പളനിസാമി വാഴുമാ അതോ വീഴുമാ; തമിഴ്‌നാട്ടില്‍ ഇന്നു വിശ്വാസ വോട്ടെടുപ്പ്: അമ്മയെ സ്‌നേഹിക്കുന്നവര്‍ സര്‍ക്കാരിനെതിരെ വോട്ടു ചെയ്യണമെന്ന് ഒപിഎസ്

അവസാന നിമിഷങ്ങളില്‍ പനീര്‍ശെല്‍വം പക്ഷത്തേക്കു കൂടുതല്‍ എംഎല്‍എമാര്‍ എത്തുമോ എന്നുള്ള കാത്തിരിപ്പിലാണ് മാധ്യമങ്ങളും ജനങ്ങളും. 110 പേര്‍ വോട്ടെടുപ്പിനെ എതിര്‍ക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ഏഴു എഐഎഡിഎംകെ എംഎല്‍എമാര്‍ കൂടി പനീര്‍ശെല്‍വം പക്ഷത്തേക്കു ചാടിയാല്‍ ശശികലയ്ക്കു മുകളില്‍ പനീര്‍ശെല്‍വം ജയിച്ചുകയറുന്ന കാഴ്ചയാകും കാണാന്‍ കഴിയുക.

പളനിസാമി വാഴുമാ അതോ വീഴുമാ; തമിഴ്‌നാട്ടില്‍ ഇന്നു വിശ്വാസ വോട്ടെടുപ്പ്: അമ്മയെ സ്‌നേഹിക്കുന്നവര്‍ സര്‍ക്കാരിനെതിരെ വോട്ടു ചെയ്യണമെന്ന് ഒപിഎസ്

തമിഴ്‌നാട് മുഖ്യമന്ത്രിയും ശശികലയുടെ വിശ്വസ്തനുമായ എടപ്പാടി പളനിസാമി നിയമസഭയില്‍ ഇന്നു വിശ്വസവോട്ടു തേടും. ഇതിനിടെ പളനിസ്വാമിക്കെതിരെ വോട്ടുചെയ്യണമെന്ന ആഹ്വാനവുമായി മുന്‍മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വവും രംഗത്തെത്തിക്കഴിഞ്ഞു. ഇരുവിഭാഗവും ശക്തമായ രീതിയില്‍ തന്നെ തങ്ങളുടെ നിലപാടുകളുമായി മുന്നേറുമ്പോള്‍ വിജയം ആര്‍ക്കാണെന്നു മുന്‍കുട്ടി പ്രവചിക്കാന്‍ കഴിയാത്ത അവസ്ഥയാണ് നിലനില്‍ക്കുന്നതും.

അവസാന നിമിഷങ്ങളില്‍ പനീര്‍ശെല്‍വം പക്ഷത്തേക്കു കൂടുതല്‍ എംഎല്‍എമാര്‍ എത്തുമോ എന്നുള്ള കാത്തിരിപ്പിലാണ് മാധ്യമങ്ങളും ജനങ്ങളും. 110 പേര്‍ വോട്ടെടുപ്പിനെ എതിര്‍ക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ഏഴു എഐഎഡിഎംകെ എംഎല്‍എമാര്‍ കൂടി പനീര്‍ശെല്‍വം പക്ഷത്തേക്കു ചാടിയാല്‍ ശശികലയ്ക്കു മുകളില്‍ പനീര്‍ശെല്‍വം ജയിച്ചുകയറുന്ന കാഴ്ചയാകും കാണാന്‍ കഴിയുക.

മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയാണ് വിശ്വാസപ്രമേയം അവതരിപ്പിക്കുക. തമിഴ്‌നാട് നിയമസഭയില്‍ ഇലക്ട്രോണിക് വോട്ടിങ് സംവിധാനം ഇല്ലാത്തതിനാല്‍ ശബ്ദവോട്ടിന്റെ അടിസ്ഥാനത്തിലോ തലയെണ്ണിയോ റോള്‍ കോള്‍ രീതി അനുസരിച്ചോ ആയിരിക്കും വോട്ടിങ് എന്നാണു സൂചന. മുഖ്യമന്ത്രിയുടെ വിശ്വാസപ്രമേയത്തെ അംഗങ്ങളില്‍ രണ്ടുപേര്‍ പിന്താങ്ങിയാല്‍ തുടര്‍ന്നു ചര്‍ച്ച നടക്കും. സ്പീക്കര്‍ പി ധനപാലന്‍ അനുമതി നല്‍കുന്നത് അനുസരിച്ച് അംഗങ്ങള്‍ക്കു ചര്‍ച്ചയില്‍ പങ്കെടുക്കാം. ചര്‍ച്ചകള്‍ കഴിഞ്ഞാലുടന്‍ സ്പീക്കര്‍ വിഷയം വോട്ടിനിടുകയാണുചെയ്യുക.

ശബ്ദവോട്ടാണു വിജയിയെ കണ്ടെത്താന്‍ മാനദണ്ഡമാക്കുക. അതെയെന്നോ അല്ലെന്നോ അംഗങ്ങള്‍ക്കു ഉത്തരം കൊടുക്കാം. എന്നാല്‍ അതിലും അതൃപ്തിയുണ്ടാകുന്ന പക്ഷം തലയെണ്ണലിലേക്കോ ഓരോ നിരയിലും ഇരിക്കുന്ന അംഗങ്ങളെ പേരുവിളിച്ച് എഴുന്നേല്‍പ്പിച്ച് അഭിപ്രായം കേള്‍ക്കുന്നതിലേക്കോ പോകും. ഇരുഭാഗത്തും അംഗങ്ങള്‍ ഒരുപോലെ വോട്ടു ചെയ്താല്‍ സ്പീക്കര്‍ക്കു കാസ്റ്റിങ് വോട്ടുചെയ്യാം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു സ്പീക്കറുടെ തീരുമാനം അന്തിമമാണ്.

ഏഴു എംഎല്‍എമാര്‍ പനീര്‍പക്ഷത്തേക്ക് തിരിഞ്ഞാല്‍ സര്‍ക്കാര്‍ ന്യൂനപക്ഷമാകും. അപ്പോള്‍ കൂറുമാറ്റ നിരോധനനിയമപ്രകാരമുള്ള നടപടി 19 എംഎല്‍എമാര്‍ നേരിടേണ്ടി വരും. ഇക്കാര്യം നിയമസഭാ കക്ഷിനേതാവോ ചീഫ് വിപ്പോ സ്പീക്കറെ ഇക്കാര്യം രേഖാമൂലം അറിയിച്ചാല്‍ സ്പീക്കര്‍ പരിശോധിച്ചതിനുശേഷം നോട്ടീസ് നല്‍കും. 15 ദിവസത്തിനകം വിപ്പ് ലംഘിച്ചവര്‍ മറുപടി നല്‍കണമെന്നും ചട്ടമുണ്ട്. പരാതിയില്‍ കഴമ്പുണ്ടെന്നു കണ്ടാല്‍ ഇവരെ അയോഗ്യരാക്കാനും സ്പീക്കര്‍ക്കു അധികാരമുണ്ട്.

ഇതിനിടെ പളനിസ്വാമിക്കെതിരെ വോട്ടുചെയ്യണമെന്നു മുന്‍മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം എംഎല്‍എമാരോട് ആവശ്യപ്പെട്ടു. അമ്മയുടെ യഥാര്‍ത്ഥ ഭക്തരാണെങ്കില്‍ സര്‍ക്കാരിനെതിരെ വോട്ടു ചെയ്യണമെന്നും സമ്മര്‍ദ്ദത്തിനു അടിമപ്പെടരുതെന്നും അദ്ദേഹം പറഞ്ഞു. കുടുംബവാഴ്ചയ്ക്കു തമിഴ്‌നാട് രാഷ്ട്രീയത്തില്‍ ഇടമില്ലെന്നു പ്രഖ്യാപിച്ചവരാണ് ജയലളിത. ആ നിലപാടിനോടു നീതിപുലര്‍ത്തണമെന്നും ഒപിഎസ് എംഎല്‍എമാരോടു ആവശ്യപ്പെട്ടു.