മുഖ്യമന്ത്രി പരസ്യമായി തള്ളിയത് ധനസെക്രട്ടറി ഡോ. കെ എം എബ്രഹാമിനെ; വളച്ചൊടിച്ചു കെണിയിലായത് ഏഷ്യാനെറ്റ് ന്യൂസ്

ജേക്കബ് തോമസിനെതിരെ ധനവകുപ്പു നടത്തിയ ഗഹനമായ പരിശോധനയുടെ നിയമപരമായ നിലനിൽപ്പ് ചോദ്യം ചെയ്തിട്ടുണ്ട് എന്നാണ് മുഖ്യമന്ത്രി തുറന്നടിച്ചത്. അതൊരു അമിതാധികാര പ്രയോഗമാണെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ നിയമോപദേശം നൽകിയാൽ ധനവകുപ്പു സെക്രട്ടറിയ്ക്കു തൽസ്ഥാനത്തു തുടരാനാകുമോ? ആ ചോദ്യമാണ് പിണറായിയുടെ പത്രസമ്മേളനം അവശേഷിപ്പിക്കുന്നത്.

മുഖ്യമന്ത്രി പരസ്യമായി തള്ളിയത് ധനസെക്രട്ടറി ഡോ. കെ എം എബ്രഹാമിനെ; വളച്ചൊടിച്ചു കെണിയിലായത് ഏഷ്യാനെറ്റ് ന്യൂസ്

വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെതിരെ ധനകാര്യ പരിശോധനാവിഭാഗം നടത്തിയ അന്വേഷണത്തിന്റെ നിയമസാധുത പരിശോധിക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന വളച്ചൊടിച്ച് ഏഷ്യാനെറ്റ്. ജേക്കബ് തോമസ് പോർട് ട്രസ്റ്റ് ഡയറക്ടറായിരുന്ന കാലത്തു നടന്ന സാമ്പത്തികക്രമക്കേടുകളെക്കുറിച്ച് ധനവകുപ്പിലെ പരിശോധനാവിഭാഗം നടത്തിയ അന്വേഷണത്തിന്റെ നിയമസാധുത ചോദ്യം ചെയ്യുമെന്നാണ് മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ വ്യക്തമാക്കിയത്.  ഫലത്തിൽ ധനവകുപ്പു സെക്രട്ടറി ഡോ. കെ. എം. ഏബ്രഹാമിനെയാണ് അദ്ദേഹം തളളിപ്പറഞ്ഞത്.


വിജിലൻസ് അന്വേഷിച്ച് അവസാനിപ്പിക്കുകയും കോടതിയിൽ കേസ് നിലവിലിരിക്കുകയും ചെയ്ത വിഷയത്തിന്മേൽ അന്വേഷണം നടത്താൻ ധനകാര്യ പരിശോധനാ വിഭാഗത്തിന് അധികാരമുണ്ടോയെന്നാണ് സർക്കാർ അന്വേഷിക്കുന്നത്.  ഇക്കാര്യം വിശദീകരിച്ചുകൊണ്ടിരിക്കെയാണ് ജേക്കബ് തോമസിനെ പിണറായി കൈവിട്ടുവെന്ന് ഏഷ്യാനെറ്റ് കാർഡു പ്രദർശിപ്പിച്ചത്.

പോർട് ട്രസ്റ്റിനുവേണ്ടി മണ്ണുമാന്തി യന്ത്രങ്ങൾ ഇറക്കുമതി ചെയ്യാൻ വ്യാജരേഖ ചമച്ച് വിദേശ കമ്പനിയെ സഹായിച്ചുവെന്നാണ് അഡീഷണൽ ചീഫ് സെക്രട്ടറി കെ എം എബ്രഹാമിന്റെ റിപ്പോർട്ട്. ടെൻഡർ വ്യവസ്ഥകൾക്കു വിരുദ്ധമായി ഒരു വിദേശ കമ്പനിയെ സഹായിക്കുന്ന തരത്തിൽ ഇടപെടലുകൾ നടത്തിയെന്നും ആ റിപ്പോർട്ടിലുണ്ട്.

വ്യാജരേഖ ചമയ്ക്കൽ, അഴിമതി തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണ് ധനകാര്യപരിശോധനാ വിഭാഗത്തിന്റെ അന്വേഷണ റിപ്പോർട്ടിലുളളത്. കെ എം എബ്രഹാം നേരിട്ടാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയത് എന്നും വാർത്തകളുണ്ടായിരുന്നു. എന്നാൽ ഈ റിപ്പോർട്ടോ കണ്ടെത്തലുകളോ പരിശോധിക്കാൻ സർക്കാരിന് ഒരു താൽപര്യവുമില്ല എന്നാണ് പത്രസമ്മേളനത്തിലെ പിണറായിയുടെ വാക്കുകൾ തെളിയിക്കുന്നത്. പൂർണമായും താൻ വിജിലൻസ് ഡയറക്ടർക്കൊപ്പമാണെന്ന് അദ്ദേഹം ആവർത്തിച്ചു വ്യക്തമാക്കുകയും ചെയ്തു.

യഥാർത്ഥത്തിൽ മുഖ്യമന്ത്രി കൃത്യമായ പക്ഷം ചേരലാണ് തുറന്നു പ്രഖ്യാപിച്ചത്.  മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥർ തമ്മിലുളള പടലപ്പിണക്കത്തിൽ മുഖ്യമന്ത്രി ജേക്കബ് തോമസിനൊപ്പം ഉറച്ചു നിൽക്കുകയാണ്.  മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരുടെ വീടുകളിൽ വിജിലൻസ് പരിശോധന നടത്തിയപ്പോഴുണ്ടായ പ്രതിഷേധത്തെ പുച്ഛിച്ച് ദേശാഭിമാനി  മുഖപ്രസംഗമെഴുതിയതും സ്മരണീയം. തുടക്കം മുതൽ തന്നെ സിപിഎം ജേക്കബ് തോമസിനൊപ്പവും കെ എം എബ്രഹാമിന് എതിരുമാണ്. അക്കാര്യം പത്രസമ്മേളനത്തിൽ അടിവരയിട്ടുറപ്പിക്കുകയായിരുന്നു മുഖ്യമന്ത്രി.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ധനവകുപ്പു സെക്രട്ടറിയായിരുന്ന കെ എം എബ്രഹാമിനെ തുടർന്നും ആ തസ്തികയിൽ നിലനിർത്തുന്നതിനോട് പിണറായി വിജയന് താൽപര്യമുണ്ടായിരുന്നില്ല. എന്നാൽ ധനമന്ത്രി തോമസ് ഐസക്കിന്റെ നിർബന്ധത്തിനു വഴങ്ങിയാണ് അദ്ദേഹത്തെ തുടരാൻ അനുവദിച്ചത്. അതുതന്നെ ഏറെ സമ്മർദ്ദം ചെലുത്തിയ ശേഷവും.

സർക്കാരിനു വിശ്വാസമില്ലെങ്കിൽ വിജിലൻസ് ഡയറക്ടർ ആ സ്ഥാനത്തിരിക്കുമോ എന്ന മുഖ്യമന്ത്രിയുടെ ചോദ്യത്തിന്റെയും മുന വേറെയാണ്. സർക്കാരിന് വിശ്വാസമില്ലാത്ത ധനസെക്രട്ടറി ആ സ്ഥാനത്തു തുടരുന്നതിന്റെ ഔചിത്യമാണ് മുഖ്യമന്ത്രി പത്രസമ്മേളനത്തിലൂടെ ചോദ്യം ചെയ്തത്.

കെ എം എബ്രഹാമിന്റെ വീട്ടിൽ നടന്ന വിജിലൻസ് പരിശോധന, തുടർന്ന് കിഫ്ബിയുടെ വിവരങ്ങൾ അറിയാൻ നടത്തിയ പരിശോധന, വിജിലൻസ് ഡയറക്ടർ തങ്ങളെ പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥർ നടത്താനിരുന്ന പണിമുടക്ക് എന്നീ വിഷയങ്ങളിലൊക്കെ വിജിലൻസ് ഡയറക്ടർക്കൊപ്പമായിരുന്നു സർക്കാർ. ഇപ്പോഴദ്ദേഹം ഒരു പടികൂടി കടന്ന് ധനവകുപ്പു സെക്രട്ടറിയിൽ പരസ്യമായ അവിശ്വാസം രേഖപ്പെടുത്തുന്നു.

ജേക്കബ് തോമസിനെതിരെ ധനവകുപ്പു നടത്തിയ ഗഹനമായ പരിശോധനയുടെ നിയമപരമായ നിലനിൽപ്പ് ചോദ്യം ചെയ്തിട്ടുണ്ട് എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതൊരു അമിതാധികാര പ്രയോഗമാണെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ നിയമോപദേശം നൽകിയാൽ ധനവകുപ്പു സെക്രട്ടറിയ്ക്കു തുടരാനാകുമോ?

ആ ചോദ്യമാണ് പിണറായിയുടെ പത്രസമ്മേളനം അവശേഷിപ്പിക്കുന്നത്.

Read More >>