മംഗളൂരുവില്‍ തടയുമെന്ന സംഘപരിവാറിന്റെ വെല്ലുവിളിക്ക് മുഖ്യമന്ത്രിയുടെ മറുപടി; പരിപാടികള്‍ക്കു പോകാന്‍ നിശ്ചയിച്ചിട്ടുണ്ടെന്ന് പിണറായി വിജയന്‍

മംഗളൂരുവില്‍ സിപിഐഎം സംഘടിപ്പിക്കുന്ന മതസൗഹാര്‍ദ്ദ ' ഐക്യതാ റാലി'യില്‍ പങ്കെടുക്കുന്നതില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയനെ തടയുമെന്ന് സംഘപരിവാര്‍ സംഘടനകള്‍ പ്രഖ്യാപിച്ചിരുന്നു. പരിപാടികള്‍ക്ക് പോകാന്‍ നിശ്ചയിച്ചിട്ടുണ്ടെന്നായിരുന്നു ഇതേക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനുള്ള മുഖ്യമന്ത്രിയുടെ മറുപടി.

മംഗളൂരുവില്‍ തടയുമെന്ന സംഘപരിവാറിന്റെ വെല്ലുവിളിക്ക് മുഖ്യമന്ത്രിയുടെ മറുപടി; പരിപാടികള്‍ക്കു പോകാന്‍ നിശ്ചയിച്ചിട്ടുണ്ടെന്ന് പിണറായി വിജയന്‍

മംഗളൂരു സന്ദര്‍ശിക്കുന്നത് തടയുമെന്ന സംഘപരിവാര്‍ സംഘടനകള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. 25ന് മംഗളൂരുവില്‍ രണ്ട് പരിപാടികളില്‍ പങ്കെടുക്കാന്‍ നിശ്ചയിച്ചിട്ടുണ്ടെന്ന് പിണറായി വിജയന്‍ വ്യക്തമാക്കി. സംഘപരിവാര്‍ സംഘടനകള്‍ തടയുന്ന കാര്യം തനിക്കറിയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ഇതേക്കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെ-

മംഗലാപുരത്ത് ഒരു പരിപാടിയുണ്ടെന്നുള്ളത് വസ്തുതയാണ്. ഒരു മതസൗഹാര്‍ദ്ദ റാലി അവര്‍ സംഘടിപ്പിക്കുന്നതാണ്. കൂട്ടത്തില്‍ ഏതോ ഒരു മാധ്യമത്തിന്റെ ഉദ്ഘാടനവും ഉണ്ട്. അങ്ങനെ രണ്ട് പരിപാടിയാണ് 25ന് ഉള്ളത്. അതിനു പോകാന്‍ നിശ്ചയിച്ചിട്ടുണ്ട്. മറ്റ് കാര്യങ്ങള്‍ എനിക്കറിയില്ല.

ഫെബ്രുവരി 25ന് മംഗളൂരുവില്‍ എത്തുന്ന പിണറായി വിജയന്‍ മതസൗഹാര്‍ദ്ദ റാലിക്ക് പുറമെ വാര്‍ത്താഭാരതി കന്നഡ പത്രത്തിന്റെ പുതിയ കോംപ്ലെക്‌സിന്റെ നിര്‍മാണോദ്ഘാടന ചടങ്ങിലും പങ്കെടുക്കുന്നുണ്ട്. ബജ്റംഗദളും വിശ്വഹിന്ദു പരിഷത്തുമാണ് ആ ദിവസം ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുള്ളത്. സ്വന്തം സംസ്ഥാനത്ത് രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്യുന്ന നേതാവാണ് പിണറായിയെന്നും അതിനാല്‍ അദ്ദേഹം ജില്ലയില്‍ പ്രവേശിക്കുന്നത് തടയണമെന്നും  നേതാക്കള്‍ ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കേരളത്തില്‍ സിപിഐഎമ്മിന്റെ നേതൃത്വത്തില്‍ ആര്‍എസ്എസ്സിനെതിരെ ആക്രമണം നടക്കുകയാണെന്ന സംഘപരിവാര്‍ വാദത്തിന് ദേശീയതലത്തില്‍ പ്രചരണം ലഭിക്കാനാണ് പിണറായി വിജയനെ ആ പേരില്‍ മറ്റു സംസ്ഥാനങ്ങളില്‍ തടയാന്‍ സംഘപരിവാര്‍ ഒരുങ്ങുന്നത്. നേരത്തെ ഭോപ്പാലില്‍ പിണറായിയെ തടഞ്ഞപ്പോള്‍ 'കേരളത്തിലെ സിപിഐഎം ആക്രമണത്തെ തുടര്‍ന്ന് കേരളാ മുഖ്യമന്ത്രിയെ തടഞ്ഞു' എന്ന തരത്തില്‍ ദേശീയ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നത് സംഘപരിവാര്‍ ഗുണപരമായാണ് നോക്കിക്കാണുന്നത്.

Read More >>