നടിയെ തട്ടിക്കൊണ്ടുപോയ സംഭവം: ഉന്നതബന്ധവും സിനിമ മേഖലയിലുള്ളവരുടെ പങ്കും അന്വേഷിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍

പ്രതികള്‍ രക്ഷപെടാന്‍ ഉപയോഗിച്ച വാഹനം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും വാഹനത്തില്‍ അന്വേഷണസംഘം ഫോറന്‍സിക് പരിശോധന നടത്തിവരികയാണെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ഒരുമാസത്തെ ഗൂഢാലോചനയ്ക്കുശേഷമാണ് നടിക്കുനേരെ ആക്രമണം നടന്നതെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്. സംഭവത്തിന്റെ മുഖ്യ സൂത്രധാരന്‍ പള്‍സര്‍ സുനിയെ പിടികൂടിയാലേ ആക്രമണത്തിന്റെ കാരണം സംബന്ധിച്ചു വ്യക്തത വരൂ. സുനിയുടെ സിനിമാ ബന്ധങ്ങളും അന്വേഷിക്കുന്നുണ്ടെന്ന് ദിനേന്ദ്ര കശ്യപ് പറഞ്ഞു.

നടിയെ തട്ടിക്കൊണ്ടുപോയ സംഭവം: ഉന്നതബന്ധവും സിനിമ മേഖലയിലുള്ളവരുടെ പങ്കും അന്വേഷിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍

കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയ സംഭവവുമായി ബന്ധപ്പെട്ട് സിനിമ മേഖലയിലുള്ളവര്‍ക്കു പങ്കുണ്ടോയെന്നും ഉന്നത ഇടപെടല്‍ ഉണ്ടായിട്ടുണ്ടോയെന്നും അന്വേഷിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ ദിനേന്ദ്ര കശ്യപ്. സംഭവത്തില്‍ ഉള്‍പ്പെട്ടെ രണ്ടുപ്രതികളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ബാക്കി നാലുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരുടെ അറസ്റ്റ് ഉടന്‍ ഉണ്ടാവും.

ഇതോടൊപ്പം, പ്രതികള്‍ രക്ഷപെടാന്‍ ഉപയോഗിച്ച വാഹനം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും വാഹനത്തില്‍ അന്വേഷണസംഘം ഫോറന്‍സിക് പരിശോധന നടത്തിവരികയാണെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ഒരുമാസത്തെ ഗൂഢാലോചനയ്ക്കുശേഷമാണ് നടിക്കുനേരെ ആക്രമണം നടന്നതെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്. സംഭവത്തിന്റെ മുഖ്യ സൂത്രധാരന്‍ പള്‍സര്‍ സുനിയെ പിടികൂടിയാലേ ആക്രമണത്തിന്റെ കാരണം സംബന്ധിച്ചു വ്യക്തത വരൂ. സുനിയുടെ സിനിമാ ബന്ധങ്ങളും അന്വേഷിക്കുന്നുണ്ടെന്ന് ദിനേന്ദ്ര കശ്യപ് പറഞ്ഞു.


അതേസമയം, സംഭവത്തില്‍ ഇന്നലെ പിടിയിലായ തമ്മനം സ്വദേശികളും ക്വട്ടേഷന്‍ സംഘത്തിലെ അംഗങ്ങളുമായ പ്രദീപ്, സലിം എന്നിവരെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലിസ് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലാവുന്നത്. സുനി വിളിച്ചതുകൊണ്ടാണ് വന്നതെന്നും ഇതിനെക്കുറിച്ച് കൂടുതലൊന്നും അറിയില്ലെന്നുമാണ് ഇവരുടെ വാദം. മുഖ്യസൂത്രധാരന്‍ പള്‍സര്‍ സുനിയുടെ ഗുണ്ടാസംഘവുമായി നേരിട്ട് ബന്ധമുള്ളവരാണ് ഇവര്‍. സംഭവത്തിനു ശേഷം ഒളിവില്‍ പോയ ഇവര്‍ മൊബൈല്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചു പൊലിസ് നടത്തിയ അന്വേഷണത്തില്‍ വലയിലാവുകയായിരുന്നു.

പള്‍സര്‍ സുനിയെ കുടാതെ സംഭവത്തില്‍ ബാക്കിയുള്ള പ്രതികള്‍ വിജേഷ്, മണികണ്ഠന്‍ എന്നിവരാണെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ ഉടന്‍ കസ്റ്റഡിയിലാവുമെന്നാണ് പൊലിസ് പറയുന്നത്. എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തിലുള്ള ഉന്നത പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്. ക്രൈംബ്രാഞ്ച് ഐജി ദിനേന്ദ്ര കശ്യപ്, മധ്യമേഖലാ ഐജി പി വിജയന്‍, എറണാകുളം റൂറല്‍ എസ്പി എവി ജോര്‍ജ്ജ്, കൊച്ചി എസിപി യതീഷ് ചന്ദ്ര, ആലുവ ഡിവൈഎസ്പി കെജി ബാബുകുമാര്‍, കൊച്ചി സിറ്റി ഇന്‍ഫോപാര്‍ക്ക് വനിതാ സിഐ പി കെ രമണി എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

അതേസമയം, സംഭവത്തില്‍ സ്വമേധയാ കേസെടുക്കുമെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷന്‍ ലളിത കുമാരമംഗലം വ്യക്തമാക്കി. ശനിയാഴ്ച പുലര്‍ച്ചെയാണ് കൊച്ചി നഗരത്തില്‍ വച്ച് പള്‍സര്‍ സുനിയുടെ നേതൃത്വത്തിലുള്ള സംഘം നടിയെ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് കാറില്‍വച്ച് ആക്രമിക്കുകയായിരുന്നു.

Read More >>