മാധ്യമങ്ങള്‍ക്ക് പക്ഷമുണ്ടാകണം, ജനങ്ങളുടെ പക്ഷം: പിണറായി

മതനിരപേക്ഷ രാഷ്ട്രം മതാധിഷ്ടിത രാഷ്ട്രമാക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ക്ക് ശക്തമായ പക്ഷം വേണം- പിണറായി പറഞ്ഞു

മാധ്യമങ്ങള്‍ക്ക് പക്ഷമുണ്ടാകണം, ജനങ്ങളുടെ പക്ഷം: പിണറായി

നിഷ്പക്ഷമെന്ന് അവകാശപ്പെടുന്ന മാധ്യമങ്ങള്‍ക്കും പക്ഷമുണ്ടെന്നും അവ സാധാരണ ജനങ്ങള്‍ക്കെതിരാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മംഗളുരുവില്‍ വാര്‍ത്താഭാരതി ദിനപ്പത്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങള്‍ക്ക് പക്ഷമുണ്ടാകുന്നതില്‍ തെറ്റില്ല. എന്നാല്‍ അത് ജനപക്ഷമാകണം. മാധ്യമങ്ങളുടെ പക്ഷപാതിത്വം നാടിന്റെ നന്മക്കായിരിക്കണം. പാവപ്പെട്ടവരുടെ താല്‍പര്യത്തിനാകണം. എല്ലാ പിന്തിരിപ്പന്‍ ശക്തികള്‍ക്കെതിരെയാകണം. മാധ്യമങ്ങള്‍ നാടിന്റെ മുന്നേറ്റത്തിനായി പുരോഗമന പക്ഷത്ത് നില്‍ക്കണമെന്നും പിണറായി പറഞ്ഞു.


മാധ്യമങ്ങളുടെ ചരിത്രം പരിശോധിച്ചാല്‍ ജനപക്ഷ നിലപാട് സ്വീകരിച്ചതായി പറയാനാകില്ല. ലോകത്താകെയെടുത്താല്‍ 95 ശതമാനത്തിലധിതം മാധ്യമങ്ങളും സാമ്രാജ്യത്വ താല്‍പര്യം സംരക്ഷിക്കുന്നവയാണ്. ഏറെക്കുറെയെല്ലാ മാധ്യമങ്ങളും സാമ്രാജ്യത്വത്തിന് വേണ്ടി എന്തും ചെയ്യാനായി വന്‍കിട ബഹുരാഷ്ട്ര കുത്തകകള്‍ സ്ഥാപിച്ച മാധ്യമങ്ങളാണ്. ഇവയാണ് ഏറെക്കുറെയെല്ലാം. വളരെക്കുറച്ച് മാധ്യമങ്ങളാണ് വ്യത്യസ്തമായ നിലപാട് സ്വീകരിക്കുന്നത്. നമ്മുടെ രാജ്യത്തെ മാധ്യമരംഗവും ഏറെക്കുറെ ഇങ്ങനെയാണ്. സാമ്രാജ്യത്വ താല്‍പര്യം സംരക്ഷിക്കാനായി രാജ്യത്ത് ആക്രമണങ്ങളെ വെള്ളപൂശാനും ഇരകളാക്കുന്നവരെ അക്രമികളായി ചിത്രീകരിക്കാനും തയ്യാറാകുന്ന ലോകമാധ്യമങ്ങളെ നാം കണ്ടിട്ടുണ്ട്. ഇറാഖിന്റെ ഉദാഹരണം മാത്രം നോക്കിയാല്‍ മതി. ഇറാഖിന്റെ കൈയില്‍ ആയുധമില്ലെന്ന് ആക്രമണം നടത്തിയവര്‍ തന്നെ സമ്മതിച്ചു. അപ്പോഴേയ്ക്കും ഇറാഖ് പഴയ ഇറാഖല്ലാതായി മാറി. രാജ്യത്ത് സാമ്രാജ്യത്വ താല്‍പര്യം സംരക്ഷിക്കാന്‍ മാധ്യമങ്ങള്‍ മത്സരിക്കുന്നു. മാധ്യമങ്ങളില്‍ ഭൂരിഭാഗവും കുത്തകകള്‍ നിയന്ത്രിക്കുന്നവയാണ്. വ്യത്യസ്തമായവ വളരെ കുറവാണ്.

സാമ്രാജ്യത്വ വിരുദ്ധ നിലപാട് വിരലിലെണ്ണാവുന്നവ മാത്രമാണ് സ്വീകരിക്കുന്നത്. രാജ്യത്തിന്റെ മതനിരപേക്ഷത സംരക്ഷിക്കപ്പെടണം. മതനിരപേക്ഷ രാഷ്ട്രം മതാധിഷ്ടിത രാഷ്ട്രമാക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ക്ക് ശക്തമായ പക്ഷം വേണം. മതനിരപേക്ഷതയുടെ പക്ഷമാണ് മാധ്യമങ്ങള്‍ സ്വീകരിക്കേണ്ടത്. വര്‍ഗീയ ശക്തികളുമായി സമരസപ്പെട്ട് മതനിരപേക്ഷ പക്ഷത്താണെന്ന് പറഞ്ഞിട്ട് കാര്യമില്ല. നിര്‍ഭാഗ്യവശാല്‍ രാജ്യത്തെ പല മാധ്യമങ്ങളും മതനിരപേക്ഷ പക്ഷത്താണെന്ന് പറയുകയും വര്‍ഗീയശക്തികളുടെ പക്ഷത്ത് നിലയുറപ്പിക്കുകയുമാണ് ചെയ്യുന്നത്. രാജ്യത്തെ ജനങ്ങളില്‍ മഹാഭൂരിഭാഗം പാവപ്പെട്ടവരാണ്. അവരുടെ ഉന്നമനത്തിനാകണം മാധ്യമങ്ങള്‍ ശ്രമിക്കേണ്ടതെന്നും പിണറായി പറഞ്ഞു. തനിക്ക് മംഗളുരുവില്‍ സൗകര്യങ്ങളൊരുക്കിയ കര്‍ണാടക ഗവണ്‍മെന്റിന് മുഖ്യമന്ത്രി നന്ദി പറഞ്ഞു. സംഘപരിവാര്‍ സംഘടനകളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് പിണറായിക്ക് കനത്ത സുരക്ഷയാണൊരുക്കിയിരിക്കുന്നത്.

Read More >>