ഹെല്‍മറ്റ് ധരിക്കാത്ത പിന്‍സീറ്റ് യാത്രികരോടു വിട്ടുവീഴ്ച വേണ്ട; പരിശോധന ക്യാമറയില്‍ പകര്‍ത്താനും നിയമലംഘകരുടെ കണക്ക് സമര്‍പ്പിക്കാനും നിര്‍ദേശം

ദക്ഷിണമേഖല എഡിജിപി ബി സന്ധ്യയാണ് ഉത്തരവിട്ടത്. പരിശോധന ക്യാമറയില്‍ പകര്‍ത്താനും പരമാവധി പേര്‍ക്ക് നോട്ടീസ് നല്‍കാനും കണക്ക് സമര്‍പ്പിക്കാനുമാണ് നിര്‍ദേശം. ഇതുസംബന്ധിച്ച് സുപ്രീംകോടതി ഉത്തരവ് മുന്‍നിര്‍ത്തിയാണ് പൊലീസിന്റെ നടപടി.

ഹെല്‍മറ്റ് ധരിക്കാത്ത പിന്‍സീറ്റ് യാത്രികരോടു വിട്ടുവീഴ്ച വേണ്ട; പരിശോധന ക്യാമറയില്‍ പകര്‍ത്താനും നിയമലംഘകരുടെ കണക്ക് സമര്‍പ്പിക്കാനും നിര്‍ദേശം

ഇനിമുതല്‍ ഇരുചക്രവാഹനങ്ങളുടെ പിന്‍സീറ്റില്‍ ഇരിക്കുന്നവര്‍ക്കും ഹെല്‍മറ്റ് വേണം. ഹെല്‍മറ്റ് ധരിക്കാത്ത പിന്‍സീറ്റ് യാത്രക്കാരോടു വിട്ടുവീഴ്ച വേണ്ടെന്നും പിഴയീടാക്കണമെന്നും ദക്ഷിണമേഖല എഡിജിപി ബി സന്ധ്യ ഉത്തരവിട്ടു. പരിശോധന ക്യാമറയില്‍ പകര്‍ത്താനും പരമാവധി പേര്‍ക്ക് നോട്ടീസ് നല്‍കാനും കണക്ക് സമര്‍പ്പിക്കാനുമാണ് നിര്‍ദേശം. ഇതുസംബന്ധിച്ച് സുപ്രീംകോടതി ഉത്തരവ് മുന്‍നിര്‍ത്തിയാണ് പൊലീസിന്റെ നടപടി.

ഫെബ്രുവരി 28 വരെയാണ് ആദ്യഘട്ട പരിശോധന നടക്കുക. നിയമലംഘനത്തിനു വലയിലായവരുടെ കണക്ക് മാര്‍ച്ച് രണ്ടിനകം പൊലീസ് ആസ്ഥാനത്ത് എത്തിക്കണമെന്നാണ് നിര്‍ദേശം. മോട്ടോര്‍ വെഹിക്കിള്‍ ആക്ട് 128 പ്രകാരം 100 രൂപയാണ് ഹെല്‍മെറ്റില്ലാതെ യാത്രചെയ്താല്‍ ഈടാക്കുന്ന പിഴ. വാഹനമോടിക്കുന്നയാളാണ് ഇത് വഹിക്കേണ്ടത്.


സംസ്ഥാനത്ത് റോഡപകടങ്ങള്‍ കുറയ്ക്കാന്‍ കര്‍ശന നടപടി വേണമെന്നു കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടിരുന്നു. ഇതോടനുബന്ധിച്ചാണ് നടപടികള്‍ ഊര്‍ജിതമാക്കാന്‍ പൊലീസ് തയ്യാറായത്. പിന്‍സീറ്റ് ഹെല്‍മറ്റ് പരിശോധനയ്‌ക്കൊപ്പം മദ്യപിച്ചും മൊബൈല്‍ഫോണില്‍ സംസാരിച്ചും വാഹനമോടിക്കുന്നവരെ പിടികൂടാനുള്ള പരിശോധനയും ഊര്‍ജിതമാക്കാനാണ് പൊലീസിന്റെ തീരുമാനം.

ഡ്രൈവര്‍ക്കൊപ്പം പിന്‍സീറ്റിലിരിക്കുന്നവരും ഹെല്‍മറ്റ് ധരിക്കണമെന്നു നിയമം അനുശാസിക്കുന്നുണ്ടെങ്കിലും പ്രായോഗിക ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്താണ് ഇത് നടപ്പാക്കാതിരുന്നത്.

ഇരുചക്രവാഹനങ്ങളിലെ പിന്‍സീറ്റ് യാത്രികരും ഹെല്‍മറ്റ് ധരിക്കണമെന്നു സംസ്ഥാന സര്‍ക്കാരുകള്‍ക്ക് 2015 ആഗസ്റ്റ് 19ന് സുപ്രീംകോടതി നിര്‍ദേശം നല്‍കിയിരുന്നു. ഗതാഗതനിയമം കര്‍ശനമായി നടപ്പാക്കണം. അമിതവേഗം, മദ്യപിച്ച് വാഹനമോടിക്കല്‍, വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ ഗൗരവപൂര്‍വം കാണണം. നിയമം ലംഘിക്കുന്നവരുടെ ലൈസന്‍സ് മൂന്നു മാസത്തേക്കു റദ്ദാക്കണം എന്നും സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു.

Read More >>