ആർഎസ്എസിന്റെ ഊരിപ്പിടിച്ച കത്തിക്കും വാളിനുമിടയിൽ കൂടിയാണ് നടന്നുവന്നിട്ടുള്ളതെന്ന് പിണറായി വിജയൻ; മംഗളുരു റാലിയിൽ ആവേശമായി പിണറായിയുടെ പ്രസംഗം

കേരളത്തിന്റെ മുഖ്യമന്ത്രിയെന്ന നിലയില്‍ താന്‍ പങ്കെടുക്കുന്ന പരിപാടിയ്ക്കുനേരെ ആര്‍എസ്എസ് ഉയര്‍ത്തിയ ഭീഷണി നേരിടാന്‍ കര്‍ണാടക സര്‍ക്കാര്‍ സ്വീകരിച്ച ധീരമായ നിലപാടിന് നന്ദി പറഞ്ഞ് പിണറായി വിജയന്റെ പ്രസംഗം.

ആർഎസ്എസിന്റെ ഊരിപ്പിടിച്ച കത്തിക്കും വാളിനുമിടയിൽ കൂടിയാണ് നടന്നുവന്നിട്ടുള്ളതെന്ന് പിണറായി വിജയൻ; മംഗളുരു റാലിയിൽ ആവേശമായി പിണറായിയുടെ പ്രസംഗം

'ഒരു കാലം ബ്രണ്ണന്‍ കോളേജിലെ പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ ഞാന്‍, ആര്‍എസ്എസുകാരുടെ ഊരിപ്പിടിച്ച കത്തിക്കും വടിവാളിനും നടുവിലൂടെയാണ് നടന്നുവന്നത്. അന്ന് ചെയ്യാതിരുന്ന എന്താണ് ഇന്ന് നിങ്ങളെന്നെ ചെയ്യാന്‍ പോകുന്നത്'

സംഘപരിവാർ ഭീഷണിക്കും പ്രതിഷേധത്തിനുമിടെ പിണറായി വിജയൻ മംഗളൂരുവിൽ സിപിഐഎം സംഘടിപ്പിച്ച 'കരാവലി സൗഹാർദ റാലിയിൽ' പങ്കെടുക്കുകയും പൊതു സമ്മേളനത്തിന്റെ ഉത്‌ഘാടനം നിർവഹിക്കുകയും ചെയ്തു.സംഘപരിവാർ സംഘടനകൾക്ക് മേൽക്കോയ്മയുള്ള ദക്ഷിണ കന്നഡ ജില്ലയിൽ ആയിരക്കണക്കിനാളുകളാണ് റാലിയിലും പൊതുയോഗത്തിലും പങ്കെടുത്തത്.

കേരളത്തിന്റെ മുഖ്യമന്ത്രിയെന്ന നിലയില്‍ താന്‍ പങ്കെടുക്കുന്ന പരിപാടിയ്ക്കുനേരെ ആര്‍എസ്എസ് ഉയര്‍ത്തിയ ഭീഷണി നേരിടാന്‍ കര്‍ണാടക സര്‍ക്കാര്‍ സ്വീകരിച്ച ധീരമായ നിലപാടിന് നന്ദി അറിയിക്കുന്നതായി പ്രസംഗത്തില്‍ പിണറായി വിജയന്‍ പറഞ്ഞു. മുഖ്യമന്ത്രി ആയതിനു ശേഷമാണ് തനിക്ക് സുരക്ഷാ സംവിധാനങ്ങള്‍ ഉണ്ടായതെന്നും അതിന് മുന്‍പ് സുരക്ഷയൊന്നും ഇല്ലാതെ ആര്‍എസ്എസ് ഭീഷണിയെ ഭയക്കാതെ നടന്നിട്ടുണ്ടെന്നും പിണറായി വ്യക്തമാക്കി.

ഈ രാജ്യം എല്ലാവരുടേതുമാണെന്നും ആര്‍എസ്എസ്സിന് മാത്രമായി പ്രത്യേക അവകാശങ്ങള്‍ ഇല്ലെന്നും പിണറായി പറഞ്ഞു. വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കി അവ കലാപങ്ങളാക്കി മാറ്റുന്നതിന് പരിശീലനം നേടിയ സംഘടനയാണ് ആര്‍എസ്എസ്. നുണപ്രചരണങ്ങളിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ആക്രമണങ്ങളിലേക്ക് നയിക്കാനും ആര്‍എസ്എസ് ശ്രമിക്കുന്നുവെന്നും പിണറായി ആരോപിച്ചു.

ഹിറ്റ്‌ലറിനെയും മുസോളിനിയേയും മാതൃകയാക്കിയ സംഘടനയാണ് ആര്‍എസ്എസ്. മുസോളിനിയുടെ സംഘടനാരൂപവും പരിശീലനവും അവര്‍ അതേപോലെ പകര്‍ത്തിയാണ് പ്രവർത്തിക്കുന്നതെന്ന് പിണറായി പറഞ്ഞു. മലയാളത്തിലുള്ള പിണറായിയുടെ പ്രസംഗത്തിന് കന്നടയിൽ തർജിമയുമുണ്ടായിരുന്നു. ഗൗരവകരമായി പ്രസംഗം ശ്രവിച്ച സദസ്സ് കരഘോഷത്തോടെയും മുദ്രാവാക്യങ്ങൾ മുഴക്കിയുമാണ് പിണറായിയുടെ പ്രസംഗത്തെ സ്വീകരിച്ചത്.