച്ചവടം ചെയ്തു വരുന്ന ചേംബര്‍ ഓഫ് കോമേഴ്‌സ് സെക്രട്ടറി കൂടിയായ കെ അബ്ദുള്‍ഖയൂം നാരദാ ന്യൂസിനോടു പറഞ്ഞു.